Tuesday, May 5, 2020

എൻ.ജി.ഉണ്ണികൃഷ്ണൻ്റെ കവിത - ഒരു നിരീക്ഷണം (ലേഖനം)

ഭാഷയുടെ നിഴൽ പതിയാതെ.

പി.രാമൻ.

അനുഭവങ്ങൾ ഉള്ളിലുണ്ടാക്കുന്നത് പാടോ കറയോ കനമോ അനുഭൂതിയോ രസമോ എന്തോ ആകട്ടെ, ഭാഷയാണ് കവിക്ക് അതിനുള്ള ഒരേയൊരു മാധ്യമം.എന്നാൽ ഭാഷക്ക് ഒരു നിഴലുണ്ട്.  വായനക്കാർക്കുള്ളിൽ പതിയുന്ന പാടിനോട് കറയോട്, കനത്തോട്, അനുഭൂതിയോട്, രസാനുഭവത്തോട് ഒന്നിച്ച് അതിന്മേൽ ഭാഷയുടെ നിഴലും പതിയും. അതു പതിയുന്നതിന്റെ തണുപ്പ് സുഖിക്കുന്ന കവികളാണ് കൂടുതൽ. എന്നാൽ ആ സുഖം എങ്ങനേയെങ്കിലും ഒഴിവാക്കി, ഉള്ളിൽ പതിയുന്നതിനെ വെയിലിന് പൊള്ളിക്കാനും കാറ്റിനു തലോടാനും മഴക്ക് തണുപ്പിക്കാനും പാകത്തിൽ സ്വതന്ത്രമാക്കി വിടാൻ ഇച്ഛിക്കുന്ന കവിതയാണ് എൻ.ജി.ഉണ്ണികൃഷ്ണന്റേത്. അനുഭവത്തിനും അതിന്റെ മുദ്രണത്തിനുമിടയിൽ ഭാഷയെ ചായ്ച്ചും ചരിച്ചും ഏങ്കോണിച്ചും വക്രിപ്പിച്ചും ഭാരവത്താക്കിയും അലിയിപ്പിച്ചും നിഴലു വീഴാത്ത തരത്തിൽ സംവിധാനം ചെയ്യുന്നതിന്റെ ചലനാത്മകത എൻ.ജി.യുടെ ഏതു കവിത വായിക്കുന്നതിനിടയിലും അനുഭവിക്കാം. ഒരു നാടകം നടക്കുമ്പോൾ ദീപങ്ങൾ അവിടുന്നും ഇവിടുന്നും നമ്മൾ പ്രതീക്ഷിക്കാത്തിടങ്ങളിൽ നിന്നുമൊക്കെ വന്നു വീഴാൻ പാകത്തിന് സജ്ജീകരിക്കുന്ന പോലെ.വായിച്ചു തീരുമ്പോൾ ഉള്ളിൽപ്പതിയുന്നതാകട്ടെ,ഭാഷയുടെ നിഴൽ ഏശാത്ത സ്വാച്ഛന്ദ്യം വിനിമയത്തിന്റെ ഈ അപൂർവതയാണ് എൻ.ജിക്കവിത എനിക്ക് പ്രിയങ്കരമാവുന്നതിന്റെ പ്രധാന കാരണം.

ഈ സന്ദർഭത്തിൽ വിനിമയത്തെ മുൻനിർത്തിയുള്ള ഒന്നു രണ്ടു കവിതകൾ പരാമർശിക്കുന്നത് ഉചിതമാകും. ഭാഷ എന്ന കവിതയിൽ ഇരുൾ വിഴുങ്ങുന്ന നദീജലപ്പരപ്പിനു കുറുകെ പോകുന്ന കൂവലും അതിന്റെ വാഗ്ദാന സാഫല്യമായ വഞ്ചിയും വഞ്ചിക്കാരനും റാന്തൽ വെളിച്ചവുമാണുള്ളത്. ആ ഇരുട്ടിൽ വഞ്ചിയും വഞ്ചിക്കാരനും റാന്തൽ വെളിച്ചവുമെല്ലാം പ്രത്യക്ഷപ്പെടണമെങ്കിൽ നീട്ടിക്കൂവൽ തന്നെ വേണം. ഭാഷയെ നിഴൽ വീഴ്ത്താൻ സാവകാശമില്ലാത്ത ചടുലതയാക്കി കൂർപ്പിച്ചതിന്റെ വാഗ്ദാന സാഫല്യമാണ് അക്കരെ നിന്നു വരുന്ന കടത്തുവഞ്ചി.നാലു മണിച്ചായ എന്ന കവിത ഭാഷയുടെ നിഴലേൽക്കാത്ത ആഴത്തിലുള്ള വിനിമയത്തിന്റെ സ്വാച്ഛന്ത്യം തരുന്ന കവിതയാണ്. ആസന്നമരണയായ അമ്മയോട് മകന് പറയാനുള്ളതൊക്കെ ആ കവിതയിലുണ്ട്. ഒരു ഗ്ലാസുവെള്ളത്തിൽ അരക്കരണ്ടി തേയില മതിയെന്നു വക്കുന്ന ആദ്യ വരി തൊട്ട് ആ വിനിമയം ഭാഷയുടെ നിഴൽ വീണു കലങ്ങാതിരിക്കാൻ ജാകരൂകമാണ്. നിറവോടെ വാതിൽക്കൽ ചെന്നപ്പോൾ ഒരനക്കവുമില്ല എന്ന വരിയിലെ നിറവോടെ എന്ന പദത്തിന്റെ സൂക്ഷ്മത്തിളക്കം കാണുക. അമ്മയുടെ തോളിൻ ചിറകുകൾ ചെറുതായനങ്ങുന്നു.അമ്മ ചായ മൊത്തിക്കുടിക്കുമ്പോൾ മകൻ തോളത്തു തൊടുന്നു .ആ വിനിമയത്തിന്റെ വാഗ്ദാനസാഫല്യമാണ് ആയിരം പൂർണ്ണ ചന്ദ്രനെ ദർശിച്ച ചിരി. കവിത വായിച്ചവസാനിക്കുമ്പോൾ മനസ്സിലുണ്ടാകുന്ന സ്വാച്ഛന്ത്യത്തിന്റെ തുറസ്സിലേക്ക് ചിക്കെന്നു കേറുന്നതാണ് വെറുതേ വെച്ച നാലഞ്ചു ചുവടുകൾ.

ചുറ്റും ജനാലകൾ തുറന്നു കിടന്നിട്ടും താനകപ്പെട്ട മുറിക്കകത്തു നിന്നും തുറസ്സിലേക്കു മോചിതമാവാൻ മറ്റാരുടേയോ കുത്തും കാത്ത് അള്ളിപ്പിടിച്ചിരിക്കുന്ന പക്ഷി പോലെയാണ് മനസ്സ് എന്ന് ഒരു കവിതയിൽ (മുറിയിൽ കുടുങ്ങിയ പക്ഷി) എൻ.ജി. എഴുതുന്നുണ്ട്. ആ കുത്തിന്റെ വാഗ്ദാന സാഫല്യമാണ് പുറത്തെ തുറസ്സ്.മുതുകത്ത് പൊട്ടിവീണ ചാട്ടവാർപ്പാടുകളിലൂടെ ഒരു നാട് തിരിച്ചറിവിന്റെ തുറസ്സിലേക്കു വിനിമയം ചെയ്യപ്പെടുന്നു.( നേരമായി) ഇങ്ങനെ, കൂവലോ തൊടലോ കുത്തലോ പൊള്ളിത്തിണർക്കലോ അലർച്ചയോ കരച്ചിലോ പോലെ ഒരു വിനിമയത്തിലൂടെ, വിനിമയം ചെയ്യപ്പെടുന്നതിന്റെ പാട് / കനം /കറ/അനുഭൂതി / രസം വായനക്കാരുടെ ഉള്ളിൽ ഭാഷയുടെ നിഴലു വീണു കുളിർക്കാതെ ചുമ്മാ കിടക്കുന്നതിന്റെ അസ്ക്യതയാണ് എൻ.ജി.ക്കവിതയിൽ നിന്ന് എന്നെ എപ്പോഴും ആവേശിക്കുന്ന ബാധ.

No comments:

Post a Comment