Saturday, May 2, 2020

പുറത്തേക്കു നീട്ടിയതല -പി.രാമൻ

പുറത്തേക്കു നീട്ടിയ തല
പി.രാമൻ


A day Inside the Driver's Cab of WAP-7 Electric Locomotive Indian ...



തീവണ്ടി ബോഗിയുടെ വാതിലിൽ നിന്ന്
പുറത്തേക്കു നോക്കി നിൽക്കുന്നയാളുടെ നോട്ടത്തേക്കാൾ
എഞ്ചിൻ മുറിയുടെ കിളിവാതിലിലൂടെ
തല പുറത്തിട്ടു നോക്കുന്നയാളുടെ നോട്ടത്തിന്
ആഴമുണ്ടെന്നു തോന്നി,
പണ്ട് റെയിൽപ്പാളത്തിലൂടെ
പട്ടാമ്പിക്കു നടക്കുമ്പോൾ.

വിമാനത്തിന്റെ കോക്പിറ്റൽ നിന്നു തല പുറത്തിട്ട്
മേഘമാലകളെ ചുഴിഞ്ഞു നോക്കുന്ന
ഒരു വൈമാനികനെ
ഞാനിപ്പോൾ സങ്കല്പിക്കുന്നു.

ലോകം ഒരു തീവണ്ടിയോ വിമാനമോ
കപ്പലോ അല്ല.
എങ്കിലും അതിന്റെ എഞ്ചിൻ മുറിയിലാണു ഞാനിരിക്കുന്നത്.
ഒരു പക്ഷേ, ഓടാത്ത ഒരെഞ്ചിൻ മുറിയിൽ.
ഇവിടെ കുമിഞ്ഞുകിടക്കുന്ന 
ലൊട്ടുലൊടുക്കു സാധനങ്ങൾക്കിടയിൽ
അവകൊണ്ട് എങ്ങനെ
ഇതോടിക്കാം എന്നു തല പുകച്ച്.

ആഴത്തിൽ നോക്കാൻ ആഗ്രഹിച്ച്
ഞാൻ പുറത്തേക്കു കഴുത്തു നീട്ടുന്നു.
പാളത്തിനരികു പിടിച്ച്
ഈ നട്ടപ്ര വെയിലത്ത്
ആരെങ്കിലും പട്ടാമ്പിക്കു നടന്നു പോകുന്നുണ്ടോ?
ഒരു മേഘക്കീറ്?
ഒരു ചെറു തിര?

No comments:

Post a Comment