തന്നിൽ നിന്നു പുറത്തു കടന്ന മനുഷ്യൻ
അയാളൊരു ചെറിയ കസേരയെടുത്തു -കഷ്ടിച്ചു തനിക്കിരിക്കാൻ പറ്റിയത്. എന്നിട്ടു വെയിലത്തിരുന്നു,തന്നിൽ നിന്നു പുറത്തു കടന്ന്. ആരെങ്കിലും അതിലേ കടന്നു പോകുമ്പോൾ ആശ്ചര്യത്തോടെ "നിങ്ങളിൽ നിന്നു പുറത്തു കടന്ന് എന്താ നിങ്ങളീ ചെയ്യുന്നത്"എന്നു ചോദിച്ചാൽ അയാൾ മറുപടി പറയും, " അകത്തു വല്ലാത്ത തിരക്ക് " അല്ലെങ്കിൽ, " ഉള്ളിൽ ഭയങ്കര തണുപ്പ് "
തന്നിൽ നിന്നു പുറത്തു കടന്ന മനുഷ്യൻ അൽപ്പം കഴിഞ്ഞപ്പോൾ ഒന്നു നടക്കാൻ പോകാൻ തീരുമാനിച്ചു. കുറച്ചു ചെന്നതും ക്ഷീണം തോന്നിയ അയാൾ കസേരയിട്ട് നടപ്പാതയിലിരിപ്പായി. വഴിയാത്രക്കാർ അപരിചിത ഭാവത്തിൽ തന്നെ നോക്കുന്നതു കണ്ട് അയാൾ വിചാരിച്ചു : "ഞാൻ എന്നിൽ നിന്നും വളരെ ദൂരം പോന്നിരിക്കണം" അയാൾ എണീറ്റ് തിരിച്ചു നടക്കാൻ തുടങ്ങി. പക്ഷേ, തന്നിലേക്കു തിരിച്ചെത്താൻ ഒരിക്കലും കഴിയാത്ത വിധം താൻ അകലെയാണെന്ന് അയാൾക്കു മനസ്സിലായി.
മഴ ചാറിത്തുടങ്ങി, പിന്നെ കനത്തു. ഒരു സെക്കനാന്റ് തുണിക്കടയിലേക്കയാൾ കയറി. താൻ ധരിച്ച വസ്ത്രം കൊടുത്ത് പകരം ശരീരം മറയാൻ തക്ക വലിപ്പമുള്ള കൂറ്റനൊരു തൊപ്പി വാങ്ങിച്ചു. എന്നിട്ട് മഴയത്തിറങ്ങി തന്നെ തേടിയുള്ള അന്വേഷണം തുടർന്നു. ഇപ്പോൾ നേർക്കു വരുന്ന ആരും അയാളോടു പേരു ചോദിക്കുന്നില്ല,എന്താണു ചെയ്യുന്നതെന്നും. അവർ കാണുന്നത്, മഴയത്ത് തനിയേ നടന്നു പോകുന്ന പടുകൂറ്റനൊരു തൊപ്പി മാത്രം.
No comments:
Post a Comment