ഈയിടെ പഴയ ചില നോട്ടുപുസ്തകങ്ങൾ നോക്കിയപ്പോൾ പണ്ടെഴുതി വിട്ടു കളഞ്ഞ ചില കവിതകൾ കണ്ടു. കനം എന്ന ആദ്യ പുസ്തകത്തിലും മറ്റു സമാഹാരങ്ങളിലും ചേർക്കാതെ മാറ്റിയവ. ഇപ്പോഴും വായിക്കുമ്പോൾ കളയാൻ മനസ്സു വരാത്തവ. അവ ചേർത്തുവച്ചിരിക്കുകയാണ് ഇവിടെ
1
ഒരു ദിനമൊരു തിര
മാത്രം വിടരും
കടലുണ്ടെന്ന -
തറിഞ്ഞിട്ടില്ലേ?
2
ഒരോർമ്മയെങ്കിലും
ഉയിർത്തെണീറ്റെങ്കിൽ
ഇവിടം സ്വർഗ്ഗമാ-
യിരുന്നേനേ!
ഒരോർമ്മയെങ്കിലും
ഉയിർത്തെണീറ്റെങ്കിൽ
ഇവിടം ഭൂമിയാ -
യിരുന്നേനേ!
ഒരോർമ്മയെങ്കിലും
ഉയിർത്തെണീറ്റെങ്കിൽ
ഇവിടം പൊള്ളുന്ന
നരകമായേനേ!
ഒരോർമ്മയെങ്കിലും
ഉയിർത്തെണീറ്റെങ്കിൽ!
3
വെള്ളമൊഴിക്കാതെ
നാറീടുമോവറ -
ത്തിണ്ണ വെറുങ്ങലി -
ച്ചെത്ര നൂറ്റാണ്ടായി.
അന്യോന്യമിപ്പോൾ
പുറംചട്ട തപ്പുന്നു
മുന്നിൽ കിടക്കുന്ന
പുസ്തകക്കെട്ടുകൾ
ഏതോ കിനാവിന്റെ
സിംഹാസനമാണു
താനെന്നു കാലു
മുറിഞ്ഞ കസേരയും
ഏറിയാലെത്രെ
കൂമ്പീടും മിഴികളെ -
ന്നോരുവാൻ പായ
നിവർത്തുന്നുറക്കവും.
4
വേനൽ
ഒരു പൂമരത്തിന്റെ
ചോരയിൽ പടർത്തട്ടേ
എരിവെയ്ലിനോടൊപ്പ -
മെന്റെ വേനലും കൂടി.
അല്ലായ്കിലെന്നിൽ
പടർന്നീടുവാൻ കനിയണം
പൊള്ളുന്ന വെയ്ലോടൊപ്പം
നിന്റെ പൂക്കളും കൂടി.
5
കരയിലേക്കു
കയറിക്കിടക്കുമുൾ -
ക്കടലുപോലെയാ-
ണെൻ കടപ്പാടുകൾ
6
നീല നിറത്തിൻ
അകക്കോവിലിൽ തൊഴാൻ
പോയവരാണീ
മണൽപ്പുറത്തുള്ളവർ
7
സന്ധ്യ
വെളിച്ചമേ, നിന്റെ
പടക്കളത്തിൽ നി-
ന്നൊലിച്ചു പോകുന്ന
നിണപ്പുഴയിൽ ഞാൻ
തുടിച്ചു പാടിയും
ഒഴുക്കിൽ നീന്തിയും
തളിച്ചു മുങ്ങിയും
കുളിയ്ക്കുകയല്ലോ.
കനത്ത രാത്രി തൻ
കരിമ്പാറയ്ക്കു മേൽ
കയറി നിന്നിപ്പോൾ
തുവർത്തുകയല്ലോ.
8
മശായ്
"ഒന്നു നോക്കണം മശായ്
എന്റെ കൈ"മുന്നിൽ വന്നു
കെഞ്ചുന്നിതാരോ നോവൽ
വായിച്ചു തീരുംമുമ്പേ
"നിർത്തി ഞാൻ കുഞ്ഞേ, വേണ്ട
മറ്റെത്ര ഡോക്ടർമാരു-
ണ്ടപ്പുറം, പോകൂ, തീരെ-
പ്പഴഞ്ചനായ് ഞാനിപ്പോൾ"
വിളർത്തു വിളർത്തുള്ള
നാട്ടു വെട്ടത്തിൻ കൈകൾ...
'ആരോഗ്യനികേതനം'
വായിച്ചു തീർത്തൂ ഞാനെൻ
നാഡിയിൽ, മൃതിയുടെ
തീര മർമ്മരങ്ങളിൽ.
9
പത്തു കൊല്ലം
പത്തുകൊല്ലമായ് ഞാനീ നിരത്തിലൂ-
ടെത്തിടുന്നൂ നഗരത്തിൽ നിത്യവും
അത്രയും കാലമായ് വീതി കൂട്ടിയും
പുത്തനായ് ടാർ കനത്തിൽ പതിപ്പിച്ചും
കേറ്റിറക്കങ്ങളില്ലാതെയാക്കിയും
ചോര നാറും വളവുകൾ നീർത്തിയും
നൂറു നൂറു യന്ത്രങ്ങൾ മനുഷ്യരും
മാറി മാറിപ്പണികയാണെങ്കിലും,
പത്തുകൊല്ലം മുമ്പുള്ള വളവുകൾ
പത്തുകൊല്ലം മുമ്പുള്ള ചൂടൻ പുക
ഇപ്പൊഴുമതേ മട്ടിലീപ്പാതയിൽ.
ഈച്ചരിത്രത്തിൽ വെള്ളിത്തിളക്കമായ്
പൂർണ്ണമായ് ഒറ്റ രേഖയേ കാണ്മു ഞാൻ.
പട്ടണം തൊട്ടു പട്ടണത്തോളവും
ഒറ്റ വെയ്ൽ വരച്ചിട്ടോരു നേർവര
പത്തുകൊല്ലം വഴിപ്പണി താണ്ടുമെൻ
യാത്രയിൽ പൂർത്തിയായതിതൊന്നു താൻ
ഒറ്റ നാൾ കൊണ്ടൊരു നീണ്ട പാതതൻ
വക്കിലുള്ള മരനിരയത്രയും
വെട്ടിവീഴ്ത്തിപ്പണിഞ്ഞ വെയിൽവര.
10
വിളക്കു കൊളുത്താത്ത വീട്.
മുറ്റത്തെയിരുട്ടിൽ നിന്നും
ഇറയത്തെയിരുട്ടത്തെത്തി.
ഇറയത്തെയിരുട്ടിൽ നിന്നും
ഇടനാഴിയിരുട്ടത്തെത്തി.
ഇടനാഴിയിരുട്ടിൽ നിന്നും
കുട്ട്യറയിലെയിരുളത്തെത്തി.
കുട്ട്യറയിലെയിരുളിൽ നിന്നും
വല്യറയിലെയിരുളിൽ, പിന്നെ -
യടുക്കളയിലെയിരുളിൽ, കലവറ -
യിരുളിലുമെത്തിയലഞ്ഞു നടക്കുകയായി
വിളക്കെന്നുള്ളൊരു ചിന്തയെഴാതെൻ
കണ്ണുകൾ കയ്യുകൾ കാലുകളും.
11
കവിത ചൊല്ലൽ
പകലിലെങ്ങനെ കവിത ചൊല്ലുവാൻ
പരിഹസിക്കില്ലേ സകലരും?
ഇരുട്ടിലീ രാവിലുരുക്കഴിക്കുമ്പോ-
ളുറക്കം ഞെട്ടിടാമുലകിനും.
പിറുപിറുത്തേയ്ക്കാം, അടച്ചു വെയ്ക്കുകാ-
ക്കവിതയെന്നു കൺതുറിച്ചേക്കാം.
പെരുമഴയുടെ മറയ്ക്കുള്ളിൽ വെച്ചേ
കവിത ചൊല്ലാവൂ രഹസ്യമായ്
മഴയുടെ മഹാരവം പുറത്തെല്ലാം
കവിത ചൊല്ലുന്നുണ്ടകത്തൊരാൾ
അലറുന്ന യന്ത്ര നിരയിലിന്നൊരു
കരിനിഴലായിച്ചുരുളവേ,
ഇതാണുറക്കനെക്കവിത ചൊല്ലുവാ-
നവസരം - എന്റെ പ്രതികാരം.
12
തൊപ്പി
മനോഹരമായൊരു തൊപ്പിയണിഞ്ഞാണ്
അന്നത്തെ ദിവസം കടന്നു വന്നത്.
ഞങ്ങൾക്കു കാണണ്ട
നിൻ്റെ തൊപ്പിയും കോപ്പും കോമാളിത്തവും.
ചിരിച്ചുകൊണ്ടവനതു തലയിൽ നിന്നൂരി.
പറ്റെ വടിച്ച മൊട്ടത്തലയുടെ മിനുക്കം,
നേരിയ ചിരങ്ങു ഗന്ധം,
അന്നു മുഴുവൻ നമ്മൾ സഹിച്ചു.
13
യൗവ്വനം
അകാലത്ത്
മരങ്ങളിൽ നിന്ന്
ഇലകൾ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു.
തളിരിലകൾ.
വിരലുകളിൽ നിന്നു
നഖമടർന്നു വീഴുന്ന രോഗമാണ്
മേഘങ്ങൾക്കു മുഴുവൻ.
തോരാൻ വിരിച്ചിട്ട
നേർത്ത തുണി പോലെ
യൗവനം കാറ്റിലുലയുന്നു.
14
ജനനം
കോടികോടിക്കൊല്ലങ്ങളായ്
അവനുയർന്നു തുടങ്ങീട്ട്
അടിത്തട്ടിലടങ്ങിക്കിടന്ന
നിലപാടു വിട്ട്
ഉയർന്നു പൊങ്ങിത്തുടങ്ങീട്ട്.
മരണത്തിൽ നിന്നവൻ
പൊങ്ങി നിവരുന്നു.
മുടിയെന്നു തോന്നിച്ച നിലവിളികളിൽ നിന്നു
വെള്ളം തെറിപ്പിച്ചുകൊണ്ട്.
15
വേഗം
ഉച്ചവെയ്ലിൻ്റെ ഇടിഞ്ഞ തോളുകളിൽ
ധൃതികൂട്ടുമൊരു ശവമഞ്ചമുണ്ട്.
അതാണ്
ഉരുകുന്ന ടാറിൽ
ഞെരിയാണികൾ
ഇങ്ങനെ തിളയ്ക്കുന്നത്.
16
തളിര്
തേഞ്ഞതുമില്ല
മാഞ്ഞതുമില്ല.
തളിര്
അങ്ങനെ
സ്തംഭിച്ചു നിന്നു.
17
തോന്നൽ
എന്തോ മറന്നു ഞാൻ വെച്ച പോലെ
തോന്നുമോ എൻ്റെ കൈ വീശൽ കണ്ടാൽ?
കണ്ണു കണ്ടാൽ വഴിയമ്പലത്തിൽ
പ്രാർത്ഥനാപുസ്തകം വെച്ച പോലെ?
18
എൻ ചെറുകവിതയിലാണിപ്പോൾ പരാക്രമം.
അടക്കാക്കിളിയുടെ പാട്ടളക്കുവാൻ പറ്റാ-
തങ്കുലപ്പുഴു തോറ്റു കാടുവിട്ടിറങ്ങിപ്പോയ്
നഗരത്തിലേക്കെത്തി,യവിടെമ്പാടും കണ്ടൂ
ചതുരക്കെട്ടിടങ്ങൾ, നീളങ്ങളുയരങ്ങൾ
നഗരപ്പുതുമയെത്തന്റെ ചങ്ങല നീട്ടി -
വലിച്ചു വലിച്ചു കൊണ്ടളക്കാൻ ചെന്നൂ പുഴു.
അളക്കും താനൊക്കെയുമെന്നതാണതിൻ ധാർഷ്ട്യം,
അളന്നോരോന്നുമെത്രയുണ്ടെന്നു പ്രഖ്യാപിക്കും.
നഗരം തീവെയ്ലിനാൽ പൊള്ളിച്ചൂ പാവത്തിനെ,
പണിയും നിർത്തിപ്പാതിമയങ്ങിക്കിടക്കയായ്
കാടകത്തണൽ സ്വപ്നമായുള്ളിൽ നിറഞ്ഞപ്പോൾ
വീണ്ടുമുന്മേഷത്തോടെയളക്കാനെഴുന്നേറ്റു
പതുക്കെ നഗരത്തോടിഴുകിച്ചേർന്നൂ പുഴു,
പുക, വെയ്ൽ, ശബ്ദമെല്ലാം ശീലമായതിന്നിപ്പോൾ
കെട്ടിടമളക്കുന്ന പണിയേക്കാളും നല്ലൂ
ബൗദ്ധികവ്യാപാരങ്ങളളക്കൽ - ചിന്തിച്ചത്.
സ്ത്രീവാദം, ദളിത് വാദം, സവർണ്ണ,മരാഷ്ട്രീയം
രാഷ്ട്രീയ ശരി, ആഗോളീയത, ഫ്യൂഡൽ ബാധ,
സത്യാനന്തരകാലം, ഉത്തരാധുനികത,
കവിതാ ചർച്ച - വിടില്ലൊന്നൊന്നുമളക്കാതെ.
അങ്ങനെ മുന്നേറുമ്പോൾ പെട്ടെന്നു പൊങ്ങും മുന്നി-
ലടക്കാക്കിളിയുടെ പാ,ട്ടൊന്നു ഞെട്ടിപ്പോകും
തല നീർത്തുമ്പോൾ പാട്ടല്ലതു വാഹനക്കൂക്ക്,
പരമാശ്വാസം! നീട്ടും ചങ്ങല വീണ്ടും വേഗം
19
പന്തടി
(നെന്മാറയിലെ കായികാദ്ധ്യാപകൻ സുബ്രഹ്മണ്യൻ മാഷിൻ്റെ ഓർമ്മക്ക്)
പന്തടിക്കുന്ന ശബ്ദം
മഴച്ചാറലായി
പെരുമഴയായി
പകർന്നു പരന്ന
അതിരില്ലാത്ത കളിസ്ഥലത്തിലൂടെ
കൈ പിന്നിൽ കെട്ടി
കഷണ്ടിത്തലയുയർത്തിപ്പിടിച്ച്
കണ്ണുചുരുക്കി,
വീഴുന്ന ഓരോ തുളളിക്കു ചുറ്റും
നോട്ടത്തിൻ്റെ വെള്ളിവെളിച്ചം പായിച്ച്,
നനയാതെ സാവധാനം നടന്നടുക്കുന്ന ഈ മനുഷ്യൻ
എനിക്കു മറ്റാരാണ്!
ഇയാൾ അരികത്തെത്തും വരെ
എനിക്കിതു മഴ. മഴയൊച്ച.
അരികത്തെത്തുംതോറും ഉയർന്നു താഴുന്ന പന്ത്.
പന്തടി ശബ്ദം.
ഞാൻ വിളിക്കുന്നു: മാഷേ....
സ്കൂൾ കെട്ടിടങ്ങൾക്കിടയിൽ
മിന്നി മാഞ്ഞു പോകുന്ന ഒരു പന്ത്
മാഷ് കൈ ചൂണ്ടി നിറുത്തുന്നു.
സങ്കടങ്ങൾ ചോദിച്ചറിയുന്നു.
ഞാൻ വിളിക്കുന്നു: സുബ്രഹ്മണ്യൻ മാഷേ.....
തൊട്ടരികെ
രണ്ടു കൈപ്പത്തികളും ചേർത്തു പിണച്ച്
ഇടിച്ചു കുത്തിപ്പൊന്തുന്ന ഒരു പന്ത്.
പൊന്തി മാഞ്ഞു പോകുന്നു അത്.
ഞൊടിയിൽ ഒപ്പം ഉയർന്നു മായുന്നു
പന്തിടിച്ചുയർത്തിയ മുഷ്ടികൾ.
ഇപ്പോൾ ശബ്ദത്തുള്ളികൾ മാത്രം:
"ആ എകരം കൂടിയ കളിക്കാരൻ
പട്ടാളത്തിൽ നിന്ന് ഇന്നലെ ലീവിൽ വന്നതാണ്.
എൻ്റെ പഴയൊരു ശിഷ്യൻ.പരിചയപ്പെടാം."
20
നിവരൽ
നിൻ്റെ കൈത്തലമാണെൻ്റെ
ചൂടുകുപ്പായമെപ്പൊഴും
വിയർപ്പാറിത്തണുക്കുന്ന
വേനൽരാത്രിയിൽ കൂടിയും.
നിവർത്തിയണിയിക്കൂ നീ -
യതെൻ ദേഹം മുഴുക്കനെ.
21
നേർകോല് - ഉരുളുകോല്
നാടറിയും
കോലറിയും
കയ്യറിയും
ചെണ്ടത്തോലിൻ
മുറുക്കം.
നാടും
കോലും
കയ്യുമറിയും
ചെണ്ടത്തോൽ മുറുക്കം
നാട് കോല് കയ്യറിയും
ചെണ്ടത്തോൽ മുറുക്കം.
നാട് കോല് കയ്യ് ചെണ്ട -
ത്തോലു മുറുക്കം.
നാട് കോല് കയ്യ്
ചെണ്ട മുറുക്കം
നാടു മുറുക്കം
കോലു മുറുക്കം
കയ്യു മുറുക്കം
ചെണ്ട മുറുക്കം.
നാട് മുറുമുറുമുറുമുറു
മുറുമുറുമുറുമുറു ......
22
പൂക്കുപ്പികൾ
ഞാൻ കുടിച്ചു തീർത്ത മദ്യക്കുപ്പികൾ ഓരോന്നായി കഴുകിയെടുത്ത് കുട്ടികൾ ചായമടിച്ച് വള്ളികളുടേയും പൂക്കളുടേയും ചിത്രം വരച്ചു മനോഹരമാക്കി. ഓരോ കുപ്പിയിലും പ്ലാസ്റ്റിക് പൂക്കൾ വെച്ച് ഫ്ലവർവേസാക്കി.
പത്തു പൂക്കുപ്പികൾ സ്വീകരണമുറിയിൽ നിരന്ന ദിവസം എൻ്റെ കുറ്റബോധം താണു താണു വന്ന് പുതിയ കുപ്പി വാങ്ങാവുന്ന പരുവത്തിലെത്തി. ആരും കാണാതെ ചാക്കിൽ കെട്ടിവെച്ചിരുന്നവ ഇപ്പോൾ ജനൽപ്പടികൾക്കലങ്കാരം.
സന്ധ്യക്ക് പുതിയ കുപ്പി വാങ്ങി മടിയിൽ തിരുകി ഞാൻ മുറിയിലെത്തിയെങ്കിലും കുട്ടികളെൻ്റെ രഹസ്യം കണ്ടുപിടിച്ചു കളഞ്ഞു. ചിത്രം വരക്കാൻ ഇപ്പോൾ തന്നെ ഞാനതു തീർത്തു തരാമെന്നു പറഞ്ഞിട്ടും അവർ കേട്ടില്ല. അതെടുത്തു തൊടിയിൽ കമിഴ്ത്തി നന്നായി കഴുകിയ ശേഷം ചായവും ബ്രഷുമെടുത്ത് അവരതിന്മേൽ വരക്കാൻ തുടങ്ങി.
സ്വർണ്ണമത്സ്യങ്ങൾ നീന്തുന്ന പതിനൊന്നാമത്തെ കുപ്പിയിൽ വയ്ക്കാൻ പ്ലാസ്റ്റിക് പൂവില്ലായിരുന്നു.പിറ്റേന്നു രാവിലെ മുറ്റത്തു വിരിഞ്ഞ ചുവന്ന ചെമ്പരത്തികൾ നീണ്ട തണ്ടോടെ അവരതിൽ തിരുകി വെച്ചു.
23
ഒരേ ഉത്തരം
1
പിടിക്കുമ്പോൾ മൊട്ട്
കുടിക്കുമ്പോൾ പൂവ്
2
പിരിയുന്നിടം തന്നെ ചേരുന്നിടം
പറയുന്നു ചുണ്ടുകൾ ചുംബനത്താൽ.
3
കയ്യിനേറെക്കാലം വേണ്ട
കല്ലുമല വെള്ളമാക്കാൻ
4
കല്ലുമല വെള്ളമാക്കി
വെള്ളത്തിൽ തുടിച്ചു കളിക്കുന്നു
വിരലുകൾ
5
ആദ്യം തേന്
തേനൊരാണിന്
പിന്നെപ്പാല്
പാലു കുഞ്ഞിന്
കാണാത്തേന്
ആണിന്നുള്ളു വഴിഞ്ഞ്,
കാണാം പാല്
കുഞ്ഞിൻ ചുണ്ടു കവിഞ്ഞ്
6
ഏറ്റവും ഘനമുള്ള
വെള്ളക്കുത്ത് തടുക്കാൻ
ഏറ്റവും മൃദുവായ
തുണിയാലണ കെട്ടണം
7
രണ്ടു മലകൾക്കിടയിലെ -
യിടുക്കിലൊരു തുറമുഖം
തുറമുഖത്തൊരു മുഖം
8
ഞെക്കിയാൽ പൊട്ടിവിരിയുന്ന മൊട്ട്,
*അർക്കത്തിൻ ശുഷ്കിച്ച മൊട്ടല്ല
9
ഞെരിച്ചാലേ നുണഞ്ഞാലേ
മയപ്പെടൂ കാലം
10
രണ്ടും ചേർത്തുപിടിച്ചാൽ
നർത്തനമണ്ഡപമാകും
പിന്നണിയിൽ ഹൃദയം
താളം കൊട്ടിക്കയറും.
* അർക്കം = എരുക്ക്. തോലന്റെ "അർക്കശുഷ്കഫലകോമളസ്തനീ" എന്ന പ്രയോഗം ഓർത്ത്
24
കേൾക്കുമോ?
മരിക്കും നാവിനാൽ വിളിച്ചാൽ കേൾക്കുമോ?
വിളി കേട്ടോടിവന്നടുത്തിരിക്കുമോ?
മരിക്കും നാവിനാൽ വിളിച്ചാലുമേതോ
കവിത കേൾക്കുവാൻ വിളിക്കയാണെന്നു
കരുതിയീവഴി വരാതിരിക്കുമോ?
മരിക്കും നാവിനാൽ വിളിച്ചു, കേൾക്കുമോ?
25
അസംഖ്യം
പിൻമുറ്റത്ത് ചവറ്റിലക്കിളികളുടെ
എണ്ണം കൂടിക്കൂടി വരുന്നു.
വാഴയിലയിൽ കാറ്റുണ്ടാക്കുന്ന കീറലുകൾ
കൂടിക്കൂടി തോരണമായ് ഇളകുന്നു.
കഴിക്കേണ്ട ഗുളികകൾ
ഇത്തവണ ഇരട്ടിയായി.
വിടുന്ന കീഴ്ശ്വാസത്തിന്റെ
എണ്ണം കൂടിക്കൂടി...
ഈ മഴക്കാലത്ത്
യാത്രയിൽ സമാന്തരമായ് നീളുന്ന
മലനിരയിൽനിന്നുമൊലിച്ചു വീഴുന്നു
നിരയായ് നിരയായ് അരുവികൾ.
മഴ നിലയ്ക്കുമ്പോൾ
അവ നിരയായ് നിരയായ് വറ്റുന്നു.
കൂടിക്കൂടി വരുന്ന എണ്ണങ്ങൾ നിരന്ന്
അനന്തതയാവുന്നു.
ചവറ്റിലക്കിളികളുടെ,
വാഴയിലക്കീറുകളുടെ,
ഗുളികകളുടെ, കീഴ്ശ്വാസങ്ങളുടെ,
അരുവിനിരകളുടെ,
അവ വറ്റിയ പാടുകളുടെ അസംഖ്യത,
അവ പരന്നുണ്ടാമനന്തത......
26
തരിപ്പ്
മൊബൈൽ
നിർത്താതെയടിക്കുമ്പോലെ
ഇല്ല.
തോന്നിയതാവും
ജാതി
കൂവിയാക്ഷേപിക്കുമ്പോലെ
ഇല്ല
തോന്നിയതാവും
വീണ്ടും
മൊബൈൽ നിർത്താതെയടിക്കുമ്പോലെ
വീണ്ടും
ജാതി കൂവിയാക്ഷേപിക്കുമ്പോലെ
തോന്നിയതാണ്,
തീർച്ച.
അല്ല,
ഇതാ അടിക്കുന്നു
ഇതാ
കൂവിയാക്ഷേപിക്കുന്നു
എടുക്കണോ
രണ്ടു കൊടുക്കണോ
മൊബൈൽ
നിർത്താതെയടിക്കുമ്പോലെ
ഇല്ല.
തോന്നിയതാവും
ജാതി
കൂവിയാക്ഷേപിക്കുമ്പോലെ
ഇല്ല
തോന്നിയതാവും
വീണ്ടും
മൊബൈൽ നിർത്താതെയടിക്കുമ്പോലെ
വീണ്ടും
ജാതി കൂവിയാക്ഷേപിക്കുമ്പോലെ
തോന്നിയതാണ്,
തീർച്ച.
അല്ല,
ഇതാ അടിക്കുന്നു
ഇതാ
കൂവിയാക്ഷേപിക്കുന്നു
എടുക്കണോ
രണ്ടു കൊടുക്കണോ
27
കണ്ണിറുക്കി
കണ്ണിൽച്ചോരയില്ലാത്തതു ചെയ്താലുടനെ
കണ്ണിറുക്കിച്ചിരിച്ചു കാണിക്കുന്ന
ഒരാളുണ്ടായിരുന്നു.
എന്നിട്ടു വീണ്ടും
കണ്ണിൽച്ചോരയില്ലാത്തതു തന്നെ ചെയ്യും.
ഇരയാക്കപ്പെട്ടയാൾ
ദേഷ്യത്തോടും സങ്കടത്തോടും കൂടി
നോക്കുമ്പോൾ
തലയൊന്നുകൂടിച്ചെരിച്ച്
പിന്നെയും കണ്ണിറുക്കിച്ചിരിക്കും.
എന്നാലും എന്നോടിത് ...
എന്നു മുരടനക്കിയാൽ
പിന്നെയും കണ്ണിറുക്കിച്ചിരിക്കും.
കണ്ണിൽച്ചോരയില്ലാത്തതു
പിന്നെയും പിന്നെയും ചെയ്യാനുള്ള
സ്വാഭാവികമായ തയ്യാറെടുപ്പോ
അയാൾക്ക്
ഓരോ കണ്ണിറുക്കിച്ചിരിയും?
കണ്ണിറുക്കിച്ചിരിച്ചു കാണിക്കുന്ന
ഒരാളുണ്ടായിരുന്നു.
എന്നിട്ടു വീണ്ടും
കണ്ണിൽച്ചോരയില്ലാത്തതു തന്നെ ചെയ്യും.
ഇരയാക്കപ്പെട്ടയാൾ
ദേഷ്യത്തോടും സങ്കടത്തോടും കൂടി
നോക്കുമ്പോൾ
തലയൊന്നുകൂടിച്ചെരിച്ച്
പിന്നെയും കണ്ണിറുക്കിച്ചിരിക്കും.
എന്നാലും എന്നോടിത് ...
എന്നു മുരടനക്കിയാൽ
പിന്നെയും കണ്ണിറുക്കിച്ചിരിക്കും.
കണ്ണിൽച്ചോരയില്ലാത്തതു
പിന്നെയും പിന്നെയും ചെയ്യാനുള്ള
സ്വാഭാവികമായ തയ്യാറെടുപ്പോ
അയാൾക്ക്
ഓരോ കണ്ണിറുക്കിച്ചിരിയും?
28
കിനാപ്പിച്ച
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുത്തേ.....
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുത്തു ചില്ലിക്കാശും കിട്ടാതെ പോയേ ......
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ച തെണ്ടിച്ചില്ലിക്കാശും കിട്ടാതിഴ,ഞ്ഞതിനപ്പുറത്തെ ബോഗിയിൽ നിന്നും കവിത വായിച്ചു പിച്ച തെണ്ടി നോട്ടു കെട്ടുകൾ കുമിഞ്ഞുകൂടി കോടീശ്വരനായ് ഇറങ്ങിപ്പോന്നേ.....
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ച തെണ്ടിക്കരയുമ്പോൾ ബോഗി മുഴുവൻ കരഞ്ഞേ ......
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുത്തു കരഞ്ഞു നിർത്തി,യടുത്ത ബോഗിയിൽ കേറാൻ തുടങ്ങുമ്പോളിടയിലാഴത്തിൽ ചിതറി വീണേ.....
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുക്കാൻ തുടങ്ങുമ്പോളൊരു ഹാർമോണിയം തൂക്കിയങ്ങേയറ്റത്തുന്നു 'പർദേശി'പ്പാട്ടുമായ് മറ്റൊരാൾ വന്നേ .....ചപ്ലാംകട്ടയിൽ പെട പെടച്ചേ....
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത ചൊല്ലിത്തുടങ്ങുമ്പോൾ തന്നെ യാത്രക്കാരെല്ലാം പെട്ടെന്നെഴുന്നേറ്റ് തൊട്ടപ്പുറത്തെ.റെയിൽവേ സ്റ്റേഷനിൽ കൂട്ടത്തോടെയിറങ്ങിപ്പോയേ....
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ച തെണ്ടിയ നുണക്കഥ നാട്ടിൽ പാട്ടാക്കി വിറ്റേ .......
തീവണ്ടിയിലൊരു ബോഗിയിൽ കേറിക്കവിത വായിച്ചാരും കേൾക്കാഞ്ഞു പിച്ച കിട്ടാഞ്ഞു പിറുപിറുത്തുകൊണ്ടവിടെ മൂലയിൽ കക്കൂസുകളുടെയിടയിൽ ചുരുണ്ടേ......
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു കൊള്ളയടിച്ചേ .....
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ച്, പിച്ച തെണ്ടാതെ വെളിയിൽ കുതിച്ചേ.... പാലത്തിനടിയിലെ പുഴയിൽ വീണേ .....ഒലിച്ചു പോയൊരു തീരത്തടിഞ്ഞേ .....
തീവണ്ടിയിലൊരു ബോഗിയിൽക്കേറി കവിത വായിച്ചു പിച്ച തെണ്ടുമ്പോളൊരുവൻ പെട്ടെന്നു കടന്നു വന്നെന്റെ പിറകിൽ നിന്നിട്ടു വായ പൊത്തീട്ടു വരികൾ ചുണ്ടത്തു നിന്നും പറിച്ചെടുത്തോടിപ്പോകുമ്പോൾ, കവിത പാതിയിൽ മുറിഞ്ഞൊലിക്കുന്ന ചോര പൊള്ളുമ്പോൾ, നിന്നു വിറച്ചേ ......
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ച തെണ്ടിച്ചില്ലിക്കാശും കിട്ടാതിഴ,ഞ്ഞതിനപ്പുറത്തെ ബോഗിയിൽ നിന്നും കവിത വായിച്ചു പിച്ച തെണ്ടി നോട്ടു കെട്ടുകൾ കുമിഞ്ഞുകൂടി കോടീശ്വരനായ് ഇറങ്ങിപ്പോന്നേ.....
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ച തെണ്ടിക്കരയുമ്പോൾ ബോഗി മുഴുവൻ കരഞ്ഞേ ......
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുത്തു കരഞ്ഞു നിർത്തി,യടുത്ത ബോഗിയിൽ കേറാൻ തുടങ്ങുമ്പോളിടയിലാഴത്തിൽ ചിതറി വീണേ.....
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുക്കാൻ തുടങ്ങുമ്പോളൊരു ഹാർമോണിയം തൂക്കിയങ്ങേയറ്റത്തുന്നു 'പർദേശി'പ്പാട്ടുമായ് മറ്റൊരാൾ വന്നേ .....ചപ്ലാംകട്ടയിൽ പെട പെടച്ചേ....
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത ചൊല്ലിത്തുടങ്ങുമ്പോൾ തന്നെ യാത്രക്കാരെല്ലാം പെട്ടെന്നെഴുന്നേറ്റ് തൊട്ടപ്പുറത്തെ.റെയിൽവേ സ്റ്റേഷനിൽ കൂട്ടത്തോടെയിറങ്ങിപ്പോയേ....
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ച തെണ്ടിയ നുണക്കഥ നാട്ടിൽ പാട്ടാക്കി വിറ്റേ .......
തീവണ്ടിയിലൊരു ബോഗിയിൽ കേറിക്കവിത വായിച്ചാരും കേൾക്കാഞ്ഞു പിച്ച കിട്ടാഞ്ഞു പിറുപിറുത്തുകൊണ്ടവിടെ മൂലയിൽ കക്കൂസുകളുടെയിടയിൽ ചുരുണ്ടേ......
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു കൊള്ളയടിച്ചേ .....
തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ച്, പിച്ച തെണ്ടാതെ വെളിയിൽ കുതിച്ചേ.... പാലത്തിനടിയിലെ പുഴയിൽ വീണേ .....ഒലിച്ചു പോയൊരു തീരത്തടിഞ്ഞേ .....
തീവണ്ടിയിലൊരു ബോഗിയിൽക്കേറി കവിത വായിച്ചു പിച്ച തെണ്ടുമ്പോളൊരുവൻ പെട്ടെന്നു കടന്നു വന്നെന്റെ പിറകിൽ നിന്നിട്ടു വായ പൊത്തീട്ടു വരികൾ ചുണ്ടത്തു നിന്നും പറിച്ചെടുത്തോടിപ്പോകുമ്പോൾ, കവിത പാതിയിൽ മുറിഞ്ഞൊലിക്കുന്ന ചോര പൊള്ളുമ്പോൾ, നിന്നു വിറച്ചേ ......
29
ഫ്രിഡ്ജിലെ വീട്
ഒരു ഫ്രിഡ്ജിലൊരു വീടു
മുഴുവനുമൊതുക്കുന്ന
കല നാം പഠിച്ചെടുത്തല്ലോ!
30
ആവി
മുറിവുകളിൽ നിന്നും പൊന്തും ചോരാവി
തിരികെ വരും മണ്ണിൽ മരുന്നു മഴയായി
31
കണ്ണടക്കടയിൽ
കുരുടിപ്പാമ്പിന്റെ മാതിരിയുള്ളൊരു
കണ്ണട ഫ്രെയിമ്
പച്ചിലപ്പാമ്പിന്റെ മാതിരിയുള്ളൊരു
കണ്ണട ഫ്രെയിമ്
വെള്ളിക്കെട്ടന്റെ മാതിരിയുള്ളൊരു
കണ്ണട ഫ്രെയിമ്
അണലിപ്പാമ്പിന്റെ മാതിരിയുള്ളൊരു
കണ്ണട ഫ്രെയിമ്
അവ
ചുറ്റിപ്പിടിച്ചു കിടക്കുന്നു കാഴ്ച്ചതൻ
കണ്ണഞ്ചും കല്ലുകളിങ്ങ്.
കണ്ണട ഫ്രെയിമ്
പച്ചിലപ്പാമ്പിന്റെ മാതിരിയുള്ളൊരു
കണ്ണട ഫ്രെയിമ്
വെള്ളിക്കെട്ടന്റെ മാതിരിയുള്ളൊരു
കണ്ണട ഫ്രെയിമ്
അണലിപ്പാമ്പിന്റെ മാതിരിയുള്ളൊരു
കണ്ണട ഫ്രെയിമ്
അവ
ചുറ്റിപ്പിടിച്ചു കിടക്കുന്നു കാഴ്ച്ചതൻ
കണ്ണഞ്ചും കല്ലുകളിങ്ങ്.
32
കളി
മകുടിയും സർപ്പഫണവും കളിക്കുന്നു
ലിംഗവും യോനിയുമിന്ന്.
ഊതിത്തളർന്നുവോ പാമ്പാട്ടി, പാമ്പിന്റെ
കൊത്തേറ്റു മൂർച്ഛിച്ചു വീണോ?
തല്ലേറ്റു ചത്തുവോ പാമ്പു,മതല്ലെങ്കി -
ലാട്ടം മടുത്തിഴഞ്ഞെന്നോ?
പാമ്പും പാമ്പാട്ടിയുമില്ലിപ്പോൾ .... എങ്കിലും
ഫണമുണ്ട്, മകുടിയുമുണ്ട്.
നോക്കിപ്പരസ്പരമുന്നം പിടിച്ചവ
നേർക്കു നിന്നാടുന്നകന്ന്.
ഊതിത്തളർന്നുവോ പാമ്പാട്ടി, പാമ്പിന്റെ
കൊത്തേറ്റു മൂർച്ഛിച്ചു വീണോ?
തല്ലേറ്റു ചത്തുവോ പാമ്പു,മതല്ലെങ്കി -
ലാട്ടം മടുത്തിഴഞ്ഞെന്നോ?
പാമ്പും പാമ്പാട്ടിയുമില്ലിപ്പോൾ .... എങ്കിലും
ഫണമുണ്ട്, മകുടിയുമുണ്ട്.
നോക്കിപ്പരസ്പരമുന്നം പിടിച്ചവ
നേർക്കു നിന്നാടുന്നകന്ന്.
33
മറവിച്ചുവടുകൾ
എന്റെ സുഹൃത്തുമായി വേർപെട്ട
എന്റെ മറ്റൊരു സുഹൃത്ത്
എന്റെ ഏറ്റവുമടുത്ത സുഹൃത്തുമൊത്തു
ജീവിക്കാൻ തീരുമാനിച്ചപ്പോൾ
ഒരു കാരണമുണ്ടാക്കി
ആദ്യമേ മുറിച്ചിട്ടു,
എന്നോടുള്ള സൗഹൃദം.
സുഹൃത്തും
മറ്റൊരു സുഹൃത്തും
ഏറ്റവുമടുത്ത സുഹൃത്തുമിപ്പോൾ
എനിക്കില്ല.
അമ്പരന്നുപോയ ഞാൻ
അന്നൊരിക്കൽ
'മറ്റൊരു സുഹൃത്തി'നെ
വഴിയിൽ വെച്ചു കണ്ടു.
നീണ്ട മുടി വെട്ടി
ബോബു ചെയ്തിരുന്നു.
പതിവായി സാരിയുടുത്തിരുന്ന ആൾ
പാന്റും ഷർട്ടുമിട്ട്
കഴിഞ്ഞതെല്ലാം മറന്നെന്ന
ചുവടുറപ്പോടെ
നടന്നു പോകുന്നു.
'ഏറ്റവുമടുത്ത സുഹൃത്തും'
ഒരിക്കൽ നേർക്കുനേർ വന്നു.
പഴയ അതേ രൂപം.
മുണ്ടും ഷർട്ടും തന്നെ.
മുന്നിലെന്നെ കണ്ടതും
ദൃഷ്ടി മാറ്റി
അടി പതറി
വീഴാൻ പോയി
വീഴാതെ
നടന്നു മാറി.
ജീവിക്കാൻ തീരുമാനിച്ചപ്പോൾ
ഒരു കാരണമുണ്ടാക്കി
ആദ്യമേ മുറിച്ചിട്ടു,
എന്നോടുള്ള സൗഹൃദം.
സുഹൃത്തും
മറ്റൊരു സുഹൃത്തും
ഏറ്റവുമടുത്ത സുഹൃത്തുമിപ്പോൾ
എനിക്കില്ല.
അമ്പരന്നുപോയ ഞാൻ
അന്നൊരിക്കൽ
'മറ്റൊരു സുഹൃത്തി'നെ
വഴിയിൽ വെച്ചു കണ്ടു.
നീണ്ട മുടി വെട്ടി
ബോബു ചെയ്തിരുന്നു.
പതിവായി സാരിയുടുത്തിരുന്ന ആൾ
പാന്റും ഷർട്ടുമിട്ട്
കഴിഞ്ഞതെല്ലാം മറന്നെന്ന
ചുവടുറപ്പോടെ
നടന്നു പോകുന്നു.
'ഏറ്റവുമടുത്ത സുഹൃത്തും'
ഒരിക്കൽ നേർക്കുനേർ വന്നു.
പഴയ അതേ രൂപം.
മുണ്ടും ഷർട്ടും തന്നെ.
മുന്നിലെന്നെ കണ്ടതും
ദൃഷ്ടി മാറ്റി
അടി പതറി
വീഴാൻ പോയി
വീഴാതെ
നടന്നു മാറി.
34
എൻ്റെ കൗമാരത്തിൻ്റെ അവസാന ദൃശ്യം
പത്രമാപ്പീസിൽ ജോലിക്കു ചേർന്ന നാൾ
ഉച്ചയൂണിന്നു കാന്റീനിൽ പോകുമ്പോൾ
താഴേ നിലയിലെ കണ്ണാടിക്കൂടിന്മേൽ
എന്റെ ദിവസങ്ങളുരുക്കി മെഴുക്കാക്കാൻ
പണ്ടു തിരികത്തിച്ച കമ്പിമാസികയുടെ
സ്വന്തമാപ്പീസിന്റെ പേരെഴുതി വെച്ചതു
കണ്ടു ഞാൻ നോക്കി മിഴിച്ചു നിന്നു.
അങ്ങൊരേയൊരാൾ ജോലി, ക്കൊരു വൃദ്ധൻ
പിന്നെയാ വിറക്കയ്യൊഴുക്കും.
ഇങ്ങു നിന്നുത്ഭവിച്ച വിദ്യുത്തരം -
ഗങ്ങളേറ്റു വിറച്ച കൗമാരമേ,
എന്നെയീപ്പത്രമാപ്പീസിലേക്കു നീ -
യിന്നു ജോലിക്കയച്ചതാ, ണല്ലയോ?
ഈ കഷണ്ടിത്തലയനാം വൃദ്ധന്റെ
കയ്യെഴുത്തിൻ്റെ സത്യം വെളിപ്പെടാൻ
അന്നു വായിച്ചു ലാളിച്ചതൊക്കെയീ
കൈ വിരിയിച്ചതെന്നറിഞ്ഞീടുവാൻ,
കൃത്യമഞ്ചിന്നിറങ്ങിയീക്കൈ നീട്ടി
ബസ്സു കേറിപ്പോകുന്നതു കാണുവാൻ .....
പത്രമാപ്പീസിൽ ജോലിക്കു ചേർന്ന നാൾ
ഉച്ചയൂണിന്നു കാന്റീനിൽ പോകുമ്പോൾ
താഴേ നിലയിലെ കണ്ണാടിക്കൂടിന്മേൽ
എന്റെ ദിവസങ്ങളുരുക്കി മെഴുക്കാക്കാൻ
പണ്ടു തിരികത്തിച്ച കമ്പിമാസികയുടെ
സ്വന്തമാപ്പീസിന്റെ പേരെഴുതി വെച്ചതു
കണ്ടു ഞാൻ നോക്കി മിഴിച്ചു നിന്നു.
അങ്ങൊരേയൊരാൾ ജോലി, ക്കൊരു വൃദ്ധൻ
പിന്നെയാ വിറക്കയ്യൊഴുക്കും.
ഇങ്ങു നിന്നുത്ഭവിച്ച വിദ്യുത്തരം -
ഗങ്ങളേറ്റു വിറച്ച കൗമാരമേ,
എന്നെയീപ്പത്രമാപ്പീസിലേക്കു നീ -
യിന്നു ജോലിക്കയച്ചതാ, ണല്ലയോ?
ഈ കഷണ്ടിത്തലയനാം വൃദ്ധന്റെ
കയ്യെഴുത്തിൻ്റെ സത്യം വെളിപ്പെടാൻ
അന്നു വായിച്ചു ലാളിച്ചതൊക്കെയീ
കൈ വിരിയിച്ചതെന്നറിഞ്ഞീടുവാൻ,
കൃത്യമഞ്ചിന്നിറങ്ങിയീക്കൈ നീട്ടി
ബസ്സു കേറിപ്പോകുന്നതു കാണുവാൻ .....
34
അലകടൽത്തോണികൾ
നോക്കൂ, ഞാനുച്ചരിച്ചതല്ല
ഈ കേൾക്കുന്നത്.
എനിക്കുച്ചരിക്കാമായിരുന്നതാണ്.
ഉച്ചരിക്കാമായിരുന്നതാണ്
ഓരോ ശബ്ദത്തിൻ്റെയും അലയൊലി.
പറഞ്ഞേടത്തു തട്ടിയുമല്ല
അതു തിരിച്ചു വരുന്നത്.
മറ്റാഴങ്ങളും
ഉയരങ്ങളും
അകലങ്ങളും
അടുത്തുള്ള മൂലകൾ പോലും
അതു മുഴക്കിത്തെറിപ്പിക്കുന്നു.
പറയാമായിരുന്നവ
ചെയ്യാമായിരുന്നവ
അലയൊലിച്ചുകൊണ്ടേയിരിക്കുന്നതിലൂടെ
ആടിയുലഞ്ഞു നീങ്ങുന്നു
പറഞ്ഞവ, ചെയ്തവ....
35
തലകീഴായുറങ്ങുന്ന രാത്രി
മരക്കൊമ്പുകൾ പൊട്ടി -
പ്പിളരും ശബ്ദത്തിൻ്റെ
ബാക്കിക്കു കാതോർത്തു ഞാൻ,
ഇല്ലവ വീഴുന്നില്ല
വീഴുന്ന ശബ്ദമില്ല.
താഴെ വീഴാതെത്തൂങ്ങി
നിൽക്കുകയാവാമവ
വീടിന്നു ചുറ്റുമുള്ള
രാ മരങ്ങളിലെല്ലാം.
ചിറകൊച്ചയുമില്ല.
തലകീഴായിത്തൂങ്ങും
കൊമ്പായ കൊമ്പിൻ പൊത്തിൽ
തലകീഴായിഗ്ഗാഢ -
നിദ്രയിലാണെല്ലാരും
36
സംസാരിച്ചുകൊണ്ടു പോകുമ്പോൾ
നാം സംസാരിക്കുന്നിടത്തെല്ലാം
ചിറകിൽ നിന്നും ചോരയിറ്റുമൊരു
പ്രാവ്.
ഈ റയിൽവേ പ്ലാറ്റ്ഫോമിലും.
പ്ലാറ്റ്ഫോമിലെ ഇരുമ്പു തൂണുകൾക്കിടയിൽ
പതിഞ്ഞിരുന്ന
അതിൻ്റെ വലംചിറകിനിടയിലൂടെ
ചോരയിറ്റി വീഴുന്നു.
അതു നോക്കി നാം പറഞ്ഞുകൊണ്ടിരുന്നു,
മുറിവിനെപ്പറ്റി, മുറിവിനെപ്പറ്റി.
നാമതിനെ തൊട്ടില്ല
തൊട്ടുവോ?
നമ്മുടെ കാലതിന്മേൽ തട്ടിയില്ല,
തട്ടിയോ?
പ്ലാറ്റ്ഫോമിലേക്കിരച്ചെത്തിയ
വണ്ടിക്കു മുന്നിലേക്ക്
വേദനയുടെ തിരമാല പോലെ
ഓടിപ്പറന്നതെടുത്തു ചാടി.
സംസാരിച്ചുകൊണ്ടു
നാം പോകും വണ്ടിയെല്ലാം
തൂവലും ചോരയും പറ്റിപ്പിടിച്ച
അതേ വണ്ടി.
ഇത്തിരിക്കണ്ണ് എഞ്ചിന്മേൽ തന്നെ
തെറിച്ചു പറ്റിയ വണ്ടി.
നാം സംസാരിക്കുന്നിടത്തെല്ലാം
ചിറകിൽ നിന്നും ചോരയിറ്റുമൊരു
പ്രാവ്.
ഈ റയിൽവേ പ്ലാറ്റ്ഫോമിലും.
പ്ലാറ്റ്ഫോമിലെ ഇരുമ്പു തൂണുകൾക്കിടയിൽ
പതിഞ്ഞിരുന്ന
അതിൻ്റെ വലംചിറകിനിടയിലൂടെ
ചോരയിറ്റി വീഴുന്നു.
അതു നോക്കി നാം പറഞ്ഞുകൊണ്ടിരുന്നു,
മുറിവിനെപ്പറ്റി, മുറിവിനെപ്പറ്റി.
നാമതിനെ തൊട്ടില്ല
തൊട്ടുവോ?
നമ്മുടെ കാലതിന്മേൽ തട്ടിയില്ല,
തട്ടിയോ?
പ്ലാറ്റ്ഫോമിലേക്കിരച്ചെത്തിയ
വണ്ടിക്കു മുന്നിലേക്ക്
വേദനയുടെ തിരമാല പോലെ
ഓടിപ്പറന്നതെടുത്തു ചാടി.
സംസാരിച്ചുകൊണ്ടു
നാം പോകും വണ്ടിയെല്ലാം
തൂവലും ചോരയും പറ്റിപ്പിടിച്ച
അതേ വണ്ടി.
ഇത്തിരിക്കണ്ണ് എഞ്ചിന്മേൽ തന്നെ
തെറിച്ചു പറ്റിയ വണ്ടി.
37
മുഖങ്ങളും കുന്നും
കുന്നിൻപുറത്തു ചെന്നിരുന്ന രാത്രി
പുതിയൊരു കൂട്ടുകാരനെ കിട്ടി.
ഒരു വാനനിരീക്ഷകൻ.
ഏറ്റവും ദൂരെയുള്ള നക്ഷത്രമായിരുന്നു
അവനു പ്രിയം.
അതാകട്ടെ തളർച്ചയോടെ
ഇമ ചിമ്മിക്കൊണ്ടിരുന്നു.
ചിമ്മി മിഴിക്കാൻ ഏറെ നേരമെടുത്തു.
ആ ഇടവേളയിൽ പലതും പറഞ്ഞ്
അതവിടെ മറന്നുവെച്ചു നാം കുന്നിറങ്ങിപ്പോന്നു.
ഒടുവിൽ ഇപ്പോളതു
തിളങ്ങിത്തിളങ്ങി വരുന്നു.
ആ നക്ഷത്രത്തിനടിയിൽ
കടുംവെളിച്ചം കണ്ണിലടിക്കുന്നതിൻ്റെ
ഇരുട്ട്.
ഒന്നും തിരിച്ചറിയാൻ വയ്യ
മുഖങ്ങളോ കുന്നോ
38
അടഞ്ഞ ലോകം
കാക്ക കാറിക്കരഞ്ഞു വെളുപ്പിച്ച്
ഒരല്പം വലിച്ചു തുറന്നു ലോകത്തെ.
അല്പം തുറന്നു കിടന്ന ലോകത്തിൽ നി-
ന്നെന്തൊക്കെയോ കോഴി കൊത്തിപ്പെറുക്കി.
ലോകം വലിച്ചടയ്ക്കാനുള്ള ചരടുപോൽ
ആളില്ലാപ്പാത കിടപ്പു നീണ്ട്.
പത്തു പത്തര മണിയായതേയുള്ളു
പത്തു ചവറ്റിലക്കിളികളൊന്നിച്ചെത്തി -
യല്പം തുറന്നു കിടന്ന ലോകത്തിനെ
കൊക്കാൽ മുഴുവൻ തുറക്കാൻ ശ്രമിക്കവേ
പറ്റീയബദ്ധ,മടഞ്ഞുപോയി.
രാത്രിയായിട്ടകത്തു കേറാമെന്നു
കാത്തൊരെലിക്കു മനം തകർന്നു.
39
കറക്കം
മുറികളിലൊന്നും ആരേയും കാണാനില്ല.
എന്നാൽ എല്ലാറ്റിലും ഫാൻ കറങ്ങുന്നുണ്ട്.
ആളില്ലാത്ത മുറികളിൽ
കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനുകൾ കണ്ടാൽ
എനിക്കു ഭ്രാന്തിളകുമെന്നറിഞ്ഞുകൂടെ?
ഓരോ മുറിയിലെയായി
ഓഫുചെയ്തു വരുമ്പൊഴേക്കും
ആദ്യത്തെ മുറിയിൽ
പിന്നെയും കറങ്ങുന്നു.
അല്ല, ഒരു വട്ടം കറങ്ങിയെത്തുന്ന ഈ നേരത്തിനുള്ളിൽ
ആരോ ഇവിടെ വന്നു പോയിരിക്കുന്നു!
വന്നോട്ടെ പൊയ്ക്കോട്ടെ, പക്ഷേ പോകുന്നവർക്ക്
അതൊന്നു നിറുത്തിപ്പോകരുതോ?
ഇങ്ങനെയിട്ടു വട്ടം കറക്കണോ?
40
പൊടിപ്പുകൾ
നാടകം തുടങ്ങുമ്പോൾ
പശ്ചാത്തലത്തിലുണ്ടായിരുന്ന മരം ഓർക്കുന്നു.
അതിന്റെ കരിഞ്ഞുണങ്ങിയ ചില്ലകളും
ഓർക്കുന്നു.
ഒന്നും സംഭവിക്കാത്ത നാടകം.
എങ്കിലുമൊടുവിൽ
കരിഞ്ഞ ചില്ലകളിൽ
രണ്ടു പച്ചപ്പൊടിപ്പുകൾ
അല്ല.
രാത്രി
നാടകമവസാനിക്കുമ്പോൾ
രാവിലെ വടിച്ചു മിനുക്കിയിറങ്ങിയ കവിളത്ത്
ചില നരച്ച പൊടിപ്പുകൾ
മറ്റൊന്നുമുണ്ടായില്ല.
ഒരു ഗോദോയും വന്നില്ല.
എങ്കിലും രാക്കണ്ണാടിയിൽ
അവ തെളിഞ്ഞു കത്തുന്നു.
41
അമ്മേ....
അമ്മ മരിക്കും മുമ്പേ വീടിൻ
മുന്നിലെ റോട്ടിൽ വിദ്യുത്കമ്പിയിൽ
എന്നുമിരിക്കാറുണ്ടിത് സന്ധ്യ -
യെരിഞ്ഞു തുടങ്ങും മുമ്പുമുതൽക്കിരുൾ
വൈദ്യുത കമ്പിയെ, വീടിനെ, റോഡിനെ -
യാകെ വിഴുങ്ങും നേരം വരെയും
അമ്മക്കതിനെക്കണ്ടാലെപ്പൊഴു-
മോർമ്മവരുന്നതു തന്നമ്മൂമ്മയെ.
അഞ്ചാറാണ്ടുകൾ മുമ്പു മരിച്ചോ -
രെന്നച്ഛൻ, തൻ ഭർത്താ,വെന്നും
തന്റെ കുടുംബം കാണാനായി
കാകൻ വടിവിൽ വരുന്നെന്നമ്മ
നിനക്കുന്നില്ലയൊരിക്കൽ പോലും
സ്വന്തം മകളുടെ സുഖമന്വേഷി -
ച്ചമ്മ വരുന്നെന്നും കരുതീല
താൻ കാണാത്തൊരു തന്നമ്മൂമ്മ
വിരുന്നു വരുന്നൂ നിത്യവുമത്രേ
അമ്മ മരിച്ചു കഴിഞ്ഞിട്ടിപ്പൊഴു-
മവിടെത്തന്നെയിരിക്കുകയാണത്
തന്നേകാന്തത കൊണ്ടീ ഭൂമിയി -
ലിരുളു നിറപ്പൂ താനെന്നോണം.
അതിനു പ്രകോപനമുണ്ടാക്കാൻ ഞാ -
നമ്മേയെന്നു വിളിക്കുകയായീ....
അമ്മ മരിക്കും മുമ്പേ വീടിൻ
മുന്നിലെ റോട്ടിൽ വിദ്യുത്കമ്പിയിൽ
എന്നുമിരിക്കാറുണ്ടിത് സന്ധ്യ -
യെരിഞ്ഞു തുടങ്ങും മുമ്പുമുതൽക്കിരുൾ
വൈദ്യുത കമ്പിയെ, വീടിനെ, റോഡിനെ -
യാകെ വിഴുങ്ങും നേരം വരെയും
അമ്മക്കതിനെക്കണ്ടാലെപ്പൊഴു-
മോർമ്മവരുന്നതു തന്നമ്മൂമ്മയെ.
അഞ്ചാറാണ്ടുകൾ മുമ്പു മരിച്ചോ -
രെന്നച്ഛൻ, തൻ ഭർത്താ,വെന്നും
തന്റെ കുടുംബം കാണാനായി
കാകൻ വടിവിൽ വരുന്നെന്നമ്മ
നിനക്കുന്നില്ലയൊരിക്കൽ പോലും
സ്വന്തം മകളുടെ സുഖമന്വേഷി -
ച്ചമ്മ വരുന്നെന്നും കരുതീല
താൻ കാണാത്തൊരു തന്നമ്മൂമ്മ
വിരുന്നു വരുന്നൂ നിത്യവുമത്രേ
അമ്മ മരിച്ചു കഴിഞ്ഞിട്ടിപ്പൊഴു-
മവിടെത്തന്നെയിരിക്കുകയാണത്
തന്നേകാന്തത കൊണ്ടീ ഭൂമിയി -
ലിരുളു നിറപ്പൂ താനെന്നോണം.
അതിനു പ്രകോപനമുണ്ടാക്കാൻ ഞാ -
നമ്മേയെന്നു വിളിക്കുകയായീ....
42
*പട്ടാമ്പിക്കൊരു പാട്ട്
വിദ്യക്കു ജാതിയില്ലാ - കേരളത്തോടു
പട്ടാമ്പി ചൊല്ലിയന്ന്
പുന്നശ്ശേരി തൻ നാവിലൂടെ
പുന്നശ്ശേരി തൻ നാവിലൂടെ
പേരാറിന്നലകൾ
പച്ച പൊടിക്കും പാടങ്ങൾക്കു
കൊടുത്തൊരു വാക്കീ പട്ടാമ്പി
സഫലമായ് തീർന്നിതാ വാക്ക്
കാലത്തിലൂടെച്ചരിത്രത്തിലൂടെ
കതിരണിയുന്നു പട്ടാമ്പി
ഭ്രാന്തൻ ശിലയുരുട്ടിയേറ്റി
മലമോളിൽ നിന്നു ചിരിക്കേ
ആച്ചിരിയൊലി കാറ്റിൽ മുഴങ്ങി -
ക്കേട്ട നാടീ പട്ടാമ്പി
കടവിൽ തോണി കാത്തു നിന്ന പട്ടാമ്പി
ഉപ്പുകൊറ്റനുപ്പു വിറ്റ പട്ടാമ്പി
ടിപ്പുവിന്റെ കുതിര പാഞ്ഞ പട്ടാമ്പി
നേതിരിമംഗലം പൂത്ത പൂവ് പട്ടാമ്പി
നെയ്ത്തർ നെയ്തു നെയ്തെടുത്ത
പട്ടു പട്ടാമ്പി
മോഴികുന്നം സമരം ചെയ്ത വീഥി പട്ടാമ്പി
ഇതിലേ പോകും തീവണ്ടിയിലെ
ജനലഴി വഴിയേ സഞ്ചാരീ
നീ ചൂണ്ടുമ്പോൾ കൈ വീശുന്നൊരു
കുഞ്ഞായ് മാറും പട്ടാമ്പി
വിത്തല്ലോ വിതക്കുന്നു
വയലായിപ്പടരുന്നു
വാക്കല്ലോ വിതക്കുന്നു
അറിവായിപ്പെരുകുന്നു
മുക്കുറ്റിപ്പൂച്ചന്തങ്ങൾ
കല്ലന്മാർതൊടി പാടുന്നു.
പെണ്ണിനെയടുക്കളയിൽ നിന്നുമരങ്ങത്തേ -
ക്കന്നു വരവേറ്റു വീട്ടിക്കൊപ്പമീ പട്ടാമ്പി
ഇങ്ങിവിടെത്തന്നെ മണ്ണിലൂന്നിനിന്നു പുത്തൻ
കേരളത്തെസ്സഖാവിയെമ്മെസ്സു പണിയുന്നു
നിളയിൽ നിന്നു മധു നുകർന്നു കേരളമൊട്ടാകെ
കവിതയായ് പറന്നു കരിവണ്ട്, കവിയച്ഛൻ
വളരുന്ന സാഹിത്യമായ് ജീ കേ എൻ
വിളയുന്നു മലയാളമാകെ
ചെറുകാടിൻ ജീവിതപ്പാത ഈച്ചെറു
നഗരത്തിലൂടെ നീങ്ങുന്നു.
നേർച്ചത്തെരുവിലെ മുട്ടുംവിളിയിൽ
തുടിക്കുന്നു പട്ടാമ്പി
വേലപ്പറമ്പിലെ പൂതന്റെ കാലിൽ
കിലുങ്ങുന്നു പട്ടാമ്പി
എല്ലാം തഴുകിയൊഴുകുമോളത്തിൽ
മിടിക്കുന്നു പട്ടാമ്പി
തുടിക്കുന്നു പട്ടാമ്പി
കിലുങ്ങുന്നു പട്ടാമ്പി
മിടിക്കുന്നു പട്ടാമ്പി.
*സംഘാവതരണത്തിനു വേണ്ടി എഴുതിയത്. നേതിരിമംഗലം പട്ടാമ്പിയുടെ പഴയ പേര്. നാറാണത്തു ഭ്രാന്തൻ, ഉപ്പുകൊറ്റൻ, ടിപ്പു സുൽത്താൻ, പുന്നശ്ശേരി നീലകണ്ഠശർമ്മ, മോഴികുന്നം ബ്രഹ്മദത്തൻ നമ്പൂതിരി, കല്ലന്മാർതൊടി രാമുണ്ണിമേനോൻ, വി.ടി.ഭട്ടതിരിപ്പാട്, ഇ.എം.എസ്, പി.കുഞ്ഞിരാമൻ നായർ, ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ(ജി.കെ.എൻ), ചെറുകാട് എന്നിവർ പരാമർശിക്കപ്പെടുന്നു. വിദ്വാൻ സി.എസ്.നായർ, കെ.വി.എം, കുറുവാന്തൊടി ശങ്കരനെഴുത്തച്ഛൻ,കെ.പി.നാരായണപ്പിഷാരോടി, കെ.എൻ.എഴുത്തച്ഛൻ, സുധാകരൻ തേലക്കാട് തുടങ്ങി പരാമർശിക്കാൻ കഴിയാതെ പോയ പല പേരുകളും ഈ പാട്ടിൽ അദൃശ്യമായി അലിഞ്ഞിരിപ്പുണ്ട് എന്നു സമാധാനിക്കുന്നു
No comments:
Post a Comment