മുത്തശ്ശിമാർ
പി.രാമൻ
1.നാരായണ!
മൂക്കീരു ചീറ്റി
ചുമരിന്മേൽ തേയ്ക്കുന്ന -
തെന്താണു തള്ളേ
കിണറിന്റെയാൾമറയിൽ
കാൽവെച്ചു കഴുകുന്ന -
തെന്താണു തള്ളേ
നാമം ജപിക്കു -
ന്നതിന്നിടക്കെന്തിനീ
കൊസ്രാക്കൊള്ളിത്തരം
കുട്ടികളോടു പറഞ്ഞു കൊടുക്കുന്നു
തള്ളേ
എന്തൊക്കെക്കേട്ടാലും
മുത്ത്യേമ്മ, തൻ മുഖ-
മിറുക്കിപ്പിടിച്ചു കൊ-
ണ്ടെവിടെയും നോക്കാതെ
ഇരുളീറനായിക്കിടക്കുന്ന മുറിയിലേ -
ക്കടിവെച്ചടിവെച്ചു നീങ്ങും.
വാതിലടക്കാനും നിൽക്കാതെ കട്ടിലിൽ
പായ വിരിച്ചു കിടന്ന ശേഷം
ഒരു നാരായണ നാമമുറക്കനെ
ഞങ്ങൾക്കുനേരെ വലിച്ചടയ്ക്കും.
2.തീയും പഴവും
മുഖത്തു തീ തുപ്പും പോലെ
വാതിൽ വലിച്ചടച്ച്
മുറിയിൽ കിടക്കുന്ന
പതിനെട്ടുകാരൻ ചെക്കനെ
സമാധാനിപ്പിക്കാൻ
തൊലി ചുളിഞ്ഞു
വിറക്കുന്ന കയ്യിലെ പിഞ്ഞാണത്തിൽ
ചെത്തിപ്പൂണ്ട
തുടുത്ത മാമ്പഴവുമായി
അരനൂറ്റാണ്ടു കാലമായ്
കോണി കേറിക്കൊണ്ടിരിക്കുന്നു,
അതിൻ മിനുസപ്പടിയിൽ നിന്നു
വഴുതി-
യുരുണ്ടു
വീണു
കിടന്നു
മരിക്കാനായ്
മാത്രം,
കടപടാ പിടയ്ക്കുന്ന
മരക്കോണി
കേറിക്കൊണ്ടിരിക്കുന്നു
നടുവളഞ്ഞ
ഈ
മുതുക്കി
മുത്തശ്ശി
3.ചെവി കേൾക്കാത്ത മുത്തശ്ശി
മുത്തശ്ശി പാവമായിരുന്നു.
എന്തു വികൃതി കാണിച്ചാലും
ഞങ്ങളോടു ശുണ്ഠിയെടുക്കുമായിരുന്നില്ല.
എന്നാൽ മുത്തശ്ശി
വാതിലുകൾ വലിയ ഒച്ചയിൽ
കൊട്ടിയടക്കുമായിരുന്നു.
വിചാരിക്കാത്ത നേരത്ത്
അതു കേട്ടു ഞങ്ങൾ ഞെട്ടിയിരുന്നു.
അതിന്റെ വിറ
മുറ്റത്തും തൊടിയിലും പടർന്നിരുന്നു.
താൻ കൊട്ടിയടക്കുന്ന വാതിലിന്റെ ഒച്ച
മുത്തശ്ശിയൊരിക്കലും കേട്ടിരുന്നില്ല.
എന്നിട്ടു തിരിഞ്ഞു നോക്കി
സൗമ്യമായി എന്നെ വിളിക്കുമായിരുന്നു.
കുട്ടാ.
No comments:
Post a Comment