Saturday, May 2, 2020

കുഞ്ഞിയുടെ സ്വന്തം ആന - തമിഴ് ചെറുകഥ - ജയമോഹൻ (പരിഭാഷ)





ഞാൻ ചിരിച്ചുകൊണ്ടിരിക്കുന്നതു നോക്കി ശരൺ "അച്ഛനെന്താ ചിരിക്കുന്നേ?" എന്നു ചോദിച്ചു.

"ഇരി ടാ" ഞാൻ പറഞ്ഞു.വായിച്ചു കൊണ്ടിരുന്ന വരികൾ അറിയാതെ എൻ്റെ മുഖം വിടർത്തിയിരുന്നു.

"ന്താ ച്ചാ?"കുഞ്ഞി വന്ന് എൻ്റെ തുടയിൽ പിടിച്ചു.

"ഏയ്, ഇരീന്ന് പറഞ്ഞില്ലേ?"

"എന്താ അച്ഛാ, എന്താ ചിരിക്കിണേ?"ശരൺ ചോദിച്ചു.

"ചുമ്മാ ഇരിടാ.... ഒരഞ്ചു നിമിഷം"

"എന്താ അവിടെ?" ജാനകി ചോദിച്ചു.

"ഒരു കഥ. അതു വായിച്ച് അവസാനിപ്പിക്കാമെന്നു വെച്ചാ വന്നു തള്ളിക്കേറുകയായി.''

" അതെന്താന്ന് നിങ്ങൾക്കറിയില്ലേ? നിങ്ങടെ മുഖത്ത് ചിരി അവരെപ്പൊഴെങ്കിലും കണ്ടിട്ടുണ്ടോ? അതെങ്ങനെ, മുഖം തന്നെ കാണാറുണ്ടോ? രാവിലെ എണീറ്റു പോയാൽ പിന്നെ അവരൊറങ്ങിയാലാണു വരുന്നത്."

ഞാൻ അവളെ ശ്രദ്ധിക്കാതെ കഥ വായിച്ച് അതിനൊടുവിൽ സംഭവിച്ചതോർത്തു ചിരിച്ചു കൊണ്ട് മൊബൈൽ ഫോൺ എടുത്തു.
"എന്താ അച്ചാ" ശരണിൻ്റെ മുഖവും വിടർന്നിരുന്നു.

കുഞ്ഞി "ന്താ ച്ചാ? ന്താ ച്ചാ" എന്നു ചോദിച്ചു. "ന്താ ച്ചാ? അച്ചാ ന്താ?"

"നിനക്കു സ്വന്തമായി ഒന്നും ചോദിക്കാൻ അറിയില്ലേ? അവൻ എന്തെങ്കിലും ചോദിച്ചാൽ നീ രണ്ടു വട്ടം അതന്നെ ചോദിക്കുണു", ഞാൻ പറഞ്ഞു.

"രണ്ടു വട്ടം ചോയ്ക്കില...." ചൂണ്ടുവിരൽ കാട്ടി കുഞ്ഞി പറഞ്ഞു "മൂന്.,,, മൂനു വട്ടം"

ഞാൻ ഹെഡ് ഫോണും കണ്ണടയും കുഞ്ഞിയുടെ കൈ എത്താത്തിടത്തേക്കു വെച്ച ശേഷം അവളെ മടിയിലിരുത്തി ഉമ്മ വെച്ചു. അവൾ ആ കണ്ണടയും ഹെഡ്ഫോണും എങ്ങനെയെങ്കിലും എടുക്കാൻ കഴിയുമോ എന്ന് ഓട്ടക്കണ്ണിട്ട് ഒരു തവണ നോക്കി.

"എൻ്റെ കുഞ്ഞി ചെല്ലക്കുട്ടി സുന്ദരിയായി ഇരിക്കുകല്ലേ.അതാ ചിരിച്ചത്‌"

"കുഞ്ഞി ചുന്നരി" എന്നു പറഞ്ഞ് അവൾ മാറിൽ കൈവെച്ചു.ഇരു കവിളുകളിലും കൈ വെച്ച് തല ചെരിച്ച് " ഇത്രേം ചുന്നരി" എന്നു പറഞ്ഞു. അത് ഏതോ നടി എവിടെയോ കാണിച്ചത്.

" അച്ഛനെന്താ ആഫീസീ പോകാത്തേ" ശരൺ അന്വേഷിച്ചു.

" അച്ച ന്താ പോകാത്തേ?"ഒപ്പം കുഞ്ഞിയും. "അച്ച പോണില്ല"

" അച്ഛന് ആപ്പീസ് ഇല്ല" എന്നു ഞാൻ.

" എന്താന്നു ഞാമ്പറയാം, ഞാമ്പറയാം." എന്നു ശരൺ മുന്നോട്ടു തള്ളിക്കേറി വന്നു. "കൊറോണാ...... കൊറോണാന്ന് ഒരു കൃമി!"

"കിർമി! " കുഞ്ഞി , "കിർമീന്നു പഞ്ഞു" എന്ന് ശരണിനെ ചൂണ്ടിക്കാട്ടി.

"കൃമീന്നാ പുക മാതിരി ഇരിക്കും. കൈ വെച്ചാ ഒട്ടും.... പിന്നെ മൂക്കിലാവും....." എന്നു ശരൺ വിശദീകരിച്ചു. "അതു കൊണ്ട് മൂക്കിൽ കൈവയ്ക്കാൻ പാടില്ല. സോഷ്യലായി ഇരിക്കണം"

ഞാൻ സംസാരം മാറ്റാൻ ആഗ്രഹിച്ചു." അച്ഛനു ലീവാണ് കുഞ്ഞി. അതാണ് വീട്ടിലിരിക്കുന്നത് " എന്നു പറഞ്ഞു.

"കുഞ്ഞിക്കും ലീവ് "

"പോടി.... അച്ചാ, ഇവള്ക്ക് സ്കൂളേ ഇല്ല. എന്നിട്ട് ലീവിന് വിട്ടതാന്നു പറയിണു"

"വിട്ടതാ" കുഞ്ഞി ചുണ്ടു കോട്ടി.

"പോടി പോടി പോടി, നിനക്ക് ലീവില്ല. എൻ്റെ സ്കൂളിനാ ലീവ്"

"എൻ്റെ ഉക്കൂളും ലീവ്" എന്നു പറഞ്ഞപ്പോൾ കുഞ്ഞിയുടെ കണ്ണുകൾ നിറഞ്ഞു.'പോ' എന്നതുപോലെ തലയാട്ടി.

"പോടി, നിനക്ക് സ്കൂളു തന്നെയില്ല"

"ഉക്കൂള് ഇല്ലാന്നു പഞ്ഞു"  ശരണിനെ ചൂണ്ടിക്കാട്ടി കുഞ്ഞി കരയാൻ തുടങ്ങി.
ഞാൻ അവളെ വാരിയെടുത്തുയർത്തി കുലുക്കി ഉമ്മ വെച്ചു. "ആരു പറഞ്ഞു? അവൻ അറിയാതെ പറഞ്ഞതല്ലേ .... കുഞ്ഞിക്ക് സ്കൂൾ ഉണ്ടല്ലോ.എന്നാൽ എന്നും ലീവാണ്.... ശരിയാ..... കുഞ്ഞിക്കു ലീവ്! കുഞ്ഞിക്കു ലീവ്!"

"കുഞ്ഞിക്കു ലീവ്" എന്ന് അവൾ ചിരിച്ചു.

" അച്ചാ, അവൾക്ക് സ്കൂളേ ഇല്ലല്ലോ?"

ഞാൻ അവനെ നോക്കി കണ്ണടിച്ചു.അവനതു കണ്ട് രണ്ടു കണ്ണുകളും ചിമ്മി രഹസ്യമായി പുഞ്ചിരിച്ചു.

"ങ്.... ങാ..... ഇപ്പഴാ കണ്ണീപ്പെടുന്ന് രണ്ടു പിള്ളേരുണ്ടെന്ന് അല്ലേ. കൊഞ്ചിച്ചിരുന്നോ" എന്നു പറഞ്ഞു ജാനകി.

അച്ഛൻ തൻ്റെ മുറിയിൽ നിന്നു പുറത്തു വന്നു. "അതെന്തെടാ കഥ?... ചിരിച്ചോണ്ടിരുന്നല്ലോ?"

അമ്മ അച്ഛൻ്റെ പിന്നാലെ വന്ന് "അതെയതെ, അവൻ്റെ മുഖത്തു ചിരി കണ്ടിട്ട് കുറേ നാളായി." എന്നു പറഞ്ഞു. "തങ്കച്ചെപ്പുമാതിരിയൊരു പെണ്ണുണ്ട്.ഒരു ദിവസമൊരു അഞ്ചു നിമിഷമെങ്കിലും അവളെ കൊഞ്ചിക്കെടാന്നു പറഞ്ഞാൽ കേക്കൂല..."

" അവള് മിഴിച്ചിരിക്കുന്ന നേരത്ത് അവൻ വീട്ടിലുണ്ടെങ്കിലല്ലേ?"

"സമ്മതിച്ചു.ഇപ്പം ഞാനിവിടുണ്ടല്ലോ?"

"ആ കഥയെവിടെ?"

"അത് വാരികയിലല്ല. ഇൻ്റർനെറ്റിലാ"

"നിൻ്റെ ഓഫീസീന്ന് തന്നതാ?"

"ഓ.. തരുന്നു! ഞാൻ ചിരിച്ചെന്നറിഞ്ഞാ എൻ്റെ മേനേജർ പുതിയ രണ്ടു പണി കൂടി എൻ്റെ തലക്കു വെച്ചു തരും. ഇതു വേറെ ... ഇൻ്റർനെറ്റ് മേഗസീനിൽ വന്ന കഥ..."

"കമ്പ്യൂട്ടറില് വായിക്കാൻ നമ്മളെക്കൊണ്ടാവൂല"

"എന്തു കഥയാടാ?" എന്നു ചോദിച്ച് അമ്മ ചൂരൽ പീഠത്തിന്മേലിരുന്നു.അമ്മക്കെപ്പോഴും സന്ധിവേദന, എപ്പോഴും ചൂരൽ പീഠം തന്നെ.

"ഇത് എൻ്റെ ഫേവറേറ്റ് റൈറ്റർ എഴുതിയത്. അവരുടെ കുഞ്ഞുന്നാളിലെ ഓർമ്മ മാതിരി എഴുതിയിരിക്കുന്നു. ഒരു പാവം ആന കൊപ്പരക്ക് ആശപ്പെട്ട് ഒരു വീട്ടിനുള്ളിൽ കേറിയത്."

"അയ്യോ"

"കുഞ്ഞു വീട്. എന്നാൽ വളരെ പഴയത്.മരത്തിൽ സ്ട്രോങ്ങായി കെട്ടിയതാണ്.അതപ്പടി ജാമായി. നാടു മുഴുവൻ ചേർന്ന് അതിനെ പുറത്തെടുക്കാൻ ട്രൈ ചെയ്തു....എന്തെന്തെല്ലാമോ ആലോചനകൾ.... നാട്ടിലുള്ള അത്രയും മണ്ടന്മാരും ബുദ്ധിശാലികളും പുറത്തുവന്നു. നമ്മടെ റൈറ്റർ കുടയെടുക്കും പോലെ മടക്കിയങ്ങ് എടുക്കാമെന്നു പറഞ്ഞു"

"രസമായിട്ടുണ്ടല്ലോ " അച്ഛൻ പറഞ്ഞു. "ആന കേറിക്കുടുങ്ങീതാ?"

"പിന്നതിനെ എങ്ങനാ എടുത്തത്?" അമ്മ ചോദിച്ചു.

" അതാണ് കഥ...."

''എടീ, നീ ഫിൽട്ടർ എടുത്തോടീ..." ജാനകി വന്നു ചോദിച്ചു.
കുഞ്ഞി അനക്കമറ്റു നില്പായി. വായ മാത്രം തുറന്നിരുന്നു. കണ്ണുകൾ മിഴിച്ചു നോക്കി.

"പറയെടീ....എടുത്തോ ഇല്ലയോ?"

"അവളെന്തിന് ഫിൽട്ടറെടുക്കണം?" ഞാൻ ചോദിച്ചു.

" മിക്സി മൂടി എടുത്ത് എവിടെ കൊണ്ടുവെച്ചു അറിയുമോ? വാഷിങ് മെഷീൻ്റെ പിന്നിൽ... കാലത്ത് അരമണിക്കൂറ് ഭ്രാന്തെടുത്തു തെരഞ്ഞു.... പിന്നെ കിട്ടി... വീട്ടിനകത്ത് എലി മാതിരി ചുറ്റിക്കൊണ്ടിരിക്കണം. എന്തെങ്കിലുമൊക്കെ എടുത്തു എവിടെങ്കിലുമൊക്കെ കൊണ്ടുപോയി പതുക്കണം... പറെടീ....എവടെ വെച്ചു?"

"അങ്ങനെ ചോദിച്ചാലെങ്ങനാ? കുട്ടി പതറിപ്പോവൂല്ലേ?"

"ഉം പതറിണു...കല്ലു പോലെ നിൽപ്പാ.... ഇപ്പ ഞാൻ ഫിൽട്ടറിന് എവിടെപ്പോകും?"

"സാരിടെ തുമ്പു കൊണ്ട് അരിച്ചൂടെയോ?"

"ചുമ്മാ ഇരി, ചായയെടുത്ത് ഞാൻ സിങ്കിലൊഴിക്കും.ലീവാണെങ്കിലും അല്ലെങ്കിലും അടുക്കളയിൽ കിടന്നു ചാകുന്നതു ഞാൻ."

"ഇപ്പ നിനക്കെന്തു വേണം? ടീ ഫിൽട്ടറാ? ടേയ്, അത് തെരഞ്ഞ് എടുത്ത് കൊടെടാ.."

"ഇവള് തന്നെ. ഇതിലേ കറങ്ങിയിരുന്നു."
ശരൺ മൂക്കു ചുളിച്ചു ചുറ്റും നോക്കി.

"എന്താ ടീ ഫിൽറ്ററാണോ നീ മണം പിടിച്ചു നോക്കുന്നേ?" അച്ഛൻ ചോദിച്ചു.

അവൻ "ഇവൾ ഇവടെ വന്നിട്ടുണ്ട്..." എന്നും പറഞ്ഞ് വീട്ടിനുള്ളിലേക്കു പോയി. "ഇവടെ വന്നിട്ടുണ്ട്, ഇതാ ജട്ടി കിടക്കുന്നു..." അപ്പുറം ചെന്ന് "ഇവടെ വെള്ളം തട്ടികളഞ്ഞിട്ടുണ്ട്". "ഇവടെ ചായപ്പൊടി കിടക്കുന്നു" അവൻ അവിടെ നോക്കി." അമ്മാ, ഇതാ ഫിൽറ്റർ"

"കണ്ടില്ലേ, പാമ്പറിയും പാമ്പിൻ കാൽ"

"ഇതെല്ലാം അണലിപ്പാമ്പിൻ്റെ കുഞ്ഞുങ്ങൾ"

"എന്നെ എന്തേലും പറയുന്നെങ്കീ നേരിട്ടു പറയണം"

"ഏയ് നിന്നെക്കുറിച്ചല്ല. മണ്ണുളിപ്പാമ്പിൻ കുഞ്ഞ് ന്നാ ഞാൻ പറഞ്ഞത് "

" അപ്പൊ എന്നെയാണോ പറഞ്ഞേ" എന്നായി അച്ഛൻ.

" ഞാനാരേം പറഞ്ഞില്ല സാമീ"

അമ്മ "അഹ് അഹ്'' എന്നു ചിരിച്ചു.

"മുത്തശ്ശി കാറ്റു പോവുന്നു" എന്നു പറഞ്ഞു ശരൺ.

കുഞ്ഞിക്ക് അനക്കം വെച്ചു "നീ ചീത്ത''

" അതേടീ, നീ എടുത്തെടുത്ത് കൂട്ടി വെയ്ക്കുകയല്ലേ... ഒരു നല്ലവൾ"

" നിന്നോട് വഴക്ക് "

"വഴക്കാണേൽ പോ"ജാനകി പറഞ്ഞു.

"കുഞ്ഞി നാട്ട്ക്ക് പൂവും"

"പോടീ.... നാട്ടിലേക്കാ?അവിടെ ആരിരിക്കുന്നു നിനക്ക്? മുത്തശ്ശനും മുത്തശ്ശിയുമൊക്കെ ഇവിടെയല്ലേ ഉള്ളത്?"

"അവടെ ആനേണ്ട്.... വല്യ ആന..... അത് ഒര് വീട്ട്ല് കുടുങ്ങി കരയിണു"

"അയ്യോ, ഇവളതൊക്കെ കേട്ടിരിക്കിണു" അമ്മ പറഞ്ഞു.

" അവളുടെ കാതിൽ ഒരു വർത്തമാനവും കേറാതിരിക്കൂല. ഞാൻ രാഘവനോടു സംസാരിക്കുമ്പോൾ കേട്ടു നിൽക്കുന്നുണ്ടായിരുന്നു... പിന്നെ നോക്കുമ്പോഴുണ്ട് റീ ഇമ്പേഴ്സ്മെൻ്റ് സെറ്റിൽമെൻ്റ് എന്നെന്തെല്ലാമോ പറയിണു." അച്ഛൻ പറഞ്ഞു.

"സെട്ടിമെൻ" കുഞ്ഞി പിന്നെ അടുക്കളക്കടുത്തു പോയി ജാനകിയെ നോക്കി: "നീയാ സെട്ടിമെൻ"

"പോടി"

"നീയാ പോടി, വവ്വവ്വേ!"

"ഇവടെ നോക്ക്. ഒറ്റടി വെച്ചു തരും ഇവൾക്ക് .... ഞാനിരിക്കുന്ന ഇരിപ്പിൽ"

ഞാൻ "കുഞ്ഞി നമുക്കു നാടകം അഭിനയിക്കാം?" എന്നു ചോദിച്ചു.

"അഭിനയിക്കാം" ശരൺ ഓടി വന്നു."നാടകം അഭിനയിക്കാം! നാടകം അഭിനയിക്കാം!"

"കുഞ്ഞി നാടം അവനയം....നാടം അവനയം... പിന്ന നാടം തിന്നും"

" അയ്യേ ആർത്തിക്കാരി.... നാടകമെന്നാ തിന്നാനുള്ളതല്ല. ശരിക്കും നടക്കണ മാതിരി അഭിനയിക്കണം. കഥ ഞാൻ ഇപ്പ പറയാം. ഇതാ ഇതാണ് ചെറിയ വീട്"

"ഇത്രേള്ള വീട്, ദാ ഇത്രേം''

ചൂണ്ടുവിരൽ കാട്ടി കുഞ്ഞി അതിനെ വീണ്ടും ചെറുതാക്കി.

"അതിനകത്ത് ആനയെ കുടുക്കാം." ഞാൻ പറഞ്ഞു, "ഞാനാണ് ആന''

"ഓ കേ" ശരൺ തുള്ളിച്ചാടി.

"കുഞ്ഞി ആന! കുഞ്ഞി ആന!"

"ഇരിയെടീ.... കുഞ്ഞീ നീയാണ് ആനക്കാരൻ രാമൻ നായർ."

"മാമൻ നായി!"

"ശരി മാമൻ" ഞാൻ പറഞ്ഞു "അച്ഛാ, അച്ഛനാണ് കരടിനായർ.... അമ്മയാണ് ചന്തിരി."

"അമ്മയോ അമ്മയാരാ?" ശരൺ ചോദിച്ചു.

"എനിക്കിവിടെ പണിയുണ്ട്" ജാനകി പറഞ്ഞു.

" ഞാനാരാ? അച്ഛാ ഞാനാരാ?"

"നീയാണ് മന്ത്രവാദി മലയൻ."

"മന്ത്രവാദി മലയൻ" അവൻ സ്വപ്നത്തിലെന്നോണം പറഞ്ഞു.
"മാൻഡ്രേക്കു മാതിരിയാ?"

" ഛെ ഛെ, ഇത് ഗ്രാമത്തിലെ പൂജാരി പോലെ"

"മേക്കപ്പോ?"

"മേക്കപ്പ്? ശരി, അധികം വേണ്ട. ചുമ്മാ എന്തെങ്കിലും മതി."

"അച്ഛാ കുഞ്ഞി ഹേങ്ങറെടുക്കുന്നു"

"എന്തിനാടീ ഹേങ്ങറെടുക്കുന്നേ?"

"ആനക്കാരൻ! ആനക്കാരൻ ആനയെ അടിക്കിണം"

"അപ്പൊഴെക്കും പെണ്ണു കമ്പെടുത്തു.... വളർന്നാ പോലീസുകാരിയാവുമെന്നാ തോന്നുന്നേ" അമ്മ പറഞ്ഞു.

"ഏയ് താഴെയിട്....ഈ ആന നല്ല ആന.... അടിക്കാൻ പാടൂല." ഞാൻ പറഞ്ഞു. "നല്ല ആനയെ അടിച്ചാ അത് കരയൂലേ?"

"നല്ല ആന" കുഞ്ഞി പറഞ്ഞു. നല്ല ആനക്ക് ബിസ്ക്കറ്റു കൊടുക്കണം."

"അതെ, ബിസ്ക്കറ്റു കൊടുക്കണം."

"ശരി ഓരോരുത്തർക്കും എന്തു റോളാന്നു പറഞ്ഞു. ഇതാണ് കഥ"

കഥ പറഞ്ഞതും അച്ഛൻ ചിരിച്ചു: "നല്ല രസമായിട്ടുണ്ടെടാ"

" അതാണ് പറയാറ്, തോളിനു മേലേ തൊണ്ണൂറ്റൊമ്പത്, തൊടച്ചു നോക്കിയാൽ ശും....ന്നുമായും..... അതന്നെ. നമ്മള് സ്വാമിയെക്കൂടി ചെറിയ കുട്ടിയായി മാറ്റിയല്ലേ വെച്ചിരിക്കുന്നത്?"അമ്മ പറഞ്ഞു.
"ഗുരുവായൂരു പോയാ പിടിച്ചു മടിയിൽ കമിഴ്ത്തിക്കിടത്തി ചന്തിക്കൊരു തട്ടു തട്ടണംന്നു തോന്നാറില്ലേ?"

"ആ ഡയലോഗ് നന്നായിട്ടുണ്ട്.ഒരു ആനയെക്കൂടി മാനം മര്യാദക്കു ജീവിക്കാൻ വിടില്ലല്ലേടാ"

" അത് അച്ഛനുള്ള ഡയലോഗ് "

"നന്നായിണ്ട്'' അച്ഛൻ പറഞ്ഞു. " അന്നൊരിക്കേ അമ്പലത്തിൽ ആനയുടെ ദേഹത്ത് എന്തോ വിളംബരം എഴുതി വെച്ചിരുന്നു..... ബ്ലാക് ബോർഡുമാതിരി ഉണ്ടായിരുന്നു.... പാവം...."

ഞാൻ എഴുന്നേറ്റു ചെന്ന് ഒരു വിരിപ്പെടുത്തു തലക്കുമേലിട്ട് മുൻഭാഗം ചുരുട്ടി തുമ്പിക്കൈയാക്കി. അത് റിബണിട്ടുകെട്ടി.നാലു കാലിൽ തുമ്പിക്കൈ ആട്ടിക്കൊണ്ടു ഞാൻ വന്നു.പ്രീ എന്നു ചിന്നം വിളിച്ചു.

കുഞ്ഞി പേടിച്ചു മാറി. "ആന പോ! പോ!" എന്നു പറഞ്ഞു. ശരിക്കും പേടിച്ചിട്ടുണ്ടവൾ. "കുഞ്ഞി ഞാൻ ആനയല്ല, അച്ച, നോക്ക് അച്ചനാടീ" എന്നു ഞാൻ മുഖം തെളിച്ചു കാട്ടി.

" അച്ച " എന്നു കുഞ്ഞിച്ചുണ്ടുകൊണ്ട് അവൾ രഹസ്യമായി പറഞ്ഞു.

വീണ്ടും തലയെടുത്തു പിടിച്ച് ചിന്നം വിളി മുഴക്കി അവളെ മുട്ടാൻ ചെന്നു. അവൾ ഉറക്കെ അലറി ഓടി സോഫക്കുമേലേ കയറി.
ഞാൻ തിരിഞ്ഞ് കരടിനായരേയും ചന്തിരിയേയും മുട്ടി. അതിനകം കുഞ്ഞി ഇറങ്ങി "ആനേ, ഓടാനേ" എന്ന് എന്നെ ഓടിച്ചു. വീണ്ടും അവളെ ഞാനിടിച്ചു.അവൾ ചിരിച്ചുകൊണ്ടോടി മലർന്നു വീണ് കൂക്കി വിളിച്ച് ഉരുണ്ടു സോഫക്കടിയിൽ ചെന്നൊളിച്ചു.

ആന അവളെ പിടിക്കാൻ നോക്കുമ്പോൾ അവൾ "ആന പോ! ആന പോ!" എന്ന് ഒച്ചയിട്ടു.

ആന വീട്ടിനുള്ളിലേക്കു നൂണു കേറാൻ തുടങ്ങി. "കൊപ്പര കൊണ്ടാ! കൊപ്പര കൊണ്ടാ!"

"കൊപ്പരയും തരില്ല ഒന്നും തരില്ല! പോ" ചന്തിരി പറഞ്ഞു.

ആന അകത്തു കടക്കാൻ ശ്രമിച്ചു കുടുങ്ങിപ്പോയി. "അയ്യയ്യോ ആന കുടുങ്ങിപ്പോയേ..... വീട്ടില് ആനകുടുങ്ങിപ്പോയേ....." ചന്തിരി കൂവി വിളിച്ചു. "ആനക്കാരാ ആനക്കാരാ നിൻ്റെ ആനയെ കൂട്ടീട്ടു പോ"

ആനക്കാരൻ രാമൻ നായർ അന്തം വിട്ടു വായ പൊളിച്ചു നിന്നു.

"ആനക്കാരാ എന്താ ചെയ്യുന്നേ? ആനയെ വിളി.... വീട് ഇടിച്ചു വീഴ്ത്തുമത്"

കരടിനായർ വന്നു."എന്താ ഇവിടെ? പാതി ആനയേ ഉള്ളല്ലോ... ബാക്കിയെവിടെ?"

"ബാക്കി അകത്തുണ്ട്..... ആന കുടുങ്ങിയിരിക്കയാ.... "ചന്തിരി പറഞ്ഞു.

"ഏയ് ആനക്കാരാ, അവിടെ എന്താ ചെയ്യുന്ന്?.... ആനയെ പുറത്തെടുക്കെടാ...." കരടിനായർ വിളിച്ചു.

" ആന.....ആനക്കു ബിസ്ക്കറ്റ് വേണം തോന്നുണു" രാമൻ നായർ പറഞ്ഞു. കൈ വിടർത്തി  "നെറയെ ബിസ്ക്കറ്റ് "

"ആനക്കാണോ ആനക്കാരനാണോ വേണ്ടത്?"

"ആനക്കാരന്, ആനക്കാരന് ചോക്ലേറ്റ്."

"നന്നായി..... ആദ്യം ഇപ്പൊ ആനക്കാരനെയാ പുറത്തെടുക്കേണ്ടത്"

"ആന പാവം..... അതിന് വേദനിക്കും" രാമൻ നായർ പറഞ്ഞു.
"'ആന മെല്ലെ പുറത്തു വരും..... പുറത്തു വാ"

ആന പുറത്തു വരാൻ നോക്കി കഴിയാതെ മുരണ്ടു.

"ആന കരയിണു...... ആനക്ക് ചോക്ലേറ്റ് കൊടുക്കണം." രാമൻ നായർ പറഞ്ഞു.

"അയ്യയ്യോ എന്തെടാ ഇത്. ഒരാനയെ മാനം മര്യാദക്കു ജീവിക്കാൻ സമ്മതിക്കില്ല അല്ലേ?"

ചന്തിരി "ആന പേടിച്ചു വലിപ്പം വെച്ചു.അതാണ് പുറത്തു വരാൻ പറ്റാത്തത് " എന്നു പറഞ്ഞു.

"ആനക്കു നെറയെ ചോക്ലേറ്റ് കൊടുക്കണം."  രാമൻ നായർ തറപ്പിച്ചു പറഞ്ഞു. "അത് നല്ല പാവം കുട്ടി ആന!"

"ഇപ്പോ എന്തു ചെയ്യും? ആനയെ വലിച്ചു നോക്കാം."

കരടിനായർ ആനയുടെ പിൻഭാഗം പിടിച്ചു വലിച്ചു.

"അയ്യയ്യോ എൻ്റെ വീട് ഇടിയുന്നേ...... എൻ്റെ ചട്ടീം കലോമൊക്കെ ഒടയുന്നേ"

"ചുമ്മാ ഇരി.... എനിക്കൊരു മന്ത്രവാദിയെ അറിയാം. ഞാനവനെ കൂട്ടി വരാം.ഏയ്, മന്ത്രവാദി! മന്ത്രവാദി! ഓടി വാ!"

"മന്ത്രവാദിയൊക്കെ ചീത്തയാ, അയിയാമോ?" രാമൻ നായർ പറഞ്ഞു.

മന്ത്രവാദി ജാനകിയുടെ ചുവപ്പു കോട്ടൺ സാരി തലപ്പാവായി കെട്ടിയിരുന്നു.കൺമഷിയും കരിയും കൊണ്ട് വലിയ മീശ വരഞ്ഞ് മുഖത്തു ലിപ് ലിസ്റ്റിക് പൂശി ഭീകരമായി കാണപ്പെട്ടു. ആന പെട്ടെന്നു ചിരിച്ചപ്പോൾ മേശ കുലുങ്ങി.

കുഞ്ഞി അന്തം വിട്ടു നോക്കിക്കൊണ്ടിരുന്നു.മലയൻ മന്ത്രവാദി "ഹാ ഹാ ഹാ " എന്നലറിക്കൊണ്ട് കൈയിൽ ടോർച്ചു ചുഴറ്റി അടിക്കാനോങ്ങി ഓടി വന്നപ്പോൾ അവൾ പേടിച്ച് നിലവിളിച്ചു സോഫ മേൽ പാഞ്ഞു കയറി.
ജാനകി അടുക്കള വാതിലിൽ വന്നു നിന്ന് വായ് പൊത്തി ചിരിച്ചു.

"ഞാനാണു മലയൻ മന്ത്രവാദി! ഹാ ഹാ ഹാ ഹാ!" മലയൻ കുട്ടിക്കരണം മറിഞ്ഞു. "ഞാൻ എല്ലാത്തിനേയും ചെറിയതാക്കി മാറ്റും... ഇതാ ഈ കരടിനായരെ ചെറുതാക്കട്ടെ?"

"മന്ത്രവാദി എങ്ങനേലും ആനയെ പുറത്തെടുക്കൂ" കരടിനായർ അപേക്ഷിച്ചു.

" അത്, അത്, അതു ചീത്ത മന്ത്രവാദി'' രാമൻ നായർ പറഞ്ഞു.

" മന്ത്രവാദീ..... എൻ്റെ ചട്ടീം കലോമെല്ലാം ഉടഞ്ഞുപോയി"ചന്തിരി വിലപിച്ചു.

" ആനയെ ഞാൻ പുറത്തെടുത്തു തരാം.... എന്നാൽ നിങ്ങളെല്ലാരും എന്നെ കുമ്പിടണം"

"കുമ്പിടാം കുമ്പിടാം" കരടിനായർ പറഞ്ഞു.

" കാൽക്കൽ വീണു കുമ്പിടണം"

"കുമ്പിടാം.... കുമ്പിടാം"

കരടിനായരും ചന്തിരിയും മന്ത്രവാദിയെ കുമ്പിട്ടു.

"ഈ ആനപ്പാപ്പാൻ കുമ്പിടുന്നില്ല..... ഉം....മ് മ് മ് ആനപ്പാപ്പാ എന്നെ കുമ്പിടൂ"

"പോടാ"

"പോടാന്നു പറഞ്ഞാൽ ഈ മന്ത്രവടികൊണ്ട് നിന്നെ ഓന്താക്കി മാറ്റും."
മന്ത്രവാദി ഭീഷണിപ്പെടുത്തി."ഈ മന്ത്രവടിയുടെ ലൈറ്റ് തട്ടിയാ നീ ഓന്താകും"

"നീ ചീത്ത"

"ഞാനാണ് മേഡ് ഐ മൂഡി... ഹ ഹ ഹ ഹ!"

"പോടാ പോടാ പോടാ!"

"ഏയ്,കുമ്പിടുന്നോ അതോ ഓന്തായി മാറുന്നോ?"

"ആ ആ! പറഞ്ഞൂ ഞാൻ, ഓന്താക്കി മാറ്റും!"

" അവൻ വെറുതെ പറയണതാ, കുഞ്ഞീ" കരടിനായർ പറഞ്ഞു.

"വെറുതെ പറയണതല്ല, ശരിക്കും മാറ്റും ഞാൻ"

"കുഞ്ഞീ നീ ഇപ്പൊ കുഞ്ഞി അല്ല. വലിയ ആനപ്പാപ്പാൻ.... കുമ്പിടു"

"കുമ്പിടൂല"

"ശരി, മലയൻ പൂശാരീ.... ആ ആനപ്പാപ്പാൻ കുമ്പിടൂല്ല.പകരം ഞങ്ങളു രണ്ടു പേരും ഏത്തമിടാം"

"ശരി ശരി, ഏത്തമിടൂ! ഏത്തമിടൂ!"

രണ്ടു പേരും ഏത്തമിട്ടു.

" മന്ത്രവാദിയെ കുമ്പിട്ടാ അവൻ ഓന്താക്കി മാറ്റും" രാമൻ നായർ പറഞ്ഞു.

"എൻ്റെ കയ്യിൽ തന്നേണ്ട് മന്ത്രക്കോല്..... ഇതീന്നു വരണ ലൈറ്റ് വെച്ച് ഈ ആനയെ ആനക്കുട്ടിയാക്കി മാറ്റും ഞാൻ.വേണമെങ്കീ തീരെച്ചെറിയ കുട്ടിയാക്കി മാറ്റും ഞാൻ" മലയൻ പറഞ്ഞു. "ഒരു തവള മാതിരി ആക്കും... ഇപ്പപ്പറ ചെറിയ വണ്ടു പോലെ ആക്കാം. ഒരു ഡപ്പയിലിട്ടു തരാം"

"അയ്യോ വേണ്ട, പാവം ആന"

"ചെറിയ വണ്ടാക്കി ഡപ്പയിലടച്ചു തരട്ടെ? ഡപ്പയിൽ ഇട്ട് അടച്ചു തരട്ടെ?"

"വേണ്ട മന്ത്രവാദീ, അതു നായ കടിച്ചെടുത്തോണ്ടു പോയാൽ ആന കരയൂലേ? ചെറിയ കുട്ടിയെപ്പോലെ പുറത്തുകൊണ്ടു വന്നാൽ മതി" കരടിനായർ പറഞ്ഞു.

മന്ത്രവാദി ആനക്കുമേൽ മന്ത്രക്കോലു ചുഴറ്റി വെളിച്ചമടിച്ചു. "ഓം ക്രീം! ഓം ക്രീം! ആന കുട്ടിയായി മാറട്ടെ! കുട്ടിയായി മാറട്ടെ ആന! ഓം ക്രീം ഓം ക്രീം!"

ആന "രീ" എന്ന് ചീറി. "അയ്യോ ഞാൻ കുട്ടിയായി മാറിയേ കുട്ടിയായി മാറിയേ"

"ആനേനേയൊന്നും അങ്ങനെ ചെയ്യാമ്പാടൂല" എന്നു രാമൻ നായർ സങ്കടപ്പെട്ടു."അതു നല്ല പാവം ആന!"

ആന കുട്ടിയാനയായി മാറി ഉരുണ്ടു പുറത്തുവന്നു. ചന്തി ആട്ടിക്കൊണ്ടു ചുറ്റി വന്നു. "അയ്യോ ഞാങ്കുട്ടിയായേ.... ഗുവാ ഗുവാ ഗുവാ!" എന്നു പറഞ്ഞു മലർന്നു കിടന്നു കാലാട്ടി.

മലയൻ "ങ്ഹാ! ആനയെ കുട്ടിയാക്കി മാറ്റി! ഇനി ഞാൻ പോകുന്നു" എന്നു പറഞ്ഞുകൊണ്ട് അകത്തേക്കു പോയി.

"ആനക്കു ചോക്ലേറ്റ് കൊടുക്കണം.... അതു പാവം ആന" രാമൻനായർ സോഫമേൽ ഒതുങ്ങി നിന്നു.

ആന കുഞ്ഞിയെ മുട്ടാൻ ചെന്നപ്പോൾ അവൾ സോഫയിൽ തുള്ളിക്കുതിച്ചു കൂവിവിളിച്ചു.

ആന അരികേ ചെന്നപ്പോൾ കരടിനായർ അതിൻ്റെ മസ്തകത്തിൽ തടവിക്കൊടുത്തു.

ചുരുട്ടിയ ഹിന്ദുപ്പേപ്പർ കൊണ്ട് ചന്തിരി അതിൻ്റെ മണ്ടയിലടിച്ചു.

"അത്രേള്ളൂ, നാടകം കഴിഞ്ഞു" ആനത്തുമ്പിക്കൈയഴിച്ച് അപ്പുറമിട്ട് ഞാൻ കസേരയിലിരുന്നു.

ശരൺ മുഖത്തപ്പാടെ കരിയുമായെത്തി.

"അയ്യേ ചായം.... പോയി സോപ്പിട്ടു കഴുകു" അമ്മ പറഞ്ഞു.

"ഇരിക്കട്ടെന്നേ, ഇതു നല്ല ചേല്ണ്ട്" അച്ഛൻ ചിരിച്ചു.

"ആനയെ അങ്ങനെത്തന്നെ വിടണം.കുടുങ്ങി കുറച്ചുനാൾ നിൽക്കട്ടെ" - ജാനകി.

" എല്ലാ ആനകളും കുടുങ്ങിപ്പെട്ടു നിൽക്കുന്ന ഒരു വീടുണ്ട്" ഞാൻ പറഞ്ഞു
"ഫിലോസഫി"

" അതെതെ, ഫിലോസഫി, ഫൂ!" ജാനകി പറഞ്ഞു.

"ഇവളിതെന്താ ചെയ്യുന്നേ?" അച്ഛൻ ചോദിച്ചു.

കുഞ്ഞി ആ പെൻടോർച്ച് എടുത്തു കൊണ്ടുവന്ന് എൻ്റെ മേൽ വെളിച്ചമടിച്ചു.

"എന്താടീ ചെയ്യുന്ന്?" അമ്മ ചോദിച്ചു.

"എന്താ കുഞ്ഞീ" എന്നു ഞാൻ.

" എന്തോ മൊണമൊണാന്നു പറയുന്നുണ്ട്." അച്ഛൻ പറഞ്ഞു.

"അച്ഛാ അവൾ മന്ത്രം ചൊല്ലുവാ" മുഖം കഴുകി വന്ന ശരൺ." അച്ഛാ അച്ഛൻ്റെമേൽ അവൾ മന്ത്രം ചൊല്ലുവാ"

"അയ്യോ എൻ്റെ ചെല്ലക്കുട്ടി ഇപ്പൊ മലയൻ മന്ത്രവാദിയായി മാറിയോ?"

"ചായ വേണോ" ജാനകി അന്വേഷിച്ചു.

"കുറച്ചു താ" ഞാൻ പറഞ്ഞു. "അച്ഛനു വേണെങ്കിൽ..."

"എനിക്കു കൊറച്ച്, അര ഗ്ലാസ്"

"രാവിലെത്തൊട്ട് ഇതു മൂന്നാമത്തെ ചായയാ.... രാത്രി ഉറക്കം വരൂല്ല." അമ്മ പറഞ്ഞു.

"രാത്രിയല്ലേ" എന്ന് അച്ഛൻ.

ശരൺ "അച്ഛാ, അച്ഛനെ ഇവൾ ദാ ഇത്രേം ചെറുതാക്ക്യതാ. ഇതാ ഈ ഡപ്പിയിൽ ഇട്ടിരിക്കയാ"

ഞാൻ തിരിഞ്ഞു കുഞ്ഞിയെ നോക്കി."എന്തിനാ കുഞ്ഞി അച്ഛനെ ഇത്രേം ചെറുതാക്കിയേ? "

"ആനെ ആനെ ആനെ" എന്നു പറഞ്ഞു കുഞ്ഞി.''ആനെ ചെറ്യതാക്കി...."

ചൂണ്ടുവിരൽ അകലേക്കു നീട്ടി നിന്നു. "അത് നല്ല ആന"

"അമ്പടാ, എന്താ ഭാവം കണ്ടില്ലേ? ഇത്തറേ ഉള്ളൂ. ആനയെ വണ്ടുപോലാക്കി ഡപ്പിയിലടച്ചു കൈയ്യിൽ വെച്ചിരിപ്പാ" അമ്മ പറഞ്ഞു.

കുഞ്ഞി സ്നേഹത്തോടെ തലയാട്ടി : "പാവം ആന...അതിനു ചോക്ലേറ്റ് കൊടുക്കണം"

ജാനകി ചായകൊണ്ടുവന്നു തന്നു."എനിക്കും ഒരു ഇറക്കു കൊടെടീ" എന്ന് അമ്മ."ഒരിറക്കു മതി"

"ഇതീന്നെടുത്തോ" അച്ഛൻ ഗ്ലാസു നീട്ടി.

"അമ്മയ്ക്കു മധുരം പറ്റൂല്ല." ജാനകി പറഞ്ഞു.

"ശരി, ഒരിറക്കല്ലേ. നാടകമൊക്കെ അഭിനയിച്ചതല്ലേ" അച്ഛൻ പറഞ്ഞു.

"വേണം ന്നു തോന്നുന്നില്ല. എന്നാ ആ മണം കുടിക്കൂന്നു പറയിണു"

"നീയാദ്യം വായടയ്ക്ക്"

"അതെയതെ, ഞാൻ ഒരു വാക്കെങ്കിലും വേണ്ടാന്നു പറയിണു, നിങ്ങളോ?"

ശരൺ "അച്ഛാ, കുഞ്ഞി ആ ഡപ്പി കൊണ്ടുപോയി എവിടെയോ ഒളിച്ചു വെച്ചിട്ട്ണ്ട്" എന്നു പറഞ്ഞു.

ഞാൻ ശ്രദ്ധിച്ചു നോക്കി.കുഞ്ഞി ഒരു ഭാഗത്തേക്കു ഞെളിഞ്ഞ് ചുമരരുകിൽ നിൽപ്പാണ്. പാവാടത്തുമ്പുയർത്തി വായിൽ വെച്ചു കടിച്ചു കൊണ്ടിരുന്നു."വാടീ ഇവടെ" ഞാൻ വിളിച്ചു.

അവൾ പോ എന്നു തലയാട്ടി.

"എൻ്റെ ചെല്ലക്കുട്ടിയല്ലേ? ഇവടെ വാ.... അച്ഛൻ ഉമ്മ തരട്ടെ"

അവൾ ഞെളിഞ്ഞു കൊണ്ട് അരികെ വന്നു.

ഞാൻ അവളെ വാരിയെടുത്തുയർത്തി മടിയിൽ വെച്ചു. "മോളെവിടെയാ വെച്ചിരിക്കുന്നേ?"

"പറയൂല"

"അച്ചയോടു മാത്രം പറ മോളേ"

"ഇല്ല"

"ശരി, അച്ചേടെ ചെവിയില് പറയൂ.... പതുക്കെ ചെവിയില് പറയൂ..... ആനയെ എവടെയാ വെച്ചേ?"

അവൾ എൻ്റെ തല അണച്ചുപിടിച്ച് ചെവിയിൽ ചുണ്ടുകളുടെ നനവു പറ്റുമാറ് അടുപ്പിച്ചു. ''പറയൂല"

"അച്ഛാ ഇപ്പൊ, അഞ്ചു നിമിഷം, ഞാൻ കണ്ടു പിടിച്ചു തരാം" ശരൺ പറഞ്ഞു.

"വേണ്ട, അതവിടെത്തന്നെ ഇരുന്നോട്ടെ" ഞാൻ പറഞ്ഞു. "ഭദ്രമായി അവിടെത്തന്നെ വെച്ചോളൂ കുഞ്ഞീ. പുറത്തേക്കേ വിടരുത്, കേട്ടോ"

കുഞ്ഞി "അതു പാവം ആന" എന്നു പറഞ്ഞു.















No comments:

Post a Comment