Saturday, May 2, 2020

ചെണ്ടുമല്ലി - പി.രാമൻ

ചെണ്ടുമല്ലി
പി.രാമൻ

Men's Turban: Buy Traditional Men's Wedding Pagri & Turban Online ...


റോഡിനിടതു ഭാഗത്തൊരു ചെണ്ടുമല്ലിപ്പാടം.
എല്ലാരുമങ്ങോട്ടു ചൂണ്ടി
ബഹളം കൂട്ടുമ്പോൾ
പെട്ടെന്ന് മുന്നിൽ വളവു തിരിഞ്ഞ്
വലിയ വെള്ളക്കുതിരപ്പുറത്തൊരാൾ
കുതിച്ചു പാഞ്ഞു വന്ന്
ഞങ്ങളെക്കടന്നു പോകുന്നു.
അതാ അതാ എന്നു പിന്നെയും ബഹളം.

കുതിരയെയോ കുതിരക്കാരനെയോ
ചെണ്ടുമല്ലിപ്പാടമോ
എല്ലാം ചേർന്നോ
എന്താണപ്പോൾ ഞങ്ങൾ കണ്ടതാവോ!

വണ്ടി പിന്നെയും മുന്നോട്ടു നീങ്ങുന്നു.

അതിൽ പിന്നെ
ആ കുതിരക്കാരനാണെന്റെ രാജകുമാരൻ
കുട്ടിക്കഥയിലായാലും
കുരുക്ഷേത്രത്തിലായാലും
പത്താം ക്ലാസ് ചരിത്രപുസ്തകത്തിലായാലും
ഒരു ചെണ്ടുമല്ലിപ്പാടത്തോടൊപ്പമാണ്
എപ്പോഴുമെന്റെ രാജകുമാരൻ.

വേഗത കാരണം
കിരീടം പോട്ടെ,
ഒരു തലപ്പാവെങ്കിലും
അയാൾ വെച്ചിട്ടുണ്ടോ
എന്നു വ്യക്തമല്ലെങ്കിലും.

No comments:

Post a Comment