എനിക്കു പത്തു വയസ്സുള്ളപ്പോൾ എൻ്റെ ജന്മനഗരം, *ബുക്കോവിനയിലെ ദൊവുത്സ്, എന്നെ പുറത്തേക്കെറിഞ്ഞു. അന്നേ ദിവസം അവളെന്നെ മറന്നു - ഞാൻ മരിച്ചാലെന്ന പോലെ. അവളെ ഞാനും മറന്നു.
നാല്പതു കൊല്ലം കഴിഞ്ഞ് പെട്ടെന്നൊരു ദിവസം അവൾ, എൻ്റെ ജന്മനഗരം, എനിക്കൊരു സ്മരണിക അയച്ചു. രക്തബന്ധമുള്ളതിനാൽ മാത്രം നമ്മെ ഇഷ്ടപ്പെടേണ്ടി വന്ന അസംതൃപ്തയായ ഒരമ്മായിയെപ്പോലെ.പുതുതായെടുത്തൊരു ഫോട്ടോയായിരുന്നു അത് ; അവളുടെ ഏറ്റവും പുതിയ തണുപ്പുകാല ഛായാചിത്രം. മുറ്റത്തു കാത്തു നിൽക്കുന്ന മൂടിക്കെട്ടിയൊരു കുതിരവണ്ടി. കുതിര തല ചെരിച്ച്, പടി ചാരുന്ന പ്രായം ചെന്ന മനുഷ്യൻ്റെ നേരെ ഇണക്കത്തോടെ നോക്കുന്നു. ഓ, ഒരു ശവമടക്കാണത്. കുഴിവെട്ടുകാരനും കുതിരയും മാത്രമുൾപ്പെട്ട ശവമടക്ക്.
ഉജ്വലമായിരുന്നു പക്ഷേ, ആ ശവസംസ്കാരച്ചടങ്ങ്.കനത്ത കാറ്റിൽ ആയിരക്കണക്കിനു മഞ്ഞുപാളികൾ അവിടെങ്ങും പരന്നു.തനതായ രൂപപ്പൊലിമയുള്ള സ്ഫടിക നക്ഷത്രമായിരുന്നു ഓരോ മഞ്ഞുപാളിയും. സവിശേഷമാകാനുള്ള ഒരേ വെമ്പൽ അവിടെ അപ്പോഴുമുണ്ടായിരുന്നു. അതേ മായിക ഭാവം.മഞ്ഞു നക്ഷത്രങ്ങൾക്കെല്ലാം ഒരേ ആകൃതിയാവുകയായി - ആറു മുനയുള്ള, ദാവീദിൻ്റെ നക്ഷത്രം, ശരിക്കും. ഒരു നിമിഷത്തിനകം അവയെല്ലാമുരുകി മഞ്ഞിൻ പരപ്പായി മാറാൻ തുടങ്ങും. അതിനു നടുവിൽ എൻ്റെ ജന്മനഗരം ഒരുക്കി വെച്ചിട്ടുണ്ട്, എനിക്കു കൂടി ഒരു കുഴിമാടം.
* വടക്കൻ റുമാനിയയിലെ ഒരു പ്രദേശം.
നല്ല കവിത. നല്ല പരിഭാഷ.
ReplyDelete