Wednesday, July 8, 2020

ഭൂമി - പി.രാമൻ



എന്തും
വേഗത്തിൽ
ശക്തിയോടെ
ഉച്ചത്തിൽ
ചെയ്യുന്നവരുടെ സ്വർഗ്ഗം
ഒരു ഹോളിവുഡ് പടം പോലെയാണ്.
ഒരു കാറ് ചീറിപ്പായും പോലെ
ഒരിരുമ്പു ഗെയ്റ്റ് കരകരാ തള്ളിനീക്കുന്നു.

എന്തും
മൃദുവായി
സാവകാശം
നിശ്ശബ്ദം
ചെയ്യുന്നവരുടെ സ്വർഗ്ഗം
ഒരു കിഴക്കൻ യൂറോപ്യൻ 
സിനിമ പോലിരിക്കും.
ഒരു ചെടി നട്ടു മുളപ്പിക്കും പോലെ
അവരൊരു വാതിൽ ചാരുന്നു.

ഇരുകൂട്ടർക്കും
മറ്റേതാണ്
നരകം

ആഞ്ഞു തള്ളിത്തുറന്നതിനാൽ
പൊട്ടിയ കൊളുത്ത്
ശരിയാക്കാൻ പറ്റാതെ
അടയ്ക്കാൻ കഴിയാതെ
അല്പം തുറന്നു കിടന്ന
റെയിൽവേ സ്റ്റേഷൻ കക്കൂസിൽ
ഇടക്കിടെ വിടവിലൂടെ
പുറത്തേക്കു ശങ്കിച്ചു നോക്കി
പത്രം അരിച്ചു വായിച്ചു കൊണ്ടിരിക്കുന്നുണ്ട്
നടുക്കൊരാൾ.

No comments:

Post a Comment