Sunday, May 3, 2020

ഉയിർപ്പ് - പി.രാമൻ

ഉയിർപ്പ്
പി.രാമൻ

Broken Glass Sketch at PaintingValley.com | Explore collection of ...

ശബ്ദം കേട്ടു ഞെട്ടി
ചെന്നു നോക്കിയപ്പോൾ
വലിയൊരു ഫോട്ടോ
മുഖമടച്ചു താഴെ വീണുകിടക്കുന്നു.
ഫ്രെയിം ചെയ്തു തൂക്കിയിരുന്ന
വലിയൊരു പടം.
ഭിത്തിമേൽ അതു തൂങ്ങിയിരുന്ന ആണി.
അതെങ്ങനെ വീണു?
ഒരു പല്ലി പോലുമടുത്തില്ല.
അതു വീഴ്ത്താനായി മാത്രം ഭൂമികുലുങ്ങിയോ?
അല്ല,ചുമരിൽ അങ്ങനൊരു ചിത്രമുണ്ടായിരുന്നോ?
ആരുടെ ഫോട്ടോയാണിത്?
അതു വീണ ശബ്ദം ഇപ്പോഴും നിലച്ചിട്ടില്ല, പിന്നെങ്ങനെ
അതൊന്നുയർത്തി നോക്കും?
ചില്ല് പൊട്ടിപ്പൊടിഞ്ഞിട്ടുണ്ടാവണം.
അടിയിൽ നിന്ന് വെള്ളം ഒഴുകിപ്പരക്കുന്നു.
അതിലിരിക്കുന്ന
ബ്ലാക് ആന്റ് വൈറ്റ് മനുഷ്യന്റെ
കണ്ണീരാവുമോ?
അല്ല ചോര!
അയാളുടെ ചോര!
മരിച്ചു പോയ ഒരു ചിത്രകാരൻ വരച്ച
മങ്ങിത്തുടങ്ങിയ ജലച്ചായച്ചിത്രമാവുമോ?
അയാളുടെ അവസാനത്തെ ചിത്രം?
അതിലെ നിറമുണങ്ങി വർഷങ്ങൾ കഴിഞ്ഞ്
ചോരയായൊഴുകുന്നതെങ്ങനെ?
കമിഴ്ന്നു വീണ ഒരു ശവപ്പെട്ടി പോലെ
അതു കിടക്കുമ്പോൾ
ഉയർത്തുന്നതെങ്ങനെ?
അതുയർത്തിയാൽ
മുഖമടച്ചു കമിഴ്ന്നുറങ്ങുന്ന
ഒരാളുണ്ടാകുമോ അടിയിൽ?
ഒരു പഴയ മനുഷ്യൻ ?
അതുയർത്താം.
ചില്ലു ചിറകുള്ള പൂമ്പാറ്റകൾ പറന്നുയർന്ന്
എന്നെയനുഗ്രഹിച്ചാലോ!
അവിടെ അതേ ആണിയിൽ തന്നെ തൂക്കാം.
ഒഴിഞ്ഞ കണ്ണുകൾ കൊണ്ട് അതീ
ലോകം മുഴുവൻ നോക്കിക്കുളിർപ്പിച്ചേക്കും.

No comments:

Post a Comment