Sunday, May 10, 2020

കൃസ്റ്റീന എഹിൻ കവിതകൾ - (പരിഭാഷ, എസ്തോണിയ, ജനനം: 1977)

1.സ്വപ്നത്തിൽ


സ്വപ്നത്തിൽ ഞാൻ കണ്ടൂ
ബസ് ടിക്കറ്റിനു പകരം
പക്ഷിത്തൂവൽ കൊടുക്കുന്നൊരു
ടിക്കറ്റ് കൗണ്ടർ
ബസ് സ്റ്റോപ്പിന്നരികെ.

കൗണ്ടറിലൊരു വൃദ്ധൻ
അയാളുടെ കണ്ണുകളിൽ
വസന്താരംഭത്തിലെ സൂര്യൻ.

നിങ്ങൾക്ക്, ചെറുപ്പക്കാരീ.....
അയാൾ മെല്ലെ മൊഴിഞ്ഞു
എന്നിട്ട്
വാതുക്കൽ
ചൂലും കൊട്ടയുമിരിക്കുന്നേടത്തെങ്ങോ നിന്ന്
തന്നോളം ഉയരമുള്ള
കനമില്ലാത്തൊരു വെള്ളത്തൂവൽ
എടുത്തു നീട്ടി.

പണം കൊടുത്തതു വാങ്ങീ ഞാൻ
സ്വപ്നച്ചെളിയിൽ പുതഞ്ഞ ബസ്സുകളിൽ
കേറിപ്പോയ്
ഉണരുമെന്നു നിനക്കാതെ
പരിശോധനകൾ ഭയക്കാതെ.



2.എന്റെ കുഞ്ഞ് കയ്യിലൊരു മൊബൈൽ ഫോണുമായിപ്പിറന്നു.


എന്റെ കുഞ്ഞ് കയ്യിലൊരു
മൊബൈൽ ഫോണുമായിപ്പിറന്നു.
മറ്റൊരു തരത്തിലും ആശയ വിനിമയത്തിന്
ഞങ്ങൾക്കു കഴിയുമായിരുന്നില്ല.

ഞാനൊരു യുക്തിബോധമുള്ള സ്ത്രീ.
ഹൃദയത്തുടിപ്പിന്റെ സിദ്ധാന്തത്തിൽ,
ഇരമ്പുന്ന ചോരയുടെ
നിലയ്ക്കാത്ത ഭാഷണത്തിൽ, വിശ്വസിക്കാത്തവൾ.
ഞാനൊരു ബുദ്ധിമതി,
കൈനോട്ടത്തിലും ജാതകത്തിലും കുരുങ്ങാത്തവൾ.
ശാസ്ത്രീയമായുറപ്പിച്ച സൂക്ഷ്മപരിശോധനാ ഫലമാണ് എന്റെ കുഞ്ഞിന്റെ പിറവി.

എന്റെ കുഞ്ഞ് കൈയിലൊരു
മൊബൈൽ ഫോണുമായിപ്പിറന്നു.
അതെന്നെ മണിയടിച്ചുണർത്തി.
തലയാദ്യം പുറത്തു വരുത്തൂ, ഞാൻ പറഞ്ഞു,
എന്നിട്ടു പുറത്തു വരൂ.
അത്യാവശ്യം വേണ്ട ഭാഷാ പാഠങ്ങളും
ഫോണിൽ പറഞ്ഞു കൊടുത്തു.
എന്റേയും കുഞ്ഞിന്റേയും വിലപ്പെട്ട സമയം
പാഴാക്കരുതല്ലോ.

ഞാനാഗ്രഹിക്കുന്നു,
ഇമചിമ്മി മിഴിക്കുന്ന കണ്ണുകളും
ഈമ്പുന്ന വിരലുകളുമായി
വളരെ നേരത്തേ
എന്റെ കുഞ്ഞറിയണം,
തന്റെ കാൽക്കീഴിലെ ഉപജീവനപ്പാതയിൽ
ഉണ്മയുടെ മാധുര്യം.
എന്റേയും കുഞ്ഞിന്റേയും വിലപ്പെട്ട സമയം
- മാസങ്ങൾ - പാഴാക്കാനില്ല, എന്നാൽ......

പാതിരയ്ക്കു പിറന്ന എന്റെ കുഞ്ഞ്
അനങ്ങുന്നില്ല.
എന്തോ കുറവു പോലെ.
വിശദീകരിക്കാനാവാത്ത ഒന്നുമില്ലായ്മയുടെ
കുറവു പോലെ.

കുഞ്ഞിക്കൈകളിലെ
മൊബൈൽ ഫോണിൽ നിന്ന്
ഒരു വിളക്കുമാടത്തിൽ നിന്നെന്ന പോലെ
ചോപ്പു വെളിച്ചം മിന്നിക്കൊണ്ടിരിക്കുന്നു,
നാം പാറമേൽ തട്ടിത്തകർന്നിട്ടും.


No comments:

Post a Comment