1
വഴിവക്കിൽ
പേരൊന്നുമെഴുതിച്ചേർക്കാത്ത
ഈ റീത്ത്
നിനക്കുള്ളതാണ്.
കുഴിമാടമില്ലാത്ത നിനക്ക്.
നിന്നെ മൂടിയ ഭൂഭാഗം
കണ്ടെത്താൻ കഴിയാത്തതിനാൽ
ഈ റീത്ത് വഴിവക്കിൽ വെയ്ക്കുന്നു.
മാപ്പു തരൂ.
മാപ്പു തരൂ
നിനക്കുള്ളൊരീ സ്മാരകം
വഴിവക്കിൽ വെയ്ക്കുന്നതിൽ.
2.
എനിക്കു ദാഹിക്കുന്നു.
'എനിക്കു ദാഹിക്കുന്നു'
കലാപകാരി പറയുന്നത്
പട്ടാളക്കാരൻ കേട്ടു.
പെട്ടെന്നോർമ്മിച്ചു,
അതുപോലൊരു കരച്ചിൽ
കുരിശിൽ നിന്ന്.
തൻ്റെ തോക്കിൻ്റെ ഇരയ്ക്കു
പകരാൻ
ഒരു തുളളി വെള്ളം
എവിടെയും കിട്ടാതെ
അയാൾ വീണ്ടും കാഞ്ചി വലിച്ചു.
വേദന കുറയ്ക്കാൻ.
സ്വന്തം മനസ്സാക്ഷിയെ ശാന്തമാക്കാൻ.
എന്നിട്ടു കുരിശു വരച്ചു.
അതെല്ലാം മറക്കാൻ.
3.
കടലാക്രമണം
നമ്മുടെ പൂർവികർ
സമുദ്രങ്ങളായിരുന്നു.
കുപിതരായ അവർ
കര തിന്നു തീർത്തു.
കൂറ്റൻ തെങ്ങുകൾ
ശവങ്ങളെപ്പോലെ
ഒഴുകി നടക്കുന്നു.
No comments:
Post a Comment