നാം സംസാരിക്കുന്നിടത്തെല്ലാം
ചിറകിൽ നിന്നും ചോരയിറ്റുമൊരു
പ്രാവ്.
ഈ റയിൽവേ പ്ലാറ്റ്ഫോമിലും.
പ്ലാറ്റ്ഫോമിലെ ഇരുമ്പു തൂണുകൾക്കിടയിൽ
പതിഞ്ഞിരുന്ന
അതിൻ്റെ വലംചിറകിനിടയിലൂടെ
ചോരയിറ്റി വീഴുന്നു.
അതു നോക്കി നാം പറഞ്ഞുകൊണ്ടിരുന്നു,
മുറിവിനെപ്പറ്റി, മുറിവിനെപ്പറ്റി.
നാമതിനെ തൊട്ടില്ല
തൊട്ടുവോ?
നമ്മുടെ കാലതിന്മേൽ തട്ടിയില്ല,
തട്ടിയോ?
പ്ലാറ്റ്ഫോമിലേക്കിരച്ചെത്തിയ
വണ്ടിക്കു മുന്നിലേക്ക്
വേദനയുടെ തിരമാല പോലെ
ഓടിപ്പറന്നതെടുത്തു ചാടി.
സംസാരിച്ചുകൊണ്ടു
നാം പോകും വണ്ടിയെല്ലാം
തൂവലും ചോരയും പറ്റിപ്പിടിച്ച
അതേ വണ്ടി.
ഇത്തിരിക്കണ്ണ് എഞ്ചിന്മേൽ തന്നെ
തെറിച്ചു പറ്റിയ വണ്ടി.
No comments:
Post a Comment