ഞാനിപ്പോൾ നിങ്ങളോടു പറയാം.
ഒരൊഴിഞ്ഞ സോപ്പുപെട്ടിയിൽ
വെളുത്ത മൾബറിയിലകൾ കൊടുത്ത്
ഞാനിട്ടുവെച്ച പുഴുക്കൾ
എൻ്റെ സഹായമില്ലാതെ
എങ്ങനെ മാറിയെന്ന്.
വർണ്ണ വിസ്മയമായ്
അവ ചുരുണ്ടു വന്നതെങ്ങനെയെന്ന്.
അവ പൂമ്പാറ്റയായ് വിരിഞ്ഞത്
എത്ര വൈകിയാണു ഞാൻ നിരീക്ഷിച്ചതെന്ന്.
ഇതിനെല്ലാം കാരണമെന്തെന്നും
ഞാനിപ്പോൾ പറയാം:
മെയ് മാസമായിരുന്നു അത്.
ആ പ്രാണികൾക്ക്
ഒരല്പം മാന്ത്രികവിദ്യ വശമായിരുന്നു.
നിങ്ങളോടു ഞാനിനി ഇതും പറയാം.
സെർവാൻ്റസിൻ്റെ നാലാം ഭാര്യ,
എലോയ്സ മ്യൂറോ,
എങ്ങനെയാണ്
ഡോൺക്വിക്സോട്ട് രചിച്ചതെന്ന്.
ഞാനെത്ര ചെറുത്.
എങ്കിലും ഒരുപാടു കാര്യങ്ങളറിയാം.
എൻ്റെ ശരീരം
അനന്തമായൊരു കണ്ണ്.
അതിലൂടെ ഞാനെല്ലാം കാണുന്നു,
നിർഭാഗ്യവശാൽ.
No comments:
Post a Comment