Friday, June 5, 2020

രണ്ടു കവിതകൾ - മീറോൺ ബിയാവോഷേവ്സ്കി (പരിഭാഷ, പോളണ്ട്, 1922-1983)



1
കടയിലേക്കിറങ്ങിപ്പോകുന്നതിന്റെ പാട്ട്



ആദ്യം ഞാൻ
തെരുവിലേക്കിറങ്ങിച്ചെന്നു
പടിക്കെട്ടുകളുള്ളതിനാൽ.
അതൊന്നു സങ്കല്പിക്കൂ,
പടിക്കെട്ടുകളുള്ളതിനാൽ.

അറിയുന്നാളുകൾ അറിയാത്താളുകളെല്ലാം
എന്നെക്കടന്നു പോയി, 
ഞാനവരെയും കടന്നു പോയി.
കഷ്ടം,
ആളുകളെങ്ങനെ നടക്കുന്നെന്ന്
നിങ്ങൾ കണ്ടില്ലല്ലോ
കഷ്ടം,
നിങ്ങൾ കണ്ടില്ലല്ലോ!

വലിയൊരു കടയിലെത്തീ ഞാൻ.
കത്തുന്നു ചില്ലുവിളക്കുകൾ
ആരെയോ കണ്ടു - അവിടെയിരിക്കുന്നു.
എന്തോ കേട്ടു - എന്താണത്? എന്താണത്?
ബാഗുകളുടേയും സംസാരത്തിന്റേയും
കിരുകിരുപ്പ്

തീർച്ച
തീർച്ച, പിന്നെ
മടങ്ങീ ഞാൻ



2
ആനന്ദത്തിനൊരു തീരാത്ത ഗീതം


എനിക്കൊരടുപ്പുണ്ട്
വിജയകമാനം പോലുള്ളൊരടുപ്പ്

അവരെടുത്തുകൊണ്ടുപോയി
വിജയകമാനം പോലുള്ളെന്റെയടുപ്പ്

എനിക്കു തിരിച്ചു താ
വിജയകമാനം പോലുള്ളെന്റെയടുപ്പ്

അവരെടുത്തുകൊണ്ടുപോയി.
ബാക്കിയോ
ഒരു നരച്ച
തനിച്ച
തുള

ഇതു മതി എനിക്ക്
നരച്ച തനിച്ച തുള
നരച്ച തനിച്ച തുള
നരത്തനിത്തുള

No comments:

Post a Comment