Saturday, May 2, 2020

ബാഷ - പി.രാമൻ

ബാഷ


കൈ കഴുകിത്തുപ്പുന്നതിനുള്ള വെൺതൊട്ടി
ചുമരിന്മേൽ പിടിപ്പിക്കാൻ രണ്ടു നാളായി
പണിക്കാരനു,ണ്ടയാൾക്കെന്തിണക്കമാണെൻ
കുരുന്നു പാറുവിനോടുമപ്പുവിനോടും.

കളിചിരിമേളങ്ങളിൽ മുഴുകിക്കൊണ്ടു
പണി ചെയ്തു കഴിഞ്ഞെന്നെ വിളിച്ചു കാട്ടി.
ചുമരിന്മേൽ താഴത്തായ് വെൺതൊട്ടി നിൽക്കുന്നൂ
ഇതിൽ കൈ കഴുകാൻ മുട്ടുകാലിൽ നിൽക്കേണം

ഇതെന്തെന്നു ഞാൻ കയർക്കേ ചിരിച്ചുകൊണ്ട്
"കുഴന്തകൾക്കിതിൽ തുപ്പാൻ കഴിയണ്ടേ സാർ
അതിനു പാകത്തിൽ തന്നെയുറപ്പി"ച്ചെന്നു
മലയാളച്ചുവയുള്ള മൊഴിയിൽ ചൊല്ലി.

അതു ശരിവെച്ചു പാറു കുഞ്ഞിക്കൈ നീട്ടി-
ത്തുറന്ന പൈപ്പുവെള്ളത്തിൽ മുഖം കഴുകി
എന്തു നല്ല മാമനെന്നു ചിരിച്ചു നിൽക്കേ,
കൂലി വാങ്ങി റ്റാ റ്റാ പറഞ്ഞയാൾ മടങ്ങി.

വർഷങ്ങൾക്കു ശേഷമിന്നും ചുമരടിയിൽ
നില്പുണ്ടാ വാഷ്ബേസിൻ,താണു കുനിഞ്ഞുതന്നെ
തുപ്പുന്നുണ്ടു കുട്ടികളു,മവർ വലുതായ്
പൊക്കം വെച്ചെന്നാലുമതു കാണുമ്പോഴെല്ലാം

എന്തു നല്ല ബാഷാമാമൻ, എവിടെയാവോ-
യെന്നയാൾ തൻ ചിരിക്കുന്ന മുഖം തെളിയും
കുട്ടികൾക്കു കുളിരുവാനിച്ചൂടത്തെങ്ങോ
പുത്തൻ പങ്ക കറക്കുന്ന തിരക്കിലാവാം

No comments:

Post a Comment