കാറിൻ്റെ തണുത്തതാം സ്റ്റിയറിങ്ങിന്മേൽ തൻ്റെ
തണുത്ത കൈകൾ ചേർത്തുവെച്ചയാളോടിക്കുന്നു.
മുന്നിൽ വാഹനവ്യൂഹം വളഞ്ഞേയൊഴുകുന്നു
പിൻവിളക്കുകളുടെ നീൾനിര കാണുന്നയാൾ.
ഓർക്കുന്നു, പറയാറുണ്ടച്ഛനെപ്പൊഴു,മവ
പൂച്ചക്കണ്ണുകളെന്ന്,പിറകിൽ നിന്നും നോക്കേ,
ദൂരത്തു നിന്നും നിരീക്ഷിക്കും പൂച്ചകളുടെ
നീണ്ടൊരു നിരയെന്ന് - കുട്ടികൾ, പ്രണയികൾ
ഏകാന്തരാകും ബിസിനസ്സുകാ,രവരുടെ
തലകൾ നിറഞ്ഞ ഫോർഡല്ലവ, ഷെവർലേയും
ബ്യൂക്കുമല്ലവ,യിരുട്ടത്തു കൺതിളങ്ങുന്ന
പൂച്ചകൾ,പോകെപ്പോകെ,ത്തെല്ലൊരുമയക്കത്തിൽ
അച്ഛനാപ്പറഞ്ഞതു സത്യമെന്നോരുന്നയാൾ.
ചിലപ്പോൾ കളവായിപ്പറഞ്ഞതാവാമച്ഛൻ,
എന്നിരിക്കിലും നുണയൊക്കെയും യഥാർത്ഥത്തിൽ
നുണകളല്ല, മുന്നിൽക്കാണുന്ന പൂച്ചക്കൺകൾ
ലോകത്തെയരികത്തേക്കണയ്ക്കും ബിംബങ്ങളാം.
- 1987
No comments:
Post a Comment