Wednesday, June 10, 2020

യോസ ബൂസൻ ഹൈക്കു (പരിഭാഷ, ജപ്പാൻ,1716 - 1784)




Yosa Buson - 30 artworks - painting




വില്ലോ മരക്കീഴിലകൾ
വറ്റിയോരാറ്, നീളവേ
ചിന്നിക്കാണുന്ന കല്ലുകൾ




ഒറ്റ വെട്ടെൻ മഴുവിനാൽ
പെട്ടെന്നുണ്ടായ് വെളിപ്പെടൽ:
ജീവനുണ്ടീ മരത്തിനും.




ഒരു പട്ടം പറക്കുന്നി-
തവിടെത്തന്നെ,യിന്നലെ -
പ്പറന്നോരു നഭസ്സിലേ




ഭൂതകാലത്തിനാഴത്തിൽ
നിന്നെൻ വേലിക്കലാരിത്?
പ്ലം മരങ്ങൾ വെളുന്നനെ.




പ്ലം പൂവിൻ മണം നോക്കൂ
ചന്ദ്രനെപ്പൊതിയുന്നിതാ
പ്രഭാവലയമെന്നപോൽ.




വിടവാങ്ങുന്ന പൂക്കാലം
വൈകിപ്പൂത്ത മരങ്ങളെ-
ക്കണ്ടു ശങ്കിച്ചു നില്പിതാ.




രാപ്പാടി പാടിടുന്നൂ
തൻ കുഞ്ഞിവായ
തുറന്നിതാ




ശരൽക്കാല മഴ, രണ്ടു
കുഞ്ഞു വീടുകളങ്ങനെ
വീർത്തുന്തിയ പുഴക്കരെ.




എന്തു ചന്ദ്രൻ! അനങ്ങാതെ -
യൊന്നു നില്പായി കള്ളനും,
പാടുവാൻ നിന്നു പാടുവാൻ.




ആഴക്കിണറ്റിൽ മീനിൻ്റെ -
യരണ്ടോരൊച്ച കേൾപ്പിതാ
കൊതുക്കൾക്കായ് കുതിപ്പത്.




മുള്ളു വന്നു നിറഞ്ഞൊരു
പാടം രാവെത്തിടുമ്പൊഴോ
പ്രാണിതൻ ഗാനതല്ലജം.




പൂക്കാലക്കടൽ: പൊങ്ങുന്നൂ
താഴുന്നൂ തിരയെപ്പൊഴും
പൊങ്ങുന്നൂ താണിടുന്നിതാ




പഴതാവാമെൻ്റെ കണ്ണീർ
പക്ഷേയവയെപ്പൊഴും
കിണറ്റുറവ തന്നെയാം.





വിവാഹമോചിതയിവൾ
പാടത്തു ഞാർ നടുമ്പോളാഴ് -
ന്നമർത്തിത്താൻ നടുന്നിവൾ





ഈ മത്തനെൻ്റെ തോട്ടത്തിൽ
വിളഞ്ഞെന്നാകിലും ശരി
തോന്നുന്നൂ കട്ടെടുപ്പതായ്.




ഉയർന്നു താഴുന്ന കടലും
മരങ്ങൾ പോലെ വീർപ്പിടും
പച്ചച്ച നെടുവീർപ്പിടും.




മയങ്ങിയൊന്ന്
ഉണർന്നപ്പോൾ
പൂക്കാലം പോയ് മറഞ്ഞിതേ.




പടിഞ്ഞാറോട്ടു ചായുന്നൂ
നിലാവ്, പടരുന്നിതാ
കിഴക്കോട്ടേക്കു പൂനിഴൽ.





യോഷിനോ മലകൾ മേഘം
വിഴുങ്ങിക്കൊണ്ടു നില്പിതാ
ഇതൾ വിതറി നില്പിതാ.






വെള്ളത്താമര - സന്യാസി
പിൻവലിപ്പൂ പൊടുന്നനെ
കത്തി നീട്ടിയ തൻ്റെ കൈ.





ബാർലിക്കതിരു കൊയ്യുന്ന
വയസ്സൻ കുനിയുന്നിതാ
വളഞ്ഞൊരരിവാളുപോൽ.





കഴുകീടുന്നു കൈക്കോട്ട്,
വെള്ളത്തിലലമാലകൾ,
കാട്ടുതാറാക്കൾ ദൂരവേ.





ഹ്രസ്വമീ രാവ്, പൂമ്പാറ്റ -
പ്പുഴുവിൻ രോമരാജിമേൽ
മഞ്ഞിൻ്റെ മണിമുത്തുകൾ





മഞ്ഞുകാല നദി, താഴേ -
ക്കൊഴുകിപ്പോന്നിടുന്നിതാ
ബുദ്ധന്നായുള്ള പൂവുകൾ




വസന്ത ഋതുവിന്നന്ത്യം
ആധികൊള്ളുന്നൊരു കവി
വിമർശകരെയോർത്തിതാ.




കടക്കാൻ പാലമില്ലാഞ്ഞു
നദിക്കരയിലൂടവേ
നടക്ക - പകൽ നീണ്ടത്.




മഴയത്തൊരു മാൻ, മൂന്നു
വട്ടം കേട്ടൂ കരച്ചിൽ,പി -
ന്നൊന്നുമില്ലില്ല കേൾക്കുവാൻ





നദിക്കരയിലെ പ്ലമ്മേ,
നിഴലിക്കും നിൻ്റെ പൂക്കൾ
ശരിക്കുമൊഴുകുന്നുവോ?





ഏകാകിയായിടുന്നെങ്കി-
ലിപ്പോൾ ഞാൻ കൂട്ടുകാരനായ്
ചന്ദ്രനെത്തന്നെ കൂട്ടിടും.





പാണ്ഡിത്യപ്രഭ, ഹേ മിന്നാ-
മിനുങ്ങേ, നിൻ്റെ മേനിതൻ
കീഴിൽ നിന്നുയരുന്നിതാ.




പച്ചച്ച പ്ലം മരച്ചോട്ടി -
ലിരിക്കുന്നൊരു സുന്ദരി
പുരികം വരയുന്നിതാ.





പാത നീളുന്നിരൂപതു
നാളായെൻ മുന്നിൽ, പിന്നിലോ
മേഘശൃംഗമുയർന്നിതാ.





പഴങ്കുളത്തിൽ തവള
മൂത്തു മുറ്റുന്നു പോക്കനായ്,
ഇലകൾ പാറി വീണവ.





അരികത്തകലത്തായി
മഴച്ചെത്തം, പൊഴിഞ്ഞിടും
പച്ചിലച്ചാർത്തിലൂടവേ.




പൂക്കൾക്കിടയിലെത്തീ ഞാൻ
അവക്കടിയിൽ നിദ്രയായ്
അവധിക്കാലമങ്ങനെ.





ഇരുണ്ട ചിന്തകൾ പേറി -
ക്കേറീ കുന്നത്ത്, കാട്ടുറോസകൾ
പൂത്തതറിഞ്ഞിടാൻ.





ദുഃഖത്തിലാണ്ടു ഞാൻ
കുന്നു കേറുമ്പോൾ....
പൂത്ത മുൾച്ചെടി.





വാസന്ത രാത്രി,
സന്ധ്യക്കുമുഷസ്സിന്നുമിടയ്ക്ക്,
ഹായ്!





ആഹ്ലാദം കൂടിയുണ്ട്
ഏകാന്തതയിൽ,
ശരൽസന്ധ്യയിൽ.

No comments:

Post a Comment