Saturday, June 6, 2020

പാട - പി.രാമൻ



വലിയ കുളത്തിൻ കരയിൽ രാത്രിയിൽ
പടികളിലൊറ്റക്കൊരുവൻ
കല്പടകളിലൊരു മങ്ങിയ പാടായ്
അവനെക്കാണാം ദൂരെ.

പിന്നിലിരുണ്ട മരങ്ങൾക്കും മേൽ
നഗരവിളക്കിൻ പാട.

നീന്തണമെന്നുണ്ടവനു നിലാവി -
ലേഴുന്നേൽക്കാനും വയ്യ.
ചുറ്റി നടക്കണമെന്നുണ്ടതിനും
പറ്റാതവിടെയിരിപ്പൂ
കല്പട മേലൊരു പാട്ടും മൂളി -
ച്ചാഞ്ഞും കൺകളടച്ചും.

മാറിൽ ചേർത്തൊരു കൈയ്യൂർന്നടിയിലെ
വെള്ളത്തിന്മേൽ തൊട്ടു.

പിന്നെയുറങ്ങുകയായവ,നവനെ -
ച്ചിമ്മാ മീനുകൾ നോക്കി.
ഇപ്പോൾ വീണാൽ താങ്ങാമെന്നു
തുഴഞ്ഞീടുന്നുണ്ടാമ.

ഇടക്കു കണ്ണു തുറക്കേ കത്തീ
കുളത്തിനാഴം വരെയും
തണുത്ത തീയിലുലഞ്ഞൂ മെല്ലെ
അടിയിലെ ജലസസ്യങ്ങൾ

ഇത്രയുമൊക്കെയെനിക്കറിയാം,പി -
ന്നെപ്പൊഴെണീറ്റു നടന്നോ?
ചാരിയ വാതിൽ തുറന്നൊരു മുറിയിൽ
പായിൽ ചെന്നു  ചുരുണ്ടോ?

മങ്ങിയ വെള്ളപ്പാടയിലിന്നീ
നഗരം മൂടീ, കുളവും.
കല്പടവുകളിൽ ചാരിയിരുന്നു
നിലാവിലുറങ്ങുമൊരാളും.

No comments:

Post a Comment