തൻ്റെ പറമ്പിൻ്റതിരിലൂടെ പോകുന്ന
വെള്ളച്ചാല് മാന്തിപ്പിടിക്കാൻ
ജീവിതകാലം മുഴുവൻ ഉറക്കമൊഴിച്ച
ഒരു രാഘവനുണ്ടായിരുന്നു.
രാത്രി രണ്ടു മണിക്ക്
ചാലു മണ്ണിട്ടു തൂർക്കാൻ
കൈക്കോട്ടുയർത്തി നിൽക്കുന്ന രാഘവനെ
ഞങ്ങൾക്കറിയാം.
ഉറങ്ങാതുറങ്ങാതെ
അയാൾ മരിച്ചു പോയപ്പോൾ
ബാക്കി അവിടെച്ചെന്നു തൂർത്തു
തെങ്ങിൻ തൈ വെയ്ക്കാമെന്നു കരുതി
ആ വെള്ളച്ചാല് ഒരു തോർത്തു പോലെ
തോളത്തിട്ടാണ് കൂടെക്കൊണ്ടുപോയത്.
ഭാര്യയേയും മക്കളെയുമൊക്കെ
ഇവിടെ ഉപേക്ഷിച്ചെങ്കിലും.
വെള്ളച്ചാല് അയാളുടെ മുതുകത്തു കിടന്ന്
തിരിഞ്ഞു നോക്കി
വിമ്മി വിമ്മിക്കരയുന്നുണ്ടായിരുന്നു
മറഞ്ഞില്ലാതാകും വരെയും.
ശവമടക്കു നേരത്തു മുഴുവൻ
ആ തേങ്ങൽ ഞങ്ങൾ കേട്ടു.
അതിൽ നിന്ന് മീൻ കോരിപ്പിടിച്ച ഓർമ്മയിൽ
ഞങ്ങളും കരഞ്ഞു.
അക്കൊല്ലം ഇടവപ്പാതി
ഇരച്ചെത്തിയ രാത്രി വെളുത്തപ്പോൾ
രാഘവൻ്റെ പറമ്പിൻ്റതിരിൽ
അതാ വീണ്ടും വെള്ളച്ചാല്.
വളരെ വളരെ ദൂരെ
ഒന്നും തിരിച്ചറിയാത്തൊരിട-
ത്തെത്തിയപ്പോഴാവണം
തോളിൽ നിന്നതു താഴെ വീണത്.
രാഘവൻ പിറകെ വരുമോ എന്തോ!
വരുന്നെങ്കിൽ കാണട്ടെ
പ്രളയജലം അതിലേ
ഒഴുകിപ്പോകുന്നത്.
നമ്മൾ തോർത്തുകൊണ്ടു
മീൻ കോരുന്നത്.
No comments:
Post a Comment