മഴക്കാലത്തിനു തൊട്ടുമുമ്പ്
ഒരുകൂട്ടം പുഴുക്കൾ വന്ന്
തേക്കില തിന്നൊടുക്കും.
പുഴുക്കളെത്തിന്ന്
പല പല കിളികൾ
ചുറ്റും വായു തുളച്ചു പാറും.
അവയുടെ കൊക്കിൽ
പെടാത്തൊരു പുഴു
എല്ലാക്കൊല്ലവും
എൻ്റെ പിൻകഴുത്തിൽ
വീണു ചൊറിയും.
പുഴുതിന്ന് അരിപ്പ പോലായ
ഇലകൾ നിവർത്തി
മഴകൊള്ളാനൊരുങ്ങി
തേക്കുകൾ നിൽക്കും.
ഇതാ മഴയെത്തി.
അരിപ്പക്കുടയുമായ്
അവ നിന്നു നനയുന്നു.
പിൻകഴുത്തു ചൊറിഞ്ഞു ഞാൻ
അതു കണ്ടിരിക്കുന്നു.
No comments:
Post a Comment