മൂന്നു താറാവുകൾ
എപ്പോഴുമീ ടാർ റോഡ്
മുറിച്ചു കടക്കുന്നു.
ഞാൻ നടന്നു പോയി
ബൈക്കിൽ പോയി
കാറിൽ പോയി
ബസ്സിൽ പോയി.
രാവിലെയും ഉച്ചക്കും സന്ധ്യക്കും
രാത്രിയിലും പോയി.
അപ്പൊഴൊക്കെയും
ഇവിടെയെത്തുമ്പോൾ
മൂന്നു താറാവുകൾ
മുഴുത്ത പ്രൗഢിയിൽ
ഈ ടാർപ്പാത മുറിച്ചുകടക്കുന്നു.
ഇനി വിമാനത്തിൽ വരൂ
എന്നവ ക്വാക് ക്വാക്കിക്കുന്നു.
ഞാൻ കയറിയ വിമാനം
റോഡു മുറിച്ചു കടക്കുന്ന
മൂന്നു താറാവുകൾക്കു തൊട്ടു മേലേക്കൂടെ
താണു പറന്ന്
മാനത്തേക്കു പൊങ്ങിക്കുതിക്കുന്നു.
No comments:
Post a Comment