1
..................................
ഒരു കവിത മുഴുവൻ ഒരേ വിഷയം
എന്തൊരു വീര സാഹസം പെണ്ണേ!
ഒന്നാം വരിയിൽ മനസ്സിൽ വന്നത്
കുഞ്ഞിന്റെ ചിരി.
രണ്ടാം വരിയിൽ
വെള്ളം പിടിക്കുന്നിടത്തെ വഴക്കുകൾ
മൂന്നാം വരിയിൽ തണുത്തു വിറച്ചു മരിച്ച
ലക്ഷ്മിത്തള്ള
നാലാം വരിയിൽ ഗ്യാസു തീർന്ന ക്ഷീണത്തിൽ
സ്റ്റവിന്റെ പരാക്രമങ്ങൾ
അഞ്ചാം വരിയിൽ
ഓസിയിൽ ടീ വീ സിനിമ കാണാൻ
കതകിനു തട്ടുന്ന കുട്ടികൾ.
ആറാമതായ് ചിന്നമ്മയുടെ
മെനോപോസ് പ്രയാസക്കരച്ചിലുകൾ
ഏഴാം വരിയിൽ.......
ഇനിയും ചോറായില്ല.
ഇനിയൊരു വരി കൂടി വേണം.
കവിത അവസാനിപ്പിക്കാൻ ഒറ്റ വരി.
പറ പെണ്ണേ!
2
........................
എന്റെ കുഞ്ഞിന്റെ
പൊക്കിൾക്കൊടി
മുറിച്ചതാര്?
മുത്തശ്ശിയോ? നഴ്സോ?
ഓർമ്മയില്ല.
എന്റെ വയറ്റിൽ
വിശേഷമുണ്ടെന്ന്
ആരോടാണ് ഞാൻ
ആദ്യം പറഞ്ഞത്?
ഓർക്കുന്നില്ല
പള്ളിക്കൂടത്തിൽ
അ ആ ഇ ഈ ചൊല്ലിപ്പഠിപ്പിച്ച
മാഷാര്?
മറന്നു പോയി.
സ്കൂൾ മുറ്റത്തു കളിക്കുന്നതിനിടെ
തിരണ്ട നേരത്ത്
എന്റെ കൈ പിടിച്ചു സന്തോഷം കൊണ്ട മുഖമേത്?
ഓർമ്മയില്ല.
പെട്ടെന്നു മരിച്ചു പോയ അപ്പൻ
എനിക്കായ് വിട്ടു പോയ വാക്കുകളേതെല്ലാം?
ഏതെല്ലാം?
ഓർമ്മയില്ല.
ആദ്യത്തെ പ്രസവത്തെക്കുറിച്ച്
ഭയപ്പെടുത്തിപ്പറഞ്ഞതാരാണ്?
മറന്നു പോയി.
ഭാഷയറിയാത്ത നാട്ടിൽ
പുതു ഭാഷയിൽ
ആദ്യമായെന്നോടു മറുപടി പറഞ്ഞ പെണ്ണ്?
നീളുന്നൂ ഓർമ്മയില്ലായ്മകൾ
ഏതോ തരത്തിൽ
എല്ലാത്തിലും പ്രധാനം
അവയായിരുന്നിട്ടും.
3
.....................................
മെല്ലെ വന്നു കൊണ്ടിരുന്നു
വേദന.
തൊട്ടടുത്ത തടുക്കിനിടയിലൂടെ
നേർത്ത മുരളലും കരച്ചിലും
പിറകിലെ മുറിക്കപ്പുറം
പുറത്ത് മൂകം നട്ടുച്ച.
ആ പെണ്ണിന് സിസേറിയൻ
സിസ്റ്റർമാരുടെ സംസാരം കേട്ടതും
മെല്ലെ കണ്ണു തുറന്ന്
സഹതാപത്തോടെ
അയ്യോ എന്നു ഞാൻ.
അടുത്തതു നീ
എന്നു പറഞ്ഞു,
ഒരു നഴ്സ്.
എൻ്റെ വേദന പറയുമ്പോൾ
സഹതപിക്കാൻ
അടുത്ത കിടക്കക്കാരിയുണ്ടോ?
മെല്ലെ ചെരിഞ്ഞു നോക്കി ഞാൻ,
പേടിയോടെ.
4
...........................
കണ്ണുകൾക്കുള്ളിൽ കാഴ്ച്ചകൾ
നിറഞ്ഞു പോയതിനാൽ
ഇമയ്ക്കാനാവാതെ
തത്തിപ്പറക്കും ചെറുകുരുവിപോലെന്നുള്ളം.
(സുഗന്ധിയുടെ മരണശേഷം പ്രസിദ്ധീകരിച്ച സമ്പൂർണ്ണ സമാഹാരത്തിൽ പോലും എഴുത്തുകാരി ജനിച്ച വർഷം രേഖപ്പെടുത്തിയതായി കണ്ടില്ല.
ജീവിതകാലത്തുടനീളം മനോരോഗത്തിൻ്റെ പിടിയിലായിരുന്നു ഇവർ.ആധുനികാനന്തര തമിഴ് കവിതയിലെ ശക്തമായ പെൺ സ്വരമായിരുന്നു ഇവരുടെ ആദ്യ സമാഹാരമായ 'പുതൈയുണ്ട വാഴ്ക്കൈ'. പിന്നീട് കവിയുടെ ജീവിതം ചിത്ത രോഗത്തിൻ്റെ പിടിയിലമർന്നു, 2009-ൽ മരിക്കും വരെ)
No comments:
Post a Comment