Friday, June 5, 2020

മലൈച്ചാമി കവിതകൾ (പരിഭാഷ, തമിഴ്)


1
കുറിപ്പുകൾ

ആ നഗരത്തിൻ പുരാതനക്കെട്ടിടത്തിൽ
ചെന്നു തങ്ങണം.
നൂറ്റാണ്ടുകൾ പഴക്കമുള്ള വീഥികൾ.
'അതൊരു കാലം' എന്നു കടത്തെരുവ്.
പൊടിയണിഞ്ഞ മരങ്ങൾ.
ശപിക്കപ്പെട്ട മരങ്ങളിലൂതുന്ന വരൾക്കാറ്റ്.

പ്രാക്കളുടെ ചിറകടിയൊച്ചക്കും
ഇടവിടാക്കുതിരച്ചിനപ്പുകൾക്കുമായി
ഗോവണിക്കെട്ടുകൾക്കു താഴെ
രൂപംകൊണ്ട ചുടുകാടുകൾ.
ചിത്രവധങ്ങളുടെ ചരിത്രക്കാലുകൾ.
വ്യാപാരികളുടെ ദൈവങ്ങൾ.
വെവ്വേറെ കഥകൾ താങ്ങി
നിവർന്നു നിൽക്കുന്ന തൂണുകൾ.
അടിത്തട്ടറിയാതെ മേലേ നിവർന്ന നഗരം.
രാജാധികാരം വിളിച്ചോതുന്ന രാജധാനി.
ചുടുകാടുകൾക്കുമേൽ വഴിഞ്ഞേറുന്ന വസന്തം.
വിലങ്ങുകളിൽ പറ്റിയ ഇരുട്ടു നീക്കാത്ത
വിളക്കുകൾ.
അടിനില പണിതവൻ
തേർച്ചക്രത്തിനടിയിൽ തീപ്പെട്ട ശേഷം
പെരുമ നേടിയവരുടെ ഘോഷയാത്ര.

ശിലാവിഗ്രഹത്തിന്റെ ഉടഞ്ഞ കാലായി
നീളുന്ന ആറ്.
കരുവേലം പടർപ്പുകളുടെ മിന്നാമിനുങ്ങികൾ.
നീർ തേടിയോടുന്ന നാറ്റം.
കുറുകേ വിറപൂണ്ട പാലങ്ങളുടെ കലപില .
നടപ്പാതകളെ കാത്തു പോരുന്ന വെയിൽ.
പുച്ഛം വിളംബരം ചെയ്ത്
ചുമരുകളിൽ വേരിറുക്കിയ ചെടികൾ.
നിഴൽക്കുട തേടും തലകൾ.
പൊക്കിളിൽ പുകക്കുഴൽ നാട്ടി
ശ്വാസം വിടുന്ന നഗരം.
വിലപേശി ലോകം കണ്ടു കളിക്കുന്ന കാറ്റ്.

ആ നഗരത്തിലെപ്പുരാതനക്കെട്ടിടത്തിൽ
ചെന്നു തങ്ങണം
പുതുകാലക്കുറിപ്പുകളടങ്ങിയ
ഡയറിയുമായി.



2.
പേരറ്റ കവിത

എല്ലാം മുടിഞ്ഞ ശേഷം
ജീവൻകൂടി അഴിഞ്ഞ ശേഷം
കാല്പാടുകളെല്ലാം
അലകളും നുരകളും പടർന്നു
മാഞ്ഞു കഴിഞ്ഞ ശേഷം
നിൻ്റെ വീട്ടിലെത്തോട്ടത്തിൽ
എപ്പോഴും
ചെറുവണ്ടുകൾ മുരളും.
ചുമർവിള്ളലിൽ മുളച്ച ആലിൽ
മിന്നാമിന്നികൾ കാത്തിരിക്കും.



3
ഒരു പഴയ കവിത

ഒരിക്കൽ
ഈ നിലാവിലും
മേഘച്ചുരുളുകളിലും തേടിയലഞ്ഞ്
നിനക്കൊരിടത്തും കണ്ടെത്താൻ കഴിയാതെ
ദൂരത്തിൻ അളവു കടന്ന്
ഞാൻ തുലഞ്ഞു പോകാം.

കൂട്ടുകാരാ,
നീ അമർന്നിരിക്കുന്ന ഇടത്തിൽ
കാറ്റ് നിന്നെ കടിക്കും.
വിശ്രമിക്കാനായി
വേപ്പുമരത്തണലിൽ
പാമ്പ്
പുറ്റുവിട്ടു വന്നിരിക്കും.

കാലപ്പരപ്പ് അവസാനിച്ച ഒരിടത്ത്
ചലനങ്ങളറ്റ മൗനനിലയിൽ
വീണു കിടക്കുന്ന എൻ്റെ ശരീരം
ഉരുട്ടി വിടൂ.


(1994-ൽ പ്രസിദ്ധീകരിച്ച 'ഒതുങ്ങിയ തെരുവിലും സോഡിയം വിളക്ക് ' എന്ന സമാഹാരത്തിൽ നിന്ന്)

No comments:

Post a Comment