Saturday, June 13, 2020

വേണു വേട്രായൻ കവിതകൾ (പരിഭാഷ, തമിഴ്)



1
പുരികങ്ങൾക്കിടയിൽ
ഒത്ത നടുക്കുതന്നെയോ
പൊട്ടിരിക്കുന്നത്
എന്നതിൽ തുടങ്ങുന്നു
അവളുടെ കുഴപ്പം.


2
അവസാനമില്ലാതെ
ഇറ്റിക്കൊണ്ടിരിക്കും
ഘടികാര സൂചികൾ
അടിയില്ലാ
ആഴത്തിൽ
വീണുകൊണ്ടിരിക്കും
കാലത്തുളളികൾ


3
ചെറു ചെറു കുളങ്ങളിൽ
തുളുമ്പി നിൽക്കുന്നു
മുമ്പൊരു കാലത്തിൻ പെരും നദി.
അവയോരോന്നിലും ഉദിച്ചുയരുന്നു
പുലർകാലസൂര്യൻ.


4
ഒരു പറവയോട്
മെല്ലെ സംസാരിച്ചു
അതു പറന്നു പോയി.
ഒരു പൂവിനോടു
മെല്ലെ സംസാരിച്ചു.
അതും പറന്നു പൊയ്പ്പോയി.


5
വീണ്ടും വീണ്ടും
മാപ്പു നൽകിക്കൊണ്ടിരിക്കാൻ
വീണ്ടും വീണ്ടും
കരഞ്ഞുകൊണ്ടിരിക്കാൻ
വേണ്ടത്
വെറും
രണ്ടു കണ്ണീർത്തുള്ളികളോ?


6
ആസ്ബറ്റോസ് മേൽക്കൂരമേൽ
കുതിച്ചോടും പാതിരാമഴ
അവൻ്റെ കാതിലും
അവരുടെ കിനാവിലും
പിന്നണി സംഗീതമായ്
കേൾക്കുന്നു.


7
വെള്ളത്തിൽ വീഴും
ഒരു തുള്ളി നീല
ഉടഞ്ഞു ചിതറും
കണ്ണാടിപ്പാത്രം
വെളിയിൽ നീന്തി -
ക്കളിക്കും മീനുകൾ


8
നീലയുടുത്തു നിൽക്കുന്നതെന്തീ
ഞായർപ്പുലർച്ച?
നീണ്ട പെരും രാവു നീളെപ്പെയ്ത
നെഞ്ചിൻ്റെ ഗാഢനീല.
കടലലമേൽ മൃദുവാനിൽ
ഭാരിച്ചു കിടക്കുന്നു.
മെല്ലെ വഴിയിലിറങ്ങിച്ചെന്നാൽ
എങ്ങു നോക്കിയാലും നീലയെടോ!
(ജ്യൂസുകടയിലെ മുസംബിപ്പഴങ്ങളിലും
നീല വഴിയുന്നു)


9
വിറ്റുതീരാത്ത ഇളനീർക്കുലകളെ
ഉറ്റുനോക്കിയിരിക്കും രണ്ടു കണ്ണുകൾ

വാടും പൂച്ചെടിയേന്തിയേന്തിപ്പോകും
ചെറു കൈകൾ

ചതുപ്പു വെള്ളത്തിൽ
പറന്നു നടക്കുമൊരു വെളുത്ത പക്ഷി.

മങ്ങിയ വാനിൽ മുങ്ങിക്കൊണ്ടിരിക്കും
സന്ധ്യാസൂര്യൻ.


10
വേണ്ടാത്ത ശിശുവൊന്ന്
കരുപ്പിടിക്കും നേരം
ദുഃഖമേ,താനന്ദമേത്?


11
ശരേയെന്നു പറന്ന്
ചെരിഞ്ഞിറങ്ങി
നിശ്ചല ജലത്തിൽ നില്പായ്
ഒരു നിറമില്ലാപ്പക്ഷി.
കൊക്കിൽ കൊക്കു ചേർത്ത്
അലകളിലാടും തന്നെ
അതു
കുടിച്ചിട്ടു പോയി.



(വേണു വേട്രായൻ്റെ 'അലകിൽ അലക് ' - കൊക്കിൽ കൊക്ക് - എന്ന കവിതാ സമാഹാരത്തിനാണ് 2020-ലെ വിഷ്ണുപുരം-കുമരഗുരുപരൻ പുരസ്കാരം ലഭിച്ചത്.പുതു കവിതക്ക് നൽകി വരുന്ന പുരസ്കാരമാണത്.)

No comments:

Post a Comment