അടഞ്ഞ ലോകം
പി.രാമൻ
കാക്ക കാറിക്കരഞ്ഞു വെളുപ്പിച്ച്
ഒരല്പം വലിച്ചു തുറന്നു ലോകത്തെ.
അല്പം തുറന്നു കിടന്ന ലോകത്തിൽ നി-
ന്നെന്തൊക്കെയോ കോഴി കൊത്തിപ്പെറുക്കി.
ലോകം വലിച്ചടയ്ക്കാനുള്ള ചരടുപോൽ
ആളില്ലാപ്പാത കിടപ്പു നീണ്ട്.
പത്തു പത്തര മണിയായതേയുള്ളു
പത്തു ചവറ്റിലക്കിളികളൊന്നിച്ചെത്തി -
യല്പം തുറന്നു കിടന്ന ലോകത്തിനെ
കൊക്കാൽ മുഴുവൻ തുറക്കാൻ ശ്രമിക്കവേ
പറ്റീയബദ്ധ,മടഞ്ഞുപോയി.
രാത്രിയായിട്ടകത്തു കേറാമെന്നു
കാത്തൊരെലിക്കു മനം തകർന്നു.
ഇപ്പോളതിന്നുള്ളിൽ നിന്നാണു തോന്നുന്നൊ-
രണ്ണാന്റെ നിർത്താച്ചെലചെലപ്പ്.
പെട്ടു പോയ് പാവമതിന്നകത്ത്.
No comments:
Post a Comment