Monday, July 13, 2020

ക്ഷീണൻ - പി.രാമൻ

*ക്ഷീണൻ

ഉച്ചക്ക് തിരക്കിട്ടു പോകുമ്പോൾ
പാർക്കിലെ ബഞ്ചുകളിലൊന്നിരിക്കുന്ന ആ മനുഷ്യനെ
ഞാൻ ശ്രദ്ധിച്ചു.
ആരോടോ യാത്ര പറയുമ്പോലെ
അയാൾ കയ്യുയർത്തി വീശിക്കൊണ്ടിരുന്നു.
നന്നേ ക്ഷീണിച്ച ഒരു ചെറുപ്പക്കാരൻ.
വേണ്ടപ്പെട്ട ആരോ
യാത്ര പറഞ്ഞു പോയതോടെ
അയാൾ കൂടുതൽ ക്ഷീണിച്ച പോലുണ്ട്.
ആരോടാണിയാൾ കൈ വീശിക്കാട്ടുന്നത്?
ഞാനും അയാൾ നോക്കുന്ന ദിശയിൽ
റോഡിൻ്റെ മറുപുറത്തെ
കെട്ടിടങ്ങൾക്കിടയിലേക്കു നോക്കി.
നഗരത്തിരക്കല്ലാതെ
പ്രത്യേകിച്ചാരെയും കാണാനില്ല.
അല്ലെങ്കിൽ
ആ തിരക്കിലെ ഓരോ മനുഷ്യനും
ആ കൈ വീശലിന് അർഹനാണ്.

പണി കഴിഞ്ഞ് ഏറെ വൈകി
തിരിച്ചതിലേ വരുമ്പോഴും
വിളക്കുകൾ അണഞ്ഞു കൊണ്ടിരുന്ന
ആളൊഴിഞ്ഞ പാർക്കിൽ
അതേ ബെഞ്ചിൽ അയാളുണ്ട്.
കൂടുതൽ ക്ഷീണിച്ചിരിക്കുന്നു.
ഒന്നും കഴിച്ചിട്ടില്ലായിരിക്കുമോ?
ബഞ്ചിൽ കിടപ്പായിരിക്കുന്നു.
എന്തോ മെല്ലെ പറയുന്നുണ്ട്.
ഞാൻ പാർക്കിൻ്റെ കമ്പിവേലിയോടു 
ചേർന്നു നടന്നു.
അടുത്താരോ ഇരിക്കുന്നതായി സങ്കൽപ്പിച്ച്
അയാൾ എന്തോ പറയുകയാണ്.
ചായ.... ചായ.... എന്നു മാത്രം കേൾക്കുന്നുണ്ട്.
ഞാനും ക്ഷീണിതനായിരുന്നു.
വേഗം വേഗം വീട്ടിലേക്കു നടന്നു.

ക്ഷീണം കാരണം ഉറക്കം വരുന്നുണ്ടെങ്കിലും
പാർക്കിലെ മനുഷ്യനെക്കുറിച്ചു
പെട്ടെന്നു തോന്നിയ ഒരു സംശയം
മനസ്സിലിട്ടു നടന്നു തളർന്ന്
ഞാൻ പുസ്തകത്തിലെ പാർക്കിലെത്തി.
അവിടെ കക്കാടിൻ്റെ ബഞ്ചിൽ
അതാ അയാൾ.
അയാൾ യാത്ര പറയുന്നത്
തന്നിൽ നിന്നും എന്നേക്കുമായി ഇറങ്ങിപ്പോകുന്ന
തൻ്റെ യക്ഷനോടാണ്.
അയാൾക്കരികിലിരുന്ന്
ചായ കുടിക്കൂ ചായ കുടിക്കൂ
എന്നു പറയുന്നത്
ഒരു ജലദേവതയാണ്
ക്ഷീണിച്ചവശനായിരുന്ന അയാൾ
മിക്കവാറും ഈ രാത്രി തന്നെ
മരിച്ചു പോയേക്കും.



* എൻ.എൻ.കക്കാടിൻ്റെ പാർക്കിൽ, ക്ഷീണം എന്നീ കവിതകൾ ഓർത്തുകൊണ്ട്

1 comment: