Saturday, June 27, 2020

തേനീച്ച - ജയമോഹൻ (തമിഴ് ചെറുകഥ)




India Travel | Pictures: Suchindram temple corridor



ശുചീന്ദ്രം ക്ഷേത്രത്തിനുള്ളിൽ കാശി വിശ്വനാഥ സന്നിധാനം ഒരു തനി ലോകം.ക്ഷേത്രക്കുളം, അതിനോടു ചേർന്നു പോകുന്ന പാതവക്കിൽ കടകൾ, മൂലം തിരുനാൾ മഹാരാജാവു കെട്ടിയ മുഖപ്പുഗോപുരം, നന്ദി, കൊൻറൈ വനനാഥർ സന്നിധാനം, കൊടിമരം, അർദ്ധമണ്ഡപം, ചെമ്പകരാമൻ മണ്ഡപം, ഹനുമാൻ സന്നിധാനം എന്നിങ്ങനെ എല്ലാടത്തും വെളിച്ചവും തിരക്കും തന്നെ. കാശി വിശ്വനാഥർ സന്നിധാനത്തിൽ ഒരൊറ്റ ബൾബു മാത്രം എരിയും.പുറത്തെ ചുറ്റുപ്രാകാരത്തിൽ നിന്നു മാറി ആനപ്പുറത്ത് അമ്പാരി പോലെ ഒറ്റപ്പാറമേൽ പണിത ചെറിയ കൽക്കോവിലിലേക്കു വെട്ടുപടികൾ കയറിച്ചെല്ലണം.

അത് ശുചീന്ദ്രം മഹാക്ഷേത്രത്തിൻ്റെ വയറ്റിനുള്ളിൽ ചുരുണ്ടുറങ്ങുന്ന ഗർഭസ്ഥ ശിശു പോലെ. അവിടെ ക്ഷേത്രസന്നിധിയിൽ ശിവലിംഗം ഒറ്റച്ചെരാതിൻ്റെ വെളിച്ചം മാത്രം തുണയായി എതിരേ നായ്ക്കുട്ടിയോളം പോന്ന നന്ദിയോടു കൂടി ഇരിക്കുന്നു.പൊതുവേ അന്തിമയങ്ങിയാൽ പിന്നെ അവിടെ ആരുമുണ്ടാവാറില്ല. അവിടെച്ചെന്നു തനിച്ചിരിക്കുന്നത് എനിക്കൊരു ധ്യാനം. ഒന്നും ചിന്തിക്കാതെ, അല്ല ചിന്തയിൽ വന്നതു മുഴുവൻ ഒഴുക്കിവിട്ടുകൊണ്ട് അവിടെ അമർന്നിരിക്കും. പിന്നെ, ഒരുപാടു നേരമായല്ലോ എന്നു മിഴിച്ചുകൊണ്ടു മടങ്ങിപ്പോരും. ഒരു ക്ഷേത്രത്തിൻ്റെ ഗർഭപാത്രത്തിൽ ചെന്നിരിക്കുന്നതു പോലെ വലിയ അനുഭവം വേറെന്തുണ്ട്?

അന്ന് അകത്തു കടന്നപ്പോഴാണ് ആ വയസ്സനെ കണ്ടത്.അങ്ങോർ എന്താണവിടെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ആദ്യം എനിക്കു മനസ്സിലായില്ല. മനസ്സിലായപ്പോൾ ഞാൻ ഒരടി പിന്നാക്കം വെച്ചു. അവർ ആ തൂണുകളിലൊന്ന് നാവുകൊണ്ട് തൊട്ടു നോക്കുകയായിരുന്നു.

അറുപതിനു മേൽ പ്രായം കാണും. ഇരുനിറം. മുൻകഷണ്ടി. അരികിലൊരു തോൽസഞ്ചി ഇരിപ്പുണ്ട്. എന്തോ മനോവിഷമമുള്ളതുപോലെ തോന്നി. അങ്ങനെ ചിലർ അവിടെ വരാറുണ്ട്.

ഞാൻ ശ്രീകോവിൽ നോക്കി ഒന്നു കുമ്പിട്ട് അപ്പുറത്തെ വാതിൽ വഴി പുറത്തിറങ്ങി. പതിവുപോലെ ഹനുമൽ സന്നിധാനത്തു തിരക്ക്. എന്നാലും ക്ഷേത്രത്തിനകത്ത് പാതിയിരുളിൽ പുതഞ്ഞിരിക്കുന്ന ചില ഇടങ്ങളുണ്ട്.

ഞാൻ തിരിച്ചുവന്നു ചെരിപ്പിട്ടുകൊണ്ടിരിക്കുമ്പോൾ അരികേ നിന്ന ആൾ "സാറ് ഈ നാട്ടുകാരനാ?" എന്നു ചോദിച്ചു.

ഞാൻ നിവർന്നു നിന്നു നോക്കി. അയാൾ തന്നെ.

"അതെ'' ഒഴിവാക്കുന്ന മട്ടിൽ ഞാൻ പറഞ്ഞു.

"നമ്മള് ശെയ്തുങ്കനല്ലൂരാണ് സാർ..... ശുചീന്ദ്രത്തേക്ക് കൂടെക്കൂടെ വരും"

"ഓ" ചിരിച്ചുകൊണ്ടു ഞാൻ നടക്കുമ്പോൾ അങ്ങേരും കൂടെത്തന്നെയുണ്ട്.  സംസാരിക്കാൻ ആഗ്രഹിക്കുമ്പോലെ തോന്നി.ഒഴിവാക്കാനായി ഞാൻ വേഗം കൂട്ടുമ്പോൾ അയാളും വേഗം വരുന്നു.

"അമ്പത്തിമൂന്നില് ഇവിടെ തിരുവാവടുതുറ രാജരത്നംപിള്ള നാദസ്വരം വായിച്ചിട്ടുണ്ട് സാർ" അയാൾ പറഞ്ഞു.

അതെന്തൊരു വിചിത്രമായ തുടക്കം, ഞാൻ ശ്രദ്ധിച്ചു. അവർ ചിരിച്ചുകൊണ്ടു സംസാരിക്കാൻ തുടങ്ങി.

"അപ്പൊ എനിക്കാറു വയസ്സ്. എൻ്റൊരു അത്തയെ ഇവിടെ ഒശരവിളയിൽ കെട്ടിച്ചു കൊടുത്തിട്ടൊണ്ട്. അത്ത എന്നാ അപ്പൻ്റെ ചിറ്റപ്പൻ്റെ മകള്.ആ ചിറ്റപ്പൻ ചെറിയ വയസ്സിൽ മരിച്ചതിനാൽ എൻ്റെ അപ്പനാ അത്തേടെ കല്യാണമൊക്കെ നടത്തിച്ചത്.രണ്ടാം കെട്ടാണ്. എന്നാൽ അന്നത്തെക്കാലത്ത് അതൊന്നും വലിയ വിഷയമല്ല."

"അതെ" ഞാൻ പറഞ്ഞു. "എൻ്റമ്മേടേം രണ്ടാം കെട്ടാണ്."

"അന്നൊക്കെ ആണുങ്ങളുടെ ജീവിതം എന്താ സാർ? കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ടു കഷ്ടപ്പെട്ട് ചാകാനുള്ളതല്ലേ?" അവർ പറഞ്ഞു. ഉടനെ ഓർമ്മ വന്ന്, "നമ്മടെ പേര് ഷൺമുഖമണി...... നിങ്ങള് ?"

''നാരായണൻ" ഞാൻ പറഞ്ഞു.

ഞാൻ പുഞ്ചിരിച്ചു. അയാൾ പുഞ്ചിരിച്ചുകൊണ്ടെന്നെ ഉറ്റുനോക്കി. പിന്നെ "വെള്ളാമ്പിള്ളമാരാ ഈ ഏരിയയിൽ ജാസ്തി" എന്നു പറഞ്ഞു.

"അതെ'' ഞാൻ പറഞ്ഞു. പറയാതിരുന്നാൽ അയാൾ ചത്തുപോയാലോയെന്നു തോന്നി. "ഞങ്ങടാളുകളാ ഇവിടെ കൂടുതൽ"

അവർ ഉഷാറായി പറഞ്ഞു. "തട്ടാന്മാരും നിറയെപ്പേരുണ്ടു സാർ.ഞാൻ ഇടക്കിടെ വരാറുണ്ട്. തട്ടാത്തെരുവു തന്നെയുണ്ട്...... എന്താ പറഞ്ഞു വന്നത്? ങ്ഹാ, രാജരത്തിനംപിള്ളയുടെ വായനയെപ്പറ്റി."

"അതെ"

"എൻ്റെ അപ്പൻ്റെ അപ്പന് നാലനിയന്മാർ,മൂന്നു പെങ്ങന്മാർ. എൻ്റപ്പന് പതിനെട്ടു വയസ്സില് കുടുംബഭാരമെടുക്കേണ്ടി വന്ന് പണിയാലയിലിരുന്നപ്പോ അവരുടെ അപ്പൻ്റെ അനിയമ്മാരനിയത്തിമാരെല്ലാം മരിച്ചു പോയിരുന്നു. അന്നൊക്കെ ഒരു തരം വിഷപ്പനി ഉണ്ടായിരുന്നു. കാറ്റത്ത് ആയിരം വിളക്കണയുമ്പോലെ ഒരേരിയ പെട്ടെന്നിരുട്ടിലാവും."

"അപ്പന് സ്വന്തം അമ്മയില് നാലനിയമ്മാര്, മൂന്നു പെങ്ങമ്മാര്.ചിറ്റപ്പമ്മാരുടെ വകയില് പതിനേഴനിയമ്മാരും പതിമൂന്നു പെങ്ങമ്മാരും. ഇത്രേം പേരെ അവരൊറ്റക്കെന്തു ചെയ്യാനാ....അവര് കഷ്ടപ്പെട്ടു, സാർ.എൻ്റമ്മ പറയും, പൊലർച്ചെ നാലുമണിയ്ക്ക് പണിയാല തൊറന്നിരിക്കും. രാത്രി പതിനൊന്നു മണിക്കേ അടയ്ക്കൂ.മൂന്നു മണിക്കൂറേയുള്ളൂ ഒറക്കം."

"അങ്ങനെ മെനക്കെട്ടു പണിയെടുത്തിട്ടും തെകയുന്നില്ല. അത്രയും പേർക്ക് ചോറുണ്ണണ്ടേ? അന്നൊക്കെ ആസ്‌പത്രിച്ചെലവും മരുന്നു ചെലവുമില്ല. എന്നാലും തെകയില്ല. വെശപ്പും രോഗോം മരണോമായി ജീവിതമങ്ങു പോകും. അപ്പൻ മുറുക്കിപ്പിടിച്ചു ചെലവിട്ടു. കൊല്ലത്തിൽ രണ്ടു മുണ്ട്.ഒറ്റ ഷർട്ട്. പൊടി വലി പോലും ശീലമില്ല. ചായ കാപ്പി ഒന്നും പതിവില്ല.

ഓരോരുത്തരെയായി കരയേറ്റി.അത്തമാരെയെല്ലാം പൊന്നണിയിച്ചു കെട്ടിച്ചു കൊടുത്തു. അനിയന്മാരെ മുഴുവൻ ആലയിരുത്തി പണി പഠിപ്പിച്ചു.എല്ലാരെയും കല്യാണം കഴിപ്പിച്ചു. എൻ്റമ്മ, അമ്മ കൂടെ നിന്നു സാർ.ഒരു വാക്ക് മുഖം കറുപ്പിച്ചു പറയാതെ ഭർത്താവിൻ്റൊപ്പം നിന്നു. അങ്ങനത്തെ പെണ്ണുങ്ങൾ ഇപ്പൊ ഇല്ല.

താൻ എന്തിനിതെല്ലാം ചെയ്യണമെന്ന് ഒരു സെക്കൻ്റു പോലും ചിന്തിച്ചിരുന്നിട്ടില്ല. അങ്ങനൊരു മനസ്സേ ആയിരുന്നില്ല. പറഞ്ഞാലും അതൊന്നും ഉള്ളിലേക്കെടുക്കില്ല. ഇപ്പ ഉണ്ടെങ്കീ വയസ്സ് എമ്പതിനു മേൽ.ഉഴുന്നുവട വേണം ന്നു പറയും. വാങ്ങിക്കൊടുത്താ ഒരു പൊട്ടു വായിലിട്ടിട്ട് പേരക്കുട്ടികളെ ഊട്ടാൻ തുടങ്ങും. നിറഞ്ഞ ആൽമരം വീണാലും അങ്ങനെത്തന്നെ നിൽക്കും സാർ.

എനിക്കെന്തു കിട്ടിയെന്ന് ഒരാൾ കണക്കു നോക്കാൻ തുടങ്ങിയാൽ അതോടെ അവൻ്റെ കൈ കുറുതാകും. മനസ്സു മൂടും. അത്ര തന്നെ. പിന്നെ കൊടുക്കാൻ കഴിയില്ല. കൊടുക്കാത്തവൻ വിരിയൂല്ല. വിരിയാത്തവനു സന്തോഷം ന്ന് ഒന്നില്ല, എന്താ ഞാൻ പറഞ്ഞു വന്നത്?

എൻ്റെ അപ്പനുമമ്മയും ചിറ്റപ്പനും ചിറ്റമ്മയുമായിട്ട് ശെയ്തുങ്കനല്ലൂരീന്ന് ഒശരവിളയ്ക്ക് കാളവണ്ടീല് പോവുകയാ. അത്തയുടെ *വളകാപ്പു ചടങ്ങിനു പലഹാരവും കൊണ്ട്. അഞ്ചു ചെരുവത്തിൽ മുറുക്ക്, മുന്തിരിങ്ങ, അതിരസം, ചീട, കാരയപ്പം എല്ലാം ഉണ്ട്. അന്നൊക്കെ അഞ്ചു പലഹാരം കൊണ്ടു കൊടുക്കണം. പുതുമാപ്പിളക്ക് അരപ്പവൻ കൊണ്ടു മോതിരമുണ്ടാക്കിയിട്ടുണ്ട്.

ശെയ്തുങ്കനല്ലൂരിൽ നിന്നു ശുചീന്ദ്രം വഴി വന്നതെന്തിനെന്നറിയില്ല. വണ്ടിക്കാരന് ഒരു വഴിയുമറിയില്ല. വണ്ടിക്കാളക്കല്ലാതെ വേറെയാർക്കും അതിലേ വരാൻ വഴിയറിയില്ല എന്നു തോന്നുന്നു. അവിടവിടെ നിന്നു നെടുവീർപ്പുവിടും. അവൻ കുഞ്ഞിനെപ്പോലെ വളർത്തുന്ന കാള. അവനതിനെ അടിക്കുകേല. കോലുകൊണ്ടു മുതുകിൽ തടവി "പോ രാശാ, എൻ്റെ പൊന്നു രാശാ'' ന്നു പറയുമവൻ.

വഴിയിൽ വണ്ടി നിർത്തി ഞങ്ങൾ ഭക്ഷണം കഴിച്ചു.കാളയ്ക്ക് പുല്ലും വൈക്കോലും കൊടുത്തു. നോക്കുമ്പോഴുണ്ട് വണ്ടിക്കാരൻ കിടന്നുറങ്ങുന്നു. അവനെ തട്ടിയുണർത്തി കൈ പിടിച്ചു കെഞ്ചി വണ്ടിയെടുപ്പിച്ച് ഒരു വഴിക്ക് ശുചീന്ദ്രത്തെത്തുമ്പോ രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ടാകും.

ശുചീന്ദ്രത്ത് ഉത്സവം നടക്കുന്ന നല്ല സമയമാണത്. അതുകൊണ്ട് തെരുവുകളിൽ കുറച്ചാളും ആരവവുണ്ടായിരുന്നു. അങ്ങിങ്ങ് ഒന്നു രണ്ടു പേരോടു വഴി ചോദിച്ചറിഞ്ഞു.

പ്രായം ചെന്നൊരാള് തലേക്കെട്ടു കെട്ടി കയ്യിൽ വടിയുമായി നിന്നിരുന്നു."ഉത്സവല്ലേ നടക്കുന്ന്? ഈ വഴി പോയാൽ കൂട്ടത്തിൽപെട്ടു കുടുങ്ങിപ്പോകും. കച്ചേരി കേക്കാൻ നിറയെ ജനം വന്നിട്ടൊണ്ട്. വഴി മുഴുക്കെ വണ്ടികൾ നിറുത്തിയിരിക്കുകയാ.ഇതിലേ പോവിൻ.... ഇങ്ങനെ പോയാൽ റോട്ടീക്കേറാം."

ഞങ്ങൾ അതുവഴി ചുറ്റിപ്പോയി. ഞാൻ അതുവരെ നന്നായി ഉറങ്ങിയിരുന്നു. ആ തലേക്കെട്ടുകാരൻ ഉറക്കെ ഒച്ചയിട്ടു സംസാരിക്കുന്നയാള്.ശബ്ദം കേട്ടു ഞാൻ കണ്ണു മിഴിച്ചു. നോക്കിയപ്പോ ദൂരെ മാനത്തു നിന്ന് തീ പോലെ എന്തോ ചുവന്ന് മണ്ണിൽ എറങ്ങിനിൽക്കുന്നു.

"അപ്പാ, അവിടെ നോക്കൂ തീയ്" ഞാൻ പറഞ്ഞു.
"തീയല്ല. അത് ശുചീന്ദ്രം ക്ഷേത്രം..... അവിടെ ഉത്സവം നടക്കുകയാ. അത് പെട്രോമാക്സിൻ്റെ വെളിച്ചം." അപ്പൻ പറഞ്ഞു.

ഞാൻ അപ്പൻ്റെ കവിളു പിടിച്ച്, "അപ്പാ, മയിലു പാടുണു" എന്നു പറഞ്ഞു.

അപ്പൻ എന്നെ കെട്ടിപ്പിടിച്ചു.മാറോടു ചേർത്തണച്ചു. "ഇല്ല മക്കാ, ഇതു നാദസ്വരം.... തിരുവാവടുതുറ രാജരത്നംപിള്ള വായിക്കുകയാ'' എന്നു പറഞ്ഞു.

അതു കേട്ടുകൊണ്ടു ഞങ്ങൾ പോയി. ഒരിരുപതു നിമിഷം കാതിൽ വീണിട്ടുണ്ടാവും. പിന്നത് ദൂരത്തിൽ അലിഞ്ഞു പോയി.

അപ്പൻ്റെ ദേഹം പനി വന്ന പോലെ വിറക്കുന്നുണ്ടായിരുന്നു. ആകെയൊരു ചൂട്. എൻ്റെ തോളിൽ വെള്ളം വീണു. ഞാൻ തലയുയർത്തി അപ്പനെ നോക്കി.അപ്പൻ കരയുകയായിരുന്നു.

"അപ്പാ" ഞാൻ വിളിച്ചു. "എന്തിനാ കരയുന്നേ?"

"പാട്ടു കേട്ടില്ലേ മക്കാ"

"അതു ചീത്ത പാട്ടാ?"

"അയ്യോ, അല്ല മക്കാ..... അത് അമൃതു പോലെ മധുരോള്ള പാട്ട്. ദൈവങ്ങളൊക്കെ വന്നെറങ്ങി കേട്ടിരിക്കിണ പാട്ട്. പ്രേതവും മനസ്സലിഞ്ഞു കേക്കിണ പാട്ട്."

അപ്പൻ എന്നെ ചേർത്തു പിടിച്ചപ്പോൾ എൻ്റെ തോളെല്ലുകൾ നുറുങ്ങുമ്പോലെ തോന്നി.

"എന്നാല് ഈ പാപിക്ക് ഇരുന്നു കേക്കാൻ ഭാഗ്യമില്ല മക്കാ.... ഇരുന്നൊരു പാട്ടു കേക്കാൻ ഈ ജമ്മത്ത് യോഗമില്ല. വണ്ടിക്കാളയായാ ജനിച്ചത്.... ചാട്ടയുടെ ശബ്ദമില്ലാതെ വഴി നടക്കാനേ പറ്റാതായി!"

അപ്പൻ എന്നെ നെഞ്ഞോടണച്ചു. അവര് കരയുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു.പിറകിലെ ഇരുട്ടു നോക്കി ഇരിപ്പായിരുന്നു. വണ്ടിക്കുള്ളിലെല്ലാരും നല്ല ഉറക്കം. ഞാൻ അങ്ങനെ ഉറങ്ങിപ്പോയി.

അതിനു മൂന്നു കൊല്ലം കഴിഞ്ഞ് രാജരത്നം പിള്ള മരിച്ചു. ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാലില്. അപ്പൊ അദ്ദേഹത്തിന് അമ്പത്തെട്ടു വയസ്സ്. മരിക്കാനുള്ള പ്രായമില്ല.

അപ്പൻ പണിയാലയിൽ തന്നെയാവുമെപ്പൊഴും. പെരുമാൾ നായിഡു പരിഭ്രമിച്ചോടി വന്ന്, "ആശാരി കേട്ടോ, പിള്ളയദ്ദേഹം പോയി" എന്നു പറഞ്ഞു.

അപ്പന് ഒന്നും മനസ്സിലായില്ല.''ആര്?"

"എന്താ പറയിണത്? നമക്ക് പിള്ളയദ്ദേഹം ന്നാ ഒരാളല്ലേയുള്ളൂ? നാദസ്വരചക്രവർത്തി തിരുവാവടുതുറ രാജരത്നംപിള്ള പോയെടോ..... രത്നമല്ലേ ഇദ്ദേഹം? രത്നങ്ങളിൽ വെച്ചു രാജാവാ! മരിച്ചു പോയെടോ.കൂടെ തോടിയും കൊണ്ടുപോയെടോ.... "

പെട്ടെന്ന് നായിഡു നെഞ്ഞത്ത് ഓങ്ങിയടിച്ച് അലറി. "പെരുമാളാണു സത്യം. ഇനി ഇക്കാതുകൊണ്ട് തോടി ഞാൻ കേക്കൂല്ല. സത്യം!"

നായിഡു തളർന്ന് പണിയാലയുടെ തിണ്ണയിൽ ഇരുന്നു. നെഞ്ഞത്തും തലയിലും അടിച്ചു കരഞ്ഞു. അവിടെ കിടപ്പായി.

എന്നാൽ അപ്പൻ ഒന്നും പറഞ്ഞില്ല. കയ്യിലെ കിടുക്കിയും കൊരടും ഒരു സെക്കൻ്റു പോലും താഴ്ത്തിയില്ല. പണി ചെയ്തു കൊണ്ടേയിരുന്നു.എന്നാൽ കണ്ണീര് തുളുമ്പുന്നുണ്ടായിരുന്നു.

ഒന്നും രണ്ടും ദെവസോല്ല. പറഞ്ഞാ ആരു വിശ്വസിക്കും? ഒരാഴ്ച, പത്തു ദെവസം, കണ്ണീര് നിക്കുന്നേയില്ല. പണി നടന്നു കൊണ്ടിരിക്കും. മാലമേലും കൊരടുകളുടെ മേലും കണ്ണീര് വീണോണ്ടിരിക്കും.

ഉണ്ടാക്കുന്നതു താലിമാല. കണ്ണീരോടെ പണി ചെയ്യണതു കണ്ടാല് എന്താ വിചാരിക്കുക? ചിറ്റപ്പന്മാർ രണ്ടു പേരും അവരെ അപ്പുറമിരുത്തി ഒരു ചാക്കുതുണികൊണ്ടു കെട്ടിമറച്ചു.

സംസാരമൊക്കെ ചിറ്റപ്പനാണ്. അപ്പൻ പറയൂല്ല. അപ്പൻ കരകൗശലം തെകഞ്ഞാള്.അതുകൊണ്ട് ഇവരുതന്നെ ചെയ്യണം ന്നു പറഞ്ഞു നിൽക്കും ആളുകൾ.അപ്പൻ പണി ചെയ്തോണ്ടേയിരിക്കും. കൂടു വെയ്ക്കണ പ്രാണികളേപ്പോലെ, തേനീച്ചയുണ്ടല്ലോ അതുപോലെ. അപ്പൻ്റെ കൈ രണ്ടും രണ്ടു തേനീച്ചകളാ. പൂ തോറും സൂക്ഷ്മമായി ചെന്നോണ്ടിരിക്കും.

എന്നാല് അപ്പൻ്റെ രണ്ടു കണ്ണിനും മനസ്സിനും അതറിയൂല്ല. കണ്ണീന്നു കണ്ണീരൊഴുകിക്കൊണ്ടേയിരിക്കും. മനസ്സിലെന്തെന്നാർക്കറിയാം?

ഒരാഴ്ച. അതിൽ പിന്നെ അപ്പനു മിണ്ടാട്ടമില്ല. അവരെപ്പൊഴും അങ്ങനെയാ.സംസാരം കുറവ്. അമ്മയോടു പോലും അധികം സംസാരിക്കില്ല. മുഖത്തു നോക്കി ആരെങ്കിലും അടിച്ചാൽ പോലും കണ്ണിലൊരു ഉണർവുണ്ടാവില്ല. അതൊരു ജന്മം,ഇവിടെ വന്നു,പോയി അത്ര തന്നെ.

എന്നാൽ ആയിരം രണ്ടായിരം കഴുത്തിലും കാതിലും അവരുടെ കൈ തൊട്ടാൽ മതി കല വിടരാൻ. തങ്കത്തില് പൂവ് വിരിയിച്ചു വെച്ചയാളാ! അവരുണ്ടാക്കിയ ചോറ് തിന്നു വളർന്ന കുടുംബം ഒന്നും രണ്ടുമല്ല സാർ, നാപ്പത്തി രണ്ട്. അതെ, ഇന്നുവരേക്കും നാപ്പത്തിരണ്ടു കുടുംബം.

എനിക്കെന്തറിയാം അവരെപ്പറ്റി? ഒന്നും അറിയൂല്ല. പിന്നിടു പെരുമാൾ നായിഡുവിനോടു ചോദിച്ചറിഞ്ഞതാ എല്ലാം. ഞാനായതോണ്ട് അതു മനസ്സിലാക്കി. മറ്റുള്ളോർക്ക് അവരൊരു ദൈവം.ശ്രീകോവിലിനകത്ത് ഇരുട്ടിലിരിക്കുമത്.

എന്നാല് അവരു മനുഷ്യനാണെന്ന് എനിക്കു മനസ്സിലായിട്ടൊണ്ട്.ഞാൻ അവരെ വിചാരിച്ചു വിചാരിച്ച് ഉരുകിപ്പോകയാ.സാർ, മാസത്തിലൊരിയ്ക്കേ ഇവിടെ വരിണത് അതുകൊണ്ടാ. അവരെ വിചാരിച്ചങ്ങനെയിരുന്നു പോകാൻ വേണ്ടിത്തന്നെയാ.

പെരുമാൾ നായിഡു തന്നെയാ പറഞ്ഞത്. അവര്ക്ക് സംഗീതമെന്നു വെച്ചാ പ്രാന്താ. ചില കാര്യങ്ങൾക്കായി നമ്മള് ചങ്കറുത്തു ചത്തു വിഴൂല്ലേ, അതുപോലത്തെ കിറുക്ക്.ഒരു പാട്ട് അവരെക്കൊണ്ടു പാടാൻ പറ്റൂല്ല. നെഞ്ഞു വെറച്ച് ചങ്കുരുകി കണ്ണീരു വരും. അങ്ങനെയൊരു പ്രേമം.

പ്രേമം! എന്തൊരോമനത്തമുള്ള വാക്ക്. എന്തുകൊണ്ടാ സാർ? പ്രേമം. അതു തന്നെ. കൃഷ്ണൻ്റെ മീതെ രാധക്കുണ്ടായിരുന്നത് ഇതു തന്നെ. പരമാത്മാവിൻ്റെ മീതെ ജീവാത്മാവിനുള്ളത്. തേനിനു മേലേ തേനീച്ചക്കുള്ളത്.

പ്രേമമെന്നാ ആഗ്രഹമല്ല. അത് വേറെ. എന്നെക്കൊണ്ടാവൂല്ല പറയാൻ. ഇതു മാത്രം പറയാം. പ്രേമമെന്നാ നമുക്ക് സ്വന്തമാക്കണമെന്നേ തോന്നാത്ത ഒരു ഭാവം.എന്നാല് അതിനായി നമ്മളെ നമ്മളങ്ങു സമർപ്പിക്കും.... സാർ. അതാണ് പ്രേമം.

വലിയ പാട്ടുകാരുടെ പാട്ടൊന്നും അപ്പൻ കേട്ടിട്ടില്ല. ചൊരിമുത്തയ്യൻ സ്വാമിയാണേ സത്യം. അതെ, സാർ, അവര് പാട്ടേ കേട്ടിട്ടില്ല.
അവരു കേട്ട പാട്ടെല്ലാം പെരുമാൾ നായിഡുവും പണിയാലക്കടുത്ത് ഹോട്ടൽ നടത്തിയിരുന്ന ശങ്കരയ്യരും മൂളുന്നതു മാത്രം.

അവർക്കെവിടെ നേരം? പണിയാലയിലിരുന്ന് എണീക്കുന്നയാളല്ല. മൂന്നാം വയസ്സിൽ അവിടെ ചെന്നിരുന്നതാണ്. പഠിപ്പുണ്ടായില്ല. കണക്കും വായനയുമെല്ലാം പണിയാലയിൽ അപ്പൻ്റേം ചിറ്റപ്പമ്മാരുടേം അടുത്തുന്നു തന്നെ. മുറ്റത്തെ വെയിലേ കണ്ടിട്ടില്ലാന്ന് അമ്മ പറയും.

ആ സ്ഥിതിയില് എങ്ങനെയാ കച്ചേരി കേക്കുക? റേഡിയോപ്പാട്ടു കേക്കാം. എന്നാല് അതു കേട്ടോണ്ടിരുന്നാപ്പിന്നെ ജോലി ചെയ്യാനാവൂല്ല.മനസ്സ് ഉരുകും. അതോടെ പണിയും നിൽക്കും. അവരു കേട്ട റേഡിയോപ്പാട്ടെല്ലാം വളരെ ദൂരേന്ന് എവിടുന്നെങ്കിലും വരിണത്.അമ്പതുകളില് റേഡിയോയും പ്ലേറ്റുമൊക്കെ അപൂർവമാ. എങ്ങനെയെങ്കിലും ഏതെങ്കിലും പാട്ട് കാതിൽ വീണാലായി.

ഒന്നു പറയാം സാർ. എപ്പൊ നമ്മള് പാട്ടു തേടിപ്പോകാതെ പാട്ട് നമ്മളെത്തേടി വരാൻ തൊടങ്ങിയോ അപ്പൊ സംഗീതം വെളറിപ്പോയി. എൻ്റപ്പനൊന്നും സംഗീതം കേട്ടു ജീവിച്ചോരല്ല, സംഗീതത്തെപ്പറ്റി വിചാരിച്ചു വിചാരിച്ചു തപസ്സു ചെയ്തു ജീവിച്ചവരാ.

അതെ സാർ, തപസ്സു തന്നെ. അപ്പൻ പാട്ടു കേട്ടത് ഏറെ കമ്മി. എന്നാൽ മനസ്സിനുള്ളില് പാട്ടൊഴുകിക്കൊണ്ടേയിരിക്കും ന്ന് പെരുമാൾ നായിഡു പറയാറുണ്ട്. "മുഖം കണ്ടാലറിയാം. സംഗീത ഗന്ധർവനെപ്പോലെ വിടർന്നിരിക്കും. തിരുനെൽവേലി ക്ഷേത്രത്തിൽ പോയി ഗന്ധർവ്വൻ്റെ വിഗ്രഹം കാണൂ.അതാണ് നിൻ്റെ അപ്പൻ്റെ മുഖം. കണ്ണ് അതേ പോലെ വിടർന്നിരിക്കും. ഞാൻ കണ്ടിട്ടു പറയും, ഏതു രാഗമാ ഇപ്പൊ മനസ്സിലെന്ന്.എന്താ കാനഡയോ എന്നു ചോദിക്കും. ഒരു പുഞ്ചിരി. ചെറുന്നനെ."

പെരുമാൾ നായിഡു എൻ്റപ്പനെപ്പറ്റി പറഞ്ഞാൽ പറഞ്ഞു കൊണ്ടേയിരിക്കും. "ഈ പണിയാലയുടെ വാതുക്കല് ചെതറിക്കെടക്കിണ തരിതരിയായ തങ്കമില്ലേ.ഉറമെഴുകു വെച്ച് ഒപ്പിയെടുക്കിണ തങ്കപ്പൊടിയുടെ തരി. അതേ മാതിരിയാ നിൻ്റപ്പൻ്റെ ചിരി. അതേടോ ഉറമെഴുകു വെച്ച് ഒപ്പിയെടുക്കണം...."

"ഹൊ! അങ്ങനെ മനുഷ്യന് ചിരിക്കാൻ പറ്റ്വോ?പല്ലോ ചുണ്ടോ ഇല്ലാതെ. കണ്ണു കൂടിയില്ലാതെ ആത്മാവു മാത്രം കണ്ണിനുള്ളിലൂടെ വന്ന് നോക്കി നിന്ന് തല അകത്തേക്കു വലിക്കും.ചമഞ്ഞൊരുങ്ങിയ പെൺകുട്ടിയെപ്പോലെ.... അങ്ങനൊരു ചിരി. പാവം, എന്തിനു ജനിച്ചോ! ആഗ്രഹിച്ചതിനായി തപസ്സു ചെയ്തു ചെയ്തങ്ങു പോയി." പെരുമാൾ നായിഡു മരിക്കണ വരേക്കും എൻ്റപ്പനെപ്പറ്റി പറഞ്ഞോണ്ടേയിരുന്നു.

അക്കാലത്ത് സംഗീതപ്രാന്തന്മാർക്കെല്ലാം രാജരത്നം പിള്ളാന്നു വെച്ചാ ജീവനാ. സ്വത്തു വിറ്റ് ഭാര്യേം മക്കളേം പട്ടിണിക്കിട്ട് കച്ചേരി കേക്കാൻ പോകും.അവര് മരുതയില് വായിച്ചാൽ അവിടെ കേക്കാൻ പോകും.പിന്നെയവര് തിരുനെൽവേലിയില് വായിക്കാൻ വരുമ്പോ ഇയാളും അവിടെയെത്തും.മാടു പോണേടത്തേക്ക് ഈച്ച പോണ പോലെ."

പെരുമാൾ നായിഡു കഴുകുമലയിലും ശങ്കരൻകോയിലിലും ശ്രീവൈകുണ്ഠത്തിലും നേരിൽ പോയി പിള്ളയദ്ദേഹത്തിൻ്റെ വായന കേട്ടു വന്നതാണ്. അവര് കഥകഥയായി പറയും. പാടിക്കാട്ടും.പാട്ടിനൊപ്പം കരയും. നെഞ്ചിൽ പിടിച്ച് അമർത്തും. വലിവ് വരും.

തിരുവാവടുതുറ രാജരത്നം പിള്ളയുടെ വായന അപ്പൻ കേട്ടിട്ടേയില്ല. പ്ലേറ്റിൽ പോലും.റേഡിയോവിൽ പോലും. എല്ലാം നായിഡു പറഞ്ഞതു വെച്ച് ഭാവന ചെയ്തതാ. ആ ഒറ്റത്തവണ മാത്രമാണ് ശുചീന്ദ്രത്തുവെച്ച് നേരിൽ കേൾക്കാനൊത്തത്. നേരിൽ എന്നുവെച്ചാ ഒരു ഫർലോങ് ഇപ്പുറം നിന്ന്.മൈക്കുമില്ല. കാളവണ്ടിക്കുള്ളിലിരുന്ന് നേരെ. കാറ്റിലൂടെ വന്ന് അപ്പൻ്റെ കാതില് വീണു.കാരുണ്യമുള്ള കാറ്റ്, അയ്യാ,അമ്മ മനസ്സുപോലുള്ള കാറ്റല്ലേ അത്?

പിന്നീട് പെരുമാൾ നായിഡു പറഞ്ഞു. ഒരു തവണയെങ്കിലും രാജരത്നംപിള്ള വായിക്കുന്നതു കേൾക്കാൻ അപ്പൻ ആശിച്ചിരുന്നു."ഒരു തവണ, ഒറ്റത്തവണ, കേട്ടിട്ട് മരിക്കണം." എന്നെപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. അതിൽ പിന്നെ പിള്ളയദ്ദേഹം ചുറ്റുവട്ടത്ത് ഏഴിടങ്ങളില് വായിച്ചിട്ടൊണ്ട്. എന്നാ അപ്പന് എണീക്കാനേ വയ്യ. പെരുമാൾ നായിഡു പോയിട്ടു വന്നു പറയിണത് കണ്ണു വിടർത്തി കേട്ടോണ്ടേ ഇരുന്നു.

അപ്പൻ ആഭരണപ്പണി നിറുത്തിയേയില്ല. പണി വാങ്ങി വാങ്ങി വെച്ച് തലക്കു മേലേ കുമിഞ്ഞു. ഞെണ്ടിനെപ്പോലെ എട്ടു കൈ കൊണ്ടു പണിയെടുത്താലും തീരില്ല. അങ്ങനെ പണിയെടുത്തു സമ്പാദിച്ചാലും കടം വീട്ടിത്തീരില്ല. പതിനേഴു പെമ്പിള്ളേർക്കുള്ളതു കൊടുക്കണം. പണി ചെയ്താലും ചെയ്താലും തീരില്ല. നെറയില്ല. അത് ഒരു തപസ്സ്.എവിടുന്നോ വാരിവാരിയെടുത്തു.ഈ ജമ്മത്തീത്തന്നെ കൊടുത്തു കൊടുത്തു തീർത്തു.

അങ്ങനെ പോയി അവരുടെ ജീവിതം. ഞാൻ തലമുതിർന്നു. അത്തമാർക്കും ചിത്തിമാർക്കും മക്കളായി.അപ്പന് ഒന്നു കൈയ്യൊഴിഞ്ഞു വിശ്രമിക്കാമെന്നായി. അതെങ്ങനെ, കണക്ക് കണക്കായിട്ടിരിക്കയല്ലേ അവൻ്റെ ഏട്ടിൽ? അപ്പനു പക്ഷാഘാതം വന്നു. അധികം കിടന്നില്ല. ഏഴെട്ടു മാസം. പൂ പോലെ ഉതിർന്നു പോയി.

മെലിഞ്ഞ ശരീരമാ.ഇരുന്നിരുന്ന് കൂന്നു പോയ മുതുക്.നല്ല ഇരുണ്ട നെറം. ചെമപ്പു കല്ലുകടുക്കനിട്ട കാത്.നെറ്റിയിൽ എപ്പോഴുമുണ്ടാവും ഭസ്മക്കുറി. കുടുമ വെച്ചിട്ടൊണ്ട്. ചെറിയ വായ, ചെറിയ മൂക്ക്. കണ്ണു മാത്രം വലുത്. ഞാൻ തന്നെയാ കുളിപ്പിച്ചത്, ദേഹത്തു പൗഡറിട്ടത്, ഊട്ടിയത്, എല്ലാം.

എന്നോടു പറഞ്ഞു "ഷൺമുഖം, എന്നെ ശുചീന്ദ്രത്തേക്ക് കൂട്ടിക്കൊണ്ടു പോ"

"ശരി അപ്പാ" ഞാൻ പറഞ്ഞു.

"പിള്ളയദ്ദേഹം വായിക്കിണതു കേക്കണം"

ഞാൻ എന്തോ മാതിരിയായി. പിള്ളയദ്ദേഹം പോയിട്ട് അപ്പൊ വർഷം പതിനെട്ടായിട്ടുണ്ട്. എങ്ങനെ പറയും? പക്ഷവാതം വന്ന് മനസ്സു ഭ്രമിച്ചു പോയി എന്നു ഞാൻ കരുതി.

എന്നാൽ അപ്പൻ തന്നെ പറഞ്ഞു. "അവര് പോയി, ല്ലേ, അറിയാം എന്നാല് ആ തോടി അങ്ങനെ പോകുമോ? അവിടെത്തന്നെ കാണും.... പോയി നോക്കാം."

എനിക്ക് അപ്പൊഴും പിടിത്തം കിട്ടിയില്ല. "ശരി അപ്പാ" എന്നു പറഞ്ഞു.

"നാളും നേരോം ഒന്നും നോക്കണ്ട. ചുമ്മാ പോകാം" അവരു പറഞ്ഞു. "ഇപ്പൊത്തന്നെ പോകാം. 'നാളൈയെൻറാൽ യാരേ കണ്ടാർ?' എന്നല്ലേ പാട്ട്?"

ഞാൻ അവരെ കൂട്ടിപ്പോയി. ഒരു കാറു പിടിച്ചു പിൻസീറ്റിൽ ചായ്ച്ചു കിടത്തി. ഞാനും അപ്പനും മാത്രം. എവിടെപ്പോകുന്നെന്ന് ആരോടും പറഞ്ഞില്ല.

ശുചീന്ദ്രത്തെത്തിയപ്പോൾ വൈകുന്നേരം അഞ്ചരമണി.വലിയ തിരക്കില്ല. വിശേഷ ദിവസമല്ല അത്.

"ഉള്ളിൽ പോയി തൊഴുതു വരാം" അപ്പൻ പറഞ്ഞു.

ഉള്ളിൽ ചെന്ന് ഞങ്ങൾ എല്ലാടത്തും തൊഴുതു. അപ്പൻ ശെയ്തുങ്കനല്ലൂർ ക്ഷേത്രമല്ലാതെ വേറൊരു ക്ഷേത്രവും കണ്ടിട്ടില്ല. ശെയ്തുങ്കനല്ലൂർ ക്ഷേത്രത്തിലേക്കു തന്നെ നാലഞ്ചു തവണ കൂടി പോയിട്ടില്ല.

കൈ കൂപ്പിത്തൊഴാൻ കഴിയില്ല. ഒരു കൈ ഞാൻ പിടിച്ചുയർത്തണം. മറ്റേ കൈ അപ്പൻ കൊണ്ടുവന്നു ചേർത്തു വയ്ക്കും. അർച്ചനയും പൂജയുമൊന്നും വേണ്ടെന്നു പറഞ്ഞു. ഒന്നിനും വേണ്ടിയല്ല. ചുമ്മാ നോക്കി ഇരുന്നു.

അപ്പൊഴാണ് ഞാൻ ആദ്യമായി അവിടത്തെ കാശിവിശ്വനാഥ സന്നിധാനത്തേക്കു പോയത്. അവിടെ ആരുമില്ല. അന്നേരം കരണ്ടു വെളക്കും ഇല്ല. ഉള്ളിൽ ഒരു നെയ് വിളക്കു മാത്രം. അപ്പനും ഞാനും അവിടെയിരുന്നു.

അപ്പൻ ചുമ്മാ കൽച്ചുമരിൽ ചാഞ്ഞ് കാലു മടക്കി ഇരുന്നു. നല്ല പോലെ വളഞ്ഞ ദേഹം. വായിൽ നിന്ന് ഏത്തായ ഒഴുകി മടിയിൽ വീണത് ഞാൻ തുടച്ചു കളഞ്ഞു.

അമ്മ പറഞ്ഞത് ഞാനോർത്തു. ഞാൻ കൊച്ചു കുഞ്ഞായിരുന്നപ്പോ വായിൽ നിന്നെപ്പൊഴും നീരൊലിക്കും. അപ്പൻ അതു വിരലുകൊണ്ടു തുടച്ച് "തേൻ തന്നെയാ! തേനാ!" എന്നും പറഞ്ഞ് വായിൽ വെച്ചു കുടിക്കും.

"നോക്ക്, പിള്ളയദ്ദേഹത്തിൻ്റെ വായന ഇവിടെയൊക്കെ ഒണ്ടാവും,ല്ലേ?" അപ്പൻ ചോദിച്ചു.

"ഉവ്വ്."

"ഈ കല്ലിലും തൂണിലും ണ്ട് ല്ലേ"

"ഉവ്വ്"

"ഇവിടെയിരുന്നാ ഞാൻ കേട്ടത്" അപ്പൻ പറഞ്ഞു.

എന്താണു പറഞ്ഞതെന്നു വ്യക്തമായില്ല.ഞാൻ ചുമ്മാ നോക്കിയിരുന്നു.

"കേക്കണൊണ്ട്!"

എനിക്കു രോമാഞ്ചം വന്നു സാർ.പെരുമാൾ നായിഡു പറഞ്ഞ അതേ മൊഖം. സാർ, സത്യമായും അവരു പാട്ടു കേട്ടോണ്ടിരുന്നു.

അതെ സാർ, മുഴുവൻ കച്ചേരിയും. ഇടക്കിടെ തലയാട്ടി. മുഖം വിടർത്തി ചിരിച്ചു. എന്നോട് "അഠാണാ" എന്നു രാഗപ്പേരു പറഞ്ഞു.

കച്ചേരി കഴിഞ്ഞതും "പോകാം ഡാ" എന്നു പറഞ്ഞു. ഞാൻ എടുത്തു കൊണ്ടുവന്നു കാറിൽ കയറ്റി.

മടങ്ങുമ്പോൾ തിരിഞ്ഞു നോക്കി "എന്തൊരു കച്ചേരി..... എന്താ വായന....എല്ലാം രത്നം..... എന്നാലാ തോടിയുണ്ടല്ലോ അതു രാജരത്നം!" എന്നു പറഞ്ഞു.

അതു തന്നെ ഓർത്തോർത്തു ചിരിച്ചുകൊണ്ടിരുന്നു. അതിനെക്കുറിച്ചു തന്നെ പറഞ്ഞു കൊണ്ടിരുന്നു.കൊച്ചു കുഞ്ഞിനെപ്പോലെ പല വാക്കുകളിൽ അതു തന്നെ പറഞ്ഞു. ഇങ്ങനെ സംസാരിച്ച് ഞാൻ കേട്ടിട്ടില്ല. ശെയ്തുങ്കനല്ലൂരുവരെ ഒരേ സംസാരം തന്നെ. പിള്ളയദ്ദേഹത്തെപ്പറ്റി, കച്ചേരിയെപ്പറ്റി, ഓരോ പാട്ടിനെയും പറ്റി, തോടിയെപ്പറ്റി.

വീട്ടിൽ കൊണ്ടു ചെന്നു കിടത്തി.പിറ്റേന്ന് അവരെണീറ്റില്ല. എൻ്റെ സുകൃതഫലം അത്രയേയുള്ളൂ.

രാജരത്നംപിള്ള ഇവിടെ ഇരിക്കണൊണ്ട് എന്നു കരുതിയ അപ്പനും ഇവിടുണ്ട്. ഇടക്കിടെ ഞാനിവിടെ വരും."

ഷൺമുഖമണി പറഞ്ഞു നിർത്തി.

"ഇന്ന് അവരുടെ ആണ്ടാണോ?"

"ഏയ്, അതൊന്നുമല്ല. ചുമ്മാ തോന്നുമ്പോ വരും, അത്ര തന്നെ. ചില ദിവസം മനസ്സിലെന്തോ ഒരു തണുപ്പു തോന്നും. ഒരു മധുരം.... പിന്നെ കാലു നിക്കൂല്ല.ഇങ്ങു പോരും."

"കാണാം" ഞാൻ പറഞ്ഞു.

"കാണാം സാർ, ആരോ നിങ്ങൾ, നിങ്ങളോടിതെല്ലാം പറയണമെന്നുണ്ടാവും" അയാൾ പറഞ്ഞു.



* ആദ്യത്തെ പ്രസവത്തിനു മുമ്പ്  ഗർഭിണിക്കു നടത്തുന്ന വളയിടീൽ ചടങ്ങ്.

ടി.എൻ.രാജരത്നംപിള്ള(1898-1956)യുടെ തോടി ആലാപനം ഈ ലിങ്കിൽ കേൾക്കാം :

No comments:

Post a Comment