Wednesday, July 1, 2020

വർണ്ണം - ജയമോഹൻ (തമിഴ് ചെറുകഥ)




Red, Blue, Yellow, Orange Drops Stock Footage Video (100 ...



കലിവർഷം 3902-ൽ ക്രി. പി. 802 -ൽ തിരുവിതാംകൂർ ഭരിച്ചത് മുമ്പത്തെ രാജാവായിരുന്ന വീരമാർത്താണ്ഡവർമ്മയുടെ മരുമകനും ശ്രീപാദപ്പെരുനല്ലൂർ എന്ന ഇടം തലസ്ഥാനമാക്കി ഭരിച്ചയാളുമായ വീരകേരളവർമ്മാ വിശാഖം തിരുനാൾ മഹാരാജാവാണ്. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ചരിത്രത്തിൽ ഇല്ലെങ്കിലും മറ്റു ചിലേടങ്ങളിൽ പരാമർശിക്കപ്പെടുന്ന വീരകേരളൻ എന്ന പേരിൽ നിന്ന് അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്ന് ഊഹിക്കപ്പെടുന്നു.(ഉദാഹരണത്തിന് ആളൂർ ശിവക്ഷേത്രത്തിലെ കല്ലെഴുത്തിലുള്ള ഒരു കുറിപ്പിൽ പലപല കോയിൽ അധികാരികളുടേയും പേരുകൾ പറയുന്ന വരികൾക്കിടയിൽ ഈ പേരും കാണുന്നുണ്ട്. കാലഗണനയനുസരിച്ച് മുമ്പുവാണ രാജാവ് വീരമാർത്താണ്ഡവർമ്മയുമായി ബന്ധിപ്പിച്ച് അദ്ദേഹത്തിൻ്റെ മരുമകനായിരിക്കാം വീരകേരളവർമ്മ എന്നു വായിച്ചെടുക്കപ്പെടുന്നു. ചരിത്രത്തിൽ ചില രാജാക്കന്മാർ രൂപകങ്ങളായും ബാക്കിയുള്ളവർ ഊഹങ്ങളായുമാണ് നിലനിൽക്കുന്നത്.)

അന്നത്തെ ചേരനാട് മധുരക്കു കപ്പം കൊടുത്തു പോന്ന ഭൂമിയായിരുന്നെന്നും, അല്ല, മധുര അപ്പോഴും കളപ്പിരർ വാഴ്ചയിലായിരുന്നതിനാൽ കപ്പം കൊടുക്കാതെ കണ്ണിൽ പെടാതെ കഴിഞ്ഞിരിക്കാം എന്നും രണ്ടഭിപ്രായങ്ങളുണ്ട്. അന്നത്തെ തിരുവിതാംകൂറിൻ്റെ നിലപ്പരപ്പ് വാണവനാട്, ശ്രീവാഴുംകോട്, ശ്രീപാദനാട്, ശ്രീവായനാട്, ജയത്തുംഗനാട് എന്നിങ്ങനെ അഞ്ചു സ്വരൂപങ്ങൾ ചേർന്നതായിരുന്നു എന്നും, (സ്വരൂപങ്ങൾ എന്നത് സ്ത്രീകളാൽ ഭരിക്കപ്പെടുന്ന ചെറിയ നാട്ടുകോയ്മകൾ. കിഴവി റാണിമാർ വലിയ ആനക്കൂട്ടങ്ങളെപ്പോലെ രാജവംശങ്ങളെ സൃഷ്ടിച്ചു വഴി നടത്തിക്കൊണ്ടിരുന്ന കാലം.) ആളൂർ ഭൂപ്രദേശം ശ്രീപാദ നാട്ടിൻ്റെ അതിർത്തിക്കുള്ളിൽ വരുന്നതിനാൽ ഈ പ്രദേശം വീരകേരളവർമ്മയുടെ ഭരണത്തിൻ കീഴിലായിരുന്നു എന്നും പറയപ്പെടുന്നു. ശ്രീ പാദനാട് രൂപമാറ്റം വന്ന് തിരുപ്പാദപുരം എന്നും തൃപ്പാപ്പൂർ എന്നും പിൽക്കാലത്തു വിളിക്കപ്പെട്ട ഈ പാരമ്പര്യവഴിക്കു രൂപം കൊണ്ടുവന്നതായിരിക്കാം ഇന്നത്തെ തിരുവിതാംകൂർ രാജവംശം.

തൃപ്പാപ്പൂരിൻ്റെ ഭരണത്തിൻ കീഴിൽ വന്ന പ്രദേശങ്ങൾ കിഴക്കേ വേളിമലയും അതിൻ്റെ അടിവാരക്കാടുകളും മറുവശത്ത് പടിഞ്ഞാറേ കടലോരത്തെ ഉപ്പളങ്ങളും ചതുപ്പുകളും മാത്രമായിരുന്ന കാലത്ത് നിലം തിരുത്തി വയലാക്കി നെല്ലു വിളയിക്കുന്ന വേളാളർമാരെ തെക്കൻപാണ്ടി നാടായ തിരുനൽവേലിയിൽ നിന്നു പട്ടും പണവും കൊടുത്ത് വിളിച്ചു വരുത്തിക്കൊണ്ടുവന്നു ക്ഷേത്രം കെട്ടി, ഭൂമി കൊടുത്തു കുടിയിരുത്തി ഒരു തലമുറയ്ക്ക് തീരുവയും ചുങ്കവുമില്ലാതെ കൃഷി ചെയ്യാൻ നീട്ടുനൽകി കാത്തു പോരുന്നതു തിരുവിതാംകൂർ രാജാക്കന്മാരുടെ രീതിയായിരുന്നു. അവരാൽ വയലാക്കപ്പെട്ട നിലങ്ങൾ അടുത്ത തലമുറ കഴിഞ്ഞപ്പൊഴേക്കും പൊൻവിളയിച്ച് തിരുവിതാംകൂറിൻ്റെ കളപ്പുരകൾ നിറച്ചു വന്നതിനാൽ അവർ തേനീച്ചകളെപ്പോലെ സംരക്ഷിക്കപ്പെട്ടു. തെൻപാണ്ടി വേളാളന്മാർ ശൈവരും അക്രമസ്വഭാവമില്ലാത്തവരും തങ്ങൾക്കിടയിൽ നൂറു നൂറു ഉപവംശങ്ങളായി ആണ്ടോടാണ്ടു പിരിഞ്ഞു കൊണ്ടിരിക്കുന്നവരും പരസ്പരം ഇടിച്ചു താഴ്ത്തി കലഹിക്കുന്നവരും ആ വഴക്കുകൾ തീർപ്പാക്കുന്നതിനായി ഗോത്രസഭകളുള്ളവരും എല്ലാ വഴക്കുകളും ആണ്ടോടാണ്ട് ഒത്തു തീർക്കുന്നവരുമായിരുന്നു.

അക്കാലത്ത് നിലമളന്ന് അതിർത്തി തിരിച്ച് അതിനെ അടിസ്ഥാനമാക്കിയല്ല നികുതി വസൂലാക്കിയിരുന്നത്.മറിച്ച്, വിളവിൻ്റെ ആറിലൊരു പങ്ക് നികുതി എന്നതായിരുന്നു നടപ്പു രീതി. കൊയ്ത്തിനു ശേഷം വിളവു കണക്കാക്കുന്നത് പ്രയാസമായിരുന്നു. കൊയ്ത നെല്ലു മുഴുവൻ രഹസ്യക്കുഴികൾക്കുള്ളിൽ അപ്രത്യക്ഷമാകേ, വയലുമായോ കൃഷിയുമായോ യാതൊരു ബന്ധവുമില്ലാത്തവരെപ്പോലെ കാണപ്പെട്ട വേളാളർ തങ്ങൾക്കുണ്ണാനുള്ള നെല്ലു കൂടി രാജാവു തരണമെന്നാവശ്യപ്പെടലാണ് പിന്നീടുണ്ടാവുക. അതുകൊണ്ട്, വയൽ തഴച്ചു നിൽക്കുമ്പോൾത്തന്നെ നോക്കിത്തിട്ടപ്പെടുത്താൻ ആളെ അയച്ച് എവിടെ എത്ര വയലുകൾ എത്രത്തോളം തഴച്ചിട്ടുണ്ടെന്നു ഗണിച്ച്, അതിന്മേൽ കുറഞ്ഞയളവു നികുതി ഇത്ര എന്നു നിശ്ചയിച്ച് അതു മുൻകൂട്ടി ഗ്രാമവാസികളെ അറിയിക്കുന്നതാണ് പതിവ്. അങ്ങനെ നിലങ്ങൾ കണ്ട് മതിപ്പു നിശ്ചയിക്കുന്നയാൾ കണ്ടെഴുത്തുകാരൻ എന്നും അയാൾ പറയുന്നതു പ്രകാരം നികുതി കണക്കാക്കി രേഖപ്പെടുത്തുന്നയാൾ മേലെഴുത്തുകാരൻ എന്നും രാജാവിനോട് അതറിയിക്കുന്ന തലവൻ വലിയ മേലെഴുത്തുകാരൻ എന്നും വിളിക്കപ്പെട്ടു.ആ അറിയിപ്പു പ്രകാരം താഴേത്തട്ടിൽ പ്രവൃത്തിയാർ എന്നു വിളിക്കപ്പെടുന്ന അധികാരി നികുതി ഈടാക്കി, അദ്ദേഹത്തിനു മേലേയുള്ള സർവാധികാര്യക്കാർ അതു രേഖപ്പെടുത്തി, അദ്ദേഹത്തിനും മേലേയുള്ള വലിയ സർവാധികാര്യക്കാർ രാജാവിൻ്റെ കളപ്പുരവരെയെത്തിച്ച് അങ്ങനെ തേനീച്ച തേൻ ശേഖരിക്കും പോലെയായിരുന്നു കാര്യങ്ങൾ നടന്നു പോന്നത്.

അങ്ങനെ കണ്ടെഴുത്തിനയക്കുന്ന അധികാരിക്ക് എഴുത്തും കണക്കും അറിഞ്ഞിരിക്കണമെന്നു നിർബന്ധമുള്ളതിനാലും ഗ്രാമവാസികളോടവർക്കു സ്നേഹമോ ശത്രുതയോ പാടില്ല എന്നതിനാലും ദൈവത്തെ തൊട്ടു സത്യം ചെയ്ത് കള്ളം ചെയ്യാതിരിക്കേണ്ടതിനാലും പരദേശബ്രാഹ്മണരെയാണ് ഈ ജോലിക്കു മിക്കവാറും നിയമിച്ചിരുന്നത്.തഞ്ചാവൂരിൽ നിന്നു രാജാവിനാൽ വെറ്റിലയും പൊൻപണവും കൊടുത്തു വിളിച്ചു കൊണ്ടുവരപ്പെട്ട്, ക്ഷേത്രങ്ങൾക്കരികേ മഠം കെട്ടിക്കൊടുത്ത് ആണ്ടോടാണ്ട് പ്രതിഫലം നൽകി കുടിയിരുത്തപ്പെട്ടവരായിരുന്നു അവർ. അവർക്കു കണക്കും തമിഴും മലയാൺമയും സംസ്കൃതവും ജ്യോതിഷവും ധർമ്മശാസ്ത്രങ്ങളും അറിഞ്ഞിരുന്നെങ്കിലും കൃഷിഭൂമിയെപ്പറ്റി ഒന്നുമറിയില്ല എന്നതിനാൽ സംഭവിച്ച കുഴപ്പങ്ങളിലൊന്നിൻ്റെ കഥ ഇന്ന് പഴയ ചില താളുകളിൽ നിന്ന് നമുക്കു വായിച്ചെടുക്കാൻ കഴിയും.

അന്നത്തെ വേളാളർ ഗ്രാമങ്ങൾ പിടാകകൾ എന്ന പേരിൽ തിരിച്ചിരുന്നു.പതിനെട്ടു പിടാകകൾ ഒരു സഭയായി ക്ഷേത്ര മണ്ഡപത്തിൽ സമ്മേളിക്കുന്നതും ശണ്ഠകൂടി സമവായത്തിലെത്തി വെറ്റില ചവച്ചു തുപ്പി മാമൻ മരുമകൻ മട്ടിലൊന്നായി പിരിഞ്ഞു പോകുന്നതും പതിവ്. മണച്ചമേടു പിടാകയിൽ പുതുതായി വേളിമലയടിവാരം വെട്ടിത്തെളിച്ചു ചതുപ്പുകുഴി നികത്തി രൂപം കൊണ്ട വയലുകളിൽ നിന്നുണ്ടായ അയൽക്കര രൂപമാറ്റം വന്ന് അയർക്കര എന്നായിത്തീർന്ന ഉൾഗ്രാമത്തിൽ കൃഷി ചെയ്തു പോന്ന നൂറ്റെട്ടു വേളാളർ വീട്ടുകാർ എല്ലാവരും തന്നെ കയറ്റാറിനപ്പുറത്തു നിന്നും ഇവിടേക്കു വിളിച്ചുകൊണ്ടുവരപ്പെട്ടു കുടിയേറിപ്പാർത്തവരാകുന്നു. അവർ വെള്ളം കുറവായ നാട്ടിൽ നിന്നു വന്നവരായതിനാൽ വെള്ളം നിറഞ്ഞു നിന്നിരുന്ന നിലത്തെ "കനിഞ്ഞ അമ്മയല്ലേ" എന്ന് ആശ്ചര്യപൂർവം കയ്യേറ്റ് ആ നിലത്തു കാളയിറക്കിയാൽ കയറു കെട്ടിത്തന്നെ വലിക്കണമെന്ന് അങ്ങനെ കെട്ടിവലിച്ച ശേഷം മാത്രം മനസ്സിലാക്കി. എരുമയെ നീന്താനിറക്കി ഉഴുതു നെല്ലു നട്ടാൽ നെല്ലിനു പകരം കോരപ്പുല്ലു മുളച്ചുപൊന്തുന്ന അത്ഭുതം ഒരുപ്പൂവു വിളവു നഷ്ടപ്പെടുത്തിക്കൊണ്ട് അവരറിഞ്ഞു. ചതുപ്പുനിലത്തിൽ മുളവെട്ടിയിട്ട് കാറ്റോട്ടമുണ്ടാക്കണമെന്നും ചാലു വെട്ടി വെള്ളം തിരിച്ച് നിലം വറ്റിക്കണമെന്നും വെണ്ണീറും ചുണ്ണാമ്പും വളമായ് ഇടണമെന്നും പഠിച്ചറിഞ്ഞ് നെല്ലു വിളയിച്ചെടുക്കാൻ തുടങ്ങിയപ്പൊഴേക്കും ഒരു തലമുറ പിന്നിട്ട് അവർ മലക്കിഴങ്ങു കട്ട് കളഞ്ഞു വേവിച്ചു തിന്നു ജീവിക്കാൻ ശീലിച്ചു കഴിഞ്ഞിരുന്നു.

കോരപ്പുല്ലും ഇതെല്ലാം പഠിച്ചു കൊണ്ടിരുന്നു എന്നത് അപ്പപ്പോൾ എല്ലാത്തിനേയും വകഞ്ഞു മാറ്റി അതു തലയെടുക്കുമ്പോൾ മാത്രം അവരറിഞ്ഞു.കോരപ്പുല്ലും അവരും തമ്മിലെ പോരിൽ കോരപ്പുല്ലു ജയിച്ചാൽ അവർ ഒരുപ്പൂവിൽ മലക്കിഴങ്ങു തിന്നു വിശപ്പാറ്റി മറുപൂവിൽ കോരപ്പുല്ലിനെ തോല്പിക്കുകയും ചെയ്തു. കലിവർഷം 3909-ലെ കന്നിപ്പൂവിൽ കോരപ്പുല്ലു വളർന്നു നെല്ലു മൂടി കർഷകരാൽ കൈവിടപ്പെട്ട് പച്ചപ്പരപ്പായി കാറ്റിലാടി നിന്നിരുന്നപ്പോൾ വില്ലുവണ്ടിയിൽ തൻ്റെ അളവുകാരോടും എഴുത്തുകാരോടും കൂടി വയൽ നോക്കാൻ വന്ന കണ്ടെഴുത്തധികാരി തിരുമഞ്ചണപുരം സുബ്ബയ്യർ അവിടെയുള്ള ഒരു പാറമേൽ കയറി നിന്നു നെറ്റിയിൽ കൈവെച്ചു ചുറ്റിലും നോക്കി വയൽ തഴച്ചു പച്ചയായി അലയടിക്കുന്നതിനാൽ ഇക്കൊല്ലം ആയിരത്തെട്ടു കലം നെല്ല് നികുതിയായി നിശ്ചയിച്ചു കുറിച്ച് ആജ്ഞ കൊടുത്ത ശേഷം അടുത്തുള്ള പരവൂർ ശിവക്ഷേത്രത്തിൽ തൊഴുതു വിശ്രമിച്ച് അമൃതേത്തു കഴിച്ചു മന്ദഹാസത്തോടെ മടങ്ങിപ്പോവുകയും ചെയ്തു.

ആജ്ഞ കൈക്കൊണ്ട കാവലധികാരി കൊച്ചു കൃഷ്ണൻ നായർ ആ ഓല തൻ്റെ വീട്ടിൽ കൊണ്ടു വെച്ച് കാട്ടിൽ വേട്ടയ്ക്കു പോയി അവിടെ ഒരു പെണ്ണിനെ സംബന്ധം ചെയ്ത് അവളെ അമ്മയാക്കി അവിടുന്നു കടന്നു കളഞ്ഞു കീഴേ വന്നപ്പോൾ അറ്റ വേനലായതിനാൽ ഗ്രാമീണർ ചാലു വെട്ടി വെള്ളം വറ്റിച്ച് കോരപ്പുല്ലു കത്തിച്ചു കളഞ്ഞു തൈലപ്പുല്ലു പരത്തി ചുട്ടുചാമ്പലാക്കി ഉഴുതുമറിച്ചു വീണ്ടും തൈലപ്പുല്ലു പരത്തി തീയിട്ട് വീണ്ടും ഉഴുതുമറിച്ച് വീണ്ടും തീയിട്ടെരിച്ച് അതിലേക്കു വെള്ളമൊഴുക്കി അടിവേരിൽ ബാക്കി നിൽക്കുന്ന കോരപ്പുല്ലിനേയും മുളക്കാൻ വിട്ട് വെള്ളം വറ്റിച്ചു തൈലപ്പുല്ലു പരത്തി അതു വീണ്ടും തീയിട്ടു ചുട്ട് ചുണ്ണാമ്പിട്ടു വീണ്ടും ഉഴുത് അടുത്ത ഉഴവിനായി മഴ കാത്തിരിക്കുകയായിരുന്നു.വയലു കണ്ടതും ഓല ഓർമ്മ വന്ന കാവലധികാരി കൊച്ചു കൃഷ്ണൻ നായർ അതു കൊണ്ടുപോയി പ്രവൃത്തിയാർ തിരുവാഴിപ്പിള്ളയുടെ കയ്യിൽ കൊടുത്തപ്പോൾ അദ്ദേഹം ആദ്യമൊന്നമ്പരന്ന് പിന്നെ നെഞ്ഞത്തടിച്ചു കരഞ്ഞുകൊണ്ട് കർഷക പ്രധാനിയായ പൊയ്ച്ചൊല്ലാമെയ്യൻ പിള്ളയുടെ അടുത്തു ചെന്ന് ഓല കാട്ടി അലമുറയിടാൻ തുടങ്ങി.

കർഷക പ്രമുഖരെല്ലാവരും ഗ്രാമ ക്ഷേത്ര മണ്ഡപത്തിൽ ഒത്തുകൂടി ആ ഓലയെക്കുറിച്ചു പറഞ്ഞപ്പോൾ മലക്കിഴങ്ങു തിന്നു മലമിളകി കഴിഞ്ഞുകൂടുമ്പോൾ ആയിരത്തെട്ടു കലം പോയിട്ട് ആയിരത്തെട്ടു മണി നെല്ലു പോലും കൊടുക്കാൻ വഴിയില്ല എന്ന് എല്ലാവരും ഒറ്റക്കെട്ടായി ശബ്ദമുയർത്തി.അവരെ കയ്യമർത്തിക്കാട്ടി ഇരുത്തി തിരുവാഴിപ്പിള്ളയും കർഷക പ്രമുഖരും കൂടി കോരപ്പുല്ലു കേറി നെൽവയലുകൾ നശിച്ചതിനാൽ തീരുവയും വരിയും അടയ്ക്കാൻ കഴിയാത്ത നിലയിൽ എത്തിയതായും കനിഞ്ഞരുളി കാക്കണമെന്നും താണപേക്ഷിച്ച് മഹാരാജാ വീരകേരളവർമ്മത്തമ്പുരാന് നീട്ടെഴുതി അതു സർവാധികാര്യക്കാർ കൊച്ചൻപിള്ള വശം കൊണ്ടു ചെന്നേൽപ്പിച്ചു.കൊച്ചൻപിള്ള അത് തൻ്റെ കൈവശമുള്ള അമ്പതിലധികം ഓലകളോടു ചേർത്തുവെച്ച് ചെമ്പട്ടുനൂലാൽ ചുറ്റിക്കെട്ടി വലിയ സർവാധികാര്യക്കാർ ഗോവിന്ദൻനായർക്ക് അയയ്ക്കേ അദ്ദേഹം തൻ്റെ പക്കൽ വന്നു ചേർന്ന നാനൂറിലധികം ഓലകളോടൊപ്പം അതു ചേർത്തുവെച്ച് മഞ്ഞപ്പട്ടുനൂലാൽ ചുറ്റിക്കെട്ടി ശ്രീപാദപ്പെരുനല്ലൂരിൽ കൊണ്ടു ചെന്നു രാജസദസ്സിനു മുമ്പിൽ വെയ്ക്കേ ശ്രീപാദ സഭ എന്ന രാജസഭയിൽ ആനക്കാൽ ആസനത്തിൽ പട്ടു തലയണയിൽ ചെമ്പരുന്തിൻ തൂവൽ ചൂടി ചാഞ്ഞിരുന്ന മഹാരാജാ വീരകേരളവർമ്മ പൊന്നുതമ്പുരാൻ ആചാരപ്രകാരം അതു തൻ്റെ വലംകൈ കൊണ്ടു തൊട്ട് "തൃക്കൺ പാർത്തിരിക്കുന്നു സർവാധികാര്യക്കാരേ, വേണ്ടതു ചെയ്ക" എന്നരുളിച്ചെയ്തു.

പതിവനുസരിച്ച് കണ്ടെഴുതിയ തീരുവയിൽ കാൽപ്പങ്ക് മഹാരാജാവിനാൽ കുറക്കപ്പെടും എന്നതിനാൽ അതു മുന്നേക്കൂട്ടി ഗണിച്ച് അതും കൂടിച്ചേർത്താണ് കണ്ടെഴുതാറ് എന്നതിനാൽ അങ്ങനെ കണ്ടെഴുതുന്നതിൻ്റെ അടിസ്ഥാനത്തിൽ തീരുവയിൽ കാൽപ്പങ്കു കുറവു വരുത്തുന്നതായി ആജ്ഞ കൊടുക്കുന്ന പതിവുള്ളതിനാൽ ആ ആജ്ഞ വലിയ സർവാധികാര്യക്കാർ ഗോവിന്ദൻനായരാൽ പുറപ്പെടുവിക്കപ്പെട്ട് മഹാരാജാവിൻ്റെ മുദ്ര പതിച്ച് സർവാധികാര്യക്കാർക്ക് അയക്കപ്പെട്ട് അദ്ദേഹമതിൻ്റെ പകർപ്പെടുത്തു പ്രവൃത്തിയാർമാർക്കെല്ലാം അയച്ചതിൻ്റെ ഫലമായി അയക്കര പ്രവൃത്തിയാർ തിരുവാഴിപ്പിള്ളക്ക് അദ്ദേഹം എഴുനൂറ്റമ്പത്തേഴു കലം നെല്ലു മാത്രം അളന്നാൽ മതി എന്ന് തൃപ്പാപ്പൂർ വാണരുളും പൊന്നുതമ്പുരാൻ വീരകേരളവർമ്മ മഹാരാജാവ് അളവില്ലാത്ത കരുണയോടെ തൃക്കൺ പാർത്തിരിക്കുന്നതായും നാട്ടുകാരുടെ നന്മക്കും ഐശ്വര്യത്തിനും വേണ്ടി നിലകൊള്ളുന്നതായും ഓല വന്നു.

കണ്ണീരോടു കൂടി നെഞ്ഞത്തടിച്ച് അലമുറയിട്ട അയക്കര പ്രവൃത്തിയാർ തിരുവാഴിപ്പിള്ള നാട്ടുകൂട്ടത്തിൽ നിന്ന് ഒച്ച കൂട്ടി എല്ലാവരേയും വിളിച്ചു ചേർത്ത് വന്നിട്ടുള്ള ഓല വായിക്കേ,വയസ്സനൊരാൾ "ഇതിനെല്ലാം ആ ചെകിടുപൊട്ടൻ സ്വാമിയെപ്പറഞ്ഞാൽ മതി" എന്ന് കോപത്തോടെ തലയിൽ കൈ വെച്ചു.നാട്ടുകൂട്ടത്തിൽ രാത്രി മുഴുവൻ ബഹളം വെച്ചു വഴക്കടിച്ചു പിന്മാറി ഒഴിഞ്ഞിരുന്ന് ചുക്കുവെള്ളം കുടിച്ചു കഴിച്ചുകൂട്ടി പുലർകാലമായപ്പോൾ അവർ നടന്നതെല്ലാം വിശദമായി എഴുതി കണ്ണീരോടെ അപേക്ഷിച്ച് മഹാരാജാവിന് മറ്റൊരു നിവേദനം ഓലയായി അയക്കാൻ തീരുമാനിച്ച് അതു പ്രകാരം വിവരിച്ചെഴുതി സർവാധികാര്യക്കാർ കൊച്ചൻ പിള്ള വശം കൊണ്ടു ചെന്നു കൊടുത്തു. കൊച്ചൻപിള്ള അത് പതിവുപോലെ ചെമ്പട്ടുനൂലാൽ.ചുറ്റിക്കെട്ടി വലിയ സർവാധികാര്യക്കാർ ഗോവിന്ദൻ നായർക്കയക്കേ അദ്ദേഹം മഞ്ഞപ്പട്ടുനൂലാൽ ചുറ്റിക്കെട്ടി ശ്രീപാദപ്പെരുനല്ലൂർക്കു കൊണ്ടുചെന്നു മഹാരാജസഭ മുമ്പിൽ വെക്കേ, മഹാരാജാ വീരകേരളവർമ്മ പൊന്നുതമ്പുരാൻ ആചാരപ്രകാരം അതു തൻ്റെ വലം കയ്യാൽ തൊട്ട്  "തൃക്കൺ പാർത്തു സർവ്വാധികാര്യക്കാരേ, വേണ്ടതു ചെയ്ക" എന്നരുളിച്ചെയ്കേ അതു പ്രകാരം പത്തു ശതമാനം നികുതി വീണ്ടും കുറയ്ക്കപ്പെട്ട് അറുനൂറ്റി നാല്പത്തൊമ്പതു കലം നെല്ല് ഉടനേ അളക്കണമെന്ന് കാരുണ്യ പൂർവ്വം ആജ്ഞാപിച്ച് ആ തിരുവോല മുറപ്രകാരം സർവാധികാര്യക്കാർ വഴി പ്രവൃത്തിയാർ തിരുവാഴിപ്പിള്ളക്ക് അയക്കപ്പെട്ടു.

ഇത്തവണ പ്രവൃത്തിയാർ തിരുവാഴിപ്പിള്ള ഭ്രാന്തനെപ്പോലെ ചിരിച്ചുകൊണ്ടു തെരുവിലൂടോടി കർഷക പ്രധാനി പൊയ്ച്ചൊല്ലാമെയ്യൻ പിള്ളയുടെ വീട്ടിലെത്തി ഓല കാണിക്കേ അദ്ദേഹവും പൊട്ടിച്ചിരിക്കേ എല്ലാവരും കൂടി ഓടി വന്നു വാർത്ത കേട്ടു ചിരിക്കാൻ തുടങ്ങവേ ഗ്രാമം ഒന്നാകെ ചിരിച്ചു മറിഞ്ഞ് അവിടവിടെയിരുന്നു കണ്ണീർ തുളുമ്പി ആകാശം നോക്കി പിന്നെയും ചിരിക്കുന്നത് ഗ്രാമാധികാരി കൊച്ചു കൃഷ്ണൻ നായർ ഭീതിയോടെ നോക്കിക്കൊണ്ടു നിന്ന് പിന്നെ തിരിഞ്ഞോടി സർവാധികാര്യക്കാരുടെ മുമ്പിൽ വന്നു പറയവേ അദ്ദേഹം കോപാകുലനായി കാര്യമന്വേഷിച്ചു വരാൻ വീണ്ടുമൊരാളെ അങ്ങോട്ടു പറഞ്ഞയച്ചു. അയാൾ മടങ്ങി വരുന്നതിനിടയിൽ ആ വാർത്ത ശരിവെച്ചുറപ്പിച്ചു കൊണ്ട് ഗ്രാമീണരിൽ നിന്നു കിട്ടിയ ഓലയിൽ കോരപ്പുല്ല് വ്യാപിച്ച് വയലിൽ നെല്ല് വളരാതെ പോയതിനാൽ ഒരു കൈപ്പിടി നെല്ലു പോലും ഗ്രാമത്തിൽ ഇല്ലെന്നും ആകയാൽ ഒരു മണി നെല്ലു പോലും തീരുവയും വരിയുമായി അടയ്ക്കാനില്ലെന്നുമുള്ള വാർത്ത കുറിക്കപ്പെട്ടിരുന്നു.

സർവാധികാര്യക്കാർ കൊച്ചൻപിള്ള ആ വാർത്ത ഉടനെ ചെന്ന് വലിയ സർവാധികാര്യക്കാർ ഗോവിന്ദൻനായരോടു പറഞ്ഞപ്പോൾ അദ്ദേഹമതു വലിയ മേലെഴുത്തുകാരൻ സർവാരി കൃഷ്ണയ്യരോടു പറയുകയും അദ്ദേഹം മേലെഴുത്തുകാരൻ ഇഞ്ചിക്കാടു വെങ്കയ്യർക്ക് ആജ്ഞ കൊടുക്കുകയും വെങ്കയ്യർ സർവാധികാര്യക്കാർ കൊച്ചൻപിള്ളയോടൊപ്പം അയക്കര ഗ്രാമത്തിലേക്കു നേരിൽ വന്ന് അവിടത്തെ പ്രവൃത്തിയാർ തിരുവാഴിപ്പിള്ളയോടും കർഷക പ്രമുഖരോടും "എവിടെ ആ കോര?" എന്നു ചോദിച്ച് അവിടെ ഒരിലയോ തളിരോ കോര പോലും കാണപ്പെടുന്നില്ല എന്ന് അവരുടെ പല തവണയായുള്ള നീണ്ട വിവരണങ്ങളിൽ നിന്നു വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് അത് വിശദമാക്കി പതിനേഴ് ഓലകളിലായി നാനൂറ്റിപ്പതിനെട്ടു വരികളിൽ വിസ്തരിച്ചെഴുതി വലിയ സർവാധികാര്യക്കാർ ഗോവിന്ദൻനായരെ അറിയിക്കുകയും ചെയ്തു.വലിയ സർവാധികാര്യക്കാർ ഗോവിന്ദൻനായർ ശ്രീ പാദപ്പെരുനല്ലൂരിൽ ചെന്ന് മഹാരാജാവിൻ്റെ തിരുമുമ്പിൽ കുമ്പിട്ടു വായ് പൊത്തി ആ വാർത്ത നാലു വാക്കിൽ ചുരുക്കി അറിയിക്കേ മഹാരാജാ വീരകേരളവർമ്മ പൊന്നുതമ്പുരാൻ "വേണ്ടതു ചെയ്തു കൊൾക സർവാധികാര്യക്കാരേ'' എന്ന് തിരുവുള്ളം കനിഞ്ഞ് ആജ്ഞ കൊടുത്തു.

വലിയ സർവാധികാര്യക്കാർ ഗോവിന്ദൻ നായർ മണച്ചമേടു പിടാകയിലെ അയക്കര ഗ്രാമത്തിലെ നൂറ്റെട്ടു വേളാളർ വീട്ടുകാരും മൊത്തമായിച്ചേർന്ന് കണ്ടെഴുതിയ ആയിരത്തെട്ടു കലം നെല്ലും അതതുവരെ അടയ്ക്കാതിരുന്നതിനു പിഴയായി പിന്നെയും നൂറ്റെട്ടു കലം നെല്ലും അത് ഈടാക്കാൻ ആവശ്യമായ ചെല്ലു ചെലവുകൾക്കായി പിന്നെയും മുന്നൂറ്റിയെട്ടു കലം നെല്ലുമായി ആകെ ആയിരത്തി നാനൂറു കലം (നായന്മാർ പൊതുവേ കണക്കിൽ ശൂരന്മാരല്ല) നെല്ല് ഉടനടി കെട്ടണമെന്നും കെട്ടാതിരുന്നാൽ അവരുടെ വീടുകൾ തീവെച്ച് കന്നുകാലികളെ കണ്ടുകെട്ടി അവരെ മുക്കാലിയിൽ പിടിച്ചുകെട്ടി മുതുകിലെ തോലുരിയും വരെ കാളത്തോലുകൊണ്ടുണ്ടാക്കിയ ചാട്ടവാറുകൊണ്ട് അടിക്കുമെന്നും തിരുപ്പാദപ്പെരുനല്ലൂർ ആണ്ടരുളും പൊന്നുതമ്പുരാൻ വീരകേരളവർമ്മ മഹാരാജാവ് തൻ്റെ അളവറ്റ കരുണയാൽ ആദികേശവപ്പെരുമാളുടെ പേരിൽ പ്രതിജ്ഞാബദ്ധനായി ആജ്ഞ കൊടുത്ത വാർത്ത ഗ്രാമത്തിലെ പ്രവൃത്തിയാർ തിരുവാഴിപ്പിള്ളയെ അറിയിച്ചു.

അതിനു ശേഷം അദ്ദേഹം അക്കാര്യമെല്ലാം മറന്നു കൃത്യാന്തരങ്ങളിൽ ഏർപ്പെട്ട് (അദ്ദേഹത്തിനു പതിനെട്ടു ഭാര്യമാർ) അയക്കരയിൽ നിന്നും ആജ്ഞ പ്രകാരം നെല്ലു വരുന്നില്ലെന്ന് പതിനേഴു ദിവസം കഴിഞ്ഞറിഞ്ഞ് വീണ്ടുമൊരിക്കൽ കൂടി അതേ ആജ്ഞ കൊടുത്തയച്ച ശേഷം മുമ്പു പറഞ്ഞ അതേ കൃത്യാന്തരങ്ങളിൽ വീണ്ടും തീവ്രമായി ഏർപ്പെട്ട് ഒമ്പതു ദിവസം കഴിഞ്ഞ് പിന്നെയും നെല്ലു വരുന്നില്ലെന്നറിഞ്ഞു കോപാക്രാന്തനായി ഉടവാളേന്തി തൻ്റെ ഇരുനൂറു കുന്തപ്പടയാളികളുമായി വേളിമലയടിവാരത്തിലുള്ള അയക്കര ഗ്രാമത്തിൽ ചെന്നു ചേർന്നു. ഗ്രാമത്തിനു പുറത്തു പാളയമടിച്ച ശേഷം പടനായന്മാർ ഏഴു പേരെ വിളിച്ച് ഗ്രാമത്തിൽ കടക്കേണ്ടെങ്കിൽ നെല്ല് ഉടനടി അളന്നു നൽകണമെന്നാണ് വലിയ സർവാധികാര്യക്കാർ ഗോവിന്ദൻ നായരുടെ ആജ്ഞയെന്ന് അവിടെയുള്ളവരോട് അറിയിച്ചു വരാനായി പറഞ്ഞയച്ചു.

ഗ്രാമത്തിലേക്കു പോയ പടനായന്മാർ ഏഴുപേരും കുന്തം തലകീഴായിപ്പിടിച്ചുകൊണ്ട് ഭ്രമിച്ചു പരവശരായി കാലുകുഴഞ്ഞു തിരിച്ചുവന്ന് പരസ്പരം നോക്കിക്കൊണ്ടും തല ചൊറിഞ്ഞു കൊണ്ടും അവിടെ ഗ്രാമത്തിനുള്ളിൽ മനുഷ്യരാരുമില്ലെന്നും ഇടിഞ്ഞു തകർന്നു കിടക്കുന്ന ഒരു ശിലാക്ഷേത്രം മാത്രമേ അവിടെയുള്ളൂവെന്നും അറിയിച്ചു.അയക്കരയിലെ ജനങ്ങൾ മുഴുവനും വേളിമല കയറി അപ്പുറം കടന്ന് പാണ്ഡ്യനാട്ടിലേക്കു പോയിരിക്കാൻ സാധ്യതയുണ്ടെങ്കിലും മുമ്പില്ലാത്ത ഒരു ശിലാക്ഷേത്രം പെട്ടെന്നവിടെ എങ്ങനെ പൊട്ടി മുളക്കും എന്നു സന്ദേഹപ്പെട്ട വലിയ സർവാധികാര്യക്കാർ ഗോവിന്ദൻ നായർ ഏഴു പടനായന്മാരെ തൻ്റെ മുന്നിൽ നിർത്തി ഊതിച്ച് അവർ മദ്യപിച്ചിട്ടില്ലെന്നും കുനിയിച്ചു നിവർത്തി കഞ്ചാവടിച്ചിട്ടില്ലെന്നും തുമ്മിച്ച് അവീൻ തിന്നിട്ടില്ലെന്നും ഉറപ്പുവരുത്തി.നായന്മാർ ശാരീരിക ബന്ധത്തിലേർപ്പെട്ടാലും വിടുവായത്തം പുലമ്പാറുണ്ട് എന്നതിനാൽ അതും ഗന്ധം വഴി പരിശോധിക്കപ്പെട്ടു.

ഒരു ദിവസം മുഴുവൻ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി അവിടെ നിന്ന ശേഷം ഗ്രാമത്തിലേക്കു പോകാൻ തീരുമാനിച്ച വലിയ സർവാധികാര്യക്കാർ ഗോവിന്ദൻ നായർ "മുന്നോട്ട് " എന്നാജ്ഞാപിച്ച് വാളൂരിപ്പിടിച്ച്  "വഞ്ചിപാല വിജയേ!" എന്നു യുദ്ധകാഹളം മുഴക്കി ഗ്രാമത്തിൽ കടന്ന് അവിടെ സത്യത്തിൽ ആരുമില്ലെന്നു കണ്ട് കോപത്തോടെ തെരുവുകളിൽ ചുറ്റിവന്ന് ജ്വലിച്ചു നിന്നു.അവർക്കു ചുറ്റും മുഖം കോട്ടിയും ചിരിച്ചും തറപ്പിച്ചു നോക്കിയും എങ്ങോ കണ്ണുനട്ടും ആളുയരമുള്ള കൽ പ്രതിമകൾ അവിടെ നിന്നിരുന്നു, ചിലത് വീണു കിടന്നിരുന്നു. ആ പ്രതിമകൾ അവിടെ എങ്ങനെ വന്നു എന്നറിയാതെ വലഞ്ഞു ചുറ്റിനടന്നു വന്ന വലിയ സർവാധികാര്യക്കാർ ഗോവിന്ദൻ നായരോടൊപ്പം വന്ന കാവലധികാരി കൊച്ചു കൃഷ്ണൻ നായർ പൊടുന്നനെ ഭയന്നലറി മൂത്രം പോയി എരുക്കില തിന്ന ആട്ടിൻകുട്ടി പോലെ തലകിറുങ്ങി നടന്ന് തിരിഞ്ഞോടാൻ ശ്രമിക്കേ, നാലു പേരെ വിട്ട് ഓടിച്ചിട്ടു പിടിച്ചു വലിച്ചുകൊണ്ടുവന്ന് ചവിട്ടിക്കൂട്ടി കാര്യമന്വേഷിച്ചപ്പോഴാണ് ആ കൽപ്രതിമകൾ അവിടത്തെ മനുഷ്യരാണ് എന്നു മനസ്സിലായത്.ഗ്രാമാധികാരി കൊച്ചുകൃഷ്ണൻ നായർക്കു പരിചയമുള്ള പ്രവൃത്തിയാർ തിരുവാഴിപ്പിള്ള, കർഷക പ്രമുഖൻ പൊയ്ച്ചൊല്ലാമെയ്യൻ പിള്ള എന്നിവരുൾപ്പെടെ മുഴുവൻ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും കൽപ്രതിമകളായി അവിടെ നിന്നും കിടന്നും ഇരുന്നും കാണപ്പെട്ടു.

വലിയ സർവാധികാര്യക്കാർ ഗോവിന്ദൻ നായരും അദ്ദേഹത്തിൻ്റെ പടയാളികളും പേടിച്ചലറി മൂത്രം പോയി ചിതറിയോടി തിരുപ്പാദനല്ലൂരിലെത്തി അവിടെ തെരുവുകളിലൂടെ പരക്കം പായുന്ന കാക്കകളെപ്പോലെ ബഹളം വെച്ചു വന്നു. വലിയ സർവാധികാര്യക്കാർ ഗോവിന്ദൻ നായർ ഓടിപ്പോയി മഹാരാജാവിനെ തിരുമുമ്പിൽ ചെന്നു താണു വണങ്ങി കണ്ണീരുതിർത്ത് കൈകൂപ്പി ഞെട്ടിവിറച്ചുകൊണ്ട് ഒരു ഗ്രാമം മുഴുവൻ കല്ലായി മാറിയ വാർത്ത പറഞ്ഞ് വീണ്ടും അലറിക്കരഞ്ഞു.മഹാരാജാവ് ഉടൻ തന്നെ എഴുന്നേറ്റോടി അകത്തുചെന്ന് തൻ്റെ മുറിക്കുള്ളിൽ കടന്നു കതകടയ്ക്കേ പരിചാരികമാർ വന്ന് മഹാരാജാവ് മേലിൽ ആർക്കും തിരുമുഖം കാണിക്കുന്നില്ലെന്നും കേരളപുരത്തു ചെന്ന് ദിവാൻ ശ്രീ മകം ശങ്കരൻ തമ്പിയോടു വിഷയം പറയാനും വലിയ സർവാധികാര്യക്കാർ ഗോവിന്ദൻ നായരോടാജ്ഞാപിച്ചു.

വലിയ സർവാധികാര്യക്കാർ ഗോവിന്ദൻ നായർ കരഞ്ഞുകൊണ്ടു കേരളപുരത്തു ചെന്ന് അവിടെ മാളികയിലിരുന്ന ദിവാൻ ശ്രീമകം ശങ്കരൻ തമ്പിയോട് അയക്കര ഗ്രാമമപ്പാടെ കല്ലായിപ്പോയ വാർത്തയറിയിക്കേ അദ്ദേഹം ഉടനെ ജ്യോത്സ്യർ ശുകമഠം ശങ്കര മാരാരെ വിളിച്ചു വരുത്തി അതിൻ്റെ ഫലങ്ങളെന്തെല്ലാം എന്നു ചോദിച്ചു. രാജാവിന് മൃത്യു, സമുദ്രകോപം, മലയിടിച്ചിൽ, കൊടുങ്കാറ്റ്, മഹാമാരി, സ്ത്രീകൾ അനുസരണയില്ലാത്തവരാവൽ എന്നീ ആറു ഫലങ്ങളും ഒന്നിച്ചു കാണപ്പെടുന്നതായി ജ്യോത്സ്യർ ശുകമഠം ശങ്കര മാരാർ പറഞ്ഞു.ദിവാൻ ശ്രീമകം ശങ്കരൻ തമ്പി തന്നെ നേരിൽ ഒരു തവണ അവിടെച്ചെന്നു ഗ്രാമം കണ്ട് കൂടെയുള്ളവരോടെല്ലാം പുറത്തു പോകാൻ പറഞ്ഞ ശേഷം തനിച്ച് ഓരോ കൽപ്രതിമക്കടുത്തും ചെന്നു കുമ്പിട്ട് പ്രത്യേകം പ്രത്യേകം കേണപേക്ഷിച്ചു. ഇനിമേൽ ഒരു തലമുറക്കാലം അവർ നികുതിയേ തരേണ്ടെന്നും രാജാവിൻ്റെ ആജ്ഞ ആ ഗ്രാമത്തിനു ബാധകമാവില്ലെന്നും കല്ലുകൊണ്ടുള്ള കൈകൾ തൊട്ട് ഊന്നിയൂന്നിപ്പറഞ്ഞും കരിങ്കല്ലുകൊണ്ടുള്ള കാലുകൾ തൊട്ട് മാപ്പപേക്ഷിച്ചും അദ്ദേഹം ഒരു ദിവസം മുഴുവൻ അവിടെയിരുന്നെങ്കിലും പ്രതിമകൾ കല്ലായിത്തന്നെ ശേഷിച്ചു.

നാടെങ്ങും രഹസ്യമായി വിവരമറിയിച്ച് ജ്യോത്സ്യന്മാരെയും പൂജാരികളെയും തന്ത്രിമാരെയും മന്ത്രവാദികളെയും വിളിച്ചു വരുത്തി അയക്കര ഗ്രാമത്തിൽ സകല പരിഹാരകർമ്മങ്ങളും പ്രായശ്ചിത്തങ്ങളും കൺകെട്ടുവിദ്യകളും ഒടിവിദ്യകളും പ്രതിദേവതാപൂജകളും ഉഗ്രമൂർത്തി പ്രതിഷ്ഠകളും നടത്തിയിട്ടും ശിലാവിഗ്രഹങ്ങൾ അങ്ങനെത്തന്നെ ഉറഞ്ഞു പോയ നോട്ടവും ഉച്ചരിക്കപ്പെടാത്ത വാക്കുകളുമായി അവശേഷിച്ചു. അവിടെങ്ങും മുരശുകളും കൊമ്പുകളും കുരവകളും തുള്ളൽ ശബ്ദങ്ങളും മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. ഓരോ ദിവസവും ഇന്ന് നാളെ എന്ന് കൽപ്രതിമകൾ മിഴി തുറക്കാൻ കാത്തിരുന്ന ദിവാൻ ശ്രീമകം ശങ്കരൻ തമ്പി വിശ്വാസം കൈവെടിഞ്ഞില്ല.

ഇതിനിടെ അടുത്ത ഗ്രാമങ്ങളിലും അവിടവിടെ പലരും കല്ലായിത്തുടങ്ങിയതായി വാർത്തകൾ വന്നു തുടങ്ങി.അഞ്ചാംകോണത്ത് പാതവക്കിൽത്തന്നെ രണ്ടു പേർ കല്ലായി ഇരിക്കുന്നുണ്ടെന്ന് വഴിപോക്കർ പറഞ്ഞു കേട്ടപ്പോൾ ദിവാൻ ശ്രീമകം ശങ്കരൻ തമ്പി ഇനി വൈകിച്ചാൽ ശരിയാവില്ല എന്നു വിചാരിച്ച് രഹസ്യമായി പല്ലക്കിലേറി രാത്രിക്കു രാത്രി ഇറങ്ങിത്തിരിച്ച് ആറ്റിങ്ങലിൽപ്പോയി അവിടെ ശ്രീവല്ലഭ മoത്തിൽ വിഷ്ണു നമ്പൂതിരി എന്ന മൂത്ത തന്ത്രിയെക്കണ്ടു കാൽക്കൽ വീണു കാത്തുരക്ഷിക്കണമെന്ന് അപേക്ഷിച്ചു.അദ്ദേഹത്തിൻ്റെ കണ്ണീരു കണ്ടു ദയ തോന്നിയ ശ്രീവല്ലഭമഠം വിഷ്ണു നമ്പൂതിരി തലയിൽ കൈവെച്ച് "ദൈവാനുഗ്രഹമുണ്ടാകട്ടെ'' എന്നാശീർവദിച്ചു.

ശ്രീവല്ലഭമഠം വിഷ്ണു നമ്പൂതിരി തൻ്റെ മഞ്ചലിൽ നൂറു കാവൽക്കാരുമായി തിരുപ്പാദനല്ലൂരിൽ ചെന്ന് അവിടെ തങ്ങാതെ അയക്കര ഗ്രാമത്തിലെത്തി. അവിടെ കൽ പ്രതിമകൾക്കൊപ്പം ദിവസം മുഴുവൻ ഇരുന്ന ശേഷം ദിവാൻ ശ്രീമകം ശങ്കരൻ തമ്പിയുടെ ശ്രീകാര്യക്കാരനോട്  "രാജാവ് ഇവിടെ വരിക തന്നെ വേണം. ഇവിടെ കിരീടമഴിച്ചു വെച്ച് ഈ മണ്ണിൽ നെറ്റി ചേർത്ത് തലതൊട്ടു വണങ്ങി തെറ്റു പൊറുക്കണമെന്ന് അപേക്ഷിക്കണം.മണ്ണ് പൊറുത്തു പ്രസാദിച്ചാൽ മാത്രമേ ദൈവങ്ങളെ ആവാഹിക്കാൻ കഴിയൂ'' എന്നു പറഞ്ഞു.ശ്രീകാര്യക്കാരൻ ആ വിവരം പറഞ്ഞപ്പോൾ ദിവാൻ ശ്രീമകം ശങ്കരൻ തമ്പി ദേഷ്യത്തോടെ "ആ നായെ ഞാൻ ചെവിക്കു പിടിച്ചു വലിച്ചുകൊണ്ടുവരും" എന്നു പറഞ്ഞ് ശ്രീവല്ലഭമഠം വിഷ്ണു നമ്പൂതിരിയെ നേരിൽ ചെന്നു കണ്ട്  "ശ്രീവാഴുംകോടും തൃപ്പാപ്പൂരും ആണ്ടരുളുന്ന മഹാരാജാ വിഷ്ണുദാസ വീരകേരളവർമ്മ പൊന്നുതമ്പുരാൻ അവർകൾ കല്പിച്ച് ഈ അയക്കര മണ്ണിൽ തൃപ്പാദം വെച്ചെഴുന്നള്ളി നിശ്ചയിച്ച മുറയ്ക്ക് വേണ്ടതു ചെയ്യാൻ ഞാൻ ആവുന്നതു ചെയ്യാം." എന്നു മുറപ്രകാരം അറിയിച്ചു.

അതു പ്രകാരം കുറിയ്ക്കപ്പെട്ട മുഹൂർത്തത്തിൽ മഹാരാജാ വിര കേരളവർമ്മാ പൊന്നുതമ്പുരാൻ ദിവാൻ ശ്രീമകം ശങ്കരൻ തമ്പിക്കൊപ്പം കൊട്ടും കുഴൽവിളിയും കുടയും ആനയും അലങ്കാരങ്ങളും പരിവാരങ്ങളുമായി അയക്കര ഗ്രാമത്തിലേക്ക് എഴുന്നള്ളി. അവിടെ പൂജക്കും ചടങ്ങുകൾക്കുമുള്ള ഏർപ്പാടുകളെല്ലാം ശ്രീവല്ലഭ മഠം വിഷ്ണു നമ്പൂതിരി ഇതിനകം ചെയ്തു കഴിഞ്ഞിരുന്നു. വീരാളിപ്പട്ടു വിതാനിച്ച പന്തലിൽ നടന്ന ചടങ്ങിൽ ഭൂമിശാന്തി യാഗം ചെയ്ത് വീരകേരളവർമ്മ മഹാരാജാവ് എട്ടുദിക്കും നോക്കി  നെറ്റി - മുഖം - തോള് - നെഞ്ഞ് - വയറ് - ഇടുപ്പ് - കാൽ എന്നിവ മണ്ണിൽ തട്ടുമാറ് വീണു വണങ്ങി ശ്രീവല്ലഭ മഠം വിഷ്ണു നമ്പൂതിരി നൽകിയ ഒരു നുള്ളു മണ്ണു പ്രസാദമായി ഭുജിച്ച് പൂജ നിറവേറ്റി.

അതിനു ശേഷം ശ്രീവല്ലഭ മഠം വിഷ്ണു നമ്പൂതിരി മുന്നേക്കൂട്ടി പൂമ്പാറ്റപ്പുഴുവിനെ പിടിച്ച് അകത്തിട്ടടച്ചു വെച്ചിരുന്ന ചെറിയ മരച്ചെപ്പ് തൻ്റെ വസ്ത്രത്തിനുള്ളിൽ മറച്ചു പിടിച്ചുകൊണ്ട് അവിടെ കല്ലായി അമർന്നിരുന്ന ഗ്രാമീണരിൽ ഒരു കൈക്കുഞ്ഞിൻ്റെ അടുത്തുചെന്ന് കൈ വീശുന്ന ഭാവത്തിൽ ചെപ്പു തുറന്ന് കൈ വിരലുകളിൽ നിന്നു ചുവപ്പും നീലയും
വർണ്ണമുള്ള രണ്ടു ചിറകുകൾ തുടിതുടിപ്പോടെ ഉയർത്തിപ്പറത്തി വിട്ടു.അതിനെ ആ കൈക്കുഞ്ഞിനു മുന്നിൽ വിട്ടപ്പോൾ അതു ചിറകടിച്ചു കാറ്റിലുയർന്ന് അലഞ്ഞു വട്ടം ചുറ്റിപ്പറന്നു കളിക്കുന്നതു കണ്ട് കൽക്കുഞ്ഞിൻ്റെ കണ്ണുകൾ ആദ്യമൊന്നിളകി, ചുണ്ടുകളിൽ പുഞ്ചിരി വിടർന്ന്, ജീവൻ വെച്ചെഴുന്നേറ്റു. ചിറകടിച്ചകന്ന പൂമ്പാറ്റയെ പിടിക്കാൻ കയ്യുയർത്തി  ഇഴഞ്ഞു ചെല്ലവേ കുഞ്ഞിനെ പൊടുന്നനെ ശ്രീവല്ലഭ മഠം വിഷ്ണു നമ്പൂതിരി പൊക്കിയെടുത്ത്, "അല്പം കഴിഞ്ഞാൽ ഇതു വിശന്നു കരയും.ഇതിൻ്റെ അമ്മ എഴുന്നേറ്റു വരും'' എന്നു പറഞ്ഞു.

അരനാഴികക്കുള്ളിൽ കുഞ്ഞു വിശന്ന് ഉറക്കെ കരയാൻ തുടങ്ങിയതും കൽപ്രതിമകളിലെ എല്ലാ പെണ്ണുങ്ങളുടെ മുഖങ്ങളിലും കനിവ് ഉയിരെടുത്ത് കണ്ണുകൾ അനങ്ങി.ഒരു വൃദ്ധ എഴുന്നേറ്റു വന്ന് കുഞ്ഞിനെയെടുത്ത്, പിറകേ എഴുന്നേറ്റു വന്ന അമ്മയുടെ കയ്യിൽ കൊടുക്കേ അവളതിനെ മടിയിൽ വെച്ചു മുലയൂട്ടി. അവളെഴുന്നേറ്റു വന്നിടത്തെ കുഴിയിൽ നിന്ന് ഒരു നീരുറവ പൊട്ടിയുറന്നു. അതൊഴുകിപ്പരന്നു നിറഞ്ഞ് കൽപ്രതിമകളെ നനക്കേ ആ നനവു തട്ടിയ എല്ലാവരും ജീവൻ വെച്ചെഴുന്നേറ്റ് പരസ്പരം ആലിംഗനം ചെയ്തു.ദിവാൻ ശ്രീമകം ശങ്കരൻ തമ്പി അത്ഭുതത്തോടെ "ഒരു കുഞ്ഞു പൂമ്പാറ്റ" എന്നു പറഞ്ഞു. "നാലു തുള്ളി നിറം" എന്നു പിന്നെയും വിസ്മയപ്പെട്ടു. ശ്രീവല്ലഭ മഠം വിഷ്ണു നമ്പൂതിരി പുഞ്ചിരിയോടെ "അതു ധാരാളം" എന്നു പറഞ്ഞു.

അയക്കര പിന്നീട് പിള്ള കനിഞ്ഞ ഊര് എന്നു പേരെടുത്ത്, അതു പരിണമിച്ച് പിള്ളക്കാവൂർ എന്നായിത്തീർന്നു.അവിടെ വീരകേരളവർമ്മാ വിശാഖം തിരുനാൾ ചെറുതായി പണിത് പിൽക്കാലത്തു ചോളന്മാരും നായ്ക്കന്മാരും കെട്ടിയുയർത്തിയ വലിയ ക്ഷേത്രത്തിൽ അമൃതകലശമേന്തിയ ലക്ഷ്മീദേവീ സമേതനായി കാത്തരുളുന്ന വിഷ്ണു അമൃതാമയൻ എന്നു വിളിക്കപ്പെടുന്നു. ആ ക്ഷേത്രത്തെ ചുറ്റിയൊഴുകുന്ന വറ്റാത്ത ചെറിയ നീർച്ചാലിന് അമൃതവാഹിനി എന്നു പേര്.


No comments:

Post a Comment