Saturday, July 11, 2020

തുറ - പി.രാമൻ



ആരാണീ വാതിൽ മലർക്കെത്തുറന്നത്?
ആരെയും കാണുവാനില്ല
വാതിലടഞ്ഞു കിടന്നാൽ, തുറന്നാലും
യാതൊന്നുമില്ലെനിക്കെന്നാൽ,
ആരടച്ചാലും തുറന്നാലുമില്ലവ -
രോടൊരു സ്നേഹവുമെന്നാൽ,
ആരടച്ചാലും തുറന്നാലുമില്ലവ -
രോടു വിരോധവു,മെന്നാൽ,
ആരാണീ വാതിൽ മലർക്കെത്തുറന്നത്?
ആരെയും കാണാനുമില്ല.

നീയാണോ വാതിൽ മലർക്കെത്തുറന്നത്?
നിന്നെയും കാണുവാനില്ല.
നീയേ നീയേ നീയീ വാതിൽ തുറന്നുവോ
നീയെവിടേയെൻ്റെ നീയേ?

തള്ളിത്തുറന്നോടിപ്പോയോരേ, നിങ്ങളെ -
ന്തെന്നെക്കുരങ്ങുകളിപ്പൂ?
തള്ളിത്തുറന്നോടിപ്പോയോരേ, പോയോരേ,
ഏതു ലോകത്തു പോയാലും
നിങ്ങൾ മലർക്കെത്തുറന്നിട്ടൊരീ വാതി-
ലെന്നുമനാഥമായ് കാണാം.
ആരിതു തള്ളിത്തുറന്നെന്നറിയാതെ
മാഴ്കുന്നൊരെന്നെയും കാണാം.
ചോദ്യത്തിനുത്തരം കിട്ടാതൊരിക്കലു-
മീ വാതിൽ ഞാനടയ്ക്കില്ല.
ഞാൻ തയ്യാറായാലു,മുത്തരം കിട്ടാതീ
വാതിലടയുകയില്ല.
ചോദ്യങ്ങൾക്കുത്തരം കിട്ടാതെ മറ്റെത്ര
വാതിലടഞ്ഞു പോയാലും.
എന്നുമീ വാതിലനാഥമായിങ്ങനെ
നിങ്ങളെ നായാടിയേക്കും.

കള്ളനകത്തു കടന്നെങ്കിൽ, കള്ളനേ,
കള്ളനേ, കട്ടു പോ വേഗം.
പോകുന്ന പോക്കിൽ പറഞ്ഞിട്ടു പോകണേ,
നീയേ തുറന്നെന്ന സത്യം.
കട്ടുമുടിഞ്ഞാലും ചേതമി, ല്ലീ വാതി -
ലാരു തുറന്നെന്നറിഞ്ഞാൽ.
കാറ്റു തുറന്നെങ്കിൽ കാറ്റെവിടേ, കാറ്റേ
കാറ്റേ നിൻ കൈകളെവിടെ?
നിൻ കയ്യു പോയിട്ടു കൈ കൊണ്ടു ചൂണ്ടിയ
യാതൊന്നും കാണുവാനില്ല.
എല്ലാം പറന്നു പൊയ്പോയെങ്കിലീ വാതി-
ലെങ്ങനെ ബാക്കിയായിങ്ങ്?

സൂര്യരോ വാതിൽ മലർക്കെത്തുറന്നത്,
സൂര്യരേ, സൂര്യരേ, നീയോ?
ഇത്ര ദൂരേ നിന്നു നീയാഞ്ഞു തള്ളിയാൽ
മുറ്റത്തെ മൊട്ടു തുറക്കാം.
ഞാൻ സാക്ഷയിട്ടു ബന്ധിച്ചൊരീ തേക്കിൻ്റെ
കാതൽ വഴങ്ങുകയില്ല.

അയ്യോ കിടക്കുന്നതെന്തീ നില, ത്തിതു -
തള്ളിത്തുറന്ന വിരലോ?
അയ്യോ പുറത്തു നിന്നെത്തും വെളിച്ചത്തു
ചോര പിടയ്ക്കുന്നു തീ പോൽ.
വാതിലിടുക്കിൽ ചതഞ്ഞു മുറിഞ്ഞോരു
പല്ലിവാലെന്നേ കരുതീ
നോക്കുമ്പോൾ നോക്കുമ്പോൾ വാതിലിൻ ചാരത്തു
മാത്രമല്ലീത്തറയാകെ,
ചോര പൊടിയുന്നൊരായിരം കാലടി -
പ്പാടുകൾ പോലെക്കിടപ്പൂ,
വാതിലു തള്ളിത്തുറന്നതിൻ ശക്തിയി-
ലാകെച്ചിതറിയതാവാം,
ഈ നിലത്തെങ്ങും മുറിവിരൽത്തുണ്ടുകൾ,
നിൻ വിരൽ ഞാനോർത്തു പോയി!
നിൻ നീൾ വിരലോർത്തു പോയതു കുറ്റമാ-
ണെങ്കിലാക്കുറ്റം ഞാനേൽക്കാം.
നിൻ്റെ വിരലുകളോർമ്മിക്കയാലിവ
നിൻ്റെ വിരലുകൾ തന്നെ.

ഇത്ര മുറിഞ്ഞു മുറിഞ്ഞു ചിതറുവാ-
നെത്ര വിരൽ നിനക്കുണ്ട്?
ഇത്ര വിരലുകളറ്റു തെറിയ്ക്കുവാ -
നെത്ര കൈകൾ നിനക്കുണ്ട്?

ഇല്ലാ നിനക്കിത്രയേറെ വിരലുക -
ളല്ല നീയല്ല തുറന്നൂ
എങ്ങും പിടക്കുന്ന ചോര വിരലുകൾ
നിൻ്റെയല്ലെന്നാശ്വസിക്കാൻ
അങ്ങനെയാശ്വാസം തിന്നു ജീവിക്കുവാൻ
പിന്നെക്കിടന്നു മരിക്കാൻ
ആരു മലർക്കെത്തുറന്നെന്ന ചോദ്യത്തി-
നേതെങ്കിലും പേർ പറയൂ
ആരാണീ വാതിൽ മലർക്കെത്തുറന്നത്?
ആരെയും കാണാനുമില്ല.

No comments:

Post a Comment