Sunday, June 7, 2020

എന്നെ സ്നേഹിക്കുന്ന പുരുഷൻ - ജിയോക്കോണ്ട ബെല്ലി (പരിഭാഷ, നികരാഗ്വ, ജനനം: 1948)


1
എന്നെ സ്നേഹിക്കുന്ന പുരുഷന്
ഉടൽക്കൊഴുപ്പിന്റെ തിരശ്ശീലകൾ
വകഞ്ഞു മാറ്റാനറിയണം.
എന്റെ കണ്ണുകളുടെ ആഴമളക്കാനറിയണം.
ഒരിളം കുരുവിയായ്
എന്നിൽ ചേക്കേറാനറിയണം.

2
എന്നെ സ്നേഹിക്കുന്ന പുരുഷൻ
ഒരു ചരക്കു പോലെ എന്നിൽ കൊതി കാട്ടില്ല.
കായിക താരത്തിന്റെ ട്രോഫി പോലെ
എന്നെ പ്രദർശിപ്പിക്കില്ല.
സ്നേഹിച്ചുകൊണ്ട് അവനെന്നരികിൽ നിൽക്കും.
സ്നേഹിച്ചുകൊണ്ട് ഞാനവന്നരികിലെന്ന പോലെ

3
എന്നെ സ്നേഹിക്കുന്ന പുരുഷന്
സീബോ മരങ്ങളുടെ കരുത്തുണ്ടാവണം.
അവയെപ്പോൽ ദൃഢം, അഭയദം
ഡിസംബർ പുലരിപോൽ സ്വച്ഛം

4
എന്നെ സ്നേഹിക്കുന്ന പുരുഷൻ
എന്റെ ചിരിയെ അവിശ്വസിക്കരുത്.
മുടിത്തഴപ്പിനെ ഭയക്കരുത്.
ദു:ഖത്തെ, മൗനത്തെ, അവൻ ആദരിക്കണം.
എന്റെ വയറ്റത്തവൻ കളിയായ് തലോടണം.
ഉടലിന്റെ രഹസ്യസ്ഥലികളിൽ
ഒരു ഗിറ്റാറിലെന്നപോലെ ആഹ്ലാദം മീട്ടണം

5
എന്നെ സ്നേഹിക്കുന്ന പുരുഷന്
തന്റെ ഭാരങ്ങളും ഉൽക്കണ്ഠകളു-
മിറക്കി വക്കാവുന്ന
ആട്ടുകട്ടിലായ് മാറാൻ എനിക്കാവുമെന്ന്
കണ്ടെത്താൻ കഴിയണം.
രഹസ്യങ്ങൾ പങ്കുവക്കാവുന്ന
അടുത്ത ചങ്ങാതിയായി മാറാൻ,
ഒഴുകി നടക്കാനൊരു തടാകമായി മാറാൻ.
ഒരു പക്ഷിയായിപ്പറന്നു പോകുമോ
എന്നു ഭയക്കേണ്ടാത്ത വിധം
തന്റെ പ്രതിബദ്ധത കൊണ്ടവൻ
നങ്കൂരമിടുമതിൽ.

6
എന്നെ സ്നേഹിക്കുന്ന പുരുഷൻ
തന്റെ ജീവിതത്തിന്റെ കവിത രചിക്കണം.
ഭാവിയിലേക്കൂന്നിയ നോട്ടങ്ങളാൽ
ഓരോ ദിനത്തെയും രൂപപ്പെടുത്തണം.

7
അതിനൊക്കെപ്പുറമേ
എന്നെ സ്നേഹിക്കുന്ന പുരുഷൻ
ജനങ്ങളെ സ്നേഹിക്കണം.
അശ്രദ്ധം സൂചിപ്പിച്ചു പോകുന്ന
അമൂർത്ത വിഭാഗമായല്ല
യഥാതഥവും മൂർത്തവുമായി.
സ്വന്തം പ്രവൃത്തി കൊണ്ട് ആരാധിക്കാവുന്ന
ഒന്നായി.
ജീവൻപോലും ബലി നൽകാവുന്ന ഒന്നായി.

8
എന്നെ സ്നേഹിക്കുന്ന പുരുഷന്
യുദ്ധക്കളത്തിൽ എന്നെ തിരിച്ചറിയാൻ കഴിയണം.
മുട്ടുകാൽ മടക്കിയിരുന്ന്
ശത്രുവിനു നേർക്കു നാം രണ്ടു പേരും
നിറയൊഴിക്കുമ്പൊഴും
അവനെന്നെ സ്നേഹിക്കണം.

9
ഞാൻ സ്നേഹിക്കുന്ന പുരുഷൻ
സ്വയം സമർപ്പിക്കാൻ ഭയമില്ലാത്തവനാവണം.
പ്രണയ പരവശനാണെന്നു കണ്ടാലും
ഭയപ്പെടാത്തവൻ.
തിരക്കേറിയ നഗരമധ്യത്തിൽ വെച്ച്
ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്നു വിളിച്ചു പറയാൻ
അവനു കഴിയണം.
അല്ലെങ്കിൽ കെട്ടിടങ്ങൾക്കു മുകളിൽ
കയറി നിന്നുകൊണ്ട്
അതിരുവിട്ട പ്രഖ്യാപനങ്ങൾക്ക്.
ഏറ്റവും മനോഹരവും മാനുഷികവുമായ വികാരം
അനുഭവിക്കാനുള്ള തന്റെ അവകാശം
വിളംബരം ചെയ്യാൻ അവനു കഴിയണം.

10
ഞാൻ സ്നേഹിക്കുന്ന പുരുഷൻ
അടുക്കളകളിൽ നിന്നോടി രക്ഷപ്പെടില്ല.
നമ്മുടെ കുഞ്ഞിന്റെ മൂത്രത്തുണികളിൽ നിന്നും.
പുതുജീവൻ നൽകുന്ന ഇളം കാറ്റായിരിക്കണം
അവന്റെ സ്നേഹം
സ്വപ്നത്തിന്റെ മൂടൽമഞ്ഞിലൂടെ, ഭൂതകാലത്തിലൂടെ,
അതകറ്റിക്കൊണ്ടുപോകും
നൂറ്റാണ്ടുകളായ് നമ്മെ വിഭജിച്ചു നിർത്തിയ
ദൗർബല്യം.
ഭിന്ന മൂല്യങ്ങളിൽ പുലരുന്നതിന്റെ ദൗർബല്യം.

11
ഞാൻ സ്നേഹിക്കുന്ന പുരുഷൻ
എന്നെ ഏകതാനമാക്കാനും നിലവാരപ്പെടുത്താനും ആഗ്രഹിക്കില്ല.
അവനെനിക്കു നൽകും, വായു, സ്ഥലം.
ഒരു വിപ്ലവം പോലെ
വളർന്നു വികസിക്കാൻ വേണ്ടതൊക്കെ.
ഓരോ ദിവസവും
ഒരു പുതു വിജയത്തിന്റെ തുടക്കമാകാൻ
വേണ്ടതൊക്കെ.

No comments:

Post a Comment