1
എഴുത്ത്
വെളിച്ചം കടന്നു വരാൻ
ചുമരു തുളയ്ക്കും പോലെ
ഞാനെഴുതുന്നു.
ഇരുണ്ട ചിന്തകൾ ചുറ്റിക.
ആണികൾ
ചോരവിരലുകൾ മാംസവിരലുകൾ.
തടവുപുള്ളി ഒരു സ്പൂൺകൊണ്ടു
രക്ഷപ്പെടാൻ തുരക്കുംപോലെ
എഴുതുന്നു ഞാൻ.
അവസാനിക്കാത്ത ചുമരുകൾക്കപ്പുറം,
ജീവിതം അടച്ചു കെട്ടാൻ നാൾതോറുമുയരുന്ന
വേലികൾക്കപ്പുറം,
തിളങ്ങുന്ന അതേ വെളിച്ചത്തെപ്പറ്റി ചിന്തിച്ച്.
2
ഒരാഗ്രഹം
ചില സന്തോഷങ്ങളെക്കുറിച്ചെഴുതാൻ
ഞാനാഗ്രഹിക്കുന്നു.
അവയെത്ര ചെറുതുമാവട്ടെ.
അതിനോടൊപ്പം
ഞാനെൻ്റെ മേശയ്ക്കലിരുന്ന്
അതിന് ഒരു സ്ട്രോബറി ജ്യൂസ്
ഓർഡർ ചെയ്യും.
പുതിയ മായക്കാഴ്ച്ചകളൊന്നും
എൻ്റെ വാതിലിൽ മുട്ടിവിളിക്കാത്ത നേരം
ഞാനൊറ്റക്കാകുമ്പോൾ
എൻ്റെ സന്തോഷത്തിനോടു
ഞാൻ സംസാരിക്കും.
അതിൻ്റെ ശോഷിച്ച പിൻപുറത്തു തട്ടും.
തുടുകവിളുകളിലേക്ക് ഉറ്റുനോക്കും.
എൻ്റെ കണ്ണുകൾ നിറഞ്ഞു കവിയും വരെ.
3
കവികൾ
കവികളെത്ര ദയനീയർ!
ചടുലമൊരു നോട്ടമെങ്ങനെ
അവരുടെ ജീവിതം
തകിടം മറിക്കുന്നുവെന്നറിയില്ലേ?
പരുക്കനൊരു വാക്ക്
മറുവാക്കില്ലാതെ
അടയാളമേതുമില്ലാതെ
അവരെ എന്നെന്നേക്കുമായ്
അപ്രത്യക്ഷരാക്കുന്നതെങ്ങനെ എന്ന്?
ആനന്ദത്തെക്കുറിച്ച് ഞാൻ എഴുതുന്നു
ReplyDeleteഎന്റെ ആനന്ദമെന്തെന്നറിയാനെഴുതുന്നു
എഴുതാനുള്ള ആഗ്രഹമല്ലാതെയൊന്നും എഴുതാനാവുന്നില്ലെങ്കിലും .....