Saturday, May 2, 2020

ആ തോണിയാകുമോ? - പി.രാമൻ

ആ തോണിയാകുമോ?
(രാജേന്ദ്രൻ എടത്തുംകരയ്ക്ക് )
പി.രാമൻ


Kerala backwaters cruise | South India | CN Traveller


ഇരുണ്ടു കലങ്ങിയ 
പുഴയിൽ കനാൽ വന്നു
കൂടുന്ന കടവിൽ നാ-
മിറങ്ങിക്കുളിച്ചപ്പോൾ

തീരത്തു തെങ്ങിൻ ചോട്ടിൽ 
രണ്ടു പേരിരുന്നൊരു
തോണി തീർത്തിരുന്നതു -
ണ്ടോർമ്മയിൽ, ശരിയാണോ?

അപ്പുറം വെള്ളക്കുത്തിൻ 
പതയ്ക്കും വേഗം, കനാൽ -
ഷട്ടറിൻ നിഴൽ വീണ 
വെള്ളത്തിന്നിരുളിങ്ങ്,

അതിൽ നാം മുങ്ങിത്തോർത്തി -
ക്കേറിപ്പോയ്, തെങ്ങിൻ ചോട്ടിൽ
മരമൊന്നൊരു മുഴു-
ത്തോണിയാവതും നോക്കി.

പാലത്തിൽ ബസ്സിൽപ്പോകെ,-
ത്താഴെ വെള്ളത്തിൽ കണ്ടൂ
രണ്ടു പേരൊരു തോണി
തുഴഞ്ഞു നീങ്ങും ദൃശ്യം

കടലിൽ ചേരുന്നതിൻ
മുമ്പത്തെ പ്രശാന്തത
കനത്തു പരപ്പനെ-
ക്കിടപ്പുണ്ടതിൻ ചുറ്റും

ആപ്പരപ്പിന്മേലിളം
കാറ്റൊന്നു തലോടുമ്പോ-
ളാത്തോണിയാമോ പണി -
മുഴുമിയ്ക്കുമീത്തോണി ?

No comments:

Post a Comment