(ആദിൽ മഠത്തിലിന്)
ക്ഷേത്രനഗരത്തിൽ
പുലർച്ചെ മൂന്നിന് ബസ്സിറങ്ങി
ക്ഷേത്രത്തിലേക്കെന്നു തോന്നിച്ച
വഴിയേ നടന്നു.
ഇരുട്ടടഞ്ഞ ഇടുങ്ങിയ വഴി.
പൊട്ടിയടർന്നു കുഴി നിറഞ്ഞത്.
പിന്തുടർന്നു വന്ന്
നോക്കുക പോലും ചെയ്യാതെ
മറികടന്നോടിപ്പോകുന്ന നായ്ക്കൾ.
ഓടയിലിറങ്ങി നിന്നു പണിയെടുക്കുന്ന
രണ്ടു തൊഴിലാളികൾ.
നടന്നു ചുറ്റിച്ചുറ്റിച്ചുറ്റി
പെട്ടെന്നൊരു വളവു തിരിഞ്ഞപ്പോൾ
മഹാശില്പഗോപുരത്തിനു മുന്നിൽ!
അതിൻ്റെ ചുഴിപ്പുകളിലിരുന്ന്
പ്രാവുകൾ കുറുകി.
നേരം പുലർന്ന്
നിറങ്ങളിൽ കുളിച്ച തെരുവുകളിലൂടെ
നടന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ
ദൂരെ നിന്നേ കാണാം
ഗോപുരം.
ഇതാണോ
പുലർച്ചെ
പതിനാറു ചുറ്റുവഴിക്കുള്ളിൽ
ചുരുണ്ടിരുന്നത്?
ഒരു വളവു തിരിഞ്ഞയുടൻ
ഒരു മഹാഗോപുരത്തിനു മുന്നിലെത്തിപ്പെടാൻ
മാത്രമായി
ഞാൻ പുറപ്പെടുന്നു
ഇത്തവണ.
പഴയ സഹയാത്രികാ,
നീ പോരുന്നോ
ഇത്തവണയും?
ലക്ഷ്യം യാത്രയോ
ക്ഷേത്രമോ
ദൂരെ നിന്നേ കാണുന്ന ശില്പഗോപുരമോ
അങ്ങോട്ടു നയിക്കുന്ന വഴികളോ അല്ല.
ഒരു വളവ്.
അതു തിരിഞ്ഞയുടൻ
കണ്ണുകളെ മേലേക്കു വലിച്ചുയർത്തിക്കൊണ്ട്
പെട്ടെന്നൊരു മഹാഗോപുരം.
എവിടെ വെച്ചു കാണുമോ
അവിടെ വെച്ചു മടക്കം.
No comments:
Post a Comment