Wednesday, July 8, 2020

ശങ്കരരാമസുബ്രഹ്മണ്യൻ കവിതകൾ (തമിഴ്, ജനനം: 1975)

1
മുദ്ര

ബസ്സു കാത്തിരിക്കുന്നവൾ
നർത്തന ഭാവത്തോടെ
മുന്താണിക്കുള്ളിൽ
വിരലിട്ട്
സാരി മടക്കുകൾ
തിരുകി വെച്ചു.
അന്തം വിട്ട്
ഒരു നിമിഷം
എല്ലാം
മന്ദഗതിയിലായി.
മുകളിലിരുന്ന്
അതു കാണുന്ന ദൈവം
സബാഷ്
സബാഷ്
സബാഷ്
എന്നു പറഞ്ഞു.

2
ഭിക്ഷ

എത്ര യുഗങ്ങൾ
എത്ര ദൈവങ്ങൾ
തത്വചിന്ത കരുണ
ഊണ്
സ്നേഹം
ചുംബനം
വന്നു വന്നു പോകും
തീവണ്ടികൾ
കണ്ണീരോടെ
ഭിക്ഷ ഭിക്ഷ എന്ന്
ഇഴഞ്ഞു
കയറി
ഇറങ്ങി
മടങ്ങുന്നു ഞാൻ
എൻ്റെ പാത്രം
ഇതുവരെ നിറഞ്ഞതേയില്ല.


3
ഗാന്ധി വന്നു.

അടുക്കളക്കത്തി.
അതെടുത്തു പിടിച്ചാൽ
മധ്യകാല
യുദ്ധസാഹസങ്ങളുടെ
വിളി മുഴങ്ങും.
കൈ വേട്ടക്കു തരിക്കും.
ഗാന്ധി ജനിച്ചു
ജീവിച്ചു
മരിച്ചു.
വീണ്ടും വന്നു പറഞ്ഞു
ഇനി
ചെറുനാരങ്ങ
മുറിച്ചാൽ മതി.


4
മഞ്ഞ റോസ്

മഞ്ഞ റോസ് എന്ന്
സംശയിച്ചു നിൽക്കാതെ
അവളെ വിളിക്കൂ.
അവൾ തന്നത്താൻ
ഒരു മഞ്ഞ റോസ്പ്പൂവായിത്തീരും.
ഇല്ലെങ്കിലും സങ്കടം വേണ്ട.
അവളെ നമുക്ക്
മഞ്ഞ റോസാക്കി മാറ്റാം.


5.

ഒന്നു മറ്റതിനെ
അറിയാൻ തുടങ്ങുന്നു.


ഒരു ബോധം
തിരക്കുള്ള തെരുവിൽ ബൈക്കോട്ടുന്നു.
മറ്റൊരു ബോധം
അന്തംവിട്ട് തെരുവു മുറിച്ചു കടക്കുന്നു.
രണ്ടു ബോധങ്ങൾ
രണ്ടു പ്രപഞ്ചങ്ങൾ
കൂട്ടിമുട്ടുന്നു.
അപ്പോൾ ഒരു ലോകം രൂപം കൊള്ളുന്നു.
ആദ്യമായ് ഒരു ബോധം
മറ്റൊന്നിനെ അറിയാൻ തുടങ്ങുന്നു.
എങ്ങോട്ടാ എന്നു ചോദിക്കുന്നു
ബൈക്കിൽ വന്ന ബോധം
എന്തെടാ തായോളി എന്നു ചോദിക്കുന്നു
മുറിച്ചു കടന്ന ബോധം.



(എല്ലാ കവിതകളും 'ഞാപക സീത' എന്ന സമാഹാരത്തിൽ നിന്ന്.)


6
ഹംപ്റ്റി ഡംപ്റ്റി


ഇരുപതു കൊല്ലം മുമ്പ് തിരുനെൽവേലിയിൽ നിന്ന്
ചെന്നൈയിലേക്കു
വയറ്റുപ്പിഴപ്പിനായ് വന്നവൻ ഞാൻ.
ആസാമിൽ നിന്നു കുടിയേറ്റത്തൊഴിലാളിയായെത്തിയ
ഹംപ്റ്റി ഡംപ്റ്റിയെ
ഇന്നലെ സന്ധ്യക്ക് 
ഞാൻ മൈലാപ്പൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചു കണ്ടപ്പോൾ
അവൻ ഓടുന്ന വണ്ടിയിൽ കേറാൻ ശ്രമിച്ച്
താഴെ വീണുരുണ്ട്
മരണത്തിൽ നിന്നു രക്ഷപ്പെട്ട്
എഴുന്നേൽക്കുകയായിരുന്നു.
അയ്യോ എന്നു ഞാൻ ഓടിച്ചെന്നു.
അടുത്ത വണ്ടിയിൽ സാവകാശം കേറിയാൽ
കുഴപ്പമെന്തെന്നു ചോദിച്ച്
ഒരു കാരണവർ ഹംപ്റ്റി ഡംപ്റ്റിയെ അടിച്ചു.
വിവരം അങ്ങെത്താൻ തന്നെ ഒരാഴ്ച്ച പിടിക്കും എന്നു പറഞ്ഞു,
കഴുത്തിൽ ഐഡന്റിറ്റി കാർഡ് തൂക്കിയ
മധ്യവയസ്കൻ സോഫ്റ്റ്വെയർ എഞ്ചിനീയർ.
ജസ്റ്റ് മിസ്ഡ് എന്നു പറഞ്ഞ്
രണ്ടു കോളേജ് കുമാരിമാർ
വാട്സ് ആപ്പിനുള്ളിലേക്കു കയറിപ്പോയി.
ഞാൻ ഹംപ്റ്റി ഡംപ്റ്റിയുടെ
തടിച്ച ചന്തിയിൽ തട്ടിക്കൊണ്ടു ചിരിച്ചു.
റെയിൽവേ പോലീസ് വന്ന്
ഹംപ്റ്റി ഡംപ്റ്റിയെ വിളിച്ചുകൊണ്ടുപോയി.
ഹംപ്റ്റി ഡംപ്റ്റി എന്നെ
തിരിഞ്ഞുനോക്കിച്ചിരിച്ചുകൊണ്ടു നടന്നു പോയി.
ഞാനും നിന്നെപ്പോലെ ഹംപ്റ്റി ഡംപ്റ്റി തന്നെ.
വീണ്ടും വീണ്ടും വീഴുന്നു.
തകർന്നു തരിപ്പണമാകുന്നില്ല എന്നു പറഞ്ഞു.
അവൻ എല്ലാം മനസ്സിലായപോലെ ചിരിച്ചു.
പോലീസുകാർക്കൊപ്പം പോകുമ്പോൾ
അവന്റെ ജീൻസിനുള്ളിൽ നിന്നു
പുറത്തേക്കുന്തിയിളകുന്ന ആനച്ചന്തികൾ
എനിക്ക് സ്വാതന്ത്ര്യത്തിൻ സന്തോഷം സമ്മാനിച്ചു.

7
ആമ്പൽകൂർപ്പ്


ആ പെരും തടാകത്തിന്റെ നടുവിൽ
ഞാനുമെൻ കുഞ്ഞുങ്ങളും
നിൽക്കുന്നതു പോലെ
കൂട്ടമായി
ചുവന്ന ആമ്പലുകൾ പൂത്തു നിന്നിരുന്നു.
അവ ചെങ്കൊക്കുകളാണെന്നു കരുതി
ഞാൻ വാഹനം നിറുത്തി.
ഞങ്ങൾ ആമ്പലുകൾ എന്ന്
അവ
എന്നോടും എന്റെ മകളോടും പറഞ്ഞു
അവൾ 10 വയസ്സിലും
ഞാൻ 41 വയസ്സിലും
ആമ്പലിനും താമരക്കും തമ്മിലുള്ള വ്യത്യാസം
അനുഭവിച്ചറിഞ്ഞു.

8
കവിത എന്നത്


കവിത എന്നത്
ചത്ത കുരങ്ങിൻ വാലാടുന്നത്
അല്ല
വാൽ ആട്ടുന്നത്.

കവിത എന്നത്
തട്ടിലുള്ള മീനിൻ കണ്ണുകൾ
തിളങ്ങുന്നത്
അല്ല
തിളങ്ങാൻ വെയ്ക്കുന്നത്.



പെറ്റു വീണ കുഞ്ഞ്
അമ്മയുടെ മുഖം നോക്കി ചിരിക്കുകയല്ല
മേലേ നിന്നു നോക്കുന്ന അമ്മ
തന്റെ മുഖത്തു നോക്കി
തന്റെ കുഞ്ഞു ചിരിപ്പതായ് 
അതിശയം കൊള്ളുകയാണ്.
ആദ്യത്തെ അമൃതു തരുന്നവൾ അവൾ
കുറച്ചു തെറ്റിയാലും അഭിമാനിച്ചുകൊള്ളട്ടെ.
കുഞ്ഞ്
പാൽ ചുരക്കുന്ന അർദ്ധഗോളത്തെ നോക്കി
ചിരിക്കുന്നു.
ആ അർദ്ധഗോളം തന്നെ അമ്മ എന്ന്
അതിന്റെയുള്ളിൽ പതിഞ്ഞിരിക്കുന്നു.
പിറകേ
അമ്പിളി
പന്ത്
ചോറ്റുരുള എന്നിങ്ങനെ
പ്രധാനപ്പെട്ടതെല്ലാം
ഈ ലോകത്തിൽ നിന്നും
ഓരോ ഗോളമായി വേറിട്ടു വേറിട്ടു കാണുന്നു
അത്.
അതുകൊണ്ടാണ്
ഗോളത്തെ തൊടുമ്പോഴെല്ലാം
ആ കുഞ്ഞ്
ഏതു പ്രായത്തിലും
തന്റെ അമ്മയിലേക്കു മടങ്ങിപ്പോകുന്നത്.

10

നിന്റെ അവസാനത്തെ പൂച്ചക്കവിത
എപ്പോൾ നീയെഴുതാൻ പോകുന്നു?
ഇങ്ങനെയൊരു ശബ്ദം കേട്ടു.
ഞാൻ കണ്ണു മിഴിച്ചു.
ആദ്യം ഭയന്നും
പിന്നെ തളർന്നും
ഞാൻ ചിരിച്ചു.
അവസാനത്തെ പൂച്ചയെ
കണ്ടതിനു ശേഷം മതിയോ
എന്നു മറുപടി പറഞ്ഞ്
കഴിച്ചിലായി.


No comments:

Post a Comment