വൈകുന്നേരം
പാട്ടുകേൾക്കാൻ സമ്മതിക്കാത്തതിന്
മകൻ അമ്മയെ അടിച്ചു കൊന്നു.
ഭർത്താവ്, കുഞ്ഞുങ്ങൾ കാൺകേ
ഭാര്യയെ വെട്ടി
വഴിയിൽത്തള്ളി
കടന്നു കളഞ്ഞു.
ഇന്നലെ
വയസ്സായ ദമ്പതിമാരെ കൊന്ന കേസിൽ
അയൽക്കാരനെയാ അറസ്റ്റു ചെയ്തത്.
എന്നും വൈകുന്നേരം,
നമ്മുടെ ശാന്തമായ ദിവസങ്ങൾ
മെല്ലെ മറിയ്ക്കും മുമ്പ്
നാം അവലോകം ചെയ്തു.
മുറ്റത്തെ മരം നിന്നു കേട്ടു.
കസേരക്കടിയിലെ പൂച്ച ഇരുന്നു കേട്ടു.
നാം പെരുമാറിപ്പോന്ന പാത്രങ്ങളുടെ
വക്കുകൾ വിഷാദികളായി.
പുസ്തകങ്ങളുടെ വശങ്ങളും
വസ്ത്രത്തുമ്പുകളും മുഷിഞ്ഞു.
എന്നിട്ടുറങ്ങി, എല്ലാരും.
ഉറങ്ങുമ്പോൾ
തിളങ്ങുന്ന ചന്ദ്രനു കീഴേ
മേഘങ്ങൾ പാഞ്ഞുപോയി.
മേഘങ്ങൾക്കു കുറുകേ വെളുത്ത വര വീഴ്ത്തി
ഏതോ ആകാശവാഹനവും.
രാവിലെ ഒന്നിനും നേരം കിട്ടില്ല.
ശരീരം മുറിച്ചു കഷണങ്ങളാക്കിയാ പുഴയിലെറിഞ്ഞത് - വൈകുന്നേരമായി.
No comments:
Post a Comment