സഞ്ചാരികൾ
പി.രാമൻ
ചീനവിശറി കണ്ടു
നാടോർമ്മ വന്ന്
ആദ്യത്തെ പായ്ക്കപ്പൽ പിടിച്ച
പ്രാചീന സഞ്ചാരീ,
ചില നാടുകൾ
താങ്കൾക്കു മുന്നിൽ
തുറന്നു കിടന്നു.
ചിലത് അടഞ്ഞും.
ചില രാജ്യങ്ങളുടെ
അടഞ്ഞ വാതിലുകൾ
താങ്കളൊന്നു മെല്ലെ -
ത്തള്ളിയതും തുറന്നു.
നാടോർമ്മ വന്നപ്പോൾ
ആദ്യത്തെ പായ്ക്കപ്പൽ
താങ്കൾക്കു കിട്ടി!
നാടു പിടിക്കാൻ
ഒരു മരണവണ്ടി പോലും കിട്ടാതെ
ഒന്നിച്ചടഞ്ഞ ഒറ്റലോകം
താങ്കളുടെ സങ്കല്പത്തിനു
പുറത്തായിരുന്നു.
എപ്പോൾ വേണമെങ്കിലും
അടയുമെന്നറിഞ്ഞിട്ടും
എപ്പോഴും തുറന്നു കിടക്കുമെന്നു
വെറുതെ വിശ്വസിച്ച
ഒറ്റലോകത്തിൽ
ചുറ്റിക്കറങ്ങിയവർ ഞങ്ങൾ.
ഇതാ ലോകങ്ങളെല്ലാം
പെട്ടെന്നടഞ്ഞിരിക്കുന്നു.
ഇവിടെക്കുടുങ്ങിയിരിക്കുന്നു.
നാട്ടിലെ ഒരു വിശറിയ്ക്കും
ഇവിടുന്നനക്കാനാവില്ല.
ജഡം അടക്കാൻ
വഴിയെന്തെന്നറിയില്ല.
ഞാൻ
വി.മുസഫർ അഹമ്മദ്,
താങ്കളുടെ വംശത്തിൽ പെട്ട
ഒരു സഞ്ചാരി.
കാലടിയിൽ ചിറകു തരിച്ചിരിക്കുന്നു.
സഞ്ചാരികൾ പുറപ്പെട്ടു പോകാതെ
ഇനിയെങ്ങനെ ഭൂമി വിളയും?
എനിക്കിറങ്ങണം, പക്ഷേ
വിശറിയുടെ കാറ്റുകൊണ്ട്
ലോകം തുറക്കില്ല.
ഭാണ്ഡത്തിലുണ്ടോ
അതിനുതകുന്നൊരു കഥ?
സഞ്ചാരിക്കു മാത്രമറിയുന്ന
മറുവിദ്യ?
No comments:
Post a Comment