Sunday, May 31, 2020

നിറപൊലി - ജയമോഹൻ (പരിഭാഷ, തമിഴ് ചെറുകഥ)




Banana leaf - Wikipedia





ചെറിയ കുത്തുപ്പോണിച്ചെരുവം എന്നു തോന്നുന്ന പിത്തള മൊന്തയിലാണ് അച്ഛൻ ചായ കുടിക്കാറ്. അത് ബംഗാളി എന്ന് ആരോ പറഞ്ഞു. വംഗം എന്നു പറയണമെന്ന് വീട്ടിൽ വന്ന വലിയച്ഛൻ ഒരിക്കൽ പറഞ്ഞു. ചായ ഏറ്റവും രുചിയോടെ ഇരിക്കുക അതിലാണ് എന്ന് അനന്തൻ വിചാരിച്ചു.

അച്ഛൻ പുതിയ പാലുരുകി മണം വരുന്ന ചായ പല തവണ മൂക്കിനടുത്തു കൊണ്ടുവന്ന്, അങ്ങനെ നിറുത്തി,ഒടുവിൽ തീർത്തും സ്വാഭാവികമായി ഒരു നിമിഷം കൊണ്ട് മൊന്തയുടെ അരിക് വായിൽ വെച്ച് ഒരിറക്ക് വലിച്ച് നാവിൽ അതു നിറുത്തിക്കൊണ്ട് കണ്ണുകൾ അനക്കാതെ ഒരു നിമിഷം ശാന്തമായി ഇരുന്ന ശേഷം അടുത്ത വായ് വലിച്ചു കുടിക്കും. "അമ്മയുടെ മുല വലിച്ചു കുടിക്കുന്ന കൊച്ചു കുഞ്ഞിനെപ്പോലെ" എന്ന് അമ്മ മുണുമുണുക്കുന്നത് അനന്തൻ കേട്ടിട്ടുണ്ട്.

അച്ഛൻ്റെ പിന്നിൽ വന്നു നിന്ന് അമ്മ മെല്ലെ "ചായ എടുക്കട്ടാ?" എന്നു ചോദിച്ചു.

"വേണ്ട"

അമ്മ അനന്തനെ അത്ഭുതത്തോടെ ഒരു നിമിഷം നോക്കിയിട്ട് അകത്തേക്കു ചെന്നു. അനന്തൻ അച്ഛൻ തന്നെ നോക്കാത്ത, എന്നാൽ താൻ നിൽക്കുന്നതറിയുന്ന അകലം പാലിച്ചു നിന്നു.
അവൻ്റെ കൂടെ പഠിക്കുന്ന സരോജിനി, സാവിത്രി എന്നീ ഇരട്ടകളുടെ ചേച്ചിയുടെ കല്യാണം. രണ്ടു പേരും അവനെ വെവ്വേറെ വിളിച്ചിട്ടുണ്ട്. കല്യാണം ദൂരെ മഞ്ചാലുമ്മൂട്ടിൽ. പള്ളിക്കൂടത്തിലേക്കു തന്നെ എട്ടു കിലോമീറ്ററുണ്ട്. അവിടന്നു പിന്നെയും എട്ടു കിലോമീറ്റർ പോകണം. വീട്ടിലറിയാതെ പോവുകയൊക്കെ ചെയ്യാം.പക്ഷേ കല്യാണത്തിനിടാൻ വെച്ച നല്ല ട്രൗസറും ഷർട്ടുമിട്ട് അങ്ങനെയങ്ങൊരുങ്ങിപ്പോകാൻ കഴിയില്ല.

സരോജിനി, സാവിത്രിമാരുടെ അച്ഛൻ ചിന്നയ്യൻ പെരുവട്ടർ സ്വന്തമായി കാറുള്ള ആൾ. വെള്ള ടർക്കി ടവ്വൽ വിരിച്ച സീറ്റുകളുള്ള ആ കറുപ്പ് അമ്പാസിഡർ കരിമണി പോലെ പളപളാ മിന്നും. കറുത്ത പെരുമ്പയർ മണി പോലെ. അനന്തൻ അതു നോക്കി നിന്ന് മുടി ചീകിയിട്ടുണ്ട്. അത് എവിടെ നിൽക്കുമ്പോഴും അതിൽ നോക്കി മുടി ചീകുന്നത് ചെറുക്കന്മാർക്കൊരു കളിയാണ്.'പോവിനെടേ' എന്നു അവരെ തുരത്തി വിട്ട് വലിയവരും മുഖം നോക്കി മീശ പിരിക്കും.

അനന്തൻ സരോജിനിയോടും സാവിത്രിയോടും കല്യാണത്തിന് ഉറപ്പായും വരാം എന്നു വാക്കു കൊടുത്തിട്ടുണ്ട്. അതോ ഒരാളോടു തന്നെ രണ്ടു തവണ  വാക്കു കൊടുത്തോ? അവരിരുവരിൽ ആരു സാവിത്രി, ആരു സരോജിനി എന്ന് കണ്ടു പിടിക്കാൻ അവനെക്കൊണ്ടു കഴിഞ്ഞിട്ടില്ല.അവർക്കുമതെ, ഒരാൾ മറ്റൊരാളായി മാറിക്കളിക്കുന്നതിൽ വാട്ടമൊന്നുമില്ല. ശരിക്കും അവർ ഇങ്ങനെ ഒരാൾ മറ്റൊരാളായി മാറിപ്പോകുന്നുണ്ട്.

അനന്തൻ നാലു ദിവസമായി ആകാംക്ഷപ്പെട്ടതു പോലെത്തന്നെ അച്ഛൻ്റെ മേശമേൽ ആ കല്യാണക്കത്തു കണ്ടു. പതിവു മട്ടിൽ മഞ്ഞനിറമുള്ള ചട്ടയിൽ അച്ചടിച്ച കത്തല്ല അത്.ചട്ടമേൽ റോസാപ്പൂച്ചിത്രം ഉണ്ടായിരുന്നു. താല്പര്യത്തോടെ അവനതെടുത്തു മറിച്ചു നോക്കി."മഞ്ചാലുമൂടു മേക്കര വീട്ടിൽ ചിന്നയ്യൻനാടാർ (മേക്കര പെരുവട്ടർ) മകൾ സരസ്വതി എന്ന ചിന്നക്കുട്ടിയും.... "

അവൻ വെപ്രാളത്തോടെ വീണ്ടും നോക്കി. ശരിയാണ്. അവന് കല്യാണക്കത്ത് കൊടുത്തിട്ടില്ല. വലിയവർക്കു മാത്രമേ കത്തുള്ളൂ. അച്ഛൻ പോകുമോ എന്തോ? അച്ഛനും മേക്കര പെരുവട്ടാർക്കും തമ്മിൽ അടുപ്പമുണ്ടാവാൻ ഒരു സാധ്യതയുമില്ല.എന്നാൽ മേക്കര പെരുവട്ടർ കൂടെക്കൂടെ രജിസ്ട്രാഫീസിൽ വരുന്നയാൾ. അദ്ദേഹത്തിന് ഒട്ടു വളരെ ഭൂമി സ്വന്തമായുണ്ട്. അവരുടെ കുടുംബം മാർത്താണ്ഡവർമ്മയുടെ കാലം തൊട്ടേ പുകഴ്പെറ്റത്. എട്ടുവീട്ടിൽപ്പിള്ളമാരെ ഒടുക്കുന്നതിൽ അരചനു തുണനിന്നത് മേക്കര ആശാൻ്റെ വംശം.

അച്ഛനില്ലാത്ത നേരത്ത് അവൻ ആ കല്യാണക്കത്തെടുത്ത് അച്ഛൻ്റെ കയ്യോ കണ്ണോ തട്ടുന്നിടത്തേക്കു വെച്ചു കൊണ്ടിരുന്നു. അച്ഛനതു നാലഞ്ചു തവണ എടുത്തു നോക്കുന്നതും ശ്രദ്ധിച്ചു. പക്ഷേ താല്പര്യമൊന്നും കാട്ടുന്നില്ല എന്നാൽ അതെടുത്തെറിഞ്ഞു കളയുന്നുമില്ല. അതിന്മേലുള്ള ചന്തമേറിയ റോസാപ്പൂ ചിത്രം അച്ഛനെ ആകർഷിച്ചിരിക്കാം.

ഇന്നലെ സന്ധ്യക്ക് പൂമുഖത്തിണ്ണയിലിരുന്നു മുറുക്കി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ യാദൃച്ഛികമായി കത്തു കയ്യിലെടുത്ത ടീക്കനാർ ''ആരാ ആള്?" എന്നു ചോദിച്ചു.

"മേക്കര പെരുവട്ടർ... വല്യ പുളളിയാ... മാസത്തിലൊരു ഒറ്റിയോ പാട്ടമോ ഒഴിപ്പിക്കലോ കാണും... വരാറുണ്ട്." അച്ഛൻ പറഞ്ഞു.

" ഒരു കത്തിന് ഒരു രൂപ വെലയുണ്ടാവും" അതു വാങ്ങി നോക്കിക്കൊണ്ടു ടീക്കനാർ പറഞ്ഞു.

അനന്തൻ ഇടക്കു കേറി "എൻ്റെ ക്ലാസിലാ അവരുടെ മക്കൾ പഠിക്കുന്ന് .... എരട്ടപ്പെങ്കുട്ടികളാ....." എന്നു പറഞ്ഞു.

അച്ഛൻ  തിരിഞ്ഞ് "അകത്തു പോയ് പഠിക്ക്" എന്നു ചീറി.

പെരുവട്ടർ ചിരിച്ചു. ''മക്കാ,അവളുമാരടെ പേരെന്ത്?"

അവൻ ശബ്ദം താഴ്ത്തി.''സരോജിനി, സാവിത്രി ''

''നല്ല കുട്ടികളാ?"

"നന്നായി പഠിക്കും''

''പഠിപ്പാർക്കു വേണം? കാണാൻ എങ്ങനെ?"

അനന്തനു ശ്വാസം തിക്കു മുട്ടി.

"പോടാ" അച്ഛൻ പറഞ്ഞു.

അവൻ ചുവരിനു പിന്നിൽ മറഞ്ഞു നിന്നു. "കല്യാണത്തിനു പോകണമല്യോ?"ടീക്കനാർ ചോദിച്ചു.

" ഛെ ഛെ, അത്രക്കും അടുപ്പമില്ല.അതിനായി അത്ര ദൂരം പോവുകാന്നു വെച്ചാ...."

"ഓരോ ക്ഷണക്കത്തും കുറഞ്ഞത് ഒരു രൂപാ ചെലവിൽ അടിച്ചതാണ് ..... പത്തു രൂപായെങ്കിലും അവിടെ സംഭാവന വയ്ക്കണ്ടേ?'' പെരുവട്ടർ പറഞ്ഞു.

"പൈസ വേണ്ട..... സംഭാവന കൊടുക്കേണ്ടാന്നു കീഴേ എഴുതീട്ടുണ്ട്" ടീക്കനാർ പറഞ്ഞു.

പെരുവട്ടർ അതു വായിച്ചു. "അതെയോ? അങ്ങനെ അടിച്ചിട്ടുണ്ടോ?"

അച്ഛൻ  ''അത്രേം സൊത്തുണ്ട് അവർക്ക് " എന്നു പറഞ്ഞു.

"എന്നാലും മഹാലക്ഷ്മിയെ വേണ്ടാന്നു വെയ്ക്കുമോ" ടീക്കനാർ പറഞ്ഞു.

"വരുന്നോരിൽ എവൻ പൈസാ കൊടുക്കുന്നോൻ എവൻ കൊടുക്കാത്തോൻ എന്ന് കണക്കു നോക്കാതെ ഇരിക്കുന്നതു തന്നെ നല്ലത്'' അച്ഛൻ പറഞ്ഞു.

രാവിലെ അച്ഛൻ പതിവിലും നേരത്തേ എണീറ്റ് "എടീ ചുടുവെള്ളം എടുക്ക് " എന്നു പറഞ്ഞപ്പോൾ അവന് പെടപെടപ്പുണ്ടായി. ഒരു വേള കല്യാണത്തിന് പോകുമായിരിക്കുമോ? കണ്ണിൽ പെടും വിധം തങ്ങിത്തങ്ങി നടന്നാൽ ചിലപ്പോൾ കൂട്ടികൊണ്ടുപോയേക്കും. അവൻ പൂമുഖത്തു നിന്നു മാറിയതേയില്ല.

അച്ഛൻ കുളി കഴിഞ്ഞ് ഇരുന്നപ്പോഴേക്കും പെരുവട്ടർ വന്നു. അവർ വെള്ളമുണ്ടും വെള്ള ഷർട്ടും അണിഞ്ഞിരുന്നു. തോളിൽ വെള്ള ടർക്കി ടവൽ. വന്നിരുന്നതും അച്ഛൻ വന്നു നോക്കി "ചായ എടുക്കട്ടോ?" എന്നു ചോദിച്ചു.

"ടീക്കനാരു വരട്ടെ"

കരപ്പൻ "വൗ" എന്നു കുരച്ചു.

"ടീക്കനാരോ?" അച്ഛൻ ചോദിച്ചു.

വന്നത് കരിങ്കുരങ്ങ്. അത് മേൽക്കൂരയിൽ നിന്ന് ആടിത്തൂങ്ങി മുറ്റത്തിറങ്ങി തിണ്ണയിലേറി തൂണിൽ ചാഞ്ഞിരുന്ന് ക്ഷീണത്തോടെ കോട്ടുവാ വിട്ടു.

"ചുക്കിരി ഷീണിച്ചു പോയി" പെരുവട്ടർ പറഞ്ഞു.

"അവനിവിടെ ജോഡി ഇല്ലല്ലോ?" അച്ഛൻ പറഞ്ഞു.

"അപ്പം കാട്ടിലേക്കു പോയാലെന്താ?" 
പെരുവട്ടർ ചോദിച്ചു.

"കാട്ടിലതിന് കൂട്ടുകാരന്മാരായ് ആരിരിക്കിണു? ഇവടെ നമ്മളുണ്ട്".

"നമുക്ക് ഇവനൊരു പെണ്ണു നോക്കി കെട്ടിക്കാൻ പറ്റുമോ?"

ചുക്കിരി എന്ന് അതിനു പേരിട്ടത് ടീക്കനാരാണ്. അമ്മ അതിനെ സുഗ്രീവൻ എന്നു വിളിച്ചതിൻ്റെ ചുരുക്കം. അമ്മ അച്ഛനെ ബാലി എന്നും അതിനെ സുഗ്രീവൻ എന്നും വിളിച്ചു.രാവിലെ അച്ഛനെണീറ്റു കുളിക്കാൻ പോകുമ്പോൾ മരത്തിൽ നിന്നിറങ്ങി കൂടെ പോകും. അച്ഛൻ ചുടുവെള്ളമൊഴിച്ചു കുളിക്കുന്നത് അപ്പുറമിരുന്ന് നോക്കിക്കൊണ്ടിരിക്കും. അച്ഛനോടൊപ്പം മാടിൻ്റെ ചെള്ളു പറിച്ചുകളയും. കരുപ്പനും ഇടയ്ക്ക് ചെള്ളു പറിച്ചു കൊടുക്കാറുണ്ട്.

ടീക്കനാർ തിടുക്കപ്പെട്ടു വന്നു. അവരും വെള്ളമുണ്ടും വെള്ള ഷർട്ടും അണിഞ്ഞു തോളിൽ വെളുത്ത ടർക്കി ടവൽ ഇട്ടിരുന്നു.

ചുക്കിരി  "ഇർർർ" എന്നു ശബ്ദമുണ്ടാക്കി.

"ഉറക്കം ശരിയായില്ല കേട്ടോ. ഇന്നലെ എരുമക്ക് എന്തോ മനസ്സു ശരിയില്ല..... വിളിച്ചോണ്ടേ ഇരുന്നു. എന്താന്നു കേട്ടു മനസ്സിലാക്കി അതിനെ സമാധാനപ്പെടുത്തിയപ്പൊളേക്കും പള്ളിയില് മണിയടിച്ചു" ടീക്കനാർ വിശദീകരിച്ചു.

അമ്മ വന്നു "ചായ എടുക്കട്ടേ?" എന്നു ചോദിച്ചു.

"എടുപിള്ളേ" എന്ന മട്ടിൽ ടീക്കനാർ ഇരുന്നു.

"എരുമയ്ക്ക് എന്തു മനസ്സങ്കടം?" പെരുവട്ടർ ചോദിച്ചു.

"എന്തോ.... അതിൻ്റെ മനസ്സ് നാമെന്തു കണ്ടു?"

"മഴ കാത്തുകാത്ത് മനസ്സു നൊന്തിരിക്കും... നല്ല എരിവെയിലു കാലമല്ലേ?" അച്ഛൻ പറഞ്ഞു.

"പുല്ലു കടിക്കുന്നില്ലേ?" പെരുവട്ടർ ചോദിച്ചു.

"ഇപ്പം നന്നായി വൈക്കോലു തിന്നുന്നുണ്ട്''

അമ്മ മൂന്നു കപ്പുകളിൽ ചായ കൊണ്ടുവന്നു വെച്ചു.ടീക്കനാർ ആ ക്ഷണക്കത്തെടുത്തു നോക്കി "ഇന്നല്ലിയോ ഈ കല്യാണം?" എന്നു ചോദിച്ചു.പിൻപുറം നോക്കി "എട്ടുമംഗലം നാരായണൻ നായര് അരിവെയ്പ്പ്....അതും എഴുതീട്ടുണ്ടല്ലേ? പന്തലുകാരൻ്റെ പേരും ചേർക്കേണ്ടതല്ലേ?"

"ആര്?" അച്ഛൻ ചോദിച്ചു. "നോക്കട്ടെ'' അതു പിടിച്ചു വാങ്ങിച്ച്  "തന്നെ, എട്ടു മംഗലം.... ഏയ്, എട്ടു മംഗലം നാണുക്കുട്ടനെ അറിയൂലേ?"

"അരിവെയ്പ്പുകാരനാണോ?" ടീക്കനാർ ചോദിച്ചു.

"സാധാരണ അരിവെപ്പുകാരനല്ല. മഹാരാജാവിൻ്റെ കൈ കൊണ്ട് പട്ടും വളയും വാങ്ങിച്ചയാള്...... അഭിനവ നളൻ എന്നു പേരെടുത്ത ആള്"

"ഇതുപോലെ മറ്റൊരാളും കൂടി ഉണ്ടല്ലോ, അല്ലേ?"

"അദ്ദേഹം ചമ്പക്കുന്നു കരുണാകരൻ. അഭിനവ ഭീമൻ. ഹേയ്, പാചകത്തിൽ ഭീമപാകം നള പാകംന്നു രണ്ടു തരമുണ്ട്... കൊറച്ചു കൊറച്ചായി വെയ്ക്കുന്നതു നളപാകം. അതായതു പൂവു കൊണ്ടു മാലകെട്ടും പോലെ. വലുതായിട്ടു വെയ്ക്കുന്നതു ഭീമപാകം. അതായതു പാറ കൊണ്ടുവന്നു കോവിൽ കെട്ടും പോലെ."

"ഇവര് കല്യാണത്തിനു വെയ്ക്കുന്ന ആളല്ലേ?"

"മല മലയായി പൂവു കെട്ടി അങ്ങനെ മാലയാക്കാല്ലോ."

ടീക്കനാർ ചായക്കപ്പ് എടുക്കേ അച്ഛൻ പറഞ്ഞു "ചായ കുടിക്കാൻ വരട്ടെ... നമുക്ക് മഞ്ചാലൂമൂടു പോകാം."

"ആനയെ കാണാൻ പാറശാലയ്ക്കല്ലിയോ പോകുന്നത്?"

"ആന അവിടെത്തന്നെ നിൽക്കും.കർപ്പൂരത്തിൽ ഉണ്ടാക്കിയതൊന്നുമല്ലല്ലോ. അലിഞ്ഞു പോവൂല. നമുക്ക് അഭിനവ നളൻ്റെ കല്യാണ ശാപ്പാട് ഉണ്ണാൻ പോകാം.''

" അതിന് നിന്നെ മാത്രമല്ലിയോ വിളിച്ചിട്ടുള്ളൂ? ഞങ്ങൾ എങ്ങനെ വരും? "

"ഹേ, ഒരു നല്ല പാട്ട് ഒരുത്തൻ പാടിയാൽ നീ എന്തു ചെയ്യും? അവൻ വിളിച്ചു പറയണമോ വന്നു പാട്ടു കേൾക്കെന്ന്? ഒരു കാറ്റടിക്കിണു. ഒരു പൂമണം വരിണു. എല്ലാം ദൈവത്തിൻ്റെ വിളിയാ... വരിനെടോ"

ടീക്കനാർ പെരുവട്ടാരോടു ചോദിച്ചു: "പോയാലോ?"

"പോകാം, ഇങ്ങനെ വിളിക്കുമ്പോ...."

അച്ഛൻ ചായ വേണ്ട എന്നു പറഞ്ഞു. "ചായ കുടിച്ചാ വയറ് അമർന്നു പോകും"

അനന്തൻ "എൻ്റെ ക്ലാസീ പഠിക്കിണ കുട്ടികളാ" എന്നു പറഞ്ഞു.

" അകത്തു പോ, ചെറുക്കൻ ഇങ്ങു കിടന്നു ചുറ്റുകാ" അച്ഛൻ പറഞ്ഞു.

അനന്തനു ബുദ്ധിയുണർന്നു." അഭിനവ നളൻ്റെ വെപ്പാണെന്ന് സരോജിനി പറഞ്ഞു"

അച്ഛൻ തിരിഞ്ഞ് അവനെ സൂക്ഷിച്ചു നോക്കി. "ശരി അമ്മയോടു പോയിപ്പറഞ്ഞ് ഷർട്ടിട്ടു വാ"

അനന്തൻ പാഞ്ഞ് അകത്തേക്കോടി."ഷർട്ട്... നൈലക്സ് ഷർട്ട്...നീല ഷർട്ട്!'' എന്നു കൂവി.

"നൈലക്സാ? അതെന്തിന്?"

" അച്ഛൻ പറഞ്ഞു. നൈലക്സ് ഷർട്ട് ഇട്ടോടാ ന്നു പറഞ്ഞു."

"എവിടെ പോണു?"

"സരോജിനിയുടെ വീട്ടിലെ കല്യാണത്തിന്"

"കല്യാണത്തിനോ? പറഞ്ഞേ ഇല്ലല്ലോ?"

"ഇപ്പൊത്തീരുമാനിച്ച് എറങ്ങുന്നേയുള്ളൂ"

"നീയും പോണുണ്ടോ?"

"അച്ഛൻ വരാൻ പറഞ്ഞു"

"നൈലക്സ് എന്തിന്?"

"നൈലക്സ് ഷർട്ടുണ്ട് എന്നു ഞാൻ സരോജിനിയോടു പറഞ്ഞതാ"

"നൈലക്സൊന്നും വേണ്ട. വെയിലത്ത് എരിയും"

"നൈലക്സ് ഷർട്ട്! നൈലക്സ് ഷർട്ട്! നൈലക്സ് ഷർട്ട്!"

"ഒച്ചയിടാതെ.... എടുത്തു തരാം."

നൈലക്സ് സത്യത്തിൽ പെൺകുട്ടികൾക്കു കുപ്പായം തയ്ക്കാൻ പറ്റിയതാണ്. നീലനിറത്തിൽ ജിലുജിലുന്നനെയുണ്ട്. ടൈലർ കുഞ്ഞൻ അച്ഛനോട്, "നല്ല തുണിയാ, ചെറിയ കുട്ടിക്ക് ഒരു ഷർട്ടു തയ്ക്കാം പിള്ളേ, നന്നായിരിക്കും"എന്നു പറഞ്ഞു.

"തയ്യൽ നിക്കുമോടേ?" അച്ഛനു സംശയം.

"ഉള്ളിൽ തുണി വെച്ചു തയ്ക്കാം... നിക്കും."

നൈലക്സ് ഷർട്ടിട്ടതും അനന്തന് താനൊരു വലിയ മീൻകൊത്തിയാണെന്നു തോന്നി. പാഞ്ഞുചെന്നു മീൻ കൊത്തിയെടുത്ത് ചിറകുവിരിച്ച് മേശമേൽ കേറിയിരുന്നു.

"ടേയ് കീറിക്കൊണ്ടു വരാതെ"

"മയിലുമാതിരിയല്ലേ ഇരിക്കുന്ന്?" 
തങ്കമ്മ വായിൽ കൈവെച്ചു ആശ്ചര്യപ്പെട്ടു.

"മായി തത്ത! മായി തത്ത!" എന്നു കുട്ടി ചിണുങ്ങാൻ ആരംഭിച്ചപ്പോൾ അമ്മ അതിനെ എടുത്തു "ൻ്റെ കിലുക്കാംപെട്ടിക്കു മയില് കുപ്പായം തരാം ട്ടോ" എന്ന് അപ്പുറം കൊണ്ടുപോയി.

അച്ഛനും ടീക്കനാരും പെരുവട്ടരും അങ്ങനെത്തന്നെ വെച്ചിട്ടു പോയ മൂന്നു കപ്പു ചായയും ചുക്കിരി എടുത്തു കുടിച്ചു. നാക്കു ചുഴറ്റി കോപ്പ മറിച്ചിട്ട് ഉള്ളിൽ ചായയുണ്ടോ എന്നു ശ്രദ്ധിച്ചു നോക്കി.കയ്യകത്തിട്ടു ചുഴറ്റിയും പരതി.

അവരിറങ്ങിയതും അത് അനന്തനെ നോക്കി കണ്ണുകൾ ചിമ്മി.ഇനിയതു വീട്ടിനുള്ളിലേക്കു ചെന്ന് അടുക്കളയോട് ഒട്ടിയിരുന്ന് ഇട്ളി വാങ്ങി ശാപ്പിട്ടു പോകും. ഒരു മുഴുവൻ ഇട്ളി വായിൽ പോക്കി വച്ചിട്ടുണ്ടാവും.

അച്ഛനും പെരുവട്ടരും ടീക്കനാരും മുന്നോട്ടു നടക്കേ അനന്തൻ ടീക്കനാരുടെ കൈ പിടിച്ചാണു പോയത്. അച്ഛൻ നാണുക്കുട്ടൻ നായരെപ്പറ്റി പറഞ്ഞു കൊണ്ടേയിരുന്നു. നാണുക്കുട്ടൻ നായരുടെ അച്ഛൻ എട്ടുമംഗലം കേശവൻ നായരും വലിയ പാചകക്കാരൻ.അങ്ങേരുടെ സദ്യ അച്ഛൻ ചെറുപ്പത്തിൽ പാറശാല ക്ഷേത്ര ഉത്സവത്തിൽ വച്ചാണ് ആദ്യം കഴിച്ചത്.അതിൽ പിന്നെ രണ്ടു തവണ.പൊന്മന തലക്കെട്ടു വലിയനില അച്ചുതൻ തമ്പിയുടെ മകളുടെ കല്യാണത്തിന്, തിരുവട്ടാർ അമ്മവീട്ടിലെ കുഞ്ഞി ലക്ഷ്മിക്കുട്ടിയമ്മയുടെ കല്യാണത്തിന്.

"തിരുവട്ടാറില് അങ്ങേരൊരു അവിയല് വെച്ചിട്ടൊണ്ട്. അത് അവിയൽ.... അവിയലെന്നാ അതാണ്. അവിയലില് ചേനയും ചേമ്പും തമ്മിൽ ഒരു സ്വരച്ചേർച്ച വരണം. അത് ചില്ലറക്കാരൻ്റെ കൈയ്ക്കു വരൂല്ല. അന്നത് നൂറു പെഴ്സൻറും വന്നു. അവിയലിനു മേലേ തൈരൊഴിക്കണം. അവിയല് ഇറക്കുന്നതിനു തൊട്ടു മുമ്പ്,ചേനക്കഷണത്തിൻ്റെ കറമണം പോയി തേങ്ങ വെന്തു മൂത്ത മണം വരുന്നതിനിടയിൽ കൊണ്ടന്നൊഴിയ്ക്കണം.ഇല്ലെന്നാ പോയി"

"ഇങ്ങേരെങ്ങനെ?" ടീക്കനാർ ചോദിച്ചു..

"ഇവരും ഗജകില്ലാഡിയാ.... പോയ വർഷം തിരുവട്ടാറിലെ അനന്തപത്മനാഭൻ നായരുടെ മകൻ്റെ കല്യാണത്തിന് ഒരു കൂട്ടുകറി വച്ചു.ചുരങ്ങാക്കൂട്ടുകറി ഒരു എശക്കേടു പിടിച്ച ഐറ്റമാണ്. കറിയാ, പക്ഷേ സ്വല്പം മധുരം കാണും. മധുരം നിക്കേണ്ട എടത്ത് നിക്കണം. കെട്ടിയ പുരുഷൻ്റെ കൂടെ വീട്ടീത്തന്നെ നിക്കുന്ന മാതിരി.കൂടിപ്പോയാ വായിലേ വെയ്ക്കാൻ പറ്റൂല.കുറഞ്ഞാ രുചിയും കാണൂല.... അതൊരു കല തന്നെ, അല്ലേ?" അച്ഛൻ പറഞ്ഞു.

"അതൊരു കൈപ്പുണ്യമാ'' ടിക്കനാർ പറഞ്ഞു.

"ഇപ്പം സോപാനപ്പാട്ടിന് എടയ്ക്ക എങ്ങനിരിക്കും? പാട്ടു പോണ വഴിക്ക് എടയ്ക്ക വരണം. എന്നാ പാട്ടു കേക്കുമ്പോ എടയ്ക്ക മൊഴച്ചു നിക്കരുത്. പാട്ടിനുള്ളിൽ എടയ്ക്കടെ താളം ഒഴുകിച്ചേർന്നു വരണം..." അച്ഛൻ കൈ വീശി. "അതിനാണ് എടയ്ക്കക്ക് നല്ല കോല് വേണം ന്നു പറയിണത്. കിണ്കിണൂന്നൊന്നും കേക്കരുത്.... മെത് മെത് ന്നും പാടൂല. മുറുകിയ ശബ്ദം വരണം. നല്ല കാതിന് അതറിയുമെടോ"

ആറുകടന്ന് മാറപ്പാടി കവലയിൽ പതിനാറു ജി ബസ്സു പിടിച്ചു.അത് കുഴിത്തുറയ്ക്കു പോകുന്നത്. മേൽപാലം കവലയിലിറങ്ങി അവിടെ നിന്ന് അടുത്ത ബസ്സിന് മഞ്ചാലുമൂട്ടിലേക്ക്. വഴി നീളെ അച്ഛൻ പാചകത്തെപ്പറ്റിത്തന്നെ പറഞ്ഞു കൊണ്ടിരുന്നു."നല്ല സദ്യയുണ്ടാ ഒരു ഗുണമൊണ്ട്. എന്തൊക്കെയാ നമ്മള് കഴിക്കിണത്? ചോറ് സാമ്പാറ് അവിയല് തോരൻ അതിനുമേൽ പ്രഥമൻ ബോളി.എന്നാ ഉണ്ടു കഴിഞ്ഞ് ഏമ്പക്കം വിടുമ്പം നമ്മള് അറിയാത്ത ഒരു പുതിയ ശാപ്പാടിൻ്റെ മണം വരണം....."

"അതെങ്ങനെ?" ടീക്കനാർ ചോദിച്ചു.

"ഏ, വെറ്റിലയും ചുണ്ണാമ്പും പാക്കും ചേർന്നാ താംബൂലമണം എങ്ങനെ വരിണു?"

ടീക്കനാർ  ''അതു ശരിയാ" എന്നു പറഞ്ഞു.

"അതേ മാതിരി അത്രയും ശാപ്പാടു ചേർന്ന് വയറ്റിൽ ഒന്നായിടണം.അതാണ് അന്ന ലക്ഷ്മി. നല്ല ദേഹണ്ണക്കാരൻ കയ്യുവെച്ചില്ലെങ്കീ പുളിച്ച ഏമ്പക്കം വരും.. എരയെടുത്ത പാമ്പു മാതിരി ഞെളിയും. നന്നായി സദ്യയുണ്ടവൻ എരുമ മാതിരി കിടന്ന് അയവെട്ടി കണ്ണു കൂമ്പി ഇരിക്കണം"

മഞ്ചാലുമ്മൂട് ഭഗവതി ക്ഷേത്രത്തിനു മുന്നിൽ തന്നെ ഗംഭീരൻ അലങ്കാര കമാനം ഉണ്ടാക്കി വെച്ചിരുന്നു. അതിൽ ജമന്തിപ്പൂക്കൾ കൊണ്ടുള്ള അലങ്കാര വളയങ്ങൾ തൂങ്ങി നിന്നു.

"ഒറ്റ വളയത്തിന് നൂറു രൂപയായിക്കാണും, അല്ലേടോ?" ടീക്കനാർ ചോദിച്ചു.

വണ്ടികളിൽ വന്നവർക്കു വണ്ടികൾ നിറുത്താൻ തൊട്ടടുത്ത തോട്ടത്തിൽ സ്ഥലം നീക്കി വെച്ചിരുന്നു. അവിടെ നൂറുകണക്കിനു വണ്ടിക്കാളകൾ വൈക്കോൽ തിന്നുന്ന കഴുത്തുമണിയൊച്ച.നൂറിലേറെ സൈക്കിളുകൾ. കാറുകൾ ഇരുപതെണ്ണം നിന്നിരുന്നു. ഒരു കാറ് വളരെ വലുത്.

"ബ്യൂക്ക് കാറാ"  അനന്തൻ പറഞ്ഞു.

"ഇപ്പം എല്ലാരും വണ്ടിക്ക് ചെവലക്കാളയാ കെട്ടുന്ന്... കാങ്കേയമാണ് വണ്ടിക്ക് ഐശ്വര്യം" അച്ഛൻ പറഞ്ഞു.

"അതു പതുക്കെയല്ലേ പോകൂ? ലോഡു വലിക്കാൻ അതാ നല്ലത്" ടീക്കനാർ പറഞ്ഞു.

"വേഗം പോയി ഏതു കോട്ട പിടിക്കാനാ? ഹേയ്, ഒരൈശ്വര്യം വേണ്ടയോ? ചെവലക്കാളേടെ മൂക്ക് നായയെപ്പോലല്ലിയോ ഇരിക്കുന്ന്?"

അവിടുന്നു പെരുവട്ടരുടെ വീടുവരെ ഇരുവശവും മുളനാട്ടി തോരണം പോലെ ജമന്തിപ്പൂമാലകൾ.തറ നിരപ്പാക്കി ആറ്റുമണൽ വിരിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾ ഓടിക്കളിച്ചുകൊണ്ടിരുന്നു.നാദ സ്വര മേളം കേട്ടു.

ഏഴുനിലപ്പന്തൽ ഒരു വലിയ കോട്ട പോലെ കാണായി. "ഏഴുനിലപ്പന്തൽ കെട്ടിയവൻ്റെ പേരും ക്ഷണക്കത്തിലൊണ്ടാവണം" പെരുവട്ടർ പറഞ്ഞു.

മുളങ്കാലു ചേർത്തു കെട്ടി ഉയർത്തിയ പന്തലിന് രണ്ടു പന ഉയരം. അതിന്മേൽ പനയോലകളാൽ അലങ്കാരം.ഏഴു  പന്തൽക്കൂർപ്പുകളിൽ കൊടികൾ പാറി. പന്തലിനകത്തു പോകാൻ ഏഴു വാതിലുകൾ.ആദ്യത്തെ വാതിലിലൂടെ അച്ഛനും ടീക്കനാരും പെരുവട്ടരും അകത്തുചെന്നു.

വാതുക്കൽ മേക്കര പെരുവട്ടർ നിന്നിരുന്നു. കൈ കൂപ്പി വണങ്ങി "വരൂ.... വരൂ.... കണ്ടിട്ട് കൊറേ നാളായി, അല്ലേ? സൗഖ്യം തന്നല്ലേ?" എന്നു പറഞ്ഞു കൊണ്ടിരുന്നു.

അച്ഛനെ കണ്ടതും "വരൂ... വരൂ.... പിള്ളേ " എന്നു പറഞ്ഞു.

"ഇവമ്മാര് നമ്മടെ സ്നേഹിതരാ. ഇതു പെരുവട്ടർ.ഇതു ടീക്കൻ.നാണുക്കുട്ടൻ നായരാണ് അരിവെപ്പ് ന്നു ക്ഷണക്കത്തിൽ കണ്ടു. ഉടനെ വണ്ടി കേറി." അച്ഛൻ പറഞ്ഞു.

മേക്കര പെരുവട്ടരുടെ മുഖം വിടർന്നു. "പിന്നേ! ആളു വെറും പുളളിയാ? വരൂല്ല, വേറെ സദ്യയൊണ്ട് എന്നു പറഞ്ഞു. വരൂല്ലെന്നാ എൻ്റെ മകൾക്കു കല്യാണോമില്ല എന്നും പറഞ്ഞു വാതിൽതിണ്ണയിലങ്ങിരുന്നു. അവര് വന്ന്, ശരി പോടേ, ഞാൻ വരാം എന്നു പറഞ്ഞശേഷമല്ലേ ഞാൻ എണീറ്റുള്ളൂ"

"ഭാഗ്യം തന്നെ" അച്ഛൻ പറഞ്ഞു. "കുട്ടി യോഗമുള്ളവളാ. നല്ല സദ്യയുണ്ടു കഴിഞ്ഞ് നാലാള് മനസു നെറഞ്ഞ് ഗംഭീരായീന്നു പറഞ്ഞാ അതാണ് ദൈവത്തിൻ്റെ ആശീർവാദം"

മേക്കര പെരുവട്ടർ കണ്ണു കലങ്ങി, "അതെ, നന്നായിരിക്കണം എൻ്റെ കുട്ടി" എന്നു പറഞ്ഞു.

പെരുവട്ടർ ചോദിച്ചു : "ഏഴുനെലപ്പന്തലല്ലേ.... ആരാ പന്തൽപ്പണി?"

"വാകൈയടി അനന്തൻ നാടാര്.പേരുകേട്ട ആളു തന്നെ"

"കാണണം" പെരുവട്ടർ പറഞ്ഞു.

"വന്നിട്ടുണ്ട്.... കാണാം.... ഏയ് മുരുകാ, ഇവരെ കൂട്ടിപ്പോ"

പെരുവട്ടരുടെ അനന്തരവൻ മുരുകൻ വന്ന് അവരെ കൂട്ടിപ്പോയി.വലിയ പന്തൽ.മണ്ടക്കാട്ട് കൊടയുത്സവത്തിനാണ് അനന്തൻ അത്ര വലിയ പന്തൽ കണ്ടിട്ടുള്ളത്. മേലേ വെളുത്ത തുണികൊണ്ടു വിതാനമിട്ടിരുന്നു. ആയിരക്കണക്കിനു മുളന്തൂണുകൾ.അവയിലെല്ലാം ചുവന്ന തുണി ചുറ്റിയിരുന്നു. പന്തൽ മേൽക്കൂരയുടെ തുമ്പത്തു നിന്ന് പൂത്ത കൊന്ന പോലെ പട്ടുപ്പാവട്ടങ്ങളും തുണിത്തൂണുകളും തൂങ്ങുന്നു. പന്തലിൻ്റെ നടുക്ക് പന്ത്രണ്ടു പൂച്ചക്രത്തൊങ്ങലുകൾ.

പന്തലിനടുത്ത് ചെറിയൊരു ഒറ്റപ്പന്തൽ. അതിൽ മരപ്പലകയിട്ടുണ്ടാക്കിയ വേദിയിൽ നാദസ്വരസംഘം.

"നാദസ്വരം ആരാ?"

"തഞ്ചാവൂരു പാർട്ടി.തിരുവീഴിമല സ്വാമിനാഥപിള്ളയും ഉലകനാഥപിള്ളയും നാദസ്വരം. തവില് തലൈച്ചങ്കോട് സുബ്രമണ്യ പിള്ളയും അവരുടെ അനിയൻ ഗണേശ പിള്ളയും." മുരുകൻ പറഞ്ഞു.

"നല്ല പാർട്ടിയാ. കൊച്ചു കുഞ്ഞിനെപ്പോലാ തവിലിനെ വെച്ചു കൊഞ്ചിക്കുക" അച്ഛൻ പറഞ്ഞു.

നാദസ്വരത്തിൽ എടുത്ത പാട്ട് അനന്തന് അറിയാറുന്നതാണ്. "നഗുമോ മു ഗനലേനി " 

അച്ഛൻ തിരിഞ്ഞു നോക്കി മുഖം വിടർത്തി "ആഭേരിയാ" എന്നു പറഞ്ഞു. 

അച്ഛന് ഇഷ്ടപ്പെട്ട രാഗം അതാണെന്ന് അനന്തനറിയാം. ചില സമയം അതു കേട്ടു കരയാറുമുണ്ട്.

"ദേവഗാന്ധാരം ന്നു വിചാരിച്ചു" ടീക്കനാർ പറഞ്ഞു.

"അതും ഇതും ഒന്നു തന്നെ. ഷെഹനായീല് ഭീംബളാസി എന്നൊന്നു വായിക്കും. അതും ഒന്നു തന്നെ... അയ്യർമാരുക്കു തന്നെയേ അതിൻ്റെ വ്യത്യാസം അറിയൂ." അച്ഛൻ പറഞ്ഞു.

നാദസ്വര സംഗീതത്തിന് അച്ഛൻ തലയാട്ടിക്കൊണ്ടിരുന്നു. പെരുവട്ടർ അനന്തനോട് "പന്തല് ഇങ്ങനെ നിക്കണമെന്നാ ആദ്യം കാറ്റിൻ്റെ കണക്ക് ശരിക്കു മനസ്സിലാക്കണം. സ്ഥലം മാറുമ്പോ സീസൺ മാറുമ്പോ കാറ്റും മാറും... അതൊരു ശാസ്ത്രമാ" എന്നു പറഞ്ഞു. "ആടാതെ ഇരുന്നാ പന്തലു വീഴും. ആട്ടം കൂടിയാലും ചെരിയും..മേലേ ആടണം. നാട്ടിയ മണ്ണിൽ തൂണ് ആടരുത്."

പന്തൽ നിറഞ്ഞിരുന്നു."ഏഴു ഊര് ചേർത്തു വിളിച്ചിട്ടൊണ്ട്" ടീക്കനാർ പറഞ്ഞു.

"നാടൊന്നിച്ച് ഉണ്ടാലാ വിരുന്നിനു രുചി" അച്ഛൻ പറഞ്ഞു. "കൂട്ടം കൂടി നോക്കി നോക്കിയല്ലേ ആനക്ക് അഴകുണ്ടാവുന്നത്?"

അനന്തൻ സരോജിനിയെ കണ്ടു. അച്ഛനോട് ഒന്നിനു പോകുന്നതായി കൈകാണിച്ചു. അച്ഛൻ തലയാട്ടിയതും അവൻ പുറത്തു പോയി പന്തലു ചുറ്റിക്കൊണ്ടു മുൻവശത്തെത്തി.

"സരോജിനി ഞാൻ വന്ന് ''

അവൾ അവനെ നോക്കി വായ് പൊത്തി ചിരിച്ചു.

 "എന്താ ഈ ഷർട്ടിട്ടേ?"

"ഇതു മീങ്കൊത്തി ഷർട്ട്.'' അനന്തൻ പറഞ്ഞു. 

"ഞാമ്പറഞ്ഞില്ലേ? നൈലക്സ് ഷർട്ട് "

സാവിത്രി "നന്നായിട്ടുണ്ട് '' എന്നു പറഞ്ഞു.

"എൻ്റച്ഛൻ വന്നിട്ടൊണ്ട്.നാദസ്വരം കേക്കുകാ"

"സാവിത്രീ എടീ " എന്നു വിളിച്ചു കൊണ്ട് ഒരു പെണ്ണ് പട്ടുസാരി ചുറ്റി തല നിറയെ പൂവു വെച്ചു വന്നു."ഇവിടെയാ നിക്കുന്നേ?"

"എൻ്റെ ക്ലാസിൽ പഠിക്കിണ കൂട്ടുകാരനാ... അനന്തൻ." സരോജിനി പറഞ്ഞു.

" ആ നായരു പയ്യനാ? നിൻ്റെ അച്ഛൻ വന്നിട്ടുണ്ടോ?"

"അവിടിരുന്നു പാട്ടു കേക്കുന്നു"

"നീ ഇങ്ങു വാ"

അവർ അവനെ വിളിച്ചു കൊണ്ടുപോയി. ഒരു ചെറിയ അറ തുറന്ന് ഒരു ലഡു എടുത്തു കൊണ്ടുവന്ന് അനന്തനു കൊടുത്തു."ഇതു തിന്ന്.... അച്ഛന് ഇതു കൊടുക്കണം."

"എന്താ ഇത് " അനന്തൻ ചോദിച്ചു.

"ഇതു തഞ്ചാവൂരു വാസനപ്പാക്ക്  ... ഞാൻ തന്നൂന്ന് പറയു''

"ആര്?"

"മഹാലക്ഷ്മീന്നു പറയൂ"

"ശരി"

അനന്തൻ മടങ്ങി വന്നു അച്ഛൻ്റെ കയ്യിൽ പാക്കു കൊടുത്ത് "മഹാലക്ഷ്മീന്ന് ഒരു മാമി തന്നതാ '' എന്നു പറഞ്ഞു.

"ഏയ്, മഹാലക്ഷ്മി, ടോ" ടീക്കനാർ പറഞ്ഞു.

"അപ്പഴേ ഞാൻ കണ്ടു. പട്ടും പത്രാസുമായിട്ട്... നമ്മളെ കണ്ടില്ലെന്നാ കരുതിയേ. കണ്ടു, അല്ലേ" പെരുവട്ടർ പറഞ്ഞു.

അച്ഛൻ പാക്കു ചീവിയത് വാങ്ങി കുറച്ചെടുത്തു വായിലിട്ടു.മുഖം വിടർന്നു."തഞ്ചാവൂരു നാദസ്വരം കേക്കുമ്പോ തഞ്ചാവൂരു വാസനപ്പാക്കു കൊറിയ്ക്കണം. അതു രുചിയറിഞ്ഞ പെണ്ണിനറിയാം.''

''മഹാലക്ഷ്മിക്ക് നിൻ്റെ രുചി അറിയാതിരിക്കുമോ,ഹേ"

നാദസ്വരത്തിൻ്റെ ശ്രുതിയും ഗതിയും മാറി. ആൾക്കൂട്ടത്തിൻ്റെ ബഹളം ഒന്നടങ്ങി. കല്യാണച്ചടങ്ങുകൾ തുടങ്ങി. കുടുംബത്തിലുള്ള മൂത്ത നാടാരാണ് കല്യാണച്ചടങ്ങു നടത്തിക്കൊടുക്കുക.വിവാഹവേദിയിൽ പുതുനെല്ലു  നിറച്ച മരക്കാലുകളിൽ  തെങ്ങിൻ പൂക്കുലകൾ. സ്വർണ്ണനിറമുള്ള നീർക്കുടങ്ങൾ.കുത്തുവിളക്കുകൾ. താലങ്ങളിൽ പഴങ്ങൾ, കായ്കൾ, പൂക്കൾ. ഒരു താലത്തിൽ പൊന്നും പട്ടും. ഒരു പുതിയ പനയോലക്കടവപ്പെട്ടിയിൽ മണ്ണ്.

മന്ത്രമൊന്നുമില്ല. മൂത്ത നാടാർ നിർദ്ദേശങ്ങൾ മാത്രം നൽകി. മേക്കര പെരുവട്ടർ പട്ടുവസ്ത്രമുടുത്ത്, തലയിൽ വലിയ പട്ടു തലപ്പാവു വെച്ച്, പട്ടു മേൽവസ്ത്രം പിരിച്ചു മുറുക്കി ശരീരത്തിനു കുറുകേ പൂണൂൽ പോലെ അണിഞ്ഞ് ഇടുപ്പിൽ കെട്ടിയ കച്ചയിൽ കുത്തുവാൾ തിരുകി വന്ന് വേദിയിൽ നിന്നു.പയ്യൻ്റെ അച്ഛനും അതേപോലെ തലപ്പാവും ഉടവാളുമായി വന്നു നിന്നു.

അനന്തൻ എഴുന്നേറ്റു നിന്നു നോക്കിക്കണ്ടു.നായർ കല്യാണങ്ങളേക്കാൾ ചടങ്ങുകൾ കൂടുതലായിരുന്നു.കടവത്തിൽ വെച്ചിരുന്ന മണ്ണിൽ പയ്യൻ നവധാന്യങ്ങൾ വിതച്ചു വെള്ളം നനച്ചു.ഓരോരുത്തരെയായി വണങ്ങി. പിന്നീട് പെണ്ണിനെ കൂട്ടിക്കൊണ്ടുവന്നു. ഒരു വലിയ പൂമാലക്കൂമ്പാരം പോലെ അവൾ നടന്നു വന്നു. കയ്യിൽ വെള്ളം നിറച്ച വെങ്കലക്കുടവുമായി വേദിയിലേക്കു കയറി.
അനന്തൻ മെല്ലെ നീങ്ങി ആളുകളെ നോക്കാൻ തുടങ്ങി.ആണുങ്ങൾ മടുപ്പോടെ അങ്ങുമിങ്ങും നോട്ടം പായിച്ചു കൊണ്ടിരുന്നു. പെണ്ണുങ്ങൾ കണ്ണെടുക്കാതെ വിവാഹ വേദിയിലേക്കുറ്റു നോക്കി. അവരുടെ മുഖങ്ങളിൽ ഗൗരവം കനത്തിരുന്നു.

ഉച്ചത്തിൽ നാദസ്വര ശബ്ദം.ചടങ്ങു നടത്തിയ മൂത്ത നാടാർ "പട്ടു കൊടുക്കൂ " എന്നു പറഞ്ഞു. കല്യാണച്ചെറുക്കൻ പെണ്ണിനു പട്ടുകൊടുത്തു."പെണ്ണ് സാരി മാറ്റി വരട്ടെ" പെണ്ണു ചെന്ന് പട്ടുസാരി മാറ്റിയുടുത്തു വന്നു."മാല അങ്ങോട്ടുമിങ്ങോട്ടും ഇടൂ'' മാല മാറ്റിയതും താലികെട്ടു കഴിഞ്ഞു.അനന്തൻ്റെ തലക്കുമേൽ മലരും അക്ഷതവും മഴ പോലെ പൊഴിഞ്ഞപ്പോൾ അവൻ മുടിയിൽ തട്ടി അതുതിർത്തു. എല്ലാവരുടെ തലയിലും മലരും അരിയും തങ്ങി നിന്നിരുന്നു.

വധുവരന്മാർ ഓരോരുത്തരുടെയായി കാലിൽ വീണ് ആശിർവാദം വാങ്ങി. വയസ്സായവരെ കൈത്താങ്ങോടെ വേദിയിലേക്കു കൊണ്ടുവന്നു. അവരുടെ കാൽക്കൽ വധൂവരന്മാർ നമസ്കരിച്ചപ്പോൾ വയസ്സരിൽ ചിലർ കരഞ്ഞു.
ഓരോരുത്തരായി ചെന്ന് വധൂവരന്മാരെ ആശംസകൾ അറിയിച്ചു.അനന്തൻ സരോജിനിയേയോ സാവിത്രിയേയോ കാണാനുണ്ടോ എന്നു നോക്കി. സരോജിനി അതുവഴിയേ പാവാടയും ഒതുക്കിപ്പിടിച്ചു കൊണ്ട് ഓടുന്നതു കണ്ടു. "സരോ സരോ'' അവൻ വിളിച്ചു. അവൾ കേൾക്കുന്നില്ല.

അച്ഛനും ടീക്കനാരും പെരുവട്ടരും വേദിയിലേക്കു ചെന്നു ആശംസകൾ നൽകിപ്പോന്നു.അച്ഛൻ തിരികെ വന്നിരുന്ന് അവനെ വിളിച്ചു."പിള്ളേടടുത്തു പോയി ചക്കനി രാജമാർഗ്ഗമു വായിക്കണംന്നു പറയെടാ"

അവൻ നാദസ്വരം വായിക്കുന്നവരുടെ അടുത്തു ചെന്നു. "അച്ഛമ്പറഞ്ഞു ചക്കനിരാജ വായിക്കണംന്ന് "

അവർ തിരിഞ്ഞ് അച്ഛനെ നോക്കി പുഞ്ചിരിച്ചു തലതാഴ്ത്തിയ ശേഷം വായിക്കാൻ ആരംഭിച്ചു. അച്ഛൻ തലയാട്ടി പുഞ്ചിരിച്ചു.

മേക്കര പെരുവട്ടർ കുമ്പിട്ടു കൊണ്ട് അടുത്തു വന്നു. "ആദ്യത്തെ പന്തി ഇരുന്നു. പിള്ളയും പെരുവട്ടരും ടീക്കനാരും വന്നു സദ്യയുണ്ട് എൻ്റെ കുട്ടിയെ അനുഗ്രഹിക്കണം."

"ഈ രാഗം തീർന്നിട്ടാവാം. നല്ല ഇമ്പത്തിൽ വായിക്കിണു"

"തഞ്ചാവൂരുപ്പോയി വിളിച്ചോണ്ടു വന്നതാണേയ്. മധുരക്കിപ്പുറം അങ്ങനെ വരാറില്ല." മേക്കര പെരുവട്ടർ പറഞ്ഞു.

"ഗന്ധർവന്മാർ തന്നെ!" അച്ഛൻ പറഞ്ഞു.

മേക്കര പെരുവട്ടർ കൈകൂപ്പി. "അപ്പം രണ്ടാം പന്തിക്കിരിക്കൂ''

അവർ പോയതും അച്ഛൻ പറഞ്ഞു: "ആദ്യത്തെപ്പന്തി എന്തായാലും ചെറുക്കൻ വീട്ടുകാർക്കാ. മരിയാദ കൊണ്ടു വിളിച്ചതാ! നമ്മളിരിക്കാമ്പാടൂല്ല."

ചക്കനിരാജ തീർന്നതും രണ്ടാം പന്തിക്കുള്ള നേരമായി. അച്ഛൻ ചെന്ന് നാദസ്വരവും തവിലും വായിച്ചവരെ കൈകൂപ്പി വണങ്ങി ആളു വീതം രണ്ടു രൂപ കൊടുത്തു. അവരതു വാങ്ങി കണ്ണോടു ചേർത്ത് മടിയിൽ വെച്ചു.

അച്ഛൻ തിരിച്ചു വന്നു. "എന്തരോ മഹാനുഭാവലു വായിക്കാൻ പറഞ്ഞിട്ടൊണ്ട്.... ഉണ്ണുന്നേടത്തും കേക്കുമല്ലോ"

"രൂപ കൊടുക്കണോ?" അനന്തൻ ചോദിച്ചു.

" അവർ നാലു പേരും പണക്കാരാണ്. തഞ്ചാവൂരീന്നു കാറിലാ വന്നിട്ടുള്ളത്. നമ്മുടെ പണം കൊണ്ട് അവർക്കൊന്നും ആവൂല്ല. പക്ഷേ നമ്മളു സരസ്വതിക്കു കാണിക്ക കൊടുക്കണം.അത് അവർക്കു കൊടുക്കണതല്ല. അവൾക്കുള്ളതാ. അതവർക്കുമറിയാം" അച്ഛൻ പറഞ്ഞു.

"നീ പണം കൊടുക്കുമ്പോ അവരുടെ അവരുടെ മുഖമങ്ങു വിടർന്നേ" ടീക്കനാർ പറഞ്ഞു.

പന്തിവാതുക്കൽ നിന്നവർ വന്നു കുമ്പിട്ട് "വരൂ.... സ്ഥലമുണ്ട്" എന്നു പറഞ്ഞു.

അച്ഛൻ അകത്തു കടന്ന് കൈ കഴുകിയ ശേഷം പന്തിക്കാരൻ വിളിച്ച് ഇരിക്കാൻ പറഞ്ഞ ഇലക്കു പിന്നിൽ പന്തിപ്പായിൽ കാൽ മടക്കി ഇരുന്നു. അപ്പുറം ടീക്കനാരും പെരുവട്ടരും ഇരുന്നു. ഇപ്പുറത്ത് അനന്തനും.

ഇലയിൽ കറികൾ വിളമ്പിയിരുന്നു. ഉപ്പ് ഇടത്തേ അറ്റത്ത് ഒരു തരി. അതിനടുത്ത് മാങ്ങ, കിടാരനാരങ്ങ, നെല്ലിക്ക, ഇഞ്ചിപ്പുളി അച്ചാറുകൾ.അവക്കു പിന്നിൽ ഇഞ്ചി, നാർത്തങ്ക, മുളക് എരികറികൾ. വറുത്തരച്ച് അല്പം വെല്ലമിട്ടുണ്ടാക്കിയ എരികറികൾ അരക്കു പോലെ, തേൻ മെഴുക്കു പോലെ ഇരുന്നു. വലതുഭാഗത്ത് ആദ്യം പെരുമ്പയറിട്ട ചുരങ്ങാ കൂട്ടുകറി.തുവരൻപരിപ്പു വേവിച്ചു കുനുകുനാ ചിരവിയിട്ട വെള്ളരിക്കാ കൊണ്ടുണ്ടാക്കിയ പരിപ്പുക്കൂട്ട്.പെരുമ്പയറു വേവിച്ച് ഉപ്പിട്ടു താളിച്ചു വെച്ച പയറുക്കൂട്ട്. അതിനരികെ തയിർ ഉരുകി നെയ് ഊറിപ്പടർന്ന അവിയൽ.അതിൽ എഴുന്നു നിന്ന ചെറുവിരൽ വണ്ണത്തിലുള്ള വാഴയ്ക്കാത്തുണ്ടുകൾ. കുഴയാതെ എന്നാൽ പാകത്തിന് അരഞ്ഞ തേങ്ങാപ്പീര്.

അതിനു പിറകേ മയക്കുകറികൾ. തേങ്ങ ചിരവിയിട്ടു കടഞ്ഞ് എള്ളിട്ടു താളിച്ച കാച്ചിൽക്കിഴങ്ങ്, വെള്ളനിറത്തിൽ കുഴഞ്ഞ ചെറുകിഴങ്ങ്, നാവിൽ ചെറിയ മധുരം തരുന്ന പൊൻനിറമുള്ള നനക്കിഴങ്ങ്. അതിനു പിന്നിൽ വറുത്തരച്ച ഉരുളക്കിഴങ്ങു കൂട്ട്.തൊട്ടടുത്തായി മൊന്തൻ വാഴക്കാ മസാലക്കൂട്ട്.പെരുഞ്ചീരകമിട്ടു വെച്ച ചേമ്പുകിഴങ്ങു കൂട്ട്.പെരുമ്പയറ് പൊങ്ങിക്കിടക്കുന്ന പടവലങ്ങാക്കൂട്ട്. ഇളം പച്ച നിറമുള്ള പീച്ചിങ്ങാക്കൂട്ട്.അതുകഴിഞ്ഞ് എണ്ണയിൽ വറുത്തെടുത്ത പൊരിയലുകൾ. ചെറുതുണ്ടുകളായി നുറുക്കി തേങ്ങാപ്പീര് ഇട്ടു താളിച്ചെടുത്ത പിഞ്ചുപ്പയറ്, കടുകു താളിച്ച് ഉലത്തിയ വെണ്ടക്കാ, നെയ്മണമുള്ള കത്തരിക്ക.

പിന്നെ തോരനുകൾ. കൊത്തമരക്ക, അമരക്ക, കോവക്ക, വഴുതനങ്ങ, നേന്ത്രക്കായ, ചേന എന്നിവ കൊണ്ടുള്ള മെഴുക്കുപുരട്ടികൾ. പിന്നെ പച്ചമുളകും തേങ്ങയും ചേർത്തരച്ച് ഊറ്റിയെടുത്ത വെള്ളരിക്ക, പച്ചത്തക്കാളി, കുമ്പളങ്ങാ പച്ചടികൾ.അതിനു പിറകേ കൈതച്ചക്ക, പുളിച്ചിക്കായ്, പച്ച അയിനിക്ക എന്നിവ  പച്ചമുളകു ചേർത്തുണ്ടാക്കിയ പുളിക്കും കിച്ചടികൾ മൂന്നു തരം. പിന്നെ പെരുമ്പയറിട്ടു ചെയ്ത ഓലൻ. തേങ്ങാപ്പാലൊഴിച്ചു ചേനക്കഷണമിട്ടു വെച്ച ചേനക്കാളൻ.'കാളൻ ഒത്താ പാലോടൊക്കും' എന്ന് അച്ഛൻ പറയാറുണ്ട്. വാഴപ്പഴമിട്ടു വെച്ച പഴങ്കാളൻ.

തുടർന്ന് വെല്ലമിട്ടു വെച്ച മധുരപ്പച്ചടി, പഞ്ചാരയിട്ടുണ്ടാക്കിയ പുളിപ്പുപ്പച്ചടി.മാമ്പഴം തുണ്ടുകളാക്കി ഉപ്പിട്ടു വെച്ച മാമ്പഴപ്പച്ചടി. ചതുരത്തിൽ ചെറുതായി ചീവി നുറുക്കി ഉപ്പിട്ടു വറുത്തെടുത്ത ചേന. പൊന്തൻ വാഴക്കായ ചീവി വറുത്ത വാഴക്കാ ഉപ്പുവരട്ടി. ശർക്കര പുരട്ടി എടുത്ത പേയൻ വാഴയ്ക്കാ ശർക്കരവരട്ടി. അതിനരുകിൽ കട്ടിയുള്ള പച്ചത്തോലുള്ള ചിങ്ങൻ വാഴപ്പഴങ്ങൾ രണ്ട്. മാമ്പഴപ്പൂളു രണ്ട്. വരിക്കച്ചക്കച്ചുള മൂന്ന്. ഒരു ചെറു കിണ്ണത്തിൽ തേൻ. മറ്റൊരു കിണ്ണത്തിൽ വെണ്മ കലർന്ന പൊൻ നിറമുള്ള പശുവിൻ നെയ്.

"കറി നാല്, ഉപ്പു നാല്, വറവു നാല്, പൊരിവു നാല്, ഉപദംശം നാല്, മധുരം നാല് എന്നാ കുറഞ്ഞ കണക്ക്." അച്ഛൻ പറഞ്ഞു. "ലക്ഷ്മീ കടാക്ഷമുണ്ടെങ്കില് മേലേ എത്ര വേണമെങ്കിലും പോകാം"

"എണ്ണി നോക്കണോ?"

"എണ്ണണ്ട. ശരിയായിരിക്കും."

"ഉപദംശമെന്നാ?"

"തൊടുകറി.''

''ഞാനും തിന്നു തിന്നു നോക്കട്ടെ.... നാവു പഴകുന്നു. പക്ഷേ, പേര് മനസിലു നിൽക്കുന്നില്ല" ടീക്കനാർ പറഞ്ഞു.

"നീ എന്താ അരിവെപ്പു പഠിക്കാൻ പോകുന്നോ?"

അങ്ങേത്തലക്കൽ നിന്ന് ഒരാൾ ആനയുടെ നെറ്റിപ്പട്ടം പോലെ പൊള്ളങ്ങളുള്ള പൊൻനിറപ്പപ്പടം വിളമ്പിക്കൊണ്ടുവന്നു. പിറകേ ഒരാൾ കരിങ്ങാലിയിട്ടു തിളപ്പിച്ച ഇരുണ്ടു ചുവന്ന നിറമുള്ള കുടി വെള്ളം ഗ്ലാസുകളിൽ ഒഴിച്ചു കൊണ്ടുവന്നു.

പിന്നാലെ ചോറു വരാൻ തുടങ്ങി. ചെമന്ന നിറത്തിൽ നീളമുള്ള വലിയ അരി കൊണ്ടുള്ള ചമ്പാച്ചോറ്. പിന്നാലെ ആദ്യം ചെറുപയറു പരിപ്പുകൊണ്ടുള്ള കറി വന്നു. മഞ്ഞകലർന്ന തളർപ്പച്ചനിറമുള്ളത്.അതിൽ നെയ്യൊഴിച്ചു പപ്പടം ഉടച്ചു ചേർത്തുകൊണ്ട് ഉണ്ണാൻ തുടങ്ങി.പരിപ്പുകറിക്കൊപ്പം പൊരിയലുകളും തോരനുകളും മാത്രമാണ് തൊട്ടുകൂട്ടേണ്ടത്. അവിയലോ കൂട്ടോ എടുക്കരുത്. പച്ചടികളും കിച്ചടികളും തൊടരുത്. ഉപ്പിലിട്ടതിൽ കൈവെച്ചാൽ അതു സദ്യയെ പഴിക്കലാണ്.

അനന്തൻ അച്ഛനെ നോക്കി നോക്കി ഊണു കഴിച്ചു. അച്ഛൻ എന്തെടുക്കുന്നോ അതെടുത്തു. അച്ഛനെപ്പോഴും വിരൽ മടക്കിനു മേലേക്ക് ചോറു പറ്റാതെയാണ് ഉണ്ണുക. വിരൽ വായിലാവുകയുമില്ല. ചുണ്ടടച്ചാണ് ചവക്കുക. സംസാരിക്കില്ല. തുമ്മലോ ഉറുമ്മലോ ചിനപ്പോ ഇല്ല. ചവക്കുന്ന ശബ്ദമേ കേൾക്കില്ല. ഇലയിൽ എല്ലാം കലർത്തി കുഴമ്പാക്കി വക്കുകയില്ല. വേണ്ടാത്തവ ഒരു വശത്തേക്ക് ഒതുക്കി വെയ്ക്കുമ്പോഴും അവ അടുക്കി വച്ച പോലിരിക്കും. എന്തു വേണമെങ്കിലും കയ്യാംഗ്യം കൊണ്ടു തന്നെ ചോദിക്കും.

കായം ചേർത്ത തവിട്ടു നിറമുള്ള സാമ്പാർ വന്നു. പിഞ്ചു കത്തരിക്കകൾ മുഴുനീളത്തിൽ കീറി അതിലിട്ടിരുന്നു. വെള്ളരിക്കയും പൊണ്ണൻ കായും കഷണങ്ങളായി സാമ്പാറിൽ അലിയാതെ കിടന്നു.സാമ്പാറിന് എല്ലാ കറികളും കൂട്ടിക്കുഴച്ചുണ്ണാം. അതിനു ശേഷം ഒഴിച്ചുകറികൾ കൂട്ടിയുണ്ണാൻ അല്പം ചോറ്. വറുത്തരച്ച വെണ്ടക്കാക്കറി. പച്ചത്തേങ്ങയരച്ച വെള്ളരിക്കാക്കറി.കൂട്ടിക്കഴിക്കാൻ പച്ചടികളും കിച്ചടികളും. പിന്നാലെ പുളിശേരികൾ വന്നു. മോരൊഴിച്ചു വെച്ച മാങ്ങാപ്പുളിശേരി, പച്ചമുളകു മണമുള്ള കൈതച്ചക്കാപ്പുളിശേരി. ചെറുനാരങ്ങാപ്പുളിശേരി. എരിയും പുളിയുമുള്ള എല്ലാ തൊടുകറികളും അവക്കൊപ്പം കൂട്ടാം.

വടിച്ചുണ്ട് ഇലകൾ വൃത്തിയായി. പ്രഥമനുകൾ വരാൻ തുടങ്ങി. ആദ്യം അടപ്രഥമൻ. അത് ഇരുമ്പു നിറത്തിലിരുന്നു. കറുത്ത വെല്ലം തേങ്ങാപ്പാലും ചേർത്തു തിളപ്പിച്ചു വറ്റിച്ചുണ്ടാക്കിയത്.അതിൽ അടനുറുക്കുകൾ ഒന്നൊന്നായി വഴുക്കിയിരുന്നു. അണ്ടിപ്പരിപ്പും മുന്തിരിയും പൊങ്ങിക്കിടന്നു. പിന്നാലെ പരിപ്പു പ്രഥമൻ. അതിന് ഇരുണ്ട തവിട്ടു നിറം. തുടർന്ന് കടലപ്രഥമൻ. പയറുപ്രഥമൻ പൊൻ നിറത്തിലിരുന്നു.മധുരം തികട്ടാൻ തുടങ്ങിയപ്പോൾ അരച്ചട്ടുകം ചോറു വിളമ്പി രസമൊഴിച്ചു കഴിച്ചു.അച്ഛൻ ചെറിയ കിണ്ണത്തിൽ രസം വാങ്ങിക്കുടിച്ചു. ആദ്യം പുളിച്ചക്കായ് ഇട്ട രസം.പിന്നെ ചെറുനാരങ്ങ രസം. ഒടുവിൽ മുളകു രസം.

വീണ്ടും പായസങ്ങൾ വരാൻ തുടങ്ങി. വരിക്കച്ചക്കച്ചുളയിട്ടു തേങ്ങാപ്പാൽ ചേർത്തുണ്ടാക്കിയ ചക്കപ്രഥമൻ,വരിക്ക മാമ്പഴത്തുണ്ടുകൾ ഉടച്ചു പച്ചരിയിട്ടുണ്ടാക്കിയ മാമ്പഴപ്പായസം, കദളിപ്പഴത്തുണ്ടുകൾ ചേർത്തു സേമിയ ഇട്ടു വെച്ച പഴപ്പായസം. അതിനു ശേഷം തൊടുകറികൾ തുടച്ചു കഴിച്ച് ഒരിടവേള.സദ്യപ്പന്തൽ മുഴുവനും ഉണ്ടു തളർന്ന ശരീരചലനങ്ങളോടെ മന്ദതയിലായി.പരിപ്പു ബോളികൾ വിളമ്പിക്കൊണ്ട് ഒരാൾ വന്നു. അതിനു മേൽ ബൂന്തി വിളമ്പി മറ്റൊരാൾ. പച്ചരിയും പഞ്ചസാരയുമിട്ടുണ്ടാക്കിയ പാൽപ്പായസം അതിനു മേലേ വിളമ്പി, അവസാനമായി. അവ കുഴച്ചുണ്ടശേഷം കാച്ചിയ മോരും മോരിനു ചോറും വരാൻ തുടങ്ങി.

അച്ഛൻ മോരു കുടിച്ചു. വാഴപ്പഴവും ചക്കച്ചുളയും മാങ്ങയും തിന്നു. ഒടുവിൽ ചക്കരവരട്ടി വായിലിട്ടു. എഴുന്നേൽക്കാനായി എല്ലാവരും പന്തിയുടെ അറ്റത്ത് ഇരുന്നിരുന്ന മുതിർന്നവരെ നോക്കി. അവർ ഏമ്പക്കം വിട്ട് എഴുന്നേറ്റ് ഒരേപോലെ കൈ തൂക്കിക്കൊണ്ട് ധൃതികൂട്ടാതെ ഇട വിട്ടു നടന്ന് പുറത്തേക്കു ചെന്നു. കൈ കഴുകിയ ശേഷം മറുഭാഗം വഴി പുറത്തു കടന്ന് മുറ്റത്തു വിരിച്ചിട്ടിരുന്ന പായകളിൽ ഇരുന്നു.ചാഞ്ഞിരിക്കാൻ തലയണകളും വെച്ചിരുന്നു.

അച്ഛൻ അതിലൊന്നിൽ ഇരുന്നു.ടീക്കനാരും അരികിലിരുന്നു. പെരുവട്ടർ അപ്പുറം ചെന്ന് വെറ്റിലച്ചുരുളുകൾ എടുത്തു വന്നു. അച്ഛൻ അതിലൊന്നു വാങ്ങി വായിലിട്ടു ചവച്ചു. ചവച്ചു കൊണ്ട് മെല്ലെ കണ്ണടച്ചു.

അനന്തൻ എഴുന്നേറ്റു ചെന്ന് ഒരു വെറ്റിലച്ചുരുൾ എടുത്താലെന്തെന്നാലോചിച്ചു.മൂവരും കണ്ണുപൂട്ടിക്കിടപ്പാണ്. എന്നാൽ അതിൽ അപകടമുണ്ട്.അച്ഛൻ ഉറങ്ങുകയില്ല.

അവൻ അവിടെ അങ്ങിങ്ങു കിടന്നിരുന്നവരെ നോക്കിക്കൊണ്ടിരുന്നു. ഒരു മന്ത്രവാദി മാന്ത്രികവടി ചുഴറ്റി എല്ലാവരേയും വീഴ്ത്തിയിരിക്കുകയാണ്.

അച്ഛൻ കുടഞ്ഞെഴുന്നേറ്റു."ടീക്കനാരേ, ഹേയ്, പോകാം''

''പോകേണ്ടതു തന്നെ....... യേശുവേ" ടീക്കനാർ പറഞ്ഞു.

മൂവരും എഴുന്നേറ്റു മുണ്ടു മുറുക്കിയുടുത്തു. "ദേഹണ്ണപ്പുരയിൽ പോയി നാണു നായരെയൊന്നു കണ്ടിട്ടു വരാം" അച്ഛൻ പറഞ്ഞു.

"അതെ, അതു വേണ്ടതാ" പെരുവട്ടർ പറഞ്ഞു.

അവർ നടന്നു. അച്ഛൻ പറഞ്ഞു: "ഒരു പച്ചടി വച്ചിരുന്നതു ടീക്കനാരു നോക്കിയോ? ഇഞ്ചിയും മുളകുമിട്ട്?"

"ഇല്ല..... എന്തെല്ലാമോ ഉണ്ടാരുന്നു" പെരുവട്ടർ പറഞ്ഞു. "എണ്ണി നോക്കീട്ടു തിന്നാൻ പറ്റുമോ?"

"അത് ഒരു പച്ചടി..... ഇന്നു പിറന്ന കുഞ്ഞു മാതിരി. മുന്നേ രുചിച്ചിട്ടില്ല..... അങ്ങനൊരു മണം....."

അനന്തന് പരിഭ്രമമായി. അച്ഛൻ പച്ചടിയെപ്പറ്റി നാണുക്കുട്ടൻ നായരോട് സംസാരിക്കാൻ പോവുകയാണ്. മണ്ടത്തരം തന്നെ.നാണക്കേടാകും.

"അച്ഛാ, അടപ്രഥമൻ ഒന്നാന്തരമായിരുന്നു''

"അതു പിന്നെ ആശാൻ്റെ കയ്യല്ലിയോ?പെരുന്തച്ചൻ തൊട്ട മരം ശില്പം. അതാണ് രീതി." അച്ഛൻ പറഞ്ഞു. "ആ പച്ചടിയിൽ എന്തോ ഒരു എലയോ കായോ ഇട്ടിട്ടൊണ്ട്...... എന്താന്ന് അറിയുന്നില്ല"

അനന്തന് പിന്നെയും പരിഭ്രമമായി. "അച്ഛാ എല്ലാം നന്നായിട്ട്ണ്ട്. അവിയലു കൂടി."

"അതെല്ലാം ആശാമ്മാര് അങ്ങനെ കൈ ചൊഴറ്റിയാ വന്നൂടും. മേൽപ്പുറം ചക്രപാണി വലിയ ചിത്രകാരൻ.... ചുമ്മാ തറയില് കമ്പുകൊണ്ടൊരു കീറു കീറിയാ അത് പടമായിടും. ബ്രഹ്മാവ് ആലോചിച്ചാലോചിച്ചു കണക്കിട്ട് ഉണ്ടാക്കിയതാണു ഭൂമിയെ എന്നാണോ കരുതിയേ? ഒരു നിമിഷം, ഒരു സെക്കൻ്റ്..... ലോകം ഉണ്ടായി. അതാണ് ആശാൻ്റെ കയ്യ്."

അനന്തൻ ദീർഘശ്വാസം വിട്ടു. അച്ഛൻ അതു പറയാൻ തന്നെ പോവുകയാണ്.

പന്തലിനു പിന്നിൽ വലിയ കൊട്ടക കെട്ടിയുണ്ടാക്കിയിട്ടുണ്ട്. എല്ലാ ഭാഗത്തും തുറന്ന കൊട്ടക. അതിനു മേൽ രണ്ട് അടുക്കുകൂര. രണ്ടടുക്കുകൾക്കുമിടയിലുള്ള വിടവിലൂടെ പുക പോകും. ദേഹണ്ണപ്പുരയിൽ നിന്നു സദ്യപ്പന്തലിലേക്കു വരാൻ മേൽക്കൂരയുള്ള നടപ്പാത.

അച്ഛൻ അവിടെ നിന്നിരുന്ന പാചകക്കാരോട് "നാണുനായരുണ്ടോ?" എന്നു ചോദിച്ചു.

"അപ്പുറത്ത് ഇരിപ്പുണ്ട്. വെള്ളത്തുണിയിട്ടു മറച്ചിട്ടില്ലേ അവിടെ "

"എട്ടാം പന്തി കഴിഞ്ഞു. ഇനിയും നാലു പന്തിക്കാളുണ്ട്" ടീക്കനാർ പറഞ്ഞു.

തുണി മറക്കപ്പുറം ഒരു ബഞ്ചിൽ നാണുക്കുട്ടൻ നായർ കണ്ണടച്ചു കിടപ്പാണ്. കയ്യിലുള്ള പനയോല വിശറി താഴെ വീണിട്ടുണ്ട്.

അച്ഛൻ തൊണ്ടയനക്കി.നായർ കണ്ണു തുറന്നു.മുഖം വിടർത്തി എഴുന്നേറ്റു."വരണം വരണം പിള്ളേ...... ഇപ്പ വിചാരിച്ചേയുള്ളൂ...... ഈ നാട്ടിലേക്കു വന്നിട്ട്...... പിള്ള വരുന്നുണ്ടോന്ന്"

"പേരുകേട്ടാ പിന്നെ വരൂല്ലേ..... ഇദ്ദേഹം ടീക്കൻ, ഇദ്ദേഹം പെരുവട്ടൻ, കൂട്ടുകാരന്മാരാണ്."

"പേരുകേട്ടയുടനെ ഇങ്ങോട്ടിറങ്ങി...." പെരുവട്ടർ പറഞ്ഞു. "ഈശ്വരൻ നേരിൽ വന്ന് അനുഗ്രഹിച്ച മാതിരിയുണ്ട്..."

"മനുഷന് നാക്കും മണ്ണിനു വിളവും കൊടുത്ത ദൈവമാ നായരുടെ കൈയിൽ നിൽക്കുന്നത് " ടീക്കനാർ പറഞ്ഞു.

"എഴുജന്മം അന്നമിട്ടു യാഗം ചെയ്തവരേ ഇങ്ങനൊരു കൈയ്യോടെ പിറക്കൂ ന്നു തോന്നിണു" പെരുവട്ടർ വീണ്ടും.

"സന്തോഷം, വളരെ വളരെ സന്തോഷം" നാണുക്കുട്ടൻ നായർ പറഞ്ഞു.

"ആ പച്ചടി .... അവനാ രാജകുമാരൻ ....ഇപ്പ പ്രത്യക്ഷപ്പെട്ട ദൈവം തന്നെ" അച്ഛൻ പറഞ്ഞു.

അനന്തൻ വേവലാതിയോടെ നാണുക്കുട്ടൻ നായരെ നോക്കി. അവരുടെ മുഖം മുഴുവനേ വിടർന്നിരുന്നു. ചിരിക്കുമ്പോൾ കണ്ണ് ഇടുങ്ങി. വായ മുഴുക്കെത്തുറന്ന് അഹ് അഹ് അഹ് എന്നു ചിരിച്ചപ്പോൾ ശരീരം കുലുങ്ങി.

"ഞാൻ വിചാരിച്ചു, പിള്ള വന്നിട്ടുണ്ടെങ്കീ കൈ പോയി നേരെ മർമ്മത്തീ തന്നെ തൊട്ടിരിക്കുമെന്ന്..... ഈശ്വരനാണേ സത്യം, വച്ചു വിളമ്പണതിന് ഒരേയൊരാള് വന്നു പറഞ്ഞാമതി.... അധികം ആളു വേണ്ട. ഒരുത്തൻ മതി.... ദൈവമാണേ സത്യം ഒരുത്തൻ വന്നു പറഞ്ഞാ മതി...... ഇനി ഒന്നും വേണ്ട"

അച്ഛൻ ചിരിച്ചു. "അത് അമൃതം തന്നെ"

"അതില് എന്താ പുതുതായി ചേർത്തിട്ടുള്ളത്, പറയാമോ?" നാണുക്കുട്ടൻ നായർ ചോദിച്ചു.

"ഒരു തരി കടുക്ക ഉണ്ടോ?"

"ആഹ് ആഹ് ആഹ്" എന്നു നാണുക്കുട്ടൻ നായർ ചിരിച്ചു. " അതെ, കടുക്ക തന്നെ... നെല്ലിക്കയ്ക്കു പകരം കടുക്ക..... എന്നാല് എണ്ണിയിടണം.... ഒരു തരി നഞ്ഞ് അന്നത്തെ അമൃതാക്കും. ഒരല്പം കയപ്പ് എല്ലാം മധുരിപ്പിക്കും"

"ഇന്ന് ആദ്യായിട്ട് ചെയ്തതാ?"

"ഇന്നു രാവിലെ ചെയ്തതാടോ.... ഇവിടെ വന്നപ്പോ തോന്നി ചെയ്തത്."

"ഈശ്വരാനുഗ്രഹം'' അച്ഛൻ പറഞ്ഞു.

"നന്നായിരിക്കട്ടെ. എൻ്റെ കയ്യിലിരിക്കുന്ന ലക്ഷ്മി തന്നെ നിൻ്റെ നാക്കിലുമിരിക്കുന്നത്. ഇവനാര് മകനാ?"

"അതെ''

''ലക്ഷ്മീ കടാക്ഷം ഉണ്ടോ?"

"ഏയ്, എന്നാ അമ്മയെപ്പോലെ കവിത വായനയുണ്ട്..... "

"ലക്ഷ്മിയും സരസ്വതിയും ഒന്നന്നെ " നാണുക്കുട്ടൻ നായർ പറഞ്ഞു.

"കുമ്പിട്" അച്ഛൻ പറഞ്ഞു.

അനന്തൻ ചെന്ന് അവരുടെ കാലു തൊട്ടു കുമ്പിട്ടു."രുചി ഉണ്ടായിരിക്കട്ടെ...... എല്ലാ രുചിയും ഈശ്വരൻ്റെ രുചിയാ" നാണുക്കുട്ടൻ നായർ പറഞ്ഞു. "രുചിയായിട്ടു മാത്രമേ ദൈവത്തിന് മനുഷ്യൻ്റെ മുന്നിൽ വരാനൊക്കൂ.... വേറെ വഴിയില്ല."

അച്ഛൻ ഒരു രൂപയെടുത്ത് നാണുക്കുട്ടൻ നായരുടെ കൈയ്യിൽ കൊടുത്തു."അനുഗ്രഹിക്കണം"

അവർ "നല്ലത് നല്ലത്" എന്ന് അതു വാങ്ങി കണ്ണിൽ ചേർത്തുകൊണ്ട് മടിയിൽ വെച്ചു.

"വരട്ടെ.... " അച്ഛൻ പറഞ്ഞു.

"വരട്ടെ നായരേ, ഇന്നിനി ദൈവദർശനം വേറെ വേണ്ട" പെരുവട്ടർ പറഞ്ഞു.

"യേശുവേ" ടീക്കനാർ കുമ്പിട്ടു.

തിരിച്ചു പോരുമ്പോൾ പെരുവട്ടർ "ഹേയ്, നമുക്കു പോയി ആ പന്തലുകാരനെക്കൂടി ചെന്നു കാണാം" എന്നു പറഞ്ഞു.

"അതെ, ഞാനും ഇപ്പൊഴതു വിചാരിച്ചേയുള്ളൂ" അച്ഛൻ പറഞ്ഞു.







.



ചെറുകവിതകൾ - ഷുവാ കബ്രാൾ ജിമേലോ നേറ്റോ (പരിഭാഷ, ബ്രസീൽ, പോർച്ചുഗീസ്, 1920-1999)

1
തെങ്ങിൻ തോപ്പിന്റെ ശബ്ദം.


തെങ്ങിൻ തോപ്പിൻ ഭാഷ
കത്തിമുനയുടെയല്ല
വൃത്താകൃതിയുടെ ഭാഷ

സ്വരപ്പെടുത്തുന്നൂ വളവുകളിൽ
തോപ്പ് നീളൻ പ്രാർത്ഥന
പഠിച്ചെടുത്തതു നിശ്ചയമാത്തിര -
മാലകളിൽ നിന്നായീടാം.

വർത്തുളമല്ലോ തിരമാലകൾ തൻ
ഉച്ചാരണ,മീത്തോട്ടത്തിൻ
ഭാഷണമതുപോൽ വർത്തുളം

ആരുടെ കൂടെജ്ജീവിക്കുന്നാ-
ക്കടലിൻ ശൈലി, പദഘടന
കാറ്റടിയേറ്റു പുളഞ്ഞ റിസൈഫിലെ
പട്ടണ ജീവിതമാകുന്നു

- 1980


2.
ഡബ്ലിയു.എഛ്. ഓഡൻ
(1905-1973)

മരണം തീരുമാനിക്കും
മരണം നാം മരിച്ചിടും
മരണംതാനതിൻ രീതി
നിശ്ചയിച്ചീടു,മായുധം
ഇരക്കു പാകമാമോയെ-
ന്നൊന്നും ശ്രദ്ധിക്കയില്ലത്.
എന്നാൽ താങ്കൾ കുറിച്ചിട്ട
കാവ്യഖണ്ഡങ്ങൾ പിന്നെയും
പിന്നെയും പിന്നെയും വായി -
ച്ചാവാമാദരവോടിതാ
മരണം തൻ്റെ ഗില്ലറ്റിൻ
കൊണ്ടു കൊന്നിതു താങ്കളെ
നേരേ കാഞ്ചി വലിച്ചോരു
ഹൃദയസ്തംഭനത്തിനാൽ.


- 1975



3
വെള്ളവും കവിതയും


കവിതതൻ ദ്രവനിനാദങ്ങൾ കൈത്തോക്കെടു -
ത്തൊരു കുറ്റകൃത്യത്തിനെന്നെത്തിടുക്കുന്നു.

കവിതതൻ ദ്രവനിനാദങ്ങൾ സ്വപ്നങ്ങൾക്കു -
മെത്തുവാനാവാത്ത ദ്വീപുകളെപ്പറ്റി -
യെന്നോടു പറയുന്നു.

കടൽ നോക്കി ഞാനിരിക്കുന്നു, തുറന്നോരു
പുസ്തകം കാൽമുട്ടിൽ വെച്ച്.
മുടികളിൽ കാറ്റുപിടിച്ച്.

വെള്ളത്തിലെന്തു നടന്നാലുമോർമ്മയി-
ലാവർത്തിക്കാൻ തുടങ്ങുന്നു.


- 1942




4
മേശ


മടക്കിയ ദിനപ്പത്രം
മേശമേൽ, വിരിയേറ്റവും
വെടിപ്പുള്ളത്, പാത്രങ്ങ-
ളിരിപ്പൂ വെൺമയുള്ളവ.

ഊഷ്മളം റൊട്ടി മാതിരി.

പച്ചത്തോലുള്ളൊരോറഞ്ച്,
നിൻ്റെ ഭൂഭാഗഭംഗികൾ,
നിൻ തുറസ്സ്, തിളങ്ങുന്ന
നിൻ കടൽത്തീരസൂര്യനും.

ഊഷ്മളം റൊട്ടി മാതിരി.

നിൻ തേഞ്ഞ പെൻസിൽ കൂർപ്പിച്ച
കത്തി, നിന്നാദ്യ പുസ്തകം
പുറംചട്ട വെളുത്തത്.

ഊഷ്മളം റൊട്ടി മാതിരി.

നിൻ സജീവപ്രഭാതത്തിൽ
നിന്ന്, പൂർത്തീകരിച്ച നിൻ
സ്വപ്നത്തിൽ നിന്നുയിർത്തോരു
കാവ്യ, മിപ്പോഴുമൂഷ്മളം.

ഊഷ്മളം റൊട്ടി മാതിരി.


- 1945


5
ഓഫീസ് ക്ലാർക്ക്


അന്യമീയാപ്പീസിനേതു പൂവും പോലെ
നിൻ്റെ പേർ, ഞാനതെഴുതുന്നിതാപ്പീസു
കടലാസിൽ, എന്നാൽ വരുന്നു റബ്ബർ, വന്നു
മായ്ക്കുന്നു ഞാൻ കുറിച്ചിട്ടവയൊക്കെയും.

മായ്ക്കുന്നെഴുത്തുകൾ, പെൻസിൽക്കറുപ്പ്, നിൻ
പേരല്ല, മായ്ച്ചുകളയുന്നതു നിൻ്റെ
പേരല്ല, ജീവനുള്ളാ മൃഗത്തേയല്ല,
പാടേ സിമൻ്റിൽ പുതഞ്ഞു കിടക്കുന്ന
ജീവനുള്ളാച്ചെടിയെയല്ല.

ആ മൃദുപ്പിഞ്ചു ചെകുത്താൻ കടലാസിൽ
ശൂന്യത, മേശമേൽ സ്തബ്ധത, പെൻസിലിൻ
തുമ്പത്തുറക്കം, ഫയലുകളിൽ പൊടി
കെട്ടിവെയ്ക്കുന്നവസാനം.

മേശവലിപ്പിൻ കരിവായ്കളിൽ പശി,
ഒപ്പുതാളിൻ്റെ മേൽ ദാഹവും, എൻ്റെമേൽ
കഷ്ടയത്നത്തിൻ്റെ ഗദ്യം, ഒഴുകിപ്പോയ
കവിതക്കു വേണ്ടിയെന്നാശ്വാസ മന്ത്രണം.

-1945


6
മണൽവെള്ളം


വെള്ളമില്ലെങ്കിൽ പരിശുദ്ധസ്നാനം
നിർവഹിച്ചീടും മണലാൽ മുസ്ലീങ്ങൾ
നന്നായ് കഴുകാൻ മണൽ വെള്ളം പോലെ
മറ്റോരു ദ്രാവകമെന്നവർ കാൺമൂ

കഴുകിക്കളയുവാനാവുമവർ തൻ
ആത്മാവിലെപ്പാപമേതും മണലാൽ
വെള്ളം കണക്കൊഴുകുന്നൂ കടുപ്പം
കല്ലു പോലെയുള്ള തിന്മയലിയാൻ

-1985

Saturday, May 30, 2020

എമാദ് ഫുവാദ് കവിതകൾ (പരിഭാഷ, ഈജിപ്ത്, ജനനം: 1974)




1.
തീയേറ്റർ


കോമഡി:
ഒരു മനുഷ്യൻ ഉറങ്ങുമ്പോൾ കരഞ്ഞു കൊണ്ടു തൻ്റെ നേരേ വന്ന് ആത്മഹത്യാ ഭീഷണി മുഴക്കി കലഹിക്കുന്ന ഒരു സ്ത്രീയെ സ്വപ്നം കാണുന്നത്.

ബ്ലാക് കോമഡി:
ഉറക്കത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പിന്നെ ആ മനുഷ്യൻ ഭയക്കേ, ആ സ്ത്രീ തിരിച്ചു വന്ന് വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

ട്രാജഡി:
ഭീഷണി മുഴക്കിപ്പോയ അവൾ പറഞ്ഞ പോലെ ആത്മഹത്യ ചെയ്യുന്നത്.

അബ്സേഡ്:
അയാൾ അവളെയോർത്തു വിലപിക്കുന്നത്.



2. 
പിടപ്പ്.


മീൻ പിടിക്കുമ്പോൾ
എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളത്
വെള്ളത്തിൽ നിന്നു പകൽ വെളിച്ചത്തിലേക്കു
പിടിച്ചിടുന്ന മീനുകളുടെ പിടച്ചിലാണ്.
ചൂണ്ടയിൽ മുറുക്കിപ്പിടിക്കുന്നതു വഴി
ഒട്ടും കുറയാതെ
എന്നിൽ മുഴുവനായെത്തുന്ന പിടച്ചിൽ.
ഈ കുലുക്കവും പിടച്ചിലും
ഒരു വേട്ടക്കാരനായിരിക്കുന്നതിൻ്റെ അർത്ഥം
എന്നെ പഠിപ്പിക്കുന്നു.
ഒരു വേട്ടക്കാരനാവാൻ
നിർബന്ധിതനാവുന്നതിൻ്റെ അർത്ഥം.
ആ ആന്തൽ
ജീവിതം മുഴുക്കെ എന്നെ പിന്തുടർന്നു.
കുഞ്ഞുന്നാളിൽ
മാമനോടൊപ്പം
എന്നും ഉച്ചക്ക്
ആഹാരത്തിനു വക തേടി
പുഴയിലേക്കു പോകുന്ന കാലം തൊട്ട് ;
വിശക്കുന്ന ഒരു കുടുംബത്തിനു വേണ്ടി.

അനന്തതയുടെ വിലപിക്കുന്ന സ്ത്രീ - മുഹമ്മദ് ജലീൽ അഹ്മദ്.(പരിഭാഷ, സുഡാൻ)



Archaeologists Find Artifacts of Oldest Written Black African ...



വിലപിക്കുമെൻ്റെയാത്മാവിൻ പുരാതന -
പ്പിറുപിറുപ്പിന്നു ഞാൻ കേട്ടു.
ഫറവോനുറങ്ങും കുടീരങ്ങളിൽ നിന്ന്
നഗര പുഷ്പങ്ങളിൽ നിന്ന്.
മാർബിളാൽ നിർമ്മിച്ചതെൻ്റെയാത്മാവെങ്കിൽ
മാത്രം തറയ്ക്കില്ലിതെന്നിൽ.

Friday, May 29, 2020

മാ ഹുവ കവിതകൾ (പരിഭാഷ,ചൈനീസ്, 1972-2004)



Retro Colorful Chinese Style Vector Illustration Peach Blossom ...



പരമ്പരാഗത ഭാവഗീത രുപം നിലനിർത്തിക്കൊണ്ടെഴുതിയ സമകാല ചൈനീസ് കവികളിൽ പ്രമുഖനാണ് മാ ഹുവ. ചൈനീസ് പ്രകൃതിദൃശ്യകവിതയുടെ പാരമ്പര്യത്തിൽ നിന്ന്, വിശേഷിച്ചും വാങ് വീ (AD 699-759) യിൽ നിന്ന് ഊർജം ഉൾക്കൊണ്ട കവി.ലളിതവും മൂർത്തവുമെങ്കിലും ആന്തര ലോകത്തെ പ്രകാശിപ്പിക്കുന്ന കവിതകൾ. ബീജിങ്ങിലെ ജോലി ഉപേക്ഷിച്ച് 2003-ൽ ഇദ്ദേഹം യുനാൻ പ്രവിശ്യയിലെ മിങ് യോങ് ഗ്രാമത്തിലേക്കു പോയി. അവിടെ അധ്യാപകനായി ജോലി ചെയ്കേ, ടിബറ്റൻ ഗാനങ്ങൾ ശേഖരിക്കുന്നതിലും ബുദ്ധമതാചാരങ്ങളെക്കുറിച്ചു പഠിക്കുന്നതിലും മുഴുകി. 2004-ൽ മുപ്പത്തിരണ്ടാം വയസ്സിൽ ലാൻഖാങ് നദിയിലേക്കു ജീപ്പുമറിഞ്ഞുണ്ടായ അപകടത്തിൽ പെട്ടു മരിച്ചു. മാ ഹുവയുടെ അവസാന കാലരചനയായ 'Snowy Mountain Canzonets' - ൽ നിന്നുമുള്ള ചില കവിതകളാണിവിടെ. അഞ്ചു വരികൾ വീതമുള്ള നാല്പത്തഞ്ചു കവിതകളടങ്ങുന്ന കവിതാപരമ്പരയാണ് അത്.



1.
ഗ്രാമത്തിലെ സ്കൂൾ മാസ്റ്റർ

കഴിഞ്ഞ മാസം ഇവിടുണ്ടായിരുന്ന മീനാകൃതിയിലുള്ള മേഘം
മഞ്ഞുമൂടിയ മലയുടെ പിന്നിൽ നിന്നു മടങ്ങിയെത്തി.
പീച്ചു മരങ്ങൾക്ക് ഇതിലേറെ വേണ്ട
പിങ്കു നിറവും കൊണ്ട്.
ബാർലിച്ചെടികൾക്ക് ഇതിലേറെ വേണ്ട
പച്ചയും കൊണ്ട്.
എന്നാൽ ഇല്ലെനിയ്ക്കായ്,
ഇതിലേറെ വേണ്ട സ്നേഹം.
കലപില കൂട്ടുന്ന കുട്ടികൾ മാത്രം
ആ മേഘത്തെ പിന്തുടർന്നെത്തുന്നു.
ഇരുണ്ടു ചോന്ന പന്ത്രണ്ടു മുഖങ്ങൾ,
എന്റെ ദിവസങ്ങൾ പോലെ ചിരപരിചിതം,
ഒരല്പം കടുംനിറത്തിൽ, ഒരല്പം ചെളി പിടിച്ച്.



2
കാട്ട് ഓർക്കിഡുകൾ

മലഞ്ചെരുവിലെമ്പാടും കാണുന്ന
കുഞ്ഞു കരിഞ്ചോപ്പുനാളങ്ങൾക്ക്
പുൽച്ചാടിയുടെ നേർത്ത പച്ച നാവു
പൊള്ളിക്കാനാവില്ല.
എന്നാൽ വീട്ടിലേക്കു കുഴഞ്ഞു നീങ്ങുന്ന
പശുക്കളുടെയും കുതിരകളുടെയും
കാലടി പൊള്ളിക്കാൻ കഴിയും.
തീറ്റക്കൊതിയൻ പൂമ്പാറ്റകളുടെ പതുത്ത ചുണ്ടുകളെയും.




3
മലഞ്ചോലയിലെ ഉറക്കം

രാത്രിയിൽ ഇക്കൊല്ലത്തെ പുതു മഞ്ഞ്
മരവാതിലിന്മേൽ മുട്ടിവിളിക്കുമൊരു
മലഞ്ചോലയുടെ നേർക്കണയുന്നു.
അതിന്റെ കടകടപ്പും കിരുകിരുപ്പും
പകൽ നേരത്തെ പശുക്കളുടെ അമറലിനേക്കാൾ, കുതിരച്ചിനപ്പുകളേക്കാൾ
നിങ്ങളെ പരിഭ്രാന്തരാക്കും.
ഞാനാവട്ടെ,സ്വപ്നം കാണുകയായിരുന്നു.
സുതാര്യമായ മഞ്ഞും പുതുചന്ദ്രനും
പിന്നെയും പിന്നെയും മുട്ടി വിളിക്കുന്ന
പൊട്ടിപ്പൊളിഞ്ഞ മരവാതിൽ
ഞാനാണെന്നും.




4
പീച്ചു പൂവ്

ചില നേരം പീച്ചു പൂ കൊഴിയുമ്പോൾ
*ഉണരും കീടങ്ങളുടെ ആഴ്ചകളിലെ ഇടിമുഴക്കം പോൽ
ഒരു കനത്ത മുരൾച്ചയുണ്ടാകും
കണ്ണടയ്ക്കൂ, ലോലമായ ആ പൂക്കൾ ചില്ലകളിലേക്കു തിരിച്ചു പോകും.
ഒരു പറ്റം മരതകപ്പച്ചപ്പൂമ്പാറ്റകൾ
പൂ നുകർന്നിരിപ്പുണ്ടാകും
പാറക്കറുപ്പുള്ളൊരു കഴുകൻ
എന്റെ ഹൃദയം കൊത്തിത്തിന്നാൻ തുടങ്ങും.

* പരമ്പരാഗത ചൈനീസ് പഞ്ചാംഗപ്രകാരമുള്ള കാലയളവ്.




5
പീച്ച്പൂത്തൂവലുകൾ

കനമില്ലാ മഞ്ഞപ്പക്ഷി പറന്നേ പോയി.
പീച്ചു പൂവ് തലയണയാക്കിയ പിങ്കു നിറക്കിളി
തറച്ചു നോക്കുന്നൂ
കൂർക്കം വലിച്ചുറങ്ങുന്നു.
അവളൊന്നു തിരിഞ്ഞു കിടക്കുമ്പോൾ
ഏറെക്കാത്തവസാനമണഞ്ഞ
കൊടുങ്കാറ്റവളുടെ തലയണ -
യകലേക്കു പറത്തി വിടുന്നു.
പറന്നു പോയീ തലയണ,യവളുടെ
തിളങ്ങിടും മൃദു തൂവലുകൾ പോൽ
മാനത്തെങ്ങും കൊഴിഞ്ഞു വീഴുന്നൂ




6
വസന്തത്തിലെ മഞ്ഞ്

ഇനിയും വെണ്മ, ഇനിയും തണുപ്പ്
താങ്ങാനാവില്ല,
പുതുതായ് പച്ചച്ച പൈൻമരച്ചില്ലകൾക്ക്.
ഒടുവിലെ മഞ്ഞിത്.
വിളറിയ വെളിച്ചത്തിനും മൂടൽമഞ്ഞിനുമുള്ളിൽ
കുമിഞ്ഞുകൂടിയ വെൺമക്ക്
സ്വന്തം സ്വരൂപം നഷ്ടപ്പെടുകയായി.
മഞ്ഞുമലയിൽ നിന്നും
മഞ്ഞുരുകിയൊഴുകുന്നു.

യു ഗ്വാങ്ഷോങ് കവിതകൾ (പരിഭാഷ, ചൈനീസ്, തായ് വാൻ, 1928-2017)


100+ Rainy Night Pictures | Download Free Images on Unsplash



1
മഴ രാത്രി മുഴുവൻ പറഞ്ഞു കൊണ്ടിരിക്കുന്നതെന്ത്?


എന്താണ് മഴ
രാത്രി മുഴുവൻ പറഞ്ഞുകൊണ്ടിരിക്കുന്നത്?
മുകൾനിലയിലെ ദീപം
ജനലരികിലെ വൃക്ഷത്തോടു ചോദിക്കുന്നു.
ജനലരികിലെ വൃക്ഷം
താഴെ നിരത്തിലെ കാറിനോടു ചോദിക്കുന്നു.
എന്താണ് മഴ
രാത്രി മുഴുവൻ പറഞ്ഞു കൊണ്ടിരിക്കുന്നത്?

താഴെ നിരത്തിലെ കാറ്
ചക്രവാളത്തിലേക്കു പോകുന്ന പാതയോടു ചോദിക്കുന്നു
ചക്രവാളത്തിലേക്കു പോകുന്ന പാത
അരുവിക്കുമേലുള്ള പാലത്തോടു ചോദിക്കുന്നു
അരുവിക്കുമേലേയുള്ള പാലം
എന്റെ ആൺ കുട്ടിക്കാലം നിവർത്തിയ
കുടയോടു ചോദിക്കുന്നു.
ആൺകുട്ടിക്കാലം നിവർത്തിയ കുട
അകംപുറം നനഞ്ഞ ഷൂസിനോടു ചോദിക്കുന്നു
അകംപുറം നനഞ്ഞ ഷൂസ്
പേക്രോം പേക്രോം തവളകളോടു ചോദിക്കുന്നു
പേക്രോം പേക്രോം തവളകൾ
എങ്ങും പെയ്യുന്ന മഞ്ഞിനോടു ചോദിക്കുന്നു
എന്താണ് മഴ
രാത്രി മുഴുവൻ പറഞ്ഞു കൊണ്ടിരിക്കുന്നത്?
പെയ്യുന്ന മഞ്ഞ്
മുകൾനിലയിലെ ദീപത്തോടു ചോദിക്കുന്നു
മുകൾനിലയിലെ ദീപം
ദീപത്തിനു ചുവട്ടിലെ മനുഷ്യനോടു ചോദിക്കുന്നു
ദീപത്തിനു ചുവട്ടിലെ മനുഷ്യൻ
തലയുയർത്തി ചോദിക്കുന്നു:

           എന്താണിപ്പോഴും മഴ
           പെയ്തു കൊണ്ടേയിരിക്കാൻ?
           പ്രാചീനയുഗം തൊട്ട്
           ഇന്നു രാത്രി വരെയും.
           ഒരു തുള്ളി തൊട്ടു പെരുമഴ വരെയും
           ഓട്ടിറമ്പു തൊട്ടു കടൽക്കര വരെയും.

ഒച്ചിന്റെ വേഗമുള്ള പായലേ,
ഞാൻ നിന്നോടു ചോദിക്കുന്നു,
എന്താണ് മഴ
രാത്രി മുഴുവൻ പറഞ്ഞു കൊണ്ടിരിക്കുന്നത്?

1986



2.
വീടോർമ്മ


കുഞ്ഞുന്നാളിൽ
വീടോർമ്മ ഒരു തപാൽ സ്റ്റാമ്പ്
" ഇവിടെ ഞാൻ
അവിടെ ...... എന്നമ്മ "

പിന്നെ മുതിർന്നപ്പോൾ
വീടോർമ്മ ഒരു യാത്രാട്ടിക്കറ്റ്
''ഇവിടെ ഞാൻ
അവിടെ..... യെന്റെ വധു "

പിൻ വർഷങ്ങളിൽ
വീടോർമ്മ ഒരു കുഴിമാടമായ് മാറി
" ഇവിടെ ഞാൻ
അവിടെ...... യെന്നമ്മ "

ഇന്നിപ്പോൾ വീടോർമ്മ
ഒരു കടൽപ്പിളർപ്പായ് പരക്കുന്നു
" ഇവിടെ ഞാൻ
അവിടെ........ യെൻ വൻകര "
           

Thursday, May 28, 2020

ഒന്നാം ദിവസം - ജെറെയിൻ്റ് ലവ് ഗ്രീൻ (വെൽഷ്, ജനനം: 1955)


Chemistry in Pictures: Lightning in a bottle


ചരിത്രത്തിനൊന്നാം ദിവസം,
എന്റെ കുഴപ്പം കൊണ്ടല്ല,
വെളിച്ചമുണ്ടാക്കീ ദൈവം
വിശ്രമിച്ചൂ പിന്നെ.

ചരിത്രത്തിനൊന്നാം ദിവസം
സൃഷ്ടിച്ചില്ലാ വേറൊന്നും
ഇല്ല മൃഗങ്ങൾ, മരങ്ങൾ, കളകൾ
വെള്ളം, വൈക്കോൽ, നക്ഷത്രം

ശരി ശരി, വെളിച്ചമുണ്ടാക്കീ
ദൈവം, പക്ഷേയതു കാണാൻ
ആളി,ല്ലതിനാലൊരു കുപ്പി -
ക്കുള്ളിൽ വച്ചു ദൈവമത്.

പിന്നെ സ്സോഫയിലമർന്നിരുന്ന്
ആരാധനയോടതു നോക്കി
വെളിച്ചമുണ്ടാക്കും പണി കഠിനം
തളർന്നു പോയീ ദൈവമവൾ.

സൃഷ്ടിക്കാനുണ്ടിനി നാളെ -
പ്പലതു, മതോർത്തൂ ദൈവത്താൾ
ഇന്നു രാത്രിയിലൊന്നിളവേൽക്കാം
തുന്നാനായിയിരിക്കാം.

(കവി, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ജറയിൻ്റ് ലവ് ഗ്രീൻ)

Wednesday, May 27, 2020

ബെൽക്കിസ് ക്യൂസാ മെയ്ൽ കവിതകൾ (പരിഭാഷ, ക്യൂബ, ജനനം: 1942)




1. കവിയുടെ ജീവചരിത്രം

കവിയുടെ ജീവചരിത്രമെഴുതാൻ
അദ്ദേഹം സംസാരിച്ച ശബ്ദത്തിൻ്റെ
സ്വരഭേദങ്ങൾ മറക്കണം.
അദ്ദേഹത്തിൻ്റെ
യുദ്ധകാല പ്രണയബന്ധങ്ങൾ
മുഖഭാവങ്ങൾ
(തവിട്ടു കണ്ണുകൾ, വളഞ്ഞ മൂക്ക്)
കുടുംബ ജീവിതം
അദ്ദേഹം ശത്രുക്കളെ സമ്പാദിച്ച രീതി
അദ്ദേഹത്തിൻ്റെ വിസ്മയം, അലസത,
സിദ്ധികൾ,
മറക്കണം.
അദ്ദേഹത്തെ ലോകത്തേക്കു
കൊണ്ടുവന്നതാരെന്നും
ഏതു മാസം ഏതു കൊല്ലമെന്നും
മറക്കണം.
കവിയുടെ ജീവചരിത്രത്തിന്
ഇത്രമാത്രം ശ്രദ്ധിച്ചാൽ മതി.
അദ്ദേഹം ഇണചേരാത്ത നഗരങ്ങൾ
ആഗ്രഹിച്ച തരം പെണ്ണ്.
വില്യം ബ്ലേക്കിനാൽ സ്വാധീനിക്കപ്പെട്ട വഴികൾ.



2.
സ്ത്രീകൾ യുദ്ധമുഖങ്ങളിൽ മരിക്കുന്നില്ല.


സ്ത്രീകൾ യുദ്ധമുഖങ്ങളിൽ മരിക്കുന്നില്ല.
അവരുടെ തല ഗോൾഫു പന്തുപോലെ ഉരുളുന്നില്ല.
വെടിമരുന്നിൻ്റെ മഴക്കാടിനു മീതെ
അവർ കിടന്നുറങ്ങുന്നില്ല.
ആകാശത്തെ
നാശാവശിഷ്ടങ്ങൾക്കിടയിൽ തള്ളുന്നില്ല.
ഒരു മഞ്ഞും അവരുടെ ഹൃദയം മരവിപ്പിക്കുന്നില്ല.
സ്ത്രീകളാരും യുദ്ധമുഖങ്ങളിൽ മരിക്കുന്നില്ല.
അവർ ജറുസലേമിൽ നിന്ന്
പിശാചിനെ ആട്ടിപ്പായിക്കുന്നില്ല.
തീവണ്ടിപ്പാതകളോ കനാലുകളോ തകർക്കുന്നില്ല.
യുദ്ധത്തിൻ്റെയോ സമാധാനത്തിൻ്റെയോ കലകളിൽ
അവർ നിപുണരല്ല.
നഗരചത്വരങ്ങളിൽ
കല്ലിൽ കൊത്തിയ ജനറൽമാരെയോ
അറിയപ്പെടാത്ത പട്ടാളക്കാരെയോ
അവർ സൃഷ്ടിക്കുന്നില്ല.
ലുവ്റെയിലെ ഉപ്പു പ്രതിമകളാണവർ.
ഫെയിദ്രെയെപ്പോലുള്ള അമ്മമാർ
ഹെൻട്രി എട്ടാമൻ്റെ കാമുകിമാർ
മതാ ഹാരിസ്
ഇവാ പെറോൻസ്
പ്രധാനമന്ത്രിമാരാൽ ഉപദേശിക്കപ്പെടുന്ന
രാജ്ഞിമാർ
നഴ്‌സുമാർ അടുക്കളക്കാരികൾ അലക്കുകാരികൾ
കാല്പനിക കവയിത്രികൾ
സ്ത്രീകൾ ചരിത്രം സൃഷ്ടിക്കുന്നില്ല.
പക്ഷേ ചരിത്രത്തെ അവർ
പത്താം മാസം
അടിവയറ്റിൽ നിന്നു പുറന്തള്ളുന്നു.
എന്നിട്ട്
യുദ്ധമുഖത്തു നിന്നു ലീവിൽ വന്ന
പട്ടാളക്കാരനെപ്പോലെ
ഇരുപത്തിനാലു മണിക്കൂറും കിടന്നുറങ്ങുന്നു.

Tuesday, May 26, 2020

ഹുംബർടോ അക്കാബൽ കവിതകൾ (പരിഭാഷ,ഗ്വാട്ടിമാല, ജനനം: 1952)



1.കല്ലുകൾ

കല്ലുകൾ ഊമകളല്ല.
അവ മൗനം പാലിക്കുന്നു
എന്നേയുള്ളൂ.



2. പൊക്കിൾ

സൂര്യൻ
പകലിന്റെ പൊക്കിൾച്ചുഴി

ചന്ദ്രൻ
രാത്രിയുടേയും.



3. ഉപദേശം

ആരോടെങ്കിലുമൊക്കെ സംസാരിക്കുക.
അപ്പോൾ നിന്നെ ഒരു ഊമയായിക്കണക്കാക്കില്ല.
മുത്തശ്ശൻ എന്നോടു പറഞ്ഞു.

പക്ഷേ ശ്രദ്ധിക്കണം
അവർ നിന്നെ
മറ്റാരെങ്കിലുമാക്കാതിരിക്കാൻ.



4. ചിരി

തിരകളുടെ ചിരിയാണു
നുരകൾ



5. ചന്ദ്രനും തൂവലും

ചന്ദ്രനെനിക്കൊരു
തൂവൽ തന്നു.

കൈയ്യിലിരുന്നതു
പാടും പോലെ

ചിരിച്ചു കൊണ്ടേ
പറഞ്ഞു ചന്ദ്രൻ:
'പഠിക്ക് പാടാൻ'



6. ദൂരം

ഈ കൊച്ചു രാജ്യത്ത്
എല്ലാം എത്ര വിദൂരം!

ഭക്ഷണം
വിദ്യാഭ്യാസം
വസ്ത്രം.....



7. കഠാര

പ്രകാശം
തീക്കഠാരയാണ്.

അത് മൂർച്ചയോടെ
വീഴുന്നു.

അതിന്റെ പ്രഭയാണ്
നദിയുടെ കരച്ചിൽ

മുറിവ്
തെളിവെള്ളവും.



8. ഇരുട്ട്

കടവാതിലുകൾ
ചിറകുകൾക്കടിയിൽ
ഇരുട്ടൊളിപ്പിക്കുന്നു.

മൂങ്ങകൾ
കണ്ണുകൾക്കു പിന്നിലും.



9. ആഗ്രഹം

പക്ഷികൾ
പറന്നു പാടുന്നു
പറന്നു തൂറുന്നു.

നോക്കെത്താതാവും വരെ
ഞാനവയെ
ഉറ്റുനോക്കുന്നു.

എനിക്കൊരു പക്ഷിയാവണം
എന്നിട്ട് പറ പറ പറക്കണം
പാടിപ്പാടിപ്പാടിപ്പോകണം
തൂറണം
ചില മനുഷ്യർക്കുമേൽ
ചില വസ്തുക്കൾക്കുമേൽ



10. കാൽനടക്കാരൻ

രാത്രി മുഴുവൻ ഞാനെന്റെ
നിഴൽ തേടി നടന്നു.

ഇരുട്ടിൽ
അതു പിടി തരാതിരുന്നു.

ഉടി വ്വ് വ്വ് വ്വ് .........
ഒരു കാട്ടുനായ.

ഞാൻ നടത്തം തുടർന്നു
ടു ടു ടുക്കു.............ർ.......
ഒരു മൂങ്ങ.

ഞാൻ നടത്തം തുടർന്നു
സോട്സ് സോട്സ് സോട്സ്
ഒരു വവ്വാൽ
പന്നിക്കുട്ടിയുടെ ചെവി
ചവച്ചു തിന്നുന്നു.
നേരം പുലരും വരെ.

എന്റെ നിഴൽ
ഏറെ നീണ്ടതായിരുന്നു.
പാതയെ അത്
ഒളിപ്പിച്ചു വെച്ചു.



11. പ്രാപ്പിടിയൻ

പ്രാപ്പിടിയൻ:
മരിച്ചവർക്കുള്ള പെട്ടി
പറക്കുന്ന കുഴിമാടം
മരിച്ചവരുടെ പേരുവിവരങ്ങളുടെ
ഭാരമില്ലാതെ.



(പ്രാപിടിയൻ എന്ന തലക്കെട്ട് ഗ്വാട്ടിമാലയിലെ മയാ വിഭാഗത്തിനെതിരെ അവിടത്തെ ഗവൺമെന്റ് ഉപയോഗിച്ച യു.എസ്‌.ഹെലിക്കോപ്റ്ററിനെ സൂചിപ്പിക്കുന്നു.
ഗ്വാട്ടിമാലയിലെ മയാ കീ ഷേ എന്ന ആദിവാസി ഗോത്രഭാഷയിൽ എഴുതുന്ന കവിയാണ് ഹുംബർട്ടോ അക്കാബൽ )

നാല്പതിലെത്തിയ ആണുങ്ങൾ - ഡൊണാൾഡ് ജസ്റ്റിസ് (പരിഭാഷ, യു.എസ്.എ,1925 - 2004)



ഒരിക്കലും മടങ്ങിപ്പോകാത്ത
മുറികളിലേക്കുള്ള വാതിലുകൾ
പതിയെ അടയ്ക്കാൻ പഠിക്കുന്നു
നാല്പതിലെത്തിയ ആണുങ്ങൾ

കേറിച്ചെന്ന പടിത്തട്ടിൽ തെല്ലിളവേൽക്കെ
കാൽക്കീഴിലൊരു കപ്പൽത്തട്ടു പോലതു
നീങ്ങുന്നത് അവരനുഭവിക്കുന്നു.
പതിഞ്ഞ ചാഞ്ചക്കമാണെങ്കിലും.

കണ്ണാടികളുടെ ആഴത്തിൽ
അവർ വീണ്ടും കണ്ടെത്തുന്നു
ആരും കാണാതെ അച്ഛൻ്റെ ടൈയെടുത്തു
കെട്ടാൻ പഠിക്കുന്ന പയ്യൻ്റെ മുഖം.

ആ അച്ഛൻ്റെ മുഖത്തിപ്പൊഴും
ഷേവിങ് ക്രീമിൻ്റെ നിഗൂഢസുഗന്ധം.
മക്കളെക്കാളേറെ അച്ഛന്മാർ, അവരിപ്പോൾ.
എന്തോ ഒന്ന് അവരെ നിറക്കുന്നു,എന്തോ ഒന്ന്.

അവരുടെ പണയത്തിലായ വീടിനു പിന്നിലെ
ചെരിവിന്നടിയിലെ കാട്ടിൽ നിറയുന്ന,
അന്തിവെളിച്ചത്തിലിടവിടാതുയരുന്ന
ചീവീടിനൊച്ചപോലെന്തോ ഒന്ന്.

- 1967

Monday, May 25, 2020

നദി - പി.രാമൻ


The shimmering waters of the Truro river on a misty morning seen ...



ഞാൻ കാണിച്ചു കൊടുത്ത മുതുകത്തേക്ക്
ഉയരെ നിന്നും കാട്ടരുവി
ഒരൊറ്റ വീഴ്ച്ച.

എൻ്റെ മുതുകത്തിരുന്ന്
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും 
സ്വയം വീശി വീശി
നദി എഴുന്നള്ളുന്നു
എൻ്റെ ഗ്രാമത്തിലേക്ക്.

നദി മാത്രം കാണപ്പെടുന്നു.

Sunday, May 24, 2020

കവിയ്ക്ക് അറുപത് - പി.രാമൻ


എഴുതിത്തുടങ്ങിയ കാലത്ത്
ആദ്യം അഭിനന്ദിച്ച വായനക്കാരെ കവിയോർത്തു.
വേറാരും മണക്കാത്ത പൂക്കൾ
ഇഷ്ടപ്പെട്ടവരായിരുന്നു അവർ.
അനാഘ്രാത പുഷ്പങ്ങളെ മാത്രമേ
അവർ ഇഷ്ടപ്പെടൂ.
ഉച്ചത്തിൽ മുഴങ്ങിയിരുന്ന
അവരുടെ കയ്യടി ശബ്ദം
ആദ്യ പുസ്തകം ഇറങ്ങിയപ്പൊഴേക്കും
താണുതാണു വന്ന്
പതുക്കെ ഇല്ലാതായി.
കയ്യെഴുത്തു വായിച്ചു വിസ്മയിച്ച
അതേ കവിത
അച്ചടിച്ചു വന്നപ്പോൾ കീറി മുറിച്ചു.

ഓരോ കവിതയും
മുമ്പാരും മണക്കാത്ത പൂവാക്കാൻ
കവി പരിശ്രമിച്ചു.
പക്ഷേ അതുകൊണ്ടെന്ത്!
അയാൾ എപ്പൊഴേ
അനാഘ്രാതപുഷ്പ-
മല്ലാതായിക്കഴിഞ്ഞിരുന്നു.

കവിക്കിപ്പോൾ
അറുപതു തികഞ്ഞു.

ആരും മണക്കാത്ത ഒരു കവിത
ഇപ്പോൾ
സങ്കല്പിക്കാൻ പോലുമാവുന്നില്ല.
ആരും ഒന്നും
മണക്കുന്നില്ലെങ്കിലും.

മുഖങ്ങളും കുന്നും -പി.രാമൻ


മുഖങ്ങളും കുന്നും


കുന്നിൻപുറത്തു ചെന്നിരുന്ന രാത്രി
പുതിയൊരു കൂട്ടുകാരനെ കിട്ടി.
ഒരു വാനനിരീക്ഷകൻ.

ഏറ്റവും ദൂരെയുള്ള നക്ഷത്രമായിരുന്നു
അവനു പ്രിയം.
അതാകട്ടെ തളർച്ചയോടെ 
ഇമ ചിമ്മിക്കൊണ്ടിരുന്നു.
ചിമ്മി മിഴിക്കാൻ ഏറെ നേരമെടുത്തു.
ആ ഇടവേളയിൽ പലതും പറഞ്ഞ്
അതവിടെ മറന്നുവെച്ചു നാം കുന്നിറങ്ങിപ്പോന്നു.

ഒടുവിൽ ഇപ്പോളതു
തിളങ്ങിത്തിളങ്ങി വരുന്നു.
ആ നക്ഷത്രത്തിനടിയിൽ
കടുംവെളിച്ചം കണ്ണിലടിക്കുന്നതിൻ്റെ 
ഇരുട്ട്.
ഒന്നും തിരിച്ചറിയാൻ വയ്യ
മുഖങ്ങളോ കുന്നോ

ഇശൈ കവിതകൾ (പരിഭാഷ, തമിഴ്)

ഇശൈ:
1977-ൽ ജനിച്ചു.കോയമ്പത്തൂർ ജില്ലയിലെ ഇരുകൂർ സ്വദേശി. ശരിപ്പേര് ആ. സത്യമൂർത്തി. ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്നു.2000-നു ശേഷം പേരെടുത്ത തമിഴ് കവികളിൽ പ്രമുഖൻ. കാറ്റു കോതും വണ്ണത്തുപ്പൂച്ചി (2002), ശിവാജി ഗണേശനിൻ മുത്തങ്കൾ ( 2011), അന്തക്കാലം മലൈയേറിപ്പോനതു(2014), ആട്ടുതി അഴതേ! (2016), വാഴ്ക്കൈക്കു വെളിയേ പേശുതൽ (2018) നായകൻ വില്ലൻ മറ്റും ഗുണച്ചിത്തിരൻ (2019) എന്നീ കവിതാ സമാഹാരങ്ങൾക്കു പുറമേ നാല് നിരൂപണ കൃതികളുമുണ്ട്.

കവിതകൾ:

1.
ദൈവം

ശിവരാജണ്ണനെ ലോറി ഇടിച്ചു തെറിപ്പിച്ചു.
''പ്രാർത്ഥിക്കൂ അങ്കിൾ"
ഫോണിൽ കരഞ്ഞു, അണ്ണന്റെ മകൾ
അപ്പോഴാണ് ബോധ്യമായത്
എനിക്കു മുട്ടുകുത്താൻ
ഒരു ദൈവമില്ല എന്ന്.
എന്നാലും
മുട്ടുകുത്തുക തന്നെ വേണം.
സർജറി ചെയ്യുന്ന ഡോക്ടർമാരും
അതു തന്നെ പറയുന്നു.
ശിവരാജണ്ണൻ
ദിവസവും രണ്ടു തവണ
ഒഴിഞ്ഞു നിന്ന്
ആനന്ദത്തോടെ പുകവിടാറില്ലേ
ആ മെയ്ഫ്ലവർ മരത്തിനടിയിലേക്കു
ഞാനോടി.
അതിന്റെ മുന്നിൽ മുട്ടുകുത്തി.


2.
മധുര

"താങ്കൾക്ക് 4 കോടി കടം നൽകാൻ ഉദ്ദേശിച്ചിട്ടുണ്ട്.
എപ്പോഴാണ് അത് സ്വീകരിക്കുക?"
എന്നു ചോദിച്ചു, ഒരു ശബ്ദം
" ഇല്ല.... ഏയ്, വേണ്ട" എന്നു ഞാൻ.
ചില ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും അതേ വിളി.
2 കോടി തരാൻ പോകുന്നു.
" വേണ്ട" എന്നു ഞാൻ.
ഇന്നലെ
വീണ്ടും വിളിച്ചു.
50 ലക്ഷം തരുന്നതായി പറഞ്ഞു.
അണ്ഡചരാചരങ്ങളേയും
നൽകാൻ പോന്ന ശബ്ദം അത്.
വേണ്ടെന്നു പറഞ്ഞിട്ടും
തന്നു കൊണ്ടേയിരുന്നു അവൾ.
6 കോടി 50 ലക്ഷം
ചുമടെടുത്തെങ്കിലും
തിരിച്ചടച്ചേ പറ്റൂ


3.
അത്ഭുതം

അമ്മി പറക്കും ആടിമാസത്തിൽ
കാറ്റിനെതിരെ
പൊയ്ക്കൊണ്ടിരുന്നു.
കാറ്റ്
എന്റെ ഹെൽമറ്റ് അടിച്ചു പറത്തിക്കളഞ്ഞു.
അമ്മി
എന്റെ തലയും.


4.
തിരുനാൾ

ഉച്ചിയിലിരുന്ന്
എല്ലാത്തിനേയും നോക്കുന്നു നിലാവ്.
അതിന്റെ മനസ്സ്
തേഞ്ഞു തേഞ്ഞില്ലാതാകുന്ന തിരുനാൾ
പൗർണ്ണമി എന്നു പറയുന്നു മാലോകർ



5.
ചെറിയ കുലുക്കം

ലോകം
ഒരു ചെറിയ കുലുക്കം കുലുങ്ങി
പതിവു നിലയിലേക്കു മടങ്ങിയെത്തി.
നാശനഷ്ടം കാര്യമായൊന്നുമില്ല.
ഒരു ചില്ലുപാത്രം ഉടഞ്ഞു.
ഏതിൽ നിന്നു കുടിച്ചാൽ
നിന്റെ ദാഹം തണിയുമോ
ആ ചില്ലുപാത്രം.



6.
മഹത്തായ ഈച്ച

മേഘമാർഗ്ഗത്തിലുയരെപ്പറന്നും
ഭൂമിയിലാഴത്തിലുഴുതും
സഞ്ജയ് പാടുന്നു.
സഞ്ജയ് പാടുമ്പോൾ
മൈക്കും ഒരു മധുരപലഹാരമാകുന്നു.
അതിന്റെ മെതുമെതുപ്പിൽ ചുറ്റിപ്പറന്നു കൊണ്ടിരിക്കുന്നു ഒരു ഈച്ച
അദ്ദേഹം അത്രയരികിൽ വരുമ്പോഴും
അത് ആടാതെയനങ്ങാതെ അമർന്നിരിക്കുന്നു.
മൃദംഗ ധ്വനിയും തന്തികളുടെ നാദവും
വിരട്ടുന്നതിനു മറുപടിയായി
അതു വീണ്ടും വീണ്ടും അവിടെ വന്നിരിക്കുന്നു.
പുലരിയിലെ ഇളങ്കാറ്റിന്നേകാന്തത പോലെ
വൈദ്യുത വയറുകൾക്കു മേൽ
അരിച്ചുകൊണ്ടിരിക്കുന്നു.
മഹത്തായ വിഷയങ്ങൾക്കു മേലേ
ഈച്ചയായിരിക്കൂ പാവം ഹൃദയമേ!



7.
ഡമ്മി ഇശൈ

വീട്ടിൽ നിന്ന് 15 ദിവസം
വിട്ടു നിൽക്കേണ്ടി വന്നതിനാൽ
അമാനുഷ ശക്തിയുടെ സഹായംകൊണ്ട്
ഒരു 'ഡമ്മി ഇശൈ'യെ ഞാനുണ്ടാക്കി.
അതിന് എന്റെ നടപ്പും വസ്ത്രവും ഭാവനയും
കല്പിച്ചു നൽകി.
ഒരു മൊബൈൽ ഫോൺ
കയ്യിൽ വച്ചു കൊടുത്തു.
മനസ്സലിയുമാറ് അതിന്റെ കൈകൾ
ചേർത്തു പിടിച്ച്
നന്ദിപൂർവം ഞാൻ വിട പറഞ്ഞു.
അടുത്ത ദിവസം വിളിച്ചപ്പോൾ അത്
എന്റെ മോന്റെ ഗൃഹപാഠങ്ങൾ
വളരെ കടുപ്പമാണെന്നു പറഞ്ഞു.
ദിവസം ചെല്ലുന്തോറും
പരാതികൾ കൂടിക്കൂടി വന്നു.
തനിക്ക് ശ്വാസം മുട്ടാണെന്നും
വേഗം തിരിച്ചു വരണമെന്നും പറഞ്ഞ്
ശല്യപ്പെടുത്താൻ തുടങ്ങിയപ്പോൾ
ഞാനതിനെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു.
മന്ത്രവാദിയുടടുത്തേക്കു
പറഞ്ഞു വിടുമെന്ന് മെരട്ടി.
അതോടെ അതിന്റെ ഫോൺ വിളി നിന്നു.
വിട്ടുനില്പിന്റെ ഏകാന്തത തീരുന്ന
അവസാന ദിവസം
എന്റെ വരവറിയിച്ച്
ഞാനതിനെ വിളിക്കേ,
ഒരു കിളിമൊഴി പറഞ്ഞു:
"നിങ്ങൾ ഇപ്പോൾ വിളിക്കുന്ന നമ്പർ
പ്രപഞ്ചത്തിനു പുറത്താണ്."



8.
 3.കി.മീ

ആ നാട്ടിലേക്ക്
ഈ വഴി 3 കി.മീ. എന്നു
കാട്ടിക്കൊണ്ടു നിൽക്കുന്ന
വഴിചൂണ്ടിക്കാലിന്
ആ നാടൊന്നു കാണാൻ
ആശയുണ്ടായി, ഒരുനാൾ.
ആശയടക്കാനാവാതെ
അത് നടക്കാൻ തുടങ്ങി.
3 കി.മീ എന്ന തന്നെ
പിന്തിരിഞ്ഞു നോക്കിക്കൊണ്ട്
അകന്നകന്നു പോയി
ആ നാട്.



9.
ആത്മഹത്യക്കൊരുങ്ങുന്നവൻ

ആത്മഹത്യക്കൊരുങ്ങുന്നവൻ
വിഭ്രാന്തിയിൽ
എന്തെല്ലാമോ ചെയ്യുന്നു.
അവന്റെ കൈയ്യിലൊരു
കുടുംബ ഫോട്ടോ കിട്ടുന്നു.
അതിൽ നിന്ന്
തന്റെ രൂപം പിരിച്ചു മാറ്റാൻ വേണ്ടി
കത്രികയെടുത്ത് മുറിക്കാൻ തുടങ്ങുന്നു.
എത്ര സൂക്ഷ്മമായി ശ്രമിച്ചിട്ടും
കൈകോർത്തിരിക്കുന്ന
അനിയത്തിയുടെ ചൂണ്ടുവിരൽത്തുമ്പ്
ഞാനുമുണ്ട് എന്നു കൂടെത്തന്നെ വരുന്നു.


10.
വളർന്നാലും നടന്നാലും.

എന്റെ തോട്ടത്തിൽ
ഒരു റോസാപ്പൂവ്.
അതിനുള്ള മുടി
വളരെ ദൂരെയെങ്ങോ.
റോസാപ്പൂവിൻ സ്വപ്നത്തിൽ മുടിയും
മുടിയുടെ സ്വപ്നത്തിൽ റോസാപ്പൂവും
കൂടെക്കൂടെ വന്നു മറഞ്ഞു.
മുടിയെക്കുറിച്ചോർത്തോർത്ത്
പൂവു കറുത്തു വന്നു.
മുടി ചുവന്നും വന്നു.
റോസാപ്പൂവിനു നടന്നു ചെല്ലാനോ
മുടിക്കു വളർന്നു നീളാനോ കഴിഞ്ഞില്ല
വളർന്നാലും നടന്നാലും
തമ്മിൽ ചേരാൻ
ഒരിക്കലുമവയ്ക്കു കഴിയില്ല.


11.
മധുരരാത്രി

ഉത്സാഹം സഹിക്കാത്ത നർത്തകൻ
പാട്ടു ശബ്ദം കൂട്ടുന്നതു പോലെ
ഈ രാവിൽ
ഇനിയും ഇനിയുമെന്ന്
നിലാവു കൂട്ടി വയ്ക്കുന്നു ഒരാൾ



12.
 മഴയിതാ വന്നു വീശുന്നു.

ഭ്രാന്തനുണ്ടായിരുന്നു, ഒരു വീട്.
ഓടിച്ചു വിട്ടു.
കടവരാന്തകളുണ്ടായിരുന്നു
വിരട്ടി വിട്ടു.
ഭ്രാന്തനുണ്ടായിരുന്നു
ഒരു പുളിമരത്തിന്റെ കരുണ,
വെട്ടിവീഴ്ത്തി.
ഉണ്ടായിരുന്നു, ഇടിഞ്ഞ പള്ളിക്കൂടത്തിന്റെ
ഇടിയാത്ത പകുതി.
അതു മുഴുവൻ ഇടിച്ചിട്ടു.
ഭ്രാന്തനുണ്ടായിരുന്നു ഒരു ഗണപതിയമ്പലനട
ഗണപതിക്കു ചതുർത്ഥിയും വന്നു.
ഭ്രാന്തനുണ്ടായിരുന്നു മൊട്ടപ്പറമ്പ്.
മഴയിതാ വന്നു വീശുന്നു.
പെട്ടിക്കടക്കാരുടെ കയ്യിൽ കമ്പും
ചായക്കടക്കാരുടെ കയ്യിൽ ചൂടുവെള്ളവുമുണ്ട്.
എന്നാലുമെന്ത്,
ഭ്രാന്തനുണ്ട് അവന്റെ ഭ്രാന്ത്.



13. 
ഓർമ്മയിൽ വീടുള്ള മനുഷ്യൻ
(സച്ചിദാനന്ദന്റെ ഓർമ്മയിൽ കാടുള്ള മൃഗം എന്ന കവിത ഓർമ്മിച്ച് )

ഓർമ്മയിൽ വീടുള്ള മനുഷ്യൻ
മൗറീഷ്യസ് ദ്വീപിലേക്കു പുറപ്പെടുന്നു.
യാത്ര തുടങ്ങുമ്പോൾ
തന്റെ വീടു മൂടോടെപ്പറിച്ചെടുത്തു
കപ്പലിൽ കേറ്റി വെക്കുന്നു.
പാവം, അതു ചാഞ്ചാടിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞാഴ്ച അയാളൊരു
സിനിമ കാണാൻ പോയിരുന്നു.
പറഞ്ഞതു കേൾക്കാതെ
അമിത വേഗത്തിൽ ബൈക്കോടിച്ചു പോയ
തന്റെ ഇളയ മകൻ
ഒരു ലോറിച്ചക്രത്തിനടിയിൽപ്പെട്ടു
ചതഞ്ഞരയുന്നത് അതിലയാൾ കണ്ടു.
ഓർമ്മയിൽ വീടുള്ള മനുഷ്യൻ
പാർക്കുകളിലെ ചെടിപ്പടർപ്പുകൾക്കിടയിൽ
തന്റെ മകളെത്തന്നെ കാണുന്നു.
ഓർമ്മയിൽ വീടുള്ള മനുഷ്യന്
ഇരുപത്തേഴിന്റെ പെരുക്കപ്പട്ടിക
മനപ്പാഠമറിയാം
ഓർമ്മയിൽ വീടുള്ള മനുഷ്യന്റെ ഗ്യാസ് സിലിണ്ടർ
താനേ തുറക്കുന്നു.
അയാൾ ആപ്പീസിൽ പോയ നേരത്ത്
അത് 'ഡും' എന്നു പൊട്ടിത്തെറിക്കുന്നു.
ഓർമ്മയിൽ വീടുള്ള മനുഷ്യന്റെ തലക്കു മേൽ
ഒരു പുകക്കുഴൽ നീണ്ടു നിൽക്കുന്നു.
അയാളുടെ നെഞ്ഞിൽ
എന്തോ ഒന്ന് എപ്പോഴും
എരിഞ്ഞുകൊണ്ടിരിക്കുന്നു.
ഓർമ്മയിൽ വീടുള്ള മനുഷ്യൻ
കടൽ വഴിയേ പോയി
കടൽ വഴിയേ തന്നെ മടങ്ങി വന്നെങ്കിലും
കണ്ടില്ലയാൾ
ഒരു തുള്ളിയെങ്കിലും നീല



14. 
ഒരിടത്ത് നാലഞ്ചു രാജാക്കന്മാർ

ഒരിടത്തൊരു രാജാവുണ്ടായിരുന്നു
എന്ന കഥ
മുത്തശ്ശി അമ്മക്കു പറഞ്ഞു കൊടുത്തു.
അമ്മ എനിക്കു പറഞ്ഞു തന്നു.
ഞാനെന്റെ മകനോടു പറഞ്ഞപ്പോൾ
അക്കഥ ഇഷ്ടമാകാത്ത അവൻ
അതു മാറ്റി
'ഒരിടത്ത് നാലഞ്ചു രാജാക്കന്മാർ' എന്ന്
കൂട്ടുകാർക്കു പറഞ്ഞു കൊടുത്തു.
കഥ കാട്ടുതീ പോലെ എങ്ങും പരന്നു.
കാലാകാലമായ്
ഒരു രാജാവുണ്ടായിരുന്ന കഥ
നടത്തിക്കൊണ്ടിരുന്ന അദ്ധ്യാപകർ
വലിയ ആവേശത്തോടെ
ഇക്കഥ പഠിപ്പിക്കാൻ തുടങ്ങി.
അതു കേട്ടറിഞ്ഞ രാജാക്കന്മാരെല്ലാം
സ്വന്തം ഊരിൽ നിന്ന് ഊരിയ വാളുമായ്
എന്റെ വീട്ടിലെത്തി.
'തീർച്ചയായും ഒരിടത്ത് ഒരേയൊരു രാജാവു തന്നെ.
മകൻ കുഞ്ഞ്.
അവന്റെ കുസൃതിത്തരംകൊണ്ടു വന്ന തെറ്റ്
മാപ്പാക്കണം'
എന്നു ഞാനവരോടു കൈകൂപ്പിത്താണപേക്ഷിച്ചു.
ഇതിനിടയിൽ
ഏതോ ഒരു ദ്രോഹി
ഒരിടത്ത് നാലഞ്ചു രാജാക്കന്മാർ എന്ന
എന്റെ മകന്റെ കഥ
ഒബാമക്ക് ഈ മെയിൽ ചെയ്തു കളഞ്ഞു.



15.
ശക്തിക്കൂത്ത്

ഇത്രയേറെ ഇമ്പങ്ങൾക്കിടയിൽ
എന്നെ ഇറക്കിവിട്ട്
അതേ വിമാനത്തിൽ പറന്നകന്നു, അമ്മ.
പോകും മുമ്പ്
എന്നെ ചേർത്തു തഴുകി
മുഖത്തെങ്ങുമുമ്മവെച്ച്
അമ്മ ഇങ്ങനെ പറഞ്ഞു:
"ഒന്നും തൊട്ടുപോകരുതേ!"



16.
ജഗദ്കാരിണി

കാറ്റിങ്ങനെ വീശുമോ എന്താ?
മുടിയിങ്ങനെയലങ്കോലമാകുമോ എന്താ?
തന്നത്താൻ വീശും കാറ്റ് ഇങ്ങനെയോ വീശുക?
തനിയേ അലങ്കോലമാകും മുടി ഇങ്ങനെയോ ചിതറിപ്പാറുക?
നീയേ കാറ്റ്!
മുടി നിന്റേത്!
എല്ലാം അലങ്കോലമാക്കുന്നതും നീയേ,
നിന്റെ മുടി ഉൾപ്പെടെ


17. 
ലീവ്

ഇന്നതികാലത്ത്
ഒരോടുവീടിൻ മേൽക്കൂര മേൽ
എഴന്നരുളിയിരിക്കുന്നു ഒരു മയിൽ.
ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ ആ വീട്
പെട്ടെന്നൊരു കലാലയമായിത്തീർന്നു.
പവിക്കുട്ടി തുള്ളിച്ചാടിക്കുതിച്ചു.
മയിലിനോടെന്തെല്ലാമോ പറഞ്ഞു.
അതു പീലി വിരിച്ചൊരു കുലുക്കു കുലുക്കിയതും
"ഇന്ന് ഉസ്ക്കൂള് ലീവേ" എന്നു കൂവി അവൾ
നൃത്തവും പാട്ടും തന്നെ.
കൊക്കിക്കളിച്ചു കൊണ്ടവളതിനെ വിളിച്ചു
"എനിക്കറിയില്ലേ" എന്നത് ആത്മാർത്ഥമായിപ്പറയുന്നത്
എനിക്കു കേൾക്കാം.
മയിലൊന്നും അങ്ങനെ ചുമ്മാ വരില്ല.
പവിയുടപ്പൻ വീടു വിട്ടോടിയപ്പോൾ
കൂടെ ഓടിപ്പോയ
അവളുടെ ചിരി
തിരികെ കൊത്തിക്കൊണ്ടുവന്നിരിക്കയാണത്



18.
 പറഞ്ഞതു കേൾക്കാതെ.

ഞാൻ നിന്റെടുത്ത്
എത്ര വട്ടം പറഞ്ഞു,
സത്യത്തെ ഇത്രയടുത്തു നിന്ന്
നോക്കരുത് എന്ന്.
ഇപ്പോഴോ തല പൊട്ടിച്ചാകാൻ കിടക്കുന്നു



19
കലാരൂപിണി

എൻ്റെ അപമാനങ്ങൾ കഴുകാൻ
നൂറു സമുദ്രങ്ങൾ വേണം.
എൻ്റെ മുറിവുകളുണക്കാൻ
നൂറു വൈദ്യന്മാർ വേണം
എന്നെയല്പം നറുമണമൂട്ടാൻ
നൂറു തൈലക്കുപ്പി വേണം.
എൻ ദുഃഖങ്ങൾ കടയാൻ
നൂറു മലയും നൂറു പാമ്പും വേണം.
എൻ തലയിലെപ്പിശാചിൻ്റെ
പേക്കൂത്തടക്കാൻ
നൂറു മന്ത്രവാദങ്ങൾ വേണം.
എൻ്റെയിമകൾ താഴ്ത്തി
കൺകൾക്കുമേൽ വെക്കാൻ
നൂറു നൂറു ദൈവങ്ങൾ വേണം
ഇവയൊന്നുമില്ലെങ്കിൽ
ഒരു പൊട്ടു നീ വേണം.



20
ജ്യോതി പ്രകാശം

"ഈ പേന ആ മേശപ്പുറത്തു വെക്കൂ"
എന്നു പറഞ്ഞു നീട്ടി, അവൾ.
അവൻ അതു വാങ്ങി.
അവൾ നീട്ടിക്കൊണ്ടേയിരുന്നു.
അവൻ വാങ്ങിക്കൊണ്ടേയിരുന്നു.
അവൾ വിടുന്നില്ല.
അവൻ വിടുവിക്കുന്നുമില്ല.
അവിടെയൊന്നും നടക്കുന്നില്ല.
അവിടെ അത്രയും നടന്നുകൊണ്ടിരുന്നു.
അവിടെ കാലം സ്തംഭിച്ചു നിന്നു.
നര മുറ്റിയ ദമ്പതിമാർ
ഈ ഒന്നുമല്ലാത്ത ഒന്ന്
തുടച്ചു തുടച്ചു തിളക്കി വെയ്ക്കുന്നു
നടുവീട്ടിൽ.



21
രാക്ഷസക്കപ്പൽ

കുന്നിൻ ഉച്ചിയിൽ
കടലിന്നടിയിൽ
ഗുഹയിരുട്ടിൽ
എനിക്കായൊരിടം
എവിടെയുമില്ല.
ഞാൻ നീങ്ങുമ്പോൾ
കൂടെ നീങ്ങുന്നു
ഒരു രാക്ഷസക്കപ്പൽ
അതിനുളളിൽ കിടക്കുന്നു
അത്രയുമിടം.



21
അസാധാരണ കാലത്തിൽ ഒരു സാധാരണ ഞാൻ


എൻ്റെ കൈ
എൻ്റെ മൂക്കത്തൊന്നു തൊട്ടാൽ
ഞാൻ മരിച്ചു പോകും
എന്നവർ പറയുന്നു.
"എനിക്കാരുമില്ല
ഞാൻ പോലും"



22
അമൃത്

അവൾക്കു മൊത്തം മൂന്നു വായകൾ
അണ്ണാനോടിത്തിരിയുന്ന മുറ്റത്തു നിന്നുകൊണ്ട്
തഞ്ചത്തിൽ കളിചിരിയോടെ
കുഞ്ഞുങ്ങളെയൂട്ടുന്നു അവൾ.
സാരിത്തലപ്പു പിടിച്ച്
കാലുകൾ ചുറ്റിച്ചുറ്റിത്തിരിയുന്നു
ഒരാൾ.
മറ്റൊരാൾ ഇടുപ്പിലമർന്നിരിക്കുന്നു.
രണ്ടുപേർക്കുമവൾ
മാറി മാറിയൂട്ടുന്നു.
ആരോ ഒരാൾ
വാശി പിടിച്ചു ചിണുങ്ങുമ്പോൾ
"അണ്ണാനു കൊടുക്കും" എന്നു മിരട്ടുന്നു.

മണ്ടിപ്പായ്ച്ചിലിൽ നിന്നു
പലകാലംകൂടി
ആശ്വാസത്തിലേക്കു മടങ്ങി, അണ്ണാൻ.
മെല്ലെ മെല്ലെ
പേടിച്ചും സംശയിച്ചും
അതു താഴെയിറങ്ങി വന്നു.
മെല്ലെ മെല്ലെ
മേലേക്കുയർന്നു വന്നു അമ്മ.
ഇന്ന്
ഇത്തിരിയമൃതെടുത്ത് അണ്ണാനെയൂട്ടി
മഹാജനനി.
അപ്പോളവൾക്ക് എണ്ണമറ്റ വായകൾ.


23
നൂറ്റാണ്ടിനു പിന്നിൽ

വേഗത്തിലോടി വന്നു
ചവിട്ടിക്കുതിച്ചു
വായുവിലുയർന്ന്
തുഞ്ചത്തെ ചോപ്പരളിപ്പൂക്കൾ
പറിച്ചെടുത്തു.
എട്ടു സെക്കൻ്റ് 
എന്നെ പറക്കാൻ വിട്ടതെന്തോ 
അതിന്
കണ്ണീർ ചൊരിഞ്ഞുകൊണ്ടെൻ്റെ നന്ദി.


24

കൂടുതൽ


കാറു നിറുത്തി അവൾ വഴി ചോദിച്ചു.

മംഗളകാര്യത്തിനു പോകുന്നവളെപ്പോലെ.

'മംഗളം' എന്ന മട്ടിലിരുന്നു അവൾ.

ശരിക്കു മനസ്സിലായ ശേഷവും
കൂടുതലായ് കുറച്ചവൾ ചോദിച്ചു.

തെളിച്ചു പറഞ്ഞ ശേഷവും
കൂടുതലായ് കുറച്ചു ഞാൻ പറഞ്ഞു.

കാറു വിട്ടിറങ്ങി
ദിവസം മുഴുവൻ
എന്റെ കൂടെക്കറങ്ങി, അവൾ.

കാറിൽക്കേറി
നാടുനീളെ യാത്ര ചെയ്തു ഞാൻ.


25

പാട്ടിമ്പം

മെല്ലെയുരുണ്ടു പോകുന്ന മോട്ടോർസൈക്കിളിൽ
എന്തോ വിറ്റുകൊണ്ടയാൾ പോകുന്നു.

എത്ര ചെവി കൂർപ്പിച്ചാലും
എന്താണെന്നു തെളിയുന്നില്ല.

എന്തു വിൽക്കുന്നുവെന്നറിയാതെ
എങ്ങനെ വാങ്ങും?

തുടക്കത്തിലയാൾ വിൽപ്പന തന്നെയായിരുന്നു.
ഏതോ ഒരു നിമിഷം
പെട്ടെന്നൊരു പാട്ടിൽ കയറിപ്പോയി.

ഇതാ ... പാടിക്കൊണ്ടു പോകുന്നു.

പാട്ടിൽ കേറിയ ശേഷം
അയാളൊന്നും വിൽക്കുന്നില്ല
ആരെയും വിളിക്കുന്നുമില്ല.


26

യാത്ര

ഇരുചക്രവാഹന യാത്രയിൽ
അച്ഛനുമമ്മക്കുമിടയിലെ ഇടുക്കത്തിൽ
ഞെരിഞ്ഞിരിക്കാൻ ഇഷ്ടമില്ലാതെ
സീറ്റിനുമേൽ കയറി നിന്നുകൊണ്ട്
ഘോഷയാത്രയായ് വരുന്നു ഒരു പെൺകുട്ടി.

അവളുടെ തല
പുറം ലോകത്തിന്റെ പൂർണ്ണതയിൽ തിളങ്ങുന്നു.
കാറ്റിന്റെ സുഖത്തിൽ
മുടി നൃത്തമാടുന്നു.

എന്റെ ചെല്ലക്കുട്ടീ,
എന്തിന്മേൽ കേറി നിൽക്കും ഞാൻ?


27

ഉടഞ്ഞുയരുന്ന നറുമണം.


കൈ തെറ്റി,
വീണ്ടുമൊരു ചായക്കു പറഞ്ഞു

രണ്ടു ചായയുടെ
കാശു കൊടുത്തു.
ഒന്നിന്റേതേ എടുത്തുള്ളൂ.

"രണ്ട്" ഞാൻ ഊന്നിപ്പറഞ്ഞു.
"ഒന്നു മതി" അയാൾ ചിരിച്ചു.

ഞാൻ
നിറമനസ്സോടെ കൊടുത്തു.

അയാൾ
നിറമനസ്സോടെ തടുത്തു.

കൈ തെറ്റിക്കിട്ടിയ
മനം നിറഞ്ഞ നാൾ ഇന്ന്.


28

കൊക്കിന്റെ ഗീതം

ഏതോ ഒരു ദൂരദേശം....

പുൽമേടിന്റെ പിന്നണിയിൽ നിന്ന്
പാടിക്കൊണ്ടിരുന്നു ഒരു പാട്ടുകാരൻ.

മേലേ
മഴക്കറുപ്പിൻ ചന്തത്തിൽ
പൂത്തിരിക്കുന്നു വാനം

അപ്പോൾ
ആ നിലക്കാഴ്ച്ചയെ
കീറിമുറിച്ചൊരു കൊക്കു പറന്നു.

ഐയ്യോ ...

അത്
അവന്റെ പാട്ടു തൂക്കിയെടുത്തു പറക്കുന്നു.
പാട്ടു പറക്കേ
അവനും പറക്കുന്നു.
അവന്നൊപ്പം പറക്കുന്നു
പച്ചയും കറുപ്പും
നോക്കിയിരുന്ന ഞാനും
ചേർന്നു പറന്നു.


29

ബാത്റൂം പൈപ്പ് കിനിഞ്ഞുകൊണ്ടിരിക്കുന്നു


ഒടുവിൽ

വീടേ വീട്ടു പോകാം

എന്ന തീരുമാനത്തിലെത്തി.


"അന്വേഷിക്കരുത്"

നീണ്ടൊരു കത്ത് എഴുതി വെച്ചു


എന്നിട്ട്

തെരുമുക്കിലെ

പെട്ടിക്കടയുടെ മറവിലൊളിഞ്ഞ്

ഉറ്റു നോക്കി ഞാൻ നിൽക്കുന്നു.



30

ഒരു പാട്ടിൽ പാടുന്നതേത്?



നസ്രത് അലി ഖാൻ

ഒറ്റക്കയ്യാൽ

വാനം തൊട്ടുകൊണ്ടിരിക്കും പടം

ഏറെ പ്രശസ്തം.


എനിക്കറിയാം

പാടുന്നതാ വാനം തന്നെ.


ഒഴിഞ്ഞൊരിടത്തേക്കുറ്റുനോക്കി

ഒരാൾ പാടിക്കൊണ്ടിരിക്കുന്നു.

അവിടെന്തെല്ലാമോ

തെളിഞ്ഞു മറയുന്നു.


എനിക്കറിയാം

ഒഴിവിൽ നിറഞ്ഞു വഴിയുന്നതെന്തോ

പാടുന്നതവ തന്നെ


കണ്ണുകളിറുക്കെയടച്ചുകൊണ്ടൊരാൾ

പാടുന്നു.

അത്രയും വെളിച്ചം ഉള്ളിൽ.


എനിക്കറിയാം

പാടുന്നതാ വെളിച്ചം തന്നെ.


ഒരാൾ പാടുന്നു

രണ്ടു കൈകളും നീട്ടി വിരിച്ച്

ഒരു യാചകൻ ഇരക്കുന്നതുപോലെ.


എനിക്കറിയാം

പാടുന്നതാ ഭിക്ഷ തന്നെ.


ഒരാൾ പാടുന്നു.

എതിരേ ഒരാൾ

തല താഴ്ത്തിയിരുന്ന്

തൂവാലകൊണ്ടു തുടയ്ക്കുന്നു.


എനിക്കറിയാം

പാടുന്നതാ കണ്ണീർ തന്നെ


സഞ്ജയ് ചിലപ്പോൾ

രണ്ടു കൈ കൊണ്ടും മുറുക്കിപ്പിഴിഞ്ഞ്

ഗുസ്തി കാട്ടുന്നു.


എനിക്കറിയാം

പാടുന്നതാ ഗുസ്തി തന്നെ.


കണ്ഠം

വെറുതേ

ഒരു പാട്ടാരംഭിക്കുന്നു.

അല്ലെങ്കിൽ

അവസാനിപ്പിക്കുന്നു.