1
അമ്മയും ഞാനും നടക്കുന്നു
പിന്നെയും പൊയ്പോയച്ഛൻ,
ഒഴിഞ്ഞ തെരുവുകൾ,
എല്ലാരുമുളളിൽ
സ്റ്റവ്വിൻ ചൂടിൽ
റേഡിയോ കേട്ട്.
തണുപ്പു കരയുന്നൂ
നമ്മുടെ ബൂട്ടിൻ കീഴെ,
കാറ്റത്തു പ്രാഞ്ചിപ്രാഞ്ചി
നടപ്പൂ നമ്മൾ, കാറ്റ്
മഞ്ഞിനെത്തള്ളിക്കേറ്റു -
ന്നെൻ്റെ കുപ്പായക്കയ്യിൽ
തല മൂടിയ സ്കാർഫിൽ
പഴയ രോമക്കോട്ടു
തുറന്നെന്നെയുമതിൽ
അണച്ചു പിടിച്ചമ്മ
നടപ്പൂ, വയറ്റത്തെ -
ച്ചൂടിലെൻ തല ചായ്ച്ചു
പിടിച്ച്, പൊതിയുന്നു -
ണ്ടമ്മതൻ മണമെന്നെ.
കണ്ണുകൾ താഴ്ത്തുന്നേരം
കാൺമു ഞാൻ അമ്മയ്ക്കൊപ്പ -
മെൻ്റെയും കാല്പാടുക -
ളൊന്നുചേർന്ന്, ഒരു മൃഗം
ഈ വെളിമ്പുറം താണ്ടും
വഴിപ്പാടുകൾ, രാവിൽ
വീടിന്നു നേരേ നീങ്ങി -
പ്പോകുന്ന കാല്പാടുകൾ
2
കാരറ്റുകൾ
ഭൂമിയെ ഭോഗിക്കുന്നു കാരറ്റുകൾ
ഇരുളിൽ
ഈർപ്പത്തിൽ
ആഴത്തിലാഴ്ത്തുന്നു
സ്ഥിരമൊരുദ്ധാരണം.
വേനൽക്കാലം മുഴുവൻ
ഭൂമിയെ സുഖിപ്പിക്കാൻ
അവ കഠിനമായി പരിശ്രമിച്ചു.
എങ്ങനുണ്ട് ഇഷ്ടപ്പെട്ടോ,
രസമുണ്ടോ, സുഖമുണ്ടോ?
ഭൂമി മറുപടി പറയാത്തതു കൊണ്ടാവാം
അവയിപ്പൊഴും
പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
കാരറ്റ് കേയ്ക്ക്,
ബീഫ് ഒലത്തിയതിലരിഞ്ഞിട്ട
കാരറ്റുമുള്ളിയും,
കാരറ്റു പായസം
എന്നൊക്കെയാലോചിച്ച്
നിങ്ങൾ തോട്ടത്തിലുലാത്തുമ്പൊഴെല്ലാം
ഭൂമിയെ ഭോഗിക്കുന്നു കാരറ്റുകൾ
ഉച്ചതിരിഞ്ഞുള്ള ചൂടേറുമിടങ്ങളിൽ
തലച്ചോറു പൊട്ടിപ്പുറത്തു വരും വരെ.
No comments:
Post a Comment