ഉയരെ മാനത്ത് ചന്ദ്രന്റെ പൂർണ്ണിമ.
നിന്നെയോർക്കുന്നു ഞാൻ,
എന്റെയുള്ളിലോ എന്നുടെ പൂർണ്ണത.
എന്നിലേക്കു വരുന്നു.
നിന്നെയോർക്കുന്നു ഞാൻ,
നിൻ നാമം ജപിക്കുന്നു.
ഞാൻ ഞാനല്ല: സന്തോഷം.
പാടത്തെ പൂക്കൾ പറിക്കും.
നീ പൂ പറിക്കുന്നതു നോക്കി
പാടത്ത് നിന്റെ കൂടെ ഞാൻ നടക്കും.
ഇപ്പൊഴേ കാണുന്നു ഞാൻ.
എന്നാൽ നാളെ നീ വന്ന് എന്റെ കൂടെ നടന്ന്
ശരിക്കും പൂ പറിക്കുമ്പോൾ
എനിക്കതൊരാനന്ദമാകും, ഒരു പുതുമയും.
1914 ജൂലൈ 6
ഈണത്തെക്കുറിച്ചെനിക്കു ബേജാറില്ല.
അടുത്തടുത്തു നിൽക്കുന്ന രണ്ടു മരങ്ങൾ
അത്യപൂർവമായേ ഒരുപോലിരിക്കാറുള്ളൂ.
പൂക്കൾക്കു നിറമുള്ള പോലെ.
പക്ഷേ,
പുറംസ്വത്വം മാത്രമായിരിക്കുന്നതിന്റെ
ദിവ്യലാളിത്യം എനിക്കില്ലാത്തതിനാൽ
അത്ര മികച്ചതാവുന്നില്ല
എന്റെ ആത്മാവിഷ്കാരം.
നിലത്തിന്റെ ചെരിവിലൂടെ
വെള്ളമൊഴുകുമ്പോലെ ചലിക്കുന്നു.
കാറ്റടിക്കുമ്പോലെ സ്വാഭാവികം,
പ്രകൃതി സഹജം, എന്റെ കവിത
1914 മാർച്ച് 7
വെട്ടിനിർത്തിബ്ഭംഗിയാക്കിയ
പൂന്തോട്ടത്തിലെ പാവം പൂക്കൾ
പോലീസുകാരെപ്പേടിച്ചു നിൽക്കും പോലെയുണ്ട്....
ആദ്യത്തെ മനുഷ്യന്റെ
ആദ്യത്തെനോട്ടത്തിനു മുന്നിലെ
വന്യാവസ്ഥയിലുണ്ടായിരുന്ന
അതേ പ്രാചീന വർണ്ണവിന്യാസത്തോടെ
അതേ മട്ടിൽ തന്നെയാണു പൂക്കുന്നത്.
അവയെക്കണ്ട് അന്തിച്ചു നിൽക്കുകയും
മെല്ലെത്തൊടുകയും ചെയ്തു.
ആകയാൽ വിരലുകൾ കൊണ്ടു കൂടി
അവനു പൂക്കളെക്കാണുമാറായി.
അടയാളമൊന്നും വീഴ്ത്താതെ കടന്നു പോയ
പക്ഷിപ്പറത്തമാണ്
നിലത്തു രേഖപ്പെടുത്തിയ മൃഗായനത്തേക്കാൾ നല്ലത്.
പക്ഷികടന്നു പോകുന്നു, മറക്കപ്പെടുന്നു.
അതങ്ങനെ തന്നെ വേണം താനും.
മൃഗം അവിടെയില്ലെങ്കിലും പ്രയോജനമൊന്നുമില്ലാതെ
അതവിടെയുണ്ടായിരുന്നെന്നു
വെറുതേ പ്രദർശിപ്പിക്കുന്നു.
കാരണം, ഇന്നലത്തെ പ്രകൃതി പ്രകൃതിയല്ല.
ആയിരുന്നതേതും ഇല്ലായ്മ;
ഓർമ്മിക്കുക എന്നത്
കാണാതിരിക്കലും.
അങ്ങനെക്കടന്നുപോകാനെന്നെ പഠിപ്പിക്കൂ.
1914 മെയ് 7
5
ഒരു മിസ്റ്റിക് കവിയുടെ പുസ്തകത്തിൽ നിന്ന്
രണ്ടു പേജോളം ഞാനിന്നു വായിച്ചു.
എന്നിട്ടു കുറേ ചിരിച്ചു;
ഒരുപാടു കരഞ്ഞപോലെ.
തത്വചിന്തകരോ ഉന്മാദികളും.
കാരണം,പൂക്കൾക്കു വികാരമുണ്ടെന്നും
കല്ലുകൾക്ക് ആത്മാവുണ്ടെന്നും
നദികൾ നിലാവിൽ
ആനന്ദത്താൽ നിറഞ്ഞു തുളുമ്പുന്നെന്നും
പറയുന്നു, മിസ്റ്റിക് കവികൾ
പൂക്കളാവില്ല.
മനുഷ്യരാവും.
കല്ലുകൾക്ക് ആത്മാവുണ്ടെങ്കിൽ ജീവനുള്ള മനുഷ്യരാവും
ഒരിക്കലും കല്ലാവില്ല.
നിലാവിൽ ആനന്ദത്താൽ
നിറഞ്ഞു തുളുമ്പുന്നെങ്കിൽ
ആ നദികൾ
രോഗം പിടിച്ച മനുഷ്യരായിരിക്കും.
എന്തെന്നറിഞ്ഞുകൂടാത്തൊരാൾക്കേ
അവയുടെ വികാരങ്ങളെപ്പറ്റിപ്പറയാനാവൂ.
കല്ലുകളുടേയും പൂക്കളുടേയും നദികളുടേയും
ആത്മാവിനെപ്പറ്റിപ്പറയുന്നവർ
തങ്ങളെക്കുറിച്ചും
തങ്ങളുടെ മൂഢ ധാരണകളെക്കുറിച്ചുമാണു
പറയുന്നത്.
ദൈവത്തിനു നന്ദി,
കല്ലുകൾ കല്ലുകൾ തന്നെയായിരിക്കുന്നതിൽ.
നദികൾ നദികളല്ലാതെ
മറ്റൊന്നുമാവാത്തതിൽ.
പൂക്കൾ പൂക്കൾ മാത്രമായിരിക്കുന്നതിൽ.
തൃപ്തിയടയുന്നു.
കാരണം, ബാഹ്യമായതാണു പ്രകൃതി എന്ന്
ഞാനറിയുന്നു.
ഉൾവശത്തെ പ്രകൃതിയെ ഞാൻ ഗ്രഹിക്കുന്നില്ല.
കാരണം, പ്രകൃതിക്ക് ഉൾവശമില്ല.
ഉണ്ടെങ്കിൽ അതു പ്രകൃതിയാവില്ല.
ഞാൻ യാത്ര പറയും.
മനുഷ്യരാശിയിലേക്കു പോകുന്ന
എന്റെ കവിതകളോട്.
കവിതകളുടെ വിധി അങ്ങനെ.
എഴുതിക്കഴിഞ്ഞയുടനെ
എല്ലാവർക്കും കാണിച്ചു കൊടുക്കണം.
മറ്റൊരു തരത്തിൽ എനിക്കു ചെയ്യാനാവാത്തതിനാൽ.
പൂവിന്നു പോലും സ്വന്തം നിറം
ഒളിച്ചു വക്കാനാവാത്ത പോലെ
മരം അതിന്റെ പഴം
മറച്ചു വക്കാത്ത പോലെ.
സഹായിക്കാൻ എനിക്കാവില്ല.
ശരീരത്തിലെ വേദന പോലെ പക്ഷേ
സഹിച്ചിരിക്കും ഞാൻ.
ഏതു കൈകളിൽ അവ വന്നു വീഴും? ആർക്കറിയാം?
വിധിയെന്നെ ഇറുത്തെടുത്തു.
ഒരു മരം, തിന്നാനായ് എന്റെ പഴം
പറിച്ചെടുക്കപ്പെട്ടു.
ഒരു നദി, എന്നിൽ നിന്നൊഴുകിപ്പോകാനായിരുന്നു
എന്റെ വെള്ളത്തിന്റെ വിധി.
ആ സമർപ്പണത്തിൽ ഏറെക്കുറെ
സന്തുഷ്ടൻ ഞാൻ.
ദു:ഖിച്ചു തളർന്നൊരു മനുഷ്യനെപ്പോലെ
ഏറെക്കുറെ സന്തുഷ്ടൻ.
മരം കടന്നു പോകുന്നു,
പ്രകൃതിയിലെമ്പാടും വിതയ്ക്കപ്പെട്ട്.
പൂ വാടിക്കരിയുന്നു,
പൊടി എന്നേക്കും ശേഷിപ്പിച്ച്.
പുഴ കടലിലേക്കൊഴുകുന്നു,
അതിന്റെ ജലം എന്നെന്നും
അതിന്റെ തന്നെയായിരുന്നു കൊണ്ട്.
പ്രപഞ്ചത്തെപ്പോലെ ബാക്കിയായിക്കൊണ്ട്.
7
ദൂരെ മരങ്ങളുടെ ഒരു നിര, ചെരിവിലേക്കു നീണ്ട് ...
എന്താണു പക്ഷേ, മരങ്ങളുടെ ഒരു നിര എന്നാൽ?
അവ കേവലം മരങ്ങൾ.
'നിര', ബഹുവചനം 'മരങ്ങൾ' എന്നിവ
പേരുകൾ, വസ്തുക്കളല്ല.
അസന്തുഷ്ട മനുഷ്യജീവികൾ,
അവരെല്ലാം ക്രമത്തിൽ വയ്ക്കുന്നു.
വസ്തുവിൽ നിന്നു വസ്തുവിലേക്കു രേഖകൾ വരക്കുന്നു.
കേവല യാഥാർത്ഥ്യമായ മരങ്ങൾക്കുമേൽ
പേരുകൾ പതിക്കുന്നു.
അത്ര പച്ചച്ചതും പൂക്കൾ നിറഞ്ഞതുമായ
ഈ നിഷ്കളങ്ക ഭൂമിക്കുമേൽ
അക്ഷാംശരേഖാംശങ്ങളുടെ
സമാന്തരങ്ങൾ വിന്യസിക്കുന്നു.
- മെയ് 7, 1914
കീപ്പർ ഓഫ് ഷീപ് XLV
8
പൂർണ്ണവും കൃത്യവുമായ വെളിച്ചമുള്ള പകലുകളിൽ
ചിലപ്പോൾ വസ്തുക്കൾ അവക്കു സാദ്ധ്യമാകും വിധം
യഥാതഥമായിരിക്കുമ്പോൾ
ഞാൻ സ്വയം ചോദിക്കുന്നു.
വസ്തുക്കളിൽ സൗന്ദര്യമാരോപിക്കാൻ
ഞാനെന്തിനു തുനിയണം?
ഒരു പൂവിന് യഥാർത്ഥത്തിൽ സൗന്ദര്യമുണ്ടോ?
ഒരു പഴത്തിന് യഥാർത്ഥത്തിൽ സൗന്ദര്യമുണ്ടോ ?
ഇല്ല, അവക്കുള്ളത്
വർണ്ണവും രൂപവും അസ്തിത്വവും മാത്രം.
എന്നാൽ വസ്തുക്കൾ എനിക്കു നൽകുന്ന
ആനന്ദത്തിനു പകരമായി
ഞാനതവക്കു നൽകുന്നു.
അത് ഒന്നും അർത്ഥമാക്കുന്നില്ല.
പിന്നെന്തിനാണ് വസ്തുക്കളെക്കുറിച്ചു ഞാൻ പറയുന്നത്,
അവ സുന്ദരമാണെന്ന്?
അതെ, ജീവിച്ചിരിക്കുന്നതു കൊണ്ടു മാത്രം
ജീവിച്ചിരിക്കുന്ന ഞാൻ പോലും
മനുഷ്യരുടെ നുണകളിൽ കഥയില്ലാതെ വ്യാമുഗ്ധനായി
വസ്തുക്കളെ പരിഗണിക്കുന്നു.
ചുമ്മാ നിലനിൽക്കുന്ന വസ്തുക്കളെ.
നമ്മളെന്തോ അതായിരിക്കുക എത്ര പ്രയാസം.
എത്ര പ്രയാസം കാണാവുന്നതിനപ്പുറം
കാണാതിരിക്കാനും.
- മാർച്ച് 11, 1914
കീപ്പർ ഓഫ് ഷീപ് XXVI
9
വർത്തമാനത്തിൽ ജീവിക്കുക, നിങ്ങൾ പറയുന്നു
വർത്തമാനകാലത്തിൽ മാത്രം ജീവിക്കുക.
എന്നാൽ വർത്തമാനകാലം ഞാനാഗ്രഹിക്കുന്നില്ല.
ഞാനാഗ്രഹിക്കുന്നത് യാഥാർത്ഥ്യം.
നിലനിൽക്കുന്ന വസ്തുക്കൾ.
അല്ലാതെ അവയെ അളക്കുന്ന കാലമല്ല.
എന്താണ് വർത്തമാന കാലമെന്നാൽ?
ഭാവിയുമായും ഭൂതവുമായും ബന്ധമുള്ള എന്തോ ഒന്ന്.
നിലനിൽക്കുന്ന മറ്റു വസ്തുക്കളുടെ പ്രഭാവത്താൽ
മാത്രം നിലനിൽക്കുന്ന ഒന്ന്.
ഞാനാഗ്രഹിക്കുന്നത് യാഥാർത്ഥ്യം മാത്രം.
വസ്തുക്കളെ മാത്രം.
വർത്തമാനകാലമേയില്ലാതെ.
നിലനിൽക്കുന്ന വസ്തുക്കളെക്കുറിച്ചുള്ള
എന്റെ അവബോധത്തിൽ
സമയത്തെ ഉൾപ്പെടുത്താൻ
ഞാനാഗ്രഹിക്കുന്നില്ല.
വർത്തമാനകാലത്തിൽ കഴിയുന്നതായി
വസ്തുക്കളെക്കുറിച്ചു ചിന്തിക്കാൻ
ഞാനാഗ്രഹിക്കുന്നില്ല.
വസ്തുക്കളായിത്തന്നെ അവയെക്കുറിച്ചു ചിന്തിക്കാൻ
ഞാനാഗ്രഹിക്കുന്നു.
വർത്തമാനകാലമെന്നു വിളിച്ച്
അവയെ അവയിൽ നിന്നു തന്നെ വേർപെടുത്താൻ
ഞാനാഗ്രഹിക്കുന്നില്ല.
യഥാതഥം എന്നു പോലും
ഞാനവയെ വിളിക്കില്ല.
ഞാനവയെ ഒന്നും വിളിക്കില്ല.
കാണും, കാണുക മാത്രം ചെയ്യും.
അവയെക്കുറിച്ചു ചിന്തിക്കാനേ കഴിയാത്തിടത്തോളം കാണും.
സമയമോ സ്ഥലമോ കൂടാതെ കാണും.
ഞാൻ കാണുന്നതിനരികെ
യാതൊന്നിന്റേയും ആവശ്യമില്ലാതെ കാണും.
ഇതാണ് ശാസ്ത്രമേയല്ലാത്ത
കാണലിന്റെ ശാസ്ത്രം.
- ജൂലൈ 19, 1920
മഹത്താവുക, സമ്പൂർണ്ണ -
മാക,നിൻ ഏതു ഭാഗവും
വിട്ടീടൊല്ല, പെരുപ്പിക്കൊല്ല,
ഏതു വസ്തുവിനുള്ളിലും
പൂർണ്ണമാവുക, നിസ്സാര -
മേതു കർമ്മത്തിനുള്ളിലും
വയ്ക്ക നിന്നെപ്പൂർണ്ണമായും,
അങ്ങനെത്തന്നെയല്ലയോ
തനതുന്നത തേജസ്സാൽ
തിളങ്ങുന്നൂ സമുജ്വലം
ഓരോ പൊയ്കയിൽ വേറിട്ടും
ഒരേ ചന്ദ്രൻ മുഴുക്കനെ.
1933 ഫെബ്രുവരി 4
ഉറുമ്പിൻ കൂടുകൾ തകർക്കുമെന്നുടെ
കരം ദൈവത്തിന്റെ കരമായ് കണ്ടിടാം
ഉറുമ്പുകൾ, എന്നാൽ സ്വയമൊരു ദിവ്യ -
സ്വരൂപമായി ഞാൻ പരിഗണിപ്പീല.
അതുപോൽ ദൈവങ്ങളൊരുപക്ഷേ, സ്വയ-
മവരെ ദ്ദൈവമായ് കരുതുന്നീലെന്നാം.
അവർ നമ്മെക്കാളും മഹത്തുക്കൾ, കണ്ണിൽ
നമുക്കതുകൊണ്ടാണവർ ദൈവങ്ങളായ്.
അതെന്തുമാകട്ടെ,യൊരു വിശ്വാസത്തിൽ
മുഴുവനായും നാം മുഴുകൊലാ, നമ്മെ
സ്വയം ദൈവങ്ങളായ് കരുതിടുന്നതാ-
മൊരു വിശ്വാസത്തിൽ സമർപ്പിക്കായ്ക നാം.
ദൈവങ്ങളെപ്പറ്റി, മാലാഖമാരെയും,
നമ്മൾക്കൊരീടുറ്റ കാഴ്ചയുണ്ടെപ്പൊഴും.
മേലേയിരുന്നു ഭരിച്ചു നമ്മെക്കർമ്മ -
വീഥിയിൽ നീളെച്ചലിപ്പിച്ചിടുന്നതായ്.
പാടത്തു കാലിയെ മേയ്ക്കുന്നപോലെ, നാം
കാട്ടുന്ന ചേഷ്ടയറിഞ്ഞിടാതങ്ങനെ
എന്തുകൊണ്ടെന്നതോരാതെ നിർബന്ധമായ്
നിർമ്മമമായവ നീങ്ങുന്ന മാതിരി
മർത്യ മനസ്സും മനുഷ്യേച്ഛയുമായ
കൈകളാൽ നമ്മെ നയിപ്പു മറ്റുള്ളവർ
നാമെങ്ങു പോകണമെന്നവരാഗ്രഹി-
ക്കുന്നിടത്തേക്കു ചലിപ്പിച്ചിടുന്നിതാ.
1914 ഒക്ടോബർ 16
ആരുമന്യനെ സ്നേഹി-
ക്കുന്നില്ല,തന്റേതായി -
ട്ടന്യനിൽ കണ്ടെത്തുന്ന -
തേതൊന്നുണ്ടതുമാത്രം
സ്നേഹിപ്പൂ,മറ്റുള്ളവർ
നിങ്ങളെ സ്നേഹിക്കുന്നി-
ല്ലെന്നോർത്തു ദു:ഖിക്കൊല്ല. ശരിക്കുമാരാകുന്നൂ
നിങ്ങളെന്നതും എത്ര -
ക്കപരിചിതനെന്നും
തേറുന്നുണ്ടവർ, നിങ്ങൾ
നിങ്ങളായിരിക്കാവൂ.
ഒരിക്കൽ പോലും സ്നേഹം
ലഭിച്ചില്ലെന്നാകിലും
നിങ്ങൾ നിങ്ങളിൽ ഭദ്രം,
ദു:ഖങ്ങളൽപ്പം മാത്രം.
1932 ഓഗസ്റ്റ് 10
ഓരോ വസ്തുവിനതിനുടെയതിനുടെ ദൈവവുമുണ്ടെങ്കിൽ
എനിക്കുമെന്തേയുണ്ടാകില്ലൊരു ദൈവമിണങ്ങിയതായ്?
എന്തേയതു ഞാനാവാത്ത, തറിഞ്ഞീടുന്നുണ്ടുള്ളിൽ
ദൈവത്തിൻ ചലനങ്ങൾ, കാൺമേൻ വ്യക്തം പുറലോകം.
- ആത്മാവില്ലാ മർത്യരുമായി, വസ്തുക്കളുമായി.
പാതിരക്ക് ഞാനുണരുന്നു.
നിശ്ശബ്ദത.
ടിക്..... ടിക്..... നേരം പുലരാൻ
ഇനിയും നാലു മണിക്കൂർ.
ഞാൻ ജനൽ തുറന്നിടുന്നു.
വഴിക്കപ്പുറം അതാ, മനുഷ്യൻ!
കുറുകെ മുഖാമുഖം വെളിച്ചപ്പെടുന്ന ജാലകച്ചതുരം
രാത്രിയിലെ സാഹോദര്യം!
നിനക്കാതെ ലഭിച്ചത്!
ഞങ്ങൾ രണ്ടാളുമുണർന്നിരിക്കുന്നു,
മനുഷ്യരാശിയറിയാതെ.
അതുറങ്ങുന്നു.
ഞങ്ങൾക്കു മാത്രം വെളിച്ചം.
അല്ലെങ്കിലെന്നെപ്പോലൊരു നിദ്രാ രഹിതൻ?
അതെന്തോ ആകട്ടെ,
അനശ്വരം അരൂപം അനന്തമീ രാത്രിക്ക്
ഇവിടെയുള്ളത്
ഞങ്ങൾ രണ്ടു ജനലുകളുടെ
മാനവികത മാത്രം.
ഞങ്ങളുടെ രണ്ടു വെളിച്ചങ്ങളുടെ
പ്രശാന്ത ഹൃദയം മാത്രം.
ഈ സ്ഥലത്ത്, ഈ സമയത്ത്,
പരസ്പരം അപരിചിതരായ്,
ജീവിത സാരമായ്, ഞങ്ങൾ
എന്റെ പാർപ്പിടപ്പിൻമുറിജ്ജനാലക്കൽ
രാവിൻ നനവ് മരപ്പടിമേലനുഭവിച്ച്
അനന്തതക്കു നേരേ ഞാനെത്തി നോക്കുന്നു.
ഒരൽപ്പം എനിക്കു നേരെയും.
ഒരു പൂവൻകോഴി പോലും.
തെളിഞ്ഞ ജാലകത്തിലെസ്സഖാവേ,
താനവിടെന്താ ചെയ്യുന്നേ?
ഞാനോ,
ഉറക്കം നഷ്ടപ്പെട്ട്
ജീവിതത്തെ സ്വപ്നം കാണുകയാണോ ഞാൻ?
തന്റെ രഹസ്യ ജാലകത്തിനു ചുറ്റും
അരണ്ട വെളിച്ചത്തിന്റെ മഞ്ഞച്ച വട്ടം....
അതു വൈദ്യുത ദീപമല്ല, തമാശ തന്നെ,
എന്റെ ബാല്യത്തിന്റെ മണ്ണെണ്ണ വിളക്കുകളേ.....
1931 നവംബർ 25
ഷെവർലേ കാറിൽ
സിൻട്രയ്ക്കു പോകുന്ന റോഡിൽ
നിലാവിലൊരു സ്വപ്നത്തിൽ
വിജന വീഥിയിൽ
ഞാനൊറ്റക്കോടിച്ചു പോകുന്നു.
മറ്റൊരു റോഡിൽ
മറ്റൊരു സ്വപ്നത്തിൽ മറ്റൊരു ലോകത്തിൽ
ഇറങ്ങിപ്പോകുന്നതായ് ഞാനെന്നെക്കാണുന്നു
അങ്ങനെ ചിന്തിക്കുന്നു.
പിന്നിൽ ലിസ്ബണോ
മുന്നിൽ സിൻട്രയോ ഇല്ലാതെ
ഞാൻ പോകുന്നതായി.
നിറുത്താതെ പൊയ്ക്കൊണ്ടിരിക്കുക
എന്നല്ലാതെ മറ്റെന്തുണ്ടിതിൽ?
സിൻട്രയിൽ കഴിച്ചുകൂട്ടാം.
പക്ഷേ സിൻട്രക്കു തിരിച്ചപ്പോൾ
ലിസ്ബണിൽ തങ്ങാൻ കഴിയാത്തതിനെക്കുറിച്ചു ഖേദം.
വിവേകമില്ലാത്ത, അപ്രസക്തമായ,
പ്രയോജനമില്ലാത്ത ഈ വെറി തന്നെ
എപ്പോഴുമെപ്പോഴുമെപ്പോഴും.
എന്തിനെന്നില്ലാത്ത, പെരുപ്പിച്ചെടുത്ത
ഈ ഉൽക്കണ്ഠ.
സിൻട്രക്കുള്ള റോഡിൽ സ്വപ്ന വീഥിയിൽ
ജീവിതവീഥിയിൽ......
അതിനോടീ വാടകക്കാറ് പ്രതികരിക്കുന്നു,
എനിക്കടിയിൽ എന്നോടൊപ്പം.
റോഡടയാളം മനസ്സിൽ കണ്ട്
വലത്തോട്ടു തിരിച്ച് ഞാൻ ചിരിക്കുന്നു.
കടം വാങ്ങിച്ചതെന്തെല്ലാം ഞാനുപയോഗിക്കുന്നു,
ഈ ലോകത്ത് മുന്നോട്ടു പോകാൻ!
കടം വാങ്ങിച്ചതെന്തെല്ലാം
കൊണ്ടു പോകുന്നു ഞാൻ,
എന്റേതെന്നപോലെ!
ഞാനെത്രക്കുണ്ടോ അതു തീർത്തും
കടം വാങ്ങിച്ചതു തന്നെ.
അതെ, ഒരു കൊച്ചു വീട്.
വലതുവശം വെളിമ്പുറം, ദൂരത്തു ചന്ദ്രൻ
എനിക്കു സ്വാതന്ത്ര്യം തരാനെന്ന പോലെ
കാണപ്പെടുന്ന ഈ കാർ
എന്നെ അകത്തിട്ടച്ച എന്തോ ഒന്നാണിപ്പോൾ.
അകത്തടഞ്ഞു പോയാൽ മാത്രം
എനിക്കോടിക്കാവുന്ന എന്തോ ഒന്ന്.
ഞാനതിന്റേയും അതെന്റേയും ഭാഗമായാൽ മാത്രം
എനിക്കു നിയന്ത്രിക്കാൻ കഴിയുന്ന ഒന്ന്.
വിനീതമൊരു പാവം വീട്.
ജീവിതമതിലെത്ര സന്തുഷ്ടം,
അതെന്റേതല്ലാത്തതിനാൽ.
വീടിന്റെ ജനാലയിലൂടെ
ആരെങ്കിലും നോക്കിയാൽ
ഒരു സംശയവുമില്ല - വിചാരിക്കും,
പുള്ളിക്കാരൻ ആളു ഹാപ്പിയാണ്.
മുകൾ നിലയിലെ ജനാലയിലൂടെ
എത്തി നോക്കുന്ന കുട്ടിയ്ക്ക്
(കടം വാങ്ങിച്ച കാറോടു കൂടി) എന്നെക്കണ്ടാൽ
ഒരു സ്വപ്നമെന്നേ തോന്നൂ,
ഉയിരെടുക്കുന്ന ഒരു മാന്ത്രിക ജീവി എന്ന്.
കാറിരമ്പം കേട്ട്
താഴത്തെ അടുക്കള ജനാല വഴി
നോക്കുന്ന പെൺകുട്ടിക്ക്
ഞാനൊരു രാജകുമാരൻ.
ഓരോ പെൺകുട്ടിയുടേയും
ഹൃദയത്തിലുള്ള രാജകുമാരൻ.
വളവു തിരിഞ്ഞു ഞാൻ മറയും വരെ
ജനാലയിലൂടവൾ നോക്കിക്കൊണ്ടിരിക്കും.
സ്വപ്നങ്ങൾ പിന്നിൽ വിട്ടേച്ചു പോകുന്നത്
ഞാനോ അതോ കാറോ?
വാടകക്കാറോടിച്ചു പോകുന്ന ഞാനോ
അതോ ഞാനോടിച്ചു പോകുന്ന വാടകക്കാറോ?
ദു:ഖത്തിൽ
എനിക്കു മുന്നിലെ രാത്രിക്കും വയലുകൾക്കുമൊപ്പം
കടം വാങ്ങിയ ഷെവർലേക്കാറോടിച്ചു പോകുമ്പോൾ
ഏകാന്തത അസഹ്യമാകുമ്പോൾ
നഷ്ടപ്പെടുന്നു ഞാൻ മുന്നിലെപ്പാതയിൽ
മാഞ്ഞു പോകുന്നു പിന്നിടും ദൂരത്തിൽ.
ഭ്രാന്തവും വന്യവുമായ ഒരാവേശത്തിൽ
പെട്ടെന്നു ഞാൻ വേഗം കൂട്ടുന്നു.
എന്റെ ഹൃദയമോ ഇപ്പോഴും പിറകിൽ.
കണ്ടിട്ടും കാണാതെ
ചേർന്നുരുമ്മിക്കടന്നു പോയ
ആ കൽക്കൂനകൾക്കരികിൽ
കൊച്ചു വീടിന്റെ വാതുക്കൽ
എന്റെ ഒഴിഞ്ഞ ഹൃദയം
അസംതൃപ്തഹൃദയം
ജീവിതത്തേക്കാൾ കൃത്യവും
എന്നേക്കാൾ മാനുഷികവുമായ
എന്റെ ഹൃദയം
പാതിരയോടടുത്ത്, നിലാവിൽ
സ്റ്റിയറിങ് വീലിനരികെ
സിൻട്രക്കുള്ള റോഡിൽ ഭാവനയാൽ തളർന്ന്
സിൻട്രക്കുള്ളറോഡിൽ സിൻട്രക്കെന്നുമരികെ
സിൻട്രക്കുള്ള റോഡിൽ എന്നിൽ നിന്നെന്നു -
മകലെ....
1928 മെയ് 5
തീവണ്ടിയിൽ നിന്നിറങ്ങി ഞാൻ ഗുഡ്ബൈ പറഞ്ഞു,
യാത്രയിൽ കണ്ടുമുട്ടിയ മനുഷ്യനോട്.
പതിനെട്ടു മണിക്കൂർ ഞങ്ങളൊരുമിച്ചിരുന്ന്
രസം പിടിച്ചു സംസാരിച്ചു.
ഇറങ്ങുമ്പോൾ എനിക്കു വിഷമം,
പേരറിയാത്ത ഈ യാദൃച്ഛികസുഹൃത്തിനെ
പിരിയാൻ.
എന്റെ കണ്ണുകൾ നിറയുന്നതറിഞ്ഞു.
ഓരോ വിടവാങ്ങലും ഒരു മരണം.
ജീവിതമെന്നു നാം വിളിക്കുന്ന തീവണ്ടിയിൽ
നമുക്കെല്ലാം യാദൃച്ഛികസംഭവങ്ങൾ
മറ്റുളളവരുടെ ജീവിതങ്ങളുമായി ബന്ധപ്പെട്ടവ.
ഇറങ്ങാറാവുമ്പോൾ വിഷമം, എല്ലാവർക്കും.
മനുഷ്യന്റേതായ എല്ലാം
എന്നെ ചലനം കൊള്ളിക്കുന്നു.
കാരണം ഞാനൊരു മനുഷ്യൻ.
അല്ലാതെ മനുഷ്യന്റെ ആശയങ്ങളോടോ
സിദ്ധാന്തങ്ങളോടോ
ഇണക്കമുളളതുകൊണ്ടല്ല.
മറിച്ച് മനുഷ്യത്വത്തോട്
അങ്ങേയറ്റം ചേർച്ചയുള്ളതിനാൽ...
തന്നോട് അപമര്യാദയായിപ്പെരുമാറിയ വീട്
വിട്ടുപോകാൻ ഇഷ്ടമില്ലാതെ
ഗൃഹാതുരതകൊണ്ടു കരയുന്ന
വീട്ടുവേലക്കാരിപ്പെൺകുട്ടി....
ഇതെല്ലാം എന്റെ ഹൃദയത്തിൽ, മരണമാകുന്നു.
ലോകത്തിന്റെ ദു:ഖമാകുന്നു.
മരിക്കുന്നതിനാൽ ഇതെല്ലാം ജീവിക്കുന്നു,
എന്റെ ഹൃദയത്തിൽ.
എന്റെ ഹൃദയമോ,
മുഴുവൻ പ്രപഞ്ചത്തേക്കാൾ ഒരല്പം വിസ്തൃതം.
- 1934 ജൂലൈ 4
ആരാണു പാടുന്നതെന്നു കാണാൻ
ജാലകത്തിങ്കൽ ഞാൻ വന്നു നോക്കെ,
തന്റെ ഗിറ്റാറൊത്തു തേങ്ങിടുന്നൂ
അന്ധനൊരാൾ പുറത്തങ്ങവിടെ
രണ്ടുമിണങ്ങിയൊന്നായിടുന്നു
ലോകമെമ്പാടുമലഞ്ഞിടുന്നൂ
പാവമെന്നാളുകൾ വീർപ്പിടുന്നു
ഊരുചുറ്റിപ്പാട്ടു പാടിടുന്നോൻ
കൂടുതൽ നീണ്ടതാണെന്റെ പാത
ഞാനിരക്കുന്നതില്ലൊന്നുമൊന്നും.
1931 ഫെബ്രുവരി 26
ജനലിന്നരികെയിരിക്കേ മൂടൽ
മഞ്ഞാൽ മങ്ങിയ ചില്ലൂടെ
അവളുടെ സുന്ദരരൂപം കാൺമൂ
നടന്നകന്നേ പോകുവതായ്
ദു:ഖം, ഭൂമിയിൽ കുറയുകയായ്
പ്രാണി ഗണത്തിലൊരെണ്ണം, കൂടീ
വാനിൽ പുതിയൊരു മാലാഖ
മഞ്ഞാൽ മങ്ങിയ ചില്ലൂടേ
അവളുടെ രൂപ,മിതേവഴിയിപ്പോൾ
നടന്നകന്നീടാത്തവളായ്
1902
എന്റെ ബാർബർതൻ മകൻ
മരിച്ചൂ, വയസ്സഞ്ചു
മാത്രമാണവന്ന്, ഞാൻ
ഷേവുചെയ്യുവാൻ പോകെ
കഥകൾ നിറുത്താതെ
പറയുന്നവൻ ബാർബർ
ഒരു കൊല്ലമായ് നന്നാ-
യറിയുമയാളെ ഞാൻ
വൃത്താന്തം പറഞ്ഞപ്പോൾ
നടുങ്ങി വിറച്ചെന്റ
പരിഭ്രാന്തമാമുള്ളം.
മാറണച്ചയാളെ ഞാ-
നിറുകെപ്പുണർന്നപ്പോ-
ളാക്കണ്ണിൽ നിന്നെൻ തോളിൽ
പതിഞ്ഞൂ കണ്ണീർത്തുള്ളി.
തത്തിലെങ്ങനെപ്പെരു-
മാറണ, മറിവീല, -
യെങ്കിലുമറിയുന്നേൻ
വേദന, മനുഷ്യന്റെ
വേദന,യതിൻ അറി-
വെനിക്കു വിലക്കൊല്ല
ദൈവമേ,യൊരിക്കലും.
1934 മാർച്ച് 28
ആ സ്വരത്തിൻ പിന്നിലാരോ ചിരിപ്പതും
കേട്ടു ഞാൻ സ്വപ്നത്തിലെന്നപോൽ നിന്നൊന്നു
നോക്കുന്നു മേലോട്ട് - പാട്ടുകേൾക്കുന്നതു
മുന്നിലെസ്സൗധത്തിൽ മൂന്നാം നിലയ്ക്കകം
ന്താനന്ദം! ഒക്കെക്കപടമോ ?യെങ്ങനെ
ഞാനറിയാൻ? വിറപ്പിക്കുന്നസൂയയാ-
ലെന്നെയവർക്കെഴുമാനന്ദം, ഇല്ലെനി-
ക്കങ്ങനെയൊന്നെത്ര നിസ്സാരമെങ്കിലും.
സന്തുഷ്ടരാവാമവർ, നീങ്ങിടുന്നു ഞാൻ
അന്യരാജ്യം കിനാക്കാണുന്നപോലെ,യാ -വീടിനെപ്പറ്റിക്കിനാവു കണ്ടങ്ങനെ.
1915 ജൂൺ 24.
എവിടുന്നു വന്നാക്കടലിലേക്കു താൻ
തിരികെപ്പോവുന്ന തിരേ, കുറേക്കൂടി -
ച്ചെറുതായ് പിന്നെ നീ ചിതറിപ്പോവുന്നു
കടലേയില്ലെന്നു കരുതിടും പോലെ
എടുത്തതെന്തു നീ മടക്കയാത്രയിൽ,
എടുക്കാഞ്ഞതെന്തെൻ ഹൃദയം കൂടെ നീ
പുരാതനമാമാക്കടലിനു നൽകാൻ?
ത്തളർന്നു ഞാ, നിന്നതെടുത്തു പോക നീ
അരണ്ടവ്യക്തമാമിരമ്പലിൽ കേൾപ്പേൻ
തിരേ,നീ പിൻവാങ്ങിത്തിരിഞ്ഞുപോവത്
1914 മെയ് 9
No comments:
Post a Comment