കൈനോട്ടം
പി.രാമൻ
നഗരത്തിലെ ലോഡ്ജിലെ നൂറ്റിപ്പതിനെട്ടാം നമ്പർ മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നവരിൽ അടുത്ത റൂമിലെ താമസക്കാരൻ ഹസ്തരേഖാവിദദ്ധൻ കെ.വി.സ്വാമിയുമുണ്ടായിരുന്നു. തൂങ്ങി നിന്ന ചെറുപ്പക്കാരൻ്റെ മുഖത്തേക്ക് എല്ലാവരും നോക്കിയപ്പോൾ സ്വാമി ആ രണ്ടു കൈകളിലേക്കു തന്നെ മാറി മാറി നോക്കി.
പിന്നീട് പോലീസെത്തി, ബന്ധുക്കളെത്തി ജഡം കൊണ്ടു പോയ്, ആൾക്കൂട്ടം പിരിഞ്ഞു പോയ്.സ്വാമി മറ്റൊരു നഗരത്തിലെ മറ്റൊരു ലോഡ്ജിലേക്കു പോയി. പക്ഷേ മരവിച്ച ആ രണ്ടു കൈകൾ സ്വാമി കൂടെ കരുതി. അവയിൽ രേഖകൾക്കുമേൽ രേഖകൾ പിണഞ്ഞു കിടന്നു. രേഖകൾ രേഖകളെ വെട്ടിനുറുക്കിയിട്ടു. തണുത്തുറഞ്ഞ ആയുർരേഖയിലൂടെ അയാൾ അലഞ്ഞു.തൻ്റെ മുന്നിൽ നീളുന്ന ഏതു കൈയിലും സ്വാമിയുടെ നോട്ടം ഒരു മരവിപ്പിൽ കുരുങ്ങി.
ആ മരണമുറി സ്വാമിയെ പുതിയ പാഠങ്ങൾ പഠിപ്പിച്ചു.അദ്ദേഹം കൂടുതൽ പ്രസിദ്ധനായി.മന്ത്രിമാരുടേയും സിനിമാതാരങ്ങളുടേയും കൈനോട്ടക്കാരനായി.
സ്വാമി ഇക്കഥ ആരോടും പറഞ്ഞില്ല. എങ്കിലും ആളുകൾ അടക്കം പറഞ്ഞു: തൂങ്ങിച്ചത്തവൻ്റെ കൈ നോക്കിയ പുളളിയാണ്.
No comments:
Post a Comment