പൂക്കുപ്പികൾ
പി.രാമൻ
ഞാൻ കുടിച്ചു തീർത്ത മദ്യക്കുപ്പികൾ ഓരോന്നായി കഴുകിയെടുത്ത് കുട്ടികൾ ചായമടിച്ച് വള്ളികളുടേയും പൂക്കളുടേയും ചിത്രം വരച്ചു മനോഹരമാക്കി. ഓരോ കുപ്പിയിലും പ്ലാസ്റ്റിക് പൂക്കൾ വെച്ച് ഫ്ലവർവേസാക്കി.
പത്തു പൂക്കുപ്പികൾ സ്വീകരണമുറിയിൽ നിരന്ന ദിവസം എൻ്റെ കുറ്റബോധം താണു താണു വന്ന് പുതിയ കുപ്പി വാങ്ങാവുന്ന പരുവത്തിലെത്തി. ആരും കാണാതെ ചാക്കിൽ കെട്ടിവെച്ചിരുന്നവ ഇപ്പോൾ ജനൽപ്പടികൾക്കലങ്കാരം.
സന്ധ്യക്ക് പുതിയ കുപ്പി വാങ്ങി മടിയിൽ തിരുകി ഞാൻ മുറിയിലെത്തിയെങ്കിലും കുട്ടികളെൻ്റെ രഹസ്യം കണ്ടുപിടിച്ചു കളഞ്ഞു. ചിത്രം വരക്കാൻ ഇപ്പോൾ തന്നെ ഞാനതു തീർത്തു തരാമെന്നു പറഞ്ഞിട്ടും അവർ കേട്ടില്ല. അതെടുത്തു തൊടിയിൽ കമിഴ്ത്തി നന്നായി കഴുകിയ ശേഷം ചായവും ബ്രഷുമെടുത്ത് അവരതിന്മേൽ വരക്കാൻ തുടങ്ങി.
സ്വർണ്ണമത്സ്യങ്ങൾ നീന്തുന്ന പതിനൊന്നാമത്തെ കുപ്പിയിൽ വയ്ക്കാൻ പ്ലാസ്റ്റിക് പൂവില്ലായിരുന്നു.പിറ്റേന്നു രാവിലെ മുറ്റത്തു വിരിഞ്ഞ ചുവന്ന ചെമ്പരത്തികൾ നീണ്ട തണ്ടോടെ അവരതിൽ തിരുകി വെച്ചു.
No comments:
Post a Comment