പുറത്ത് നിർത്താതെ
കുരക്കുന്നൂ നായ്ക്കൾ
മുറിയിലൊറ്റക്കു
കിടക്കയാണവൻ
അറിയാത്ത നാട്ടിൽ
അറിയാത്ത നായ്ക്കൾ
വിരുന്നു വന്നതാ-
ണളിയൻ്റെ വീട്ടിൽ
ചുമരിനപ്പുറ -
ത്തുറക്കമാണവർ
കിടന്നിട്ടില്ലൊറ്റ -
ക്കിതു വരേയ്ക്കവൻ
അറിയില്ലേ ചേച്ചി -
ക്കതോ മറന്നുവോ?
പുറത്തു കാറ്റിൻ്റെ -
യിരമ്പം പൊങ്ങുമ്പോൾ
കുര നിർത്തി നായ്ക്ക -
ളമർത്തി മോങ്ങുന്നു.
അവർ കിടക്കുന്ന
മുറിയുടെ വാതിൽ
പതുക്കെ മുട്ടുവാ-
നെഴുന്നേറ്റൂ പയ്യൻ.
പൊടുന്നനെപ്പുറ-
ത്തുറക്കനെക്കുര,
തിരിച്ചവൻ ചെന്നു
കിടക്കയിൽ വീണു
പുതപ്പെടുത്തിട്ടു
തലവഴി മൂടി.
അവനുറക്കത്തിൽ
വിഴാൻ തുടങ്ങുമ്പോൾ
അളിയൻ്റെ കൂർക്കം
കൊളുത്തുന്നൂ പിന്നിൽ
പിടിച്ചു നിർത്തീട്ടു
കടയുന്നൂ വയർ
ഇനിയൊഴിക്കാതെ
കിടക്കുവാൻ വയ്യ.
പുറത്തു കക്കൂസു -
ണ്ടടുക്കളപ്പിന്നിൽ
അവിടെയും നിന്നു
കുരയ്ക്കുന്നൂ നായ്ക്കൾ.
വിളിക്കാം ചേച്ചിയെ.
വിളിച്ചിട്ടുമവർ
ഉണരുന്നില്ലല്ലോ.
എണീറ്റിരുട്ടത്തു
ചുമരിന്മേൽ തപ്പി -
യൊടുവിൽ കൈ സ്വിച്ചിൽ
തടഞ്ഞു ലൈറ്റിട്ടു
പതുക്കെ വാതിലു
തുറക്കുവാനാഞ്ഞു
അടുക്കളപ്പിന്നിൽ
പുറത്തു കക്കൂസ്
അതിൻ്റെ പിന്നിലായ്
അലറുന്നൂ നായ്ക്കൾ
അടിവയറ്റിലോ
കനത്തു വിങ്ങുന്നു.
ഒടുവിലൊക്കെയു-
മടങ്ങിയശേഷം
പതുക്കെയൊന്നു ക-
ണ്ണടച്ചതേയുള്ളൂ.
എണീറ്റപ്പോൾ തന്നെ
മനസ്സിലോർത്തവൻ:
"മടങ്ങണമുച്ച -
കഴിഞ്ഞ ബസ്സിന്
എനിക്കില്ലാ പേടി,
തനിച്ചു പോകും ഞാൻ"
ഹാ. രാപ്പേടിയുടെ കുട്ടിക്കാലങ്ങൾ...
ReplyDeleteനന്ദി മാഷെ.
Delete