Saturday, June 6, 2020

ലാങ്സ്റ്റൻ ഹ്യൂസ് കവിതകൾ (പരിഭാഷ,യു എസ് എ, 1902-1967)



1. 

ഞാനും പാടുന്നു: അമേരിക്കാ


ഞാൻ ഇരുണ്ട സോദരൻ
കൂട്ടുകൂടി രസിക്കാൻ ആൾക്കാർ വന്നപ്പോൾ
' അടുക്കളയിൽ പോയിരുന്നു തിന്ന് '
എന്നവരെന്നെ പറഞ്ഞയച്ചു.
പക്ഷേ, ഞാൻ ചിരിക്കുന്നു
നന്നായി തിന്നുന്നു
കരുത്തോടെ വളരുന്നു.

നാളെ
കൂട്ടം കൂടി രസിക്കാൻ ആൾക്കാർ വരുമ്പോൾ
മേശക്കരികെ ഞാനുണ്ടാവും.
' അടുക്കളയിൽ പോയിരുന്നു തിന്ന് '
എന്നെന്നോടു പറയാൻ
ആരും ധൈര്യപ്പെടില്ല, പിന്നെ.
അതിനൊക്കെപ്പുറമേ,
ഞാനെത്ര സുന്ദരനെന്നു കണ്ട്
അവർ ലജ്ജിക്കും

ഞാനും അമേരിക്കയാണ്.
(1926)



വരവ്

കോളനിത്തെരുവിലേക്കു
തിരിച്ചെത്തി,യെന്റെ വാതിൽ
തുറന്നപ്പോളവളില്ല
അവൾ പോയീ വീടുവിട്ട്

വലിച്ചു വാരിത്തിരഞ്ഞു
കിടക്കയും മറിച്ചിട്ടു
എന്റെയായിട്ടെനിക്കിപ്പോൾ
വലിയൊരീ മുറി മാത്രം.




3. 

പ്രാർത്ഥന

പൊടിയുടെ, മാരിവില്ലിന്റെയും ദൈവമേ,
മാരിവില്ലില്ല പൊടിയില്ലെങ്കിലെന്നതു
കാണുവാൻ ഞങ്ങൾക്കു കാഴ്ച നൽകേണമേ.



4. 

പോപ്പിപ്പൂവ്

ഒരു കാട്ടുപോപ്പിപ്പൂവ്
വാടി വീണു മരിച്ചു

പകൽ -മനുഷ്യർ ചിരിച്ചൂ
രാത്രി - മനുഷ്യർ കരഞ്ഞൂ
ഒരു കാട്ടുപോപ്പിപ്പൂവ്
വാടി വീണു മരിച്ചു.




5.

എഫ്.എസ്സിന് ഒരു കവിത

ഞാനെന്റെ സുഹൃത്തിനെ സ്നേഹിച്ചു
അയാൾ എന്നിൽ നിന്നകന്നു പോയി.
ഇതിലധികമൊന്നും പറയാനില്ല.
കവിത അവസാനിക്കുന്നു.
തുടങ്ങിയ പോലെ മൃദുവായി
ഞാനെന്റെ സുഹൃത്തിനെ സ്നേഹിച്ചു.




6. 

സ്വപ്നം സൂക്ഷിപ്പുകാരൻ

നിങ്ങളുടെ സ്വപ്നങ്ങളെല്ലാമെനിക്കു തരൂ,
സ്വപ്ന ദർശികളേ,
നിങ്ങളുടെ ഹൃദയഗീതങ്ങളെല്ലാമെനിക്കു തരൂ
ഞാനവ
ലോകത്തിന്റെ പരുക്കൻ വിരലുകളിൽ നിന്നകലെ
ഒരു നീലമേഘത്തുണിത്തുണ്ടിൽ
പൊതിഞ്ഞു സൂക്ഷിക്കും.




7. 

ഹേമന്ദചന്ദ്രൻ

എത്ര നേർത്തൊരു കൂർത്തു മൂർത്തൊരു
ചന്ദ്രനീ രാവിൽ
പ്രേതബാധ പിടിച്ച പോലെ
വിളർത്തു വിളറിയത്
എത്ര നേർത്തു വളഞ്ഞൊരരിവാൾ -
ച്ചന്ദ്രനീ രാവിൽ



8

നശ്വര പ്രണയം


നീയെനിക്കൊരു ഗാനം, നിന്നെ ഞാൻ

പാടുകില്ലതി ദീർഘമായ്.


നീയെനിക്കൊരു പ്രാർത്ഥന, ചൊല്ലു-

ന്നില്ല നിന്നെ ഞാനെപ്പൊഴും


നീ പനീർപ്പൂവെനിക്ക്, വേനലി-

ന്നപ്പുറം തങ്ങുകില്ല നീ.




9

ഇരുണ്ട മനുഷ്യരുടെ വിലാപം



ഒരിക്കൽ ഞാനൊരു ചോപ്പു മനുഷ്യൻ

പക്ഷേ വന്നൂ വെള്ളക്കാർ

ഒരിക്കൽ ഞാനൊരു കറുത്തവൻ

പക്ഷേ വന്നൂ വെള്ളക്കാർ.


കാട്ടിൽ നിന്നു തുരത്തീയെന്നെ

കാട്ടിൽ നിന്നു തുരത്തിയവർ

എനിക്കു നഷ്ടപ്പെട്ടൂ വെള്ളി -

ക്കുളിരമ്പിളികൾ, മരനിരകൾ


ഇപ്പോളെന്നെ കൂട്ടിലടച്ചൂ

സംസ്കാരത്തിൻ സർക്കസ്സിൽ

സംസ്കാരത്തിൻ സർക്കസ്സിൽ പല

കൂടുക, ളൊന്നിലിതാ ഞാനും.




10

ജോഹന്നാസ്ബർഗ് ഖനികൾ


ജോഹന്നാസ്ബർഗ് ഖനികളിൽ

രണ്ടു ലക്ഷത്തി നാൽപ്പതിനായിരം

ആഫ്രിക്കക്കാർ പണിയെടുക്കുന്നു.

ഈ വസ്തുതയിൽ നിന്ന്

എന്തു തരം കവിതയാണ്

താങ്കൾ രചിക്കുക?

രണ്ടു ലക്ഷത്തി നാല്പതിനായിരം നാട്ടുകാർ

പണിയെടുക്കുന്നു

ജോഹന്നാസ്ബർഗ് ഖനികളിൽ



11

പാർക്കു ബെഞ്ചിൽ


പാരീസിലെ പാർക്കു ബെഞ്ചുകളിൽ

ഞാനിരുന്നു.

വിശന്ന്.

ന്യൂയോർക്കിലെ പാർക്കു ബെഞ്ചുകളിൽ

ഞാനിരുന്നു

വിശന്ന്.

ഞാൻ പറഞ്ഞു:

എനിക്കൊരു ജോലി വേണം.

പണി വേണം.

എന്നോടു പറയപ്പെട്ടു:

നിനക്കിവിടെ ജോലികളില്ല.

നിനക്കിവിടെ പണിയില്ല.

ആകയാൽ പാർക്കു ബെഞ്ചുകളിൽ ഞാനിരുന്നു.

വിശന്ന്.

തണുപ്പുകാലത്തിൻ്റെ മൂർദ്ധന്യം.

വിശക്കുന്ന ദിവസങ്ങൾ.

പണിയില്ല.




12

ആത്മഹത്യാക്കുറിപ്പ്


നദിയുടെ

ശാന്തമായ, തണുത്ത മുഖം

എന്നോടൊരുമ്മ ചോദിച്ചു.




13

കല്ലറക്കുറിപ്പ്


ഈ കല്ലറക്കുള്ളിൽ കിടക്കുന്നത്

ഞാൻ തന്നെ.

ചിരിക്കുന്നതെന്ത് നല്ലവരായ മനുഷ്യരേ,

അല്ലെങ്കിൽ കരയുന്നതെന്ത്?

ഈ കല്ലറക്കുള്ളിൽ കിടക്കുന്നത്

ഞാനല്ലാതെ മറ്റൊന്നുമല്ല.




14

പ്രണയ സമ്മാനം


വലിയതൊക്കെയും നിനക്കു തന്നു ഞാൻ

പ്രഭാതവർണ്ണങ്ങൾ, പനീരലരിൻ്റെ -

യിതൾച്ചന്തം, ജ്വലിച്ചിടും പ്രണയവും

പറയുന്നെന്നാൽ നീ "വലിയ വസ്തുക്ക-

ളിതൊന്നുമ,ല്ലവ പണം കൊണ്ടെണ്ണിടാം.


ശരി,യിനിക്കൊണ്ടു തരാം നിനക്കു ഞാൻ

പണം, പക്ഷേ ചോദിക്കരുതെന്നോടു നീ

പനീരിതൾച്ചന്തം, പ്രഭാതവർണ്ണങ്ങൾ

ജ്വലിച്ചിടുന്നൊരു പ്രണയവുമിനി.




No comments:

Post a Comment