Sunday, May 24, 2020

ഷാൻ നോർത്തിയുടെ കവിതകൾ (പരിഭാഷ, വെയ്ൽസ്)

Poems of Sian Northey
ഷാൻ നോർത്തിയുടെ കവിതകൾ


1.ബ്രാൻ വെൻ*


തൻ കണ്ണീർത്തിരയൂടവൾ രാവു-
മുഴുക്കെ ദ്വീപുകളിടയിൽ തുഴഞ്ഞാ-
ക്കണ്ണീരുപ്പു പിളർന്നു പിളർന്നു
പിളർന്നതിലൊരു ചെറു കണികയടിഞ്ഞൂ
കറയായെൻ കോശങ്ങളി, ലാക്കറ-
യെന്റെയുറക്കമൊടുക്കി, യുറങ്ങാ -
നാവുന്നീ,ലെല്ലാരുമുറങ്ങേ.
ഞാനാണെല്ലാറ്റിന്നും കാരണ -
മേതോ പിഴയാ, ലേതോ പിഴയാൽ

* വെയ്ൽസ് നാടോടിക്കഥകളിലെ ദുരന്തനായിക.



2.തങ്ങി നില്പ്

മറക്കുന്നതേക്കാളെളുപ്പം
മാപ്പു നൽകുന്നതാണല്ലോ
ഇന്നത്തെ രാവിൻ വിളുമ്പിൽ

വഞ്ചനക്കും വ്രണങ്ങൾക്കും
മധ്യത്തിൽ കണ്ടു ഞാനൊറ്റ -
മാത്രയിൽ സ്നേഹത്തിൻ മിന്നൽ




3. വര-വരി

പോയ വർഷം ഞാൻ ഇമ്പമുള്ളൊരീരടിയിലെ
വൃത്ത ബദ്ധമാമൊറ്റവരിയായിരുന്നല്ലോ.
മാസങ്ങൾ തിരക്കേറും മാസങ്ങൾ പോകെ, പക്ഷേ
കനത്ത ചുമരായിത്തടവിൽ പൂട്ടീയെന്നെ.

പിന്നെ പെൻസിലിന്മേൽ
വിരലിന്റെ മുറുകിയ പിടുത്തമയഞ്ഞ്
എന്റെ രൂപം ഊർന്നു വീണു.
മധ്യവയസ്സിന്റെ ചെറിയ ഉൽക്കണ്ഠകൾ
പിന്നെയും പിന്നെയും കോറിയിടുന്ന
വരകളായ്
എനിക്കു നിന്റെ പേരേ അറിയാത്ത
ഏതോ ആസ്പത്രി വാർഡിന്റെ
നിഴൽ വരകളായ്,
മാറി.
പോയ കൊല്ലം ഞാനൊരു വരിയായിരുന്നതിൻ
ശാന്തതയോർമ്മിക്കുന്നീ മങ്ങലിൽ ചില നേരം



4.പിയർ പഴങ്ങളും വീഞ്ഞും

പിയർ പഴം പച്ചക്ക് കടിച്ച്
ഞാനോർത്തു
ഏതോ പാഠപുസ്തകത്തിൽ പണ്ടു കണ്ടിട്ടുണ്ട്
തന്മാത്രയുടെ ഘടനകൊണ്ടാണിങ്ങനെ എന്ന് .
അവ തമ്മിൽ ചേരുന്ന വിധം കാരണമാണ്
എന്റെ പല്ലുകൾക്കിടയിൽ ഇത്ര കടുപ്പം
നിറമുള്ള മാർദ്ദവവും
പട്ടിൻ മിനുപ്പു മുള്ള
മറ്റു പഴങ്ങളിൽ നിന്നു വ്യത്യസ്തമായി.

ബയോ കെമിസ്ട്രി സാർവലൗകികമാകയാൽ
ഒരു മൈക്രോ സ്കോപ്പുപോലുമില്ലാതെ
നിന്റെ കറ വീണ കോശങ്ങളൊന്നും പരിശോധിക്കാതെ
എനിക്കറിയാം
നിന്റെ തന്മാത്രകളെല്ലാം ചേർന്നിരിക്കുന്നത്
പിയർ പഴം പോലെന്ന്.

പിയർപഴങ്ങൾ ചൂടാക്കിയും വീഞ്ഞിലിട്ടും
കുതിർക്കാം.
അടുക്കളയിൽ വീതനപ്പുറത്തു ചാരി നിന്ന്
ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു,
നിന്റെ കടുത്ത കോശങ്ങളുടെ കനത്ത ഭിത്തികൾ പുനക്രമീകരിച്ച്
വീഞ്ഞ് നിന്നെ
ഈ വൈകുന്നേരത്തേക്കായി
വെണ്ണപ്പഴംപോൽ മൃദുവാക്കുന്നത്.



5.ഷൂസുകൾ

ഷൂസിനു പാകമാകാൻ കാലു മുറിച്ച
സിന്ററല്ലക്കഥയിലെ
ചീത്ത സഹോദരി ഞാൻ,
ഇപ്പോൾ മുതൽ.
ചോരയാൽ ചുവന്ന
വെളുത്ത തുകൽ
മഞ്ഞ ഇഷ്ടിക പാകിയ നിരത്തിലൂടെ
നൃത്തം വക്കും ചുവന്ന ഷൂസുകൾ.
വിരലുകൾക്കിടയിലൂടെ കാറ്റൂതുന്ന
മുനമ്പത്തു നിൽക്കുന്ന
പാദുക രാക്ഷസൻ
ചെരുപ്പു മാന്ത്രികൻ
യാത്ര ചെയ്യും
മഞ്ഞ ഇഷ്ടിക പാകിയ നിരത്തിലൂടെ
നൃത്തം വക്കും ചുവന്ന ഷൂസുകൾ
ഞാൻ ചുഴിഞ്ഞോർത്തെടുക്കുന്നു
എന്റെ നഗ്നപാദ ദിനങ്ങൾ,
കഥകൾക്കു മുമ്പുള്ളത്.
തൊട്ടിലിൽ കിടക്കുമെന്നുള്ളം കാലടി
ആദ്യത്തെ ചുവടുവക്കും മുമ്പുള്ളത്.



6.കാർകാസ്സണിലെ വെളുത്ത കൊച്ചു ഞാറപ്പക്ഷി.

അതിനൊരു പേരുണ്ടെന്നെനിക്കുറപ്പ്.
ലോകം തിരിച്ചറിയുന്നൊരു ലാറ്റിൻ നാമവും.
അതിന്റെ മുഴുവൻ സവിശേഷതകൾ
പെരുമാറ്റരീതികൾ
എനിക്കു കൗതുകമുള്ളവ,
നിലത്തിറങ്ങും മുമ്പെന്തു ചെയ്തെന്നത്
ഇനിയെങ്ങു പോകുമെന്നുള്ളത്.
ഈ വർഷമതിണയോടു ചേരുമോയെന്നത്
എത്ര കാലമതു ജീവിക്കുമെന്നത്
ഒരുൾവിളി വരുമ്പോൾ
കടൽകടന്നതു പറന്നകലുമോയെന്നത്.

എന്നാൽ ഇന്ന്
ഞാൻ കണ്ടാനന്ദിക്കുക മാത്രം ചെയ്യുന്നു
രണ്ടു പാലങ്ങൾക്കിടയിലൊഴുകുന്ന വെള്ളത്തി-
ലതിന്റെ ചലനങ്ങൾ

No comments:

Post a Comment