Friday, July 10, 2020

ദേവൻ - ജയമോഹൻ (തമിഴ് ചെറുകഥ)





പടിക്കൽ പരുങ്ങി നിന്നിരുന്ന ഉയരം കുറഞ്ഞു കറുത്ത ചെറിയ മനുഷ്യനെ ഇശക്കിയമ്മയാണ് ആദ്യം കണ്ടത്. ഏതോ ഭിക്ഷക്കാരനാണെന്നാണു വിചാരിച്ചത്.കൂനിപ്പോയ മുതുകു നിവർത്തി കണ്ണുകൾക്കു മേൽ കൈ വെച്ച് കൂർന്നു നോക്കി."ആരാ? എന്തു വേണം?"

"ആശാരിയാണ്.മാണിക്യം ആശാരീന്നു പറയൂ"

ആശാരിയോട് എന്തിനാണു വരാൻ പറഞ്ഞിട്ടുള്ളതെന്ന് ഇശക്കിയമ്മക്കറിയില്ല. അതും ഒരൊറ്റ ആശാരി. അവനെക്കൊണ്ട് ഒരു പലകയെടുക്കാൻ പോലും പറ്റുമെന്നു തോന്നുന്നില്ല."ഏതു വീടാന്ന് പറഞ്ഞോ?" ഇശക്കിയമ്മ ചോദിച്ചു.

"ചെല്ലങ്കുളങ്ങര വീടു തന്നല്ലേ ഇത്? വക്കീൽ സാറിൻ്റെ വീട്?"

"അതെ, ഇതു തന്നെ...." അവനോട് പടിയിൽ കയറി ഇരിക്കാൻ പറയണോ വേണ്ടയോ എന്നവർക്കു സംശയമായി.മൂത്താശാരിക്കു വേണ്ട ലക്ഷണമൊന്നും കാണുന്നില്ല. കുടുമ പോകട്ടെ, പ്രൗഢിപോലുമില്ല. കൈയിൽ പണിപ്പെട്ടി ഇല്ല.പകരം പഴയൊരു ചാക്കുണ്ടു കൈയിൽ.

ഇശക്കിയമ്മ ഒന്നും പറയാതെ അകത്തേക്കു പോയി. അകത്തു തളത്തിൽ ശേഖരൻ ജന്നലിൽ കണ്ണാടി തൂക്കിക്കൊണ്ട് ക്ഷൗരം ചെയ്യുകയായിരുന്നു.അരികത്ത് റേഡിയോ മലയാളത്തിൽ പാടിക്കൊണ്ടിരുന്നു. അകത്ത് അടുക്കളയിൽ ദേവകിയും മീനാക്ഷിയമ്മയും സംസാരിക്കുന്ന ശബ്ദം കേട്ടു.

ഇശക്കിയമ്മ, "ഡേയ് ശേഖരാ, നീ ആശാരിയോടു വരാൻ പറഞ്ഞിട്ടൊണ്ടോ?" എന്നു ചോദിച്ചു.

"ഇല്ലല്ലോ. ആശാരിയോ? അമ്മയോടു ചോദിക്കൂ" എന്ന് അവൻ വായ ഏങ്കോണിച്ച് മുഖം തിരിച്ചു കണ്ണാടിയിൽ കാണിച്ചു കൊണ്ട് പറഞ്ഞു.

"മാണിക്കം എന്നാണു പറഞ്ഞത്. നിന്നെയാ അന്വേഷിച്ചത്."

"എന്നെയോ?" ശേഖരൻ പാതി നുരയുള്ള മുഖത്തോടെ പുറത്തു വന്ന് "ആരാ?" എന്നു ചോദിച്ചു.

"ആശാരിയാ.മാണിക്കം ആശാരി. രാജപ്പൻ മൂത്താശാരി പറഞ്ഞിട്ടാ"

"പടം വരയ്ക്കുന്നയാളാ?"

"അതെ, ചിത്രകാരൻ"

"നീയാ? നീയാ പടം വരയ്ക്കുന്നത്?"

"അതെ" അയാൾ പറഞ്ഞു. "നമുക്കു വശമുള്ള കലയാണ്"

ശേഖരൻ അകത്തു വന്നു."തെക്കേതിലെ ഭഗവതിയെ പുതുതായി വരയണമെന്ന് അമ്മ പറഞ്ഞിരുന്നു. ആളു വന്നിട്ടൊണ്ടെന്ന് പോയിപ്പറയൂ."

"പടം വരയാനോ?" ഇശക്കിയമ്മ ചോദിച്ചു.

"പോയി പറ പരട്ട കെളവി." ശേഖരനു ദേഷ്യം വന്നു. അരികേ വന്ന് ഇശക്കിയമ്മയുടെ മുടി പിടിച്ചു കുലുക്കി "ചേവക്കോഴീടെ തൂവല് ഞാൻ പറിച്ചെടുക്കും'' എന്നു പറഞ്ഞു.

"പരട്ട കെളവി നിൻ്റെ അപ്പൻ...." എന്നു പറഞ്ഞു ഇശക്കിയമ്മ. "നിൻ്റപ്പൻ എൻ്റെ തൂവല് തൊട്ടിട്ടില്ല. പിന്നാ..."

അവർ അകത്തുചെന്ന്  "എടീ മീനാക്ഷിയേ, ആശാരി വന്നിട്ടൊണ്ട്..... പടം വരയിണ ആശാരി." എന്നു വിളിച്ചു പറഞ്ഞു. ശബ്ദം താഴ്ത്തി "കണ്ടാൽ ആശാരിയാന്നു പറയാൻ കഴിയൂല്ല.... ആശാരിമാരിക്ക് ഒരു ഇത് ഉണ്ടല്ലോ?" എന്നു കൂട്ടിച്ചേർത്തു."ഇവനെ കണ്ടാ കോഴിയെ കട്ട് പോണ പോലിണ്ട്."

"അവൻ പടം വരച്ചാ പോരെ?" എന്നു ചോദിച്ചുകൊണ്ട് മീനാക്ഷി പുറത്തു വന്നു.

ദേവകി ഇശക്കിയമ്മയോടു പുഞ്ചിരിച്ച് "അമ്മച്ചിക്കു ചായ വേണമോ" എന്നു ചോദിച്ചു.

"അവൻ എന്തെടീ വരയാൻ പോകിണത്?"

"തെക്കേതിലെ ഭഗവതിയെ"

"തെക്കേതിലെ ഭഗവതി ഇരിപ്പുണ്ടല്ലോ, ഇനി എന്തിന് വരയണം?"

"കണ്ടാൽ തെളിയണ്ടേ?"

"നന്നായിപ്പോയി. ഇരിക്കുന്നവളെ വീണ്ടും വരയണമോ? അപ്പ ഇനി നിൻ്റെ മേലേ നിന്നെത്തന്നെ വരയണമോടീ?"

"അതു വരഞ്ഞേച്ച് പത്തെഴുപതു വർഷമായി. പടം ചായം പോയി മങ്ങി.കണ്ണു രണ്ടും തെളിഞ്ഞിരിക്കും വരെ പോവട്ടേന്നു വിട്ടതാ. ഇപ്പം കണ്ണു തെളിയാതെ പൂജക്കു വരില്ലെന്നു പോറ്റി പറഞ്ഞു."

"ഇവനാ ഭഗവതിയെ വരയിണത്?"

"അതെ"

"ഇവൻ ഭഗവതിയെ കണ്ടിട്ടൊണ്ടോ?"

ദേവകി പുഞ്ചരിച്ച് ഭസ്മപ്പാത്രവുമായി പിൻവശത്തേക്കു പോയി. ഇശക്കിയമ്മ
കൂനിയ ശരീരം ആട്ടിയാട്ടി നടന്നു മുറ്റത്തേക്കു വന്നു. മുലകൾ ആടാതിരിക്കാൻ മേൽമുണ്ട് ഇറുകെ ചുറ്റി വരിഞ്ഞു.

ആശാരി തിണ്ണയിൽ കസേരയിലിരുന്നു. അയാളുടെ മുന്നിൽ ശേഖരൻ നിന്നു സംസാരിക്കുന്നു.

"എത്ര നാൾ എടുക്കും?"

"അതു ചിത്രത്തിനനുസരിച്ചാ"

"പടം കൊറച്ചു വലുതാണ്"

"ചെറുതോ വലുതോ അല്ല പ്രശ്നം .... ദേവി എഴുന്നേറ്റു വരണമല്ലോ. കയ്യില് അരുളു വന്നാ ഒറ്റ നാളു കൊണ്ടു വരച്ചു പോകാം.ഇല്ലെന്നാ ഒരു മാസമെങ്കിലുമാവും. ചില സമയം പടം മുഴുമിക്കാതെ കെടക്കാറുണ്ട്. വരയാൻ തൊടങ്ങാതെ പോയ പടങ്ങളും ഉണ്ട്.അതു നമ്മടെ കയ്യിലല്ല."

"എന്നാ വരച്ചു തീർന്നാലേ പണം തരാൻ കഴിയൂ" ശേഖരൻ പറഞ്ഞു.

"എനിക്കു നീ ഒന്നും തരേണ്ടാന്നേ. തന്നാല് എനിക്കു നെറയണം'' ചൊടിച്ചു കൊണ്ട് മാണിക്കം പറഞ്ഞു.

അവൻ്റെ വീറു കണ്ടിട്ട് ഇശക്കിയമ്മക്ക് ആശ്ചര്യമായി.

ശേഖരൻ ഒന്നയഞ്ഞ്,  "അങ്ങനെയല്ല, പറയുമ്പോ എല്ലാം പറയണമല്ലോ" എന്നു പറഞ്ഞു.

"ഞാനിതൊന്നും പറയാറുള്ളതല്ല. പിന്നെ, രാജപ്പനാശാരി പറഞ്ഞതു കൊണ്ടാ വന്നത്." മാണിക്കം പറഞ്ഞു.

"എല്ലാം തെളിച്ചു പറയൂ..... നോക്കി വരയ്ക്കൂ"

ദേവകി വന്ന്  "ചായ കുടിക്കൂല്ലേ?" എന്നു ചോദിച്ചു.

"ഉവ്വ്. പാലു വേണ്ട. പഞ്ചാരയും വേണ്ട."

"അതിൻ്റെ പേരു ചായാന്നാ?" ദേവകി ചിരിച്ചു പോയി.

പെട്ടെന്ന് അയാളും ചിരിച്ചു. ചിരിച്ചപ്പോൾ സുന്ദരനായ ചെറുപ്പക്കാരനായി. "അതെ, അമ്മിണി, അതാണ് ചായ.പഞ്ചാരയിട്ടാ പിന്നത് പഞ്ചായ. പാലൊഴിച്ചാ പാലായ."

"ആശാരി ആളു നല്ല നാക്കാ...... ഇപ്പ വരാമേ" ദേവകി ചിരിച്ചു കൊണ്ട് അകത്തേക്കു പോയി.

"ആശാരി ഇവിടെ വടക്കേപ്പുറത്തെ അറയിൽ താമസിച്ചു കൊള്ളൂ.... കക്കൂസും മറ്റും പിന്നിലെ തൊടിയിലുണ്ട്. കുളിക്കാൻ ആ വശത്ത് ആറുണ്ട്.... എപ്പൊഴും വെള്ളമുള്ള ആറാ.." മീനാക്ഷി പറഞ്ഞു.

"വള്ളിയാറിനെപ്പറ്റി പറേണ്ടതൊണ്ടോ?" മാണിക്കം പറഞ്ഞു.

ഇശക്കിയമ്മ അയാളെ നോക്കിക്കൊണ്ടിരുന്നു. അയാൾ അവരെ നോക്കി പുഞ്ചിരിച്ചു. അവർ തിരിച്ചു പുഞ്ചിരിക്കാതെ കൂർന്നു നോക്കി.

"ഇതെൻ്റെ ചിറ്റയാ.... ഇവിടെത്തന്നെയാ" മീനാക്ഷി പറഞ്ഞു.

"ചിറ്റയാ?"

"അതെ, എൻ്റെ അമ്മേടെ അമ്മേടെ സ്വന്തത്തിൽ ഒരു മകളായിട്ടു വരും.... എൻ്റെയമ്മേടെ സഹോദരി. അടുത്ത സ്വന്തക്കാര്.അമ്പതു വർഷമായി ഇവടെ നമ്മുടെ കൂടെത്തന്നെയാ നിക്കിണത്." മീനാക്ഷി വിശദീകരിച്ചു.

"ഇവളുടെ അമ്മേടെ കല്യാണത്തിനാ ഞാൻ ആദ്യം ഇങ്ങു വന്നത്." ഇശക്കിയമ്മ പറഞ്ഞു. "നീ പടം വരയിണവനാ, ല്ലേ?"

"അതെ"

"നീ ഭഗവതിയെ കണ്ടിട്ടൊണ്ടോ?"

"ഇല്ല"

"പിന്നെങ്ങനെ വരയും?"

"ഭഗവതി നമ്മളെ കണ്ടിട്ടൊണ്ടല്ലോ?"

മീനാക്ഷി ചിരിക്കേ ഇശക്കിയമ്മ അവളെ ദേഷ്യത്തോടെ നോക്കി. പിന്നെ "ചോദിക്കിണതിനു മറുപടി തരൂല്ല" എന്നു പിറുപിറുത്തു.

ചായ കുടിച്ച ശേഷം ആശാരി തൻ്റെ സഞ്ചിയുമായി എഴുന്നേറ്റ് തനിക്കു തന്ന ചെറിയ മുറിയിലേക്കു പോയി.

"ആളു കൊറച്ച് വർത്താനം കൂടുതലാന്നാ തോന്നണത്. പത്തു ദിവസത്തെ ജോലി അമ്പതു ദിവസമാക്കി ഇരുന്നു തിന്നിട്ട് പൈസയും കൂട്ടിച്ചോദിക്കും." ശേഖരൻ പറഞ്ഞു.

"അങ്ങനെ ചോദിക്കിണ ആളല്ല." ദേവകി പറഞ്ഞു.

"അതിനു നീ അവനെ കൊറേ കണ്ടിട്ടൊണ്ടോ?"

"ഒരു നോക്കു കണ്ടാ മതി. ആളാരെന്നറിയും''

''ങ്ഹാ, നീ കണ്ടോ" ശേഖരൻ അകത്തേക്കു പോയി.

ഇശക്കിയമ്മ സമാധാനമില്ലാതെ ദേവകിയുടെ പിന്നാലെ ചെന്നു."എടീ ദേവകിയേ, അവൻ എങ്ങനാടീ ഭഗവതിയെ വരയുക?"

"ചായം വെച്ചു വരയും"

"അവന് ഭഗവതിയെ കണ്ടു പരിചയം ഉണ്ടോടീ?"

"നമ്മളെങ്ങനെയാ കോലമിടുന്നത്, അതേ മാതിരി വരയും''

"എന്നാല് അതു ഭഗവതിയല്ലേ?"

"ഭഗവതി അവൻ്റെ കൈയീന്നാ എണീറ്റു വരിക" മീനാക്ഷി പറഞ്ഞു.

"അവൻ്റെ കൈയീന്നോ?"

"കെളവിക്കു ചുമ്മാ കെടന്നൂടെ? നൂറു കൂട്ടം ജോലിയുണ്ട്." മീനാക്ഷി പറഞ്ഞു.

"ഒരു ചായ വെള്ളം ഇട്ട് അതിൻ്റെ കൈയ്യീ കൊടെടീ ദേവകീ...... കെടന്നു കാറുണു"

ഇശക്കിയമ്മ കോപിച്ചു പിൻവശത്തു ചെന്ന് അമ്മിക്കരികെ ചെന്നിരിപ്പായി.എന്നാൽ അവിടെ ഇരിക്കാനാവുന്നില്ല. കുറച്ചു നേരം കഴിഞ്ഞ് വീടു ചുറ്റി വന്ന് തെക്കേപ്പുരയിലെത്തി.അതിൻ്റെ അല്പം തുറന്ന വാതിൽ വിടവിലൂടെ അകത്തു ലൈറ്റിട്ടിരിക്കുന്നതു ചുവന്ന തൂണുപോലെ കണ്ടു.

അത് സമചതുരത്തിലുള്ള മുറി.അതിൻ്റെ അങ്ങേയറ്റത്തെ ചുമരിൽ ഭഗവതിയുടെ ചിത്രമുണ്ട്.ഇശക്കിയമ്മ അത് ആദ്യമായി കണ്ടപ്പോൾ ചെറിയ പെൺകുട്ടിയായിരുന്നു. ആ വീട്ടിലേക്കു കല്യാണത്തിനു വന്നതാണ്. മീനാക്ഷിയുടെ അമ്മയുടെ ചെറിയ അനിയത്തിയുടെ കല്യാണം. കല്യാണപ്പെണ്ണ് ഭഗവതിയെ തൊഴാൻ അവിടെ ചെന്നപ്പോൾ അവളും കൂടെ വന്നതാണ്.

അവൾ അപ്പോൾ ഉത്സാഹത്തോടെ തുള്ളിച്ചാടിക്കൊണ്ടിരുന്നു.പട്ടു തുന്നലുകളുള്ള പാവാട അവൾക്കു കിട്ടിയിരുന്നു. അതിനു മുന്നേ അവൾ പാവാട അണിഞ്ഞിട്ടേയില്ല. അവൾ ഇടക്കിടെ വീശിക്കറങ്ങി തന്നെ കുട പോലെ വിരിച്ചു കൊണ്ടിരുന്നു. "കുട്ടി പൂവായി വിരിഞ്ഞു പോട്ടെ" എന്ന് വലിയ മാമൻ അച്ചുതൻ പിള്ള പറഞ്ഞു. അവൾ നാണിച്ച് അമ്മയുടെ സാരിയിൽ പിടിച്ചൊളിച്ചു.

"നല്ല സുന്ദരിക്കുട്ടിയാ'' അച്ചുതൻ പിള്ള പറഞ്ഞു.

അവൾ അമ്മയുടെ സാരിക്കുള്ളിൽ നിന്നു പാളി നോക്കി "ചീട്ടിത്തുണികൊണ്ടാ പാവാട" എന്നു പറഞ്ഞു.

കല്യാണപ്പെണ്ണിനൊപ്പം മാമിയും ചന്തിരി അക്കയും ഉണ്ടായിരുന്നു. അപ്പോൾ ആ മുറിയിൽ കേശവൻ പോറ്റിയുമുണ്ടായിരുന്നു. അദ്ദേഹമാണ് പൂജ ചെയ്യുന്നത്. തറയിൽ വിരിച്ച പായിൽ പരത്തിയിരുന്ന പൂജാ സാധനങ്ങൾ അദ്ദേഹം അടുക്കി വെച്ചു കൊണ്ടിരുന്നു.അവർ അകത്തു വന്നതും അദ്ദേഹം നിവർന്നു നോക്കി.

ഒരിക്കൽ കൂടി നോക്കിയപ്പോഴാണ് അവൾ ചിത്രം കണ്ടത്.''അയ്യോ'' എന്നലറിക്കൊണ്ടു പുറത്തേക്കോടി.

"എന്തെടീ, എന്തു പറ്റി?" മാമൻ അവളുടെ കൈ പിടിച്ചു.

"അകത്ത് ഒരാള്..... ഒരാള് ചൊവരിൽ"

"ആളോ? എടീ വെളങ്ങാവായീ, അതു ഭഗവതിയാടീ!"

അതിൽ പിന്നെ അവൾ ഉള്ളിലേക്കെത്തി നോക്കിയതേയില്ല.അവർ തൊഴുതു വന്നതും ഉടനെ അവർക്കൊപ്പം ചേർന്നു. എന്നാൽ അവളുടെ ദേഹം വിറച്ചുകൊണ്ടിരുന്നു. കണ്ണുകളടച്ചാൽ ആ മുഖവും തറച്ച നോട്ടവും ചുവന്ന ചുണ്ടുകളും അരികിലെന്ന പോലെ കാണും. അവളാകെ രോമാഞ്ചം കൊണ്ടു.

പിന്നീട് പല വർഷങ്ങൾക്കു ശേഷം അവൾ തൻ്റെ ഭർത്താവിനോടൊപ്പം അവിടെ വന്നു. "ഭഗവതീടെ ആശീർവാദം വാങ്ങീട്ടു പോടീ" ന്ന് ചിറ്റ പറഞ്ഞിരുന്നു.

അവളുടെ ഭർത്താവ് നന്നേ മെലിഞ്ഞയാൾ.ചുമച്ചു കൊണ്ടേയിരുന്നു.കവിൾ ഒട്ടിയിരുന്നു. കണ്ണുകൾ രണ്ടു കുഴികളിൽ താണുപോയതുപോലെ കാണപ്പെട്ടു. അയാൾ "ശരി മാമി" എന്നു പറഞ്ഞു.

അന്ന് അകത്തുചെന്നു കുമ്പിട്ടപ്പോഴും അതേ രോമാഞ്ചം ഇശക്കിയമ്മക്കുണ്ടായി. ചുവരിൽ അവൾ അന്നു കണ്ട അതേ രൂപത്തിൽ ഭഗവതി ഒട്ടിനിന്നിരുന്നു. അതേ നോട്ടം, ചിരി.

"എന്താ പേടിക്കുന്നത്?" അയാൾ ചോദിച്ചു.

അവൾ തലയാട്ടി. ധൃതിയിൽ പുറത്തുവന്നു.

ആ വീട്ടിലേക്കു തന്നെ വന്നെത്തിച്ചേർന്നത് പിന്നീടാണ്. അവൾ ഭഗവതിയറക്കടുത്തേക്കേ വരാറില്ല.പല തവണ അവിടെ പൂജ നടന്നിട്ടുണ്ട്. പോറ്റി വരും. വാഴക്കുലകളും ചക്കയും മാമ്പഴവും നിവേദിക്കും. ശർക്കരപ്പൊങ്കലും മഞ്ഞൾപ്പൊങ്കലും തിരളിയും ഉണ്ടാവും. താമരമാല ഭഗവതിക്കു വിശേഷം.എന്നാൽ അറയ്ക്കുള്ളിൽ കർപ്പൂരം കത്തിക്കാറില്ല.മണിയൊച്ച കേൾക്കുമ്പോൾ ദീപാരാധനയാണ് എന്നറിഞ്ഞ് അവൾ തൊട്ടടുത്ത മുറിയിൽ നിന്നു തൊഴും.

ദേവകിയാണ് ഇപ്പോൾ നിത്യവും ഭഗവതിക്കു വിളക്കു കൊളുത്താറ്. ഒരു തവണ അവൾ ഇശക്കിയമ്മയെ വിളിച്ചു. അവൾ "അയ്യോ" എന്നു ഞെട്ടിപ്പിൻമാറി.

ഇശക്കിയമ്മ സാവകാശം നടന്നു വന്ന് വാതുക്കൽ നിന്ന് അകത്തേക്കു നോക്കി. അകത്ത് ആശാരി ഷർട്ട് അഴിച്ചിട്ട് നീലനിറമുള്ള മുണ്ടുടുത്തു നിന്ന് ഭഗവതിയെ നോക്കുകയായിരുന്നു. ഭഗവതി എവിടെ? അവൾ ഒന്നാഞ്ഞ് ചുവരിലേക്കു നോക്കി. അവിടെ ഭഗവതി ഇല്ല.

അവൾ അത്ഭുതത്തോടെ നന്നായി നോക്കി. ചുവരിൽ വെറും നിറങ്ങൾ മാത്രമേയുള്ളൂ. മണ്ണിൽ വീണടിഞ്ഞു മങ്ങിപ്പോയ പഴന്തുണി പോലെ. ഭഗവതി മാഞ്ഞു പോയിരുന്നു.

മാണിക്കം തിരിഞ്ഞു നോക്കി മുഖം തെളിഞ്ഞ് "ഏയ് കെളവി.... എന്താ നോക്കുന്നേ? വാ" എന്നു പറഞ്ഞു.

ഇശക്കിയമ്മ കടുപ്പിച്ചു ചോദിച്ചു, "എവിടെ ഭഗവതി?"

അയാൾ ചുവരു നോക്കിയിട്ട്, "ഭഗവതിയോ? അവള് ഈ ചുവരു വഴി അപ്പുറത്തോട്ടു പോയല്ലോ" എന്നു പറഞ്ഞു.

"അപ്പുറത്തോട്ടോ?"

"അപ്പുറത്ത് തോട്ടം. അതിനപ്പുറത്ത് ആറ്. അതിനും അപ്പുറത്ത് കാട്" മാണിക്കം പറഞ്ഞു. അവള് തോട്ടത്തിലോ ആറ്റിലോ കാട്ടിലോ ഉണ്ട്..... ഞാനവളെ ഇങ്ങു കൊണ്ടുവരും.''

"എങ്ങനെ?"

"ഇപ്പ നമ്മള് കിണറു കുഴിക്കൂല്ലേ, മണ്ണിനടീന്ന് വെള്ളം ഊറി വരൂല്ലേ?"

"ഉവ്വ് ''

"അതുമാതിരി തന്നെ"

"ഓ"

"നീ നോക്കിക്കൊണ്ടേ ഇരിയെടീ..... എങ്ങനാ വരുന്നതെന്നു കാണൂ''

''ഭഗവതിയെ എനിക്കു പേടിയാ"

"എന്തു ഭയം? ഞാനില്ലേ?"

അവൾ അയാളോടു കുറച്ചു നേരം സംസാരിച്ചുകൊണ്ടു നിന്നു. അയാളുടെ നാട്, വീട്, കുടുംബം എല്ലാം ചോദിച്ചറിഞ്ഞു. കാഞ്ചാൻവിളയിലാണ്. ഭാര്യ മരിച്ചു പോയി.ഭാര്യയുടെ അമ്മക്കൊപ്പമാണ് മകൾ.

"ൻ്റെ മോളും മരിച്ചു പോയതാ" ഇശക്കിയമ്മ പറഞ്ഞു.

"അതെയോ എപ്പം?"

"അപ്പഴാ എലേശൻ വന്നത്. തൊടക്കത്തെ എലേശൻ."തൊപ്പിയിട്ട വെളുത്ത സായിവ് നേശമണി നാടാരു കൂടി വന്നു."

"നേരോ?"

"അതെ, അയാളു തന്നെ."

"അപ്പ സംഭവം നടന്നിട്ട് ഒരമ്പതു വർഷമായിട്ടൊണ്ട്." അയാൾ പറഞ്ഞു.

"അതെ, ഒണ്ടാവും. എൻ്റാള് അതിനും മുന്നത്തെ വർഷം മരിച്ചു പോയി. സൂക്കേടായിരുന്നു. എൻ്റച്ഛൻ കോളറയിലാ പോയത്, അടുത്ത വരിഷം അമ്മ മരിച്ചു. എന്നെ കെട്ടിച്ചു കൊടുക്കാൻ ആരുമില്ല. സ്രീതനം കൊടുക്കാൻ പൈസയില്ലാത്തതിനാല് സൂക്കേടുകാരന് കെട്ടിവെച്ചു. മൂന്നു വരിഷത്തിനുള്ളില് അവര് മരിച്ചു. ൻ്റെ മോളക്ക് അപ്പം രണ്ടു വയസ്സ്..... തങ്കച്ചെപ്പുമാതിരി ഇരിക്കും കുട്ടി. നീലാംബാൾ ന്നു പേരും വെച്ചു...."

"എന്താ ദീനം?"

"നടപ്പു പനി.... ഒരു ദിവസം പനിച്ചു. പിറ്റേന്ന് അങ്ങു പോയി... എല്ലാം ൻ്റെ വിതി." ഇശക്കിയമ്മ പറഞ്ഞു. "ഞാൻ ൻ്റെ മോള് നീലാംബാളെ മനസ്സു നെറച്ച് നോക്കിട്ടില്ല. നല്ലോണം പിടിച്ചൊരുമ്മ കൊടുത്തിട്ടില്ല. ഏറെ കൊഞ്ചിച്ചാ മരിച്ചു പോകുമോന്നു പേടി.കൊഞ്ചിക്കാതെ തന്നെ പോയി."

"പിന്നെയാണോ ഇങ്ങു വന്നത്?"

"അതെ. കുട്ടി പോയപ്പൊ കിറുക്കി മാതിരി ആയി. നമ്മടെ ചിറ്റ ഇവിടേണ്ട്. എൻ്റെ കൂടെ വാടീന്ന് ഇങ്ങു വിളിച്ചോണ്ടുവന്നു.... അമ്പതു വരുഷമായി. ഇന്നാ കെടക്കിണു ചാവുന്നുമില്ല"

മാണിക്കം വരയ്ക്കാൻ വേണ്ട സാധനങ്ങൾ വാങ്ങി അവിടെ വെച്ചിരുന്നു. കുറെയേറെ അളുക്കുകൾ. ശീമയെണ്ണ പോലെ നാറ്റമടിക്കുന്ന ഒരു തരം എണ്ണ.ഒരു ചട്ടിയിൽ ചുണ്ണാമ്പു പൊടിയിട്ടു.അതിൽ നെയ്പോലെ എന്തോ ഇട്ട് നന്നായി കുഴച്ചു.അതു വെണ്ണ പോലായി.

അതു നുള്ളിനുളളിയെടുത്ത് അവൻ ആ ചുവരിൽ പൂശി. ഇശക്കിയമ്മ അവിടെ ചുവരിൽ ചാഞ്ഞ് കാൽ നീട്ടിയിരുന്ന് അയാൾ ചുവരിൽ വെള്ളപ്പശ പൂശുന്നത് നോക്കിക്കൊണ്ടിരുന്നു. അയാൾ അതു പൂശിക്കൊണ്ടേയിരുന്നു. എത്ര പൂശിയിട്ടും തൃപ്തി വരാത്തവനായി കാണപ്പെട്ടു.

ഇടക്ക് അയാളൊരു ബീഡി കൊളുത്തി.

"അയ്യോ ബീഡിയോ, ഇതു ഭഗവതീടെ അറയാ"

"ഭഗവതിക്ക് എൻ്റെ ബീഡി ഇഷ്ടമാ." അയാൾ പറഞ്ഞു. "അവളുതന്നെയാ പറഞ്ഞത്."

"ഒള്ളതാ?" ഇശക്കിയമ്മ ചോദിച്ചു.

ആ ചുവർ ഉലർന്ന് മുട്ടത്തോടു പോലെയായി.മൂന്നാം ദിവസം ഇശക്കിയമ്മ ആ അറയ്ക്കുള്ളിൽ വന്നപ്പോൾ അറ നല്ല വെളിച്ചമായിരിക്കുന്നു. ചുവരിൽ നിന്നു നിലാവെളിച്ചം വരുംപോലെ!

"ചുവരിൽ വെളിച്ചം ഉണ്ടോ?"കൂർന്നു നോക്കി ഇശക്കിയമ്മ ചോദിച്ചു.

"വെള്ളയെന്നാൽ വെളിച്ചം" അയാൾ പറഞ്ഞു. "നമ്മള് ബ്രഷു വെച്ച് എവിടെ വേണമെങ്കിലും വെളിച്ചം കൊണ്ടുവരും, കണ്ടില്ലേ?"

"ഒള്ളതാ?" അവർ ആശ്ചര്യപ്പെട്ടു.

"പിന്നെ? പാതിരാത്രി വാ, ഇരുട്ടിനു മേലേ ബ്രഷ് വച്ച് പെയിൻറടിച്ചു കാണിക്കാം. വെയിലായിട്ടു മാറും"

"ഒള്ളതാണോ മക്കാ?"

"പിന്നെ, മുമ്പൊരു തവണ ഒരു ആനയെ അങ്ങന്നെ വെളുപ്പിച്ചു വെളിച്ചമാക്കി മാറ്റിയതാ ഞാൻ "

"പിന്നെ?"

"അതപ്പടി മേഘമായി മാറി മാനത്തേക്കു കേറിപ്പോയി."

"അതെങ്ങനെ?"

"എന്തായിത് പൊട്ടത്തരം ചോദിക്കുന്നത്? മേഘം എങ്ങനെ തറയിൽ നിൽക്കും?"

"ശരിയാ" ഇശക്കിയമ്മ സമ്മതിച്ചു.

അവർ അയാൾക്ക് അടുക്കളയിൽ നിന്ന് പലഹാരങ്ങൾ കൊണ്ടുവന്നു കൊടുത്തു. അയാൾ അതു വാങ്ങിത്തിന്നു. ദേവകി, "എളയമ്മോ, ആശാരിയോടു മര്യാദകെട്ട് ഒന്നും പറയാൻ പാടൂല്ല, അരുൾ ഉള്ളവനാ" എന്നു പറഞ്ഞു.

"ഞാനെന്തോന്നു പറയാനാ? ഇന്നാ കെടക്കിണു, ചാകുന്നുമില്ല" ഇശക്കിയമ്മ പറഞ്ഞു.

നാലഞ്ചു നാളായിട്ടും അവൻ പണി തുടങ്ങിയിട്ടില്ല. അധികനേരവും തെക്കുപുരയ്ക്കപ്പുറമുള്ള ചെറിയ തിണ്ണയിൽ കുന്തിച്ചിരുന്നു ബീഡി വലിക്കുന്നുണ്ടാകും. ഒരു ദിവസത്തേക്കു നാലഞ്ചു കൂടു ബീഡി. അവൻ ഇരിക്കുന്നേടത്തിനു ചുറ്റും ബീഡിത്തുണ്ടുകൾ കുമിഞ്ഞു കിടന്നു.

അത് അടിച്ചുകൂട്ടുമ്പോൾ ദേവകി "എന്തിനാ ഇതു വലിച്ചു കേറ്റുന്നത്? ബീഡി വലിച്ചു വലിച്ച് നെഞ്ഞടഞ്ഞു പോവും" എന്നു പറഞ്ഞു.

അപ്പുറം ഇരുന്ന മാണിക്കം "ബീഡിയിലാ നമ്മുടെ ജീവൻ'' എന്നു പറഞ്ഞു.

" ബീഡി തീയാണെടേ"

"നമുക്ക് ഉള്ളിലും നല്ല തീയുണ്ട്, അമ്മിണിയേ"

"അതു നിന്നെ എരിക്കുമെടേ" ദേവകി വിട്ടില്ല.

"നമുക്ക് ചിത വേറെ വേണ്ട. ദേഹം തന്നെ ചിതയാ. ആത്മാവേ തീയ്. അതിലെരിഞ്ഞെരിഞ്ഞു ചാകണമെന്നാ വിധി."

"വർത്താനം മാത്രേ ഉള്ളൂ.... വന്നിട്ട് ഒരാഴ്ച്ചയായില്ലേ? ചായം തൊട്ട് ഒരു പുള്ളി വെച്ചിട്ടില്ല''

"അതു വരണ്ടേ? വരില്ലെന്നാ വര വളയ്ക്കാൻ കഴിയൂല്ല. വന്നാ നിറുത്താനും പറ്റൂല്ല."

"വന്നയൊടൻ ചുവരു വെള്ളയടിക്കിണതു കണ്ടപ്പോ ജോലി അടുത്ത ദിവസം തൊടങ്ങുമെന്നു തോന്നി."

"തൊടങ്ങാൻ തന്നെയാ വെള്ളയടിച്ചത്..... ചുവരു കണ്ടാൽ അയ്യോ വരയണമെന്നു തോന്നി."

"എങ്ങനെയാ നിനക്കു വര വരിക? ആദ്യം എന്തു വരയും?"

"അങ്ങനെയൊന്നും ഇല്ല. ആദ്യം ഇറ്റു ചായം നേരെ കണ്ണില് വെച്ചു വരയാറു കൂടിയുണ്ട്."

"ഭഗവതിയുടെ കണ്ണ് ആദ്യം വരുമോ?"

"ഇല്ല അമ്മിണി..... കണ്ണ് ആദ്യം വരയിണത് വെറും ചായമാ. എല്ലാം ചേർന്നു ഭഗവതിയാകിണത് ഏതോ ഒരിടത്തിൽ. അത് പറയാനാവൂല്ല. അതായിട്ടു നടക്കണം."

" നടക്കും നടക്കും, നീ കുളിച്ചു കൊറച്ചു വൃത്തിയായി ശുദ്ധമായി ഇരുന്നാ ഭഗവതി വരും..... ബീഡിയും പിടിച്ചിരുന്നാ മൂധേവിയാ വന്നു കയറുക"

"അതെന്തായാലും അങ്ങനെ തന്നെയാ.... വരഞ്ഞു തീർന്നാപ്പിന്നെ ഭഗവതി ഇവിടെ ഇരിക്കും. നമ്മടെ കൂടെ വരിണത് മൂധേവി തന്നെയാ. അവളാ എപ്പഴുമുള്ള തുണ.അവളെ വിടാനാവൂല്ല."

"എന്തെങ്കിലും ചെയ്യ്" എന്നു പറഞ്ഞു ദേവകി പോയി.

അയാൾ അധികനേരവും എവിടെങ്കിലും വെറുതെ നോക്കിയിരിക്കുന്നുണ്ടാവും. ഭക്ഷണം തീരെക്കുറവ്.ചോറ് കൈകൊണ്ടു ചിക്കിയിട്ടു പോകും. അത്ര തന്നെ.

"നീ എപ്പ വരയും?" ഇശക്കിയമ്മ അയാളോടു രഹസ്യമായി ചോദിച്ചു.

"നാളേക്ക്" അയാൾ രഹസ്യമായി മറുപടി കൊടുത്തു.

നാലഞ്ചു ദിവസം ഇശക്കിയമ്മ അതേ കാര്യം അയാളോടു ചോദിച്ചു, അയാൾ എപ്പോഴും നാളേക്ക് എന്നു തന്നെ മറുപടിയും പറഞ്ഞു. ഓരോ ദിവസവും അയാൾ ചായങ്ങൾ ചാലിച്ചു.ചെറിയ കുങ്കുമച്ചെപ്പുകളിൽ നിന്ന് ചുവപ്പ് നീല പച്ച മഞ്ഞ എന്നിങ്ങനെ എടുത്തു. അവ തമ്മിൽ ചേർത്തു ചാലിച്ചു.

"ഇതെന്താ കുങ്കുമമാ?"

"കുങ്കുമവും ആക്കാം''

ഇതെന്താ? ചീരച്ചട്ടിണി മാതിരിയുണ്ടല്ലോ?"

"വായിൽ വയ്ക്കാതെ. ഇത് പച്ചനെറമാ."

"വെഷമാ?" അവർ രഹസ്യമായി ചോദിച്ചു.

"അതെ'' അയാൾ രഹസ്യമായി പറഞ്ഞു.

"എന്തിനാ ഇട്ടു കലക്കുന്നത്? അവിയലിന് കൂട്ടു കലക്കിണ മാതിരി."

"നമ്മളുണ്ടാക്കിണത് ഒരു അവിയലുതന്നെ''

പെട്ടെന്നൊരു ദിവസം അയാൾ വരയാൻ ആരംഭിച്ചു. അപ്പോൾ ഇശക്കിയമ്മ ആ അറയിലുണ്ടായിരുന്നു. ഇശക്കിയമ്മയും അയാളും കൂടി വെറ്റില മുറുക്കുകയായിരുന്നു. അയാൾ വെറ്റില തുപ്പിയിട്ട് എഴുന്നേറ്റു ചെന്ന് ബ്രഷ് എടുത്തു നീലച്ചായത്തിൽ മുക്കി ചുവരിൽ കുടഞ്ഞു.

"ഏയ് ഏയ്, ചുവരു കേടാക്കി കളിക്കുന്നോ?"ഇശക്കിയമ്മ ചോദിച്ചു.

അയാൾ അത് വലിച്ചു വളച്ച് എന്തോ ചെയ്യാൻ തുടങ്ങി.അവർ അയാളെ നോക്കിക്കൊണ്ടിരുന്നു.എന്താണു ചെയ്യുന്നതെന്നറിയുന്നില്ല.

"എന്താ ചെയ്യുന്ന് ആശാരി?"

"ചുമ്മാ നോക്കിയിരി..... ചെലമ്പാതെ"

ഇശക്കിയമ്മ ക്ഷീണത്തോടെ മുറിയിൽ നിന്നു പോയി കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വന്നു. അയാൾ കതകടച്ചിരുന്നു.

"ഏയ് ആശാരി.... ഏയ് മാണിക്കം" അവർ കതകിനു തട്ടി. അയാൾ തുറക്കുന്നില്ല.

"കെളവി അവിടെ എന്താ ചെയ്യുന്ന്? അയാളിപ്പോ വരയാൻ തൊടങ്ങീതേയുള്ളൂ. അതു നശിപ്പിക്കല്ലേ" ദേവകി പറഞ്ഞു.

വരയുകയാണോ? എങ്ങനെയാ വരയുന്നത്? ഇശക്കിയമ്മക്ക് സ്വസ്ഥമായിരിക്കാൻ പറ്റുന്നില്ല.അവർ അങ്ങുമിങ്ങും നടന്നു.എന്നാൽ ആശാരി കതകു തുറക്കുന്നില്ല. സന്ധ്യക്ക് അയാൾ പുറത്തു വന്നപ്പോഴും കതകു പൂട്ടി ചാവി ഇടുപ്പിൽ തിരുകിയിരുന്നു.

"ഏയ് ഏയ്, എങ്ങനെയാ വരയിണത്?"

"ഭഗവതി നമ്മടെ കയ്യില് വന്നില്ലേ?"

"ചുവരിൽ നിന്ന് എണീറ്റാ വന്നേ?" അവർ രഹസ്യമായി ചോദിച്ചു.

"അതെ" അയാൾ രഹസ്യമായി പറഞ്ഞു.

"നീ കൊറച്ച് തള്ളി നില്ല് മക്കാ... ഉഗ്രതയുള്ള ദേവിയാ"

അയാൾ ഇശക്കിയമ്മക്ക് ചിത്രം കാട്ടുന്നേയില്ല. അവരാരും നോക്കുന്നില്ല. പകൽ മാത്രമല്ല രാത്രിയിലും വിളക്കത്ത് വരച്ചുകൊണ്ടിരുന്നു അയാൾ. ഊണ്, ചായ എല്ലാം കൊണ്ടുവന്ന് പുറത്തു വെച്ചു പോകണം. അയാൾ ആരോടും സംസാരിക്കുന്നില്ല. ബീഡിവലി പോലും നിർത്തി. കണ്ണുകളിൽ ഒരു ശൂന്യഭാവം വന്നു.

പോറ്റി വന്നു നോക്കിയിട്ട്  "അരുള് വന്നല്ലോ. ഇനി ആളെ പിളർന്നു പുറത്തു വരണം" എന്നു പറഞ്ഞു.

പന്ത്രണ്ടു ദിവസമെടുത്തു വരഞ്ഞു തീർക്കാൻ. ഓരോ ദിവസവും ഇശക്കിയമ്മ ചെന്ന് അയാളെ നോക്കിക്കൊണ്ടിരുന്നു. രഹസ്യമായി "ഭഗവതി വന്നോ" എന്നു ചോദിച്ചു.

അയാൾ രഹസ്യമായി "വന്നോണ്ടിരിക്കുന്നു'' എന്നു പറഞ്ഞു.

അവർ പിന്നെയും രഹസ്യമായി "നല്ല വേഗത്തിലാ?" എന്നു ചോദിച്ചു.

അയാൾ അതീവ രഹസ്യമായി പറഞ്ഞു, "തീയല്ലേ"

അവർ നെടുവീർപ്പിട്ടു.

പന്ത്രണ്ടാം ദിവസം രാവിലെ ശേഖരൻ വീട്ടിലുണ്ടായിരുന്നു.ദേവകി പടിയിലിരുന്ന് മുരിങ്ങയില ഊരുകയായിരുന്നു. മീനാക്ഷി അപ്പുറത്ത് പാത്രം തേച്ചു കൊണ്ടിരുന്നു.മാണിക്കം പെട്ടെന്നു കതകു തുറന്നു പുറത്തുവന്നു. ഉറച്ച ശബ്ദത്തിൽ, "വരൂ വന്നു നോക്കൂ...... ഭഗവതി വന്ന് നിൽക്കുന്നു" എന്നു പറഞ്ഞു.

അയാളുടെ ശബ്ദവും ഭാവവും എല്ലാവരിലും ഒരു നടുക്കമുണ്ടാക്കി. ആരും എഴുന്നേൽക്കുന്നില്ല. ദേവകി മെല്ലെ "പോയി നോക്കാം'' എന്നു പറഞ്ഞു.

മാണിക്കം ഉറക്കെ ചിരിച്ചു. "വന്നു നോക്കൂ... അതാ നിൽക്കിണു. ത്രയംബക, ശിവ, ത്രിശൂലി, ശ്രീദേവി, മഹാകാളി, പരാശക്തി"

ശേഖരൻ "ഞാൻ പിന്നെ നോക്കാം" എന്ന് ഒതുങ്ങി.

ദേവകി എഴുന്നേറ്റു."ഞാൻ നോക്കട്ടെ"

"വരൂ വരൂ വരൂ!" അവളെ വിളിച്ച് അയാൾ ചിരിച്ചുകൊണ്ടു പോയി.ശേഖരൻ പരുങ്ങലോടെ എഴുന്നേറ്റ് അവളുടെ പിന്നാലെ നടന്നു.കൈ തുടച്ചു കൊണ്ട് മീനാക്ഷിയും ചെന്നു. ഇശക്കിയമ്മ അവരെ നോക്കിക്കൊണ്ടിരുന്നു. അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

അകത്തു ചെന്ന ദേവകി "എൻ്റെ ഭഗവതിയേ! ദേവീ മഹാമായേ!" എന്നു കൂവി.മീനാക്ഷി "അമ്മേ നാരായണീ" എന്നു വിളിച്ചു.ദേവകി കരയും പോലെ ശബ്ദമുണ്ടാക്കി.ഇശക്കിയമ്മ ആ വാതിൽ നോക്കിക്കൊണ്ടിരുന്നു.

ഏറെ നേരം കഴിഞ്ഞു മീനാക്ഷി സാരിത്തലപ്പു കൊണ്ടു കണ്ണുകൾ തുടച്ച് പുറത്തുവന്നു. പിന്നാലെ ദേവകിയും.അവളും കരയുന്നുണ്ടായിരുന്നു. ശേഖരനും മാണിക്കവും സംസാരിച്ചുകൊണ്ടു വന്നു.

"എന്തൊരു ദൈവിക തേജസ്സ്! .... എഴുന്നേറ്റു കൺമുന്നിൽ വന്നു നിന്ന പോലുണ്ട്" ശേഖരൻ പറഞ്ഞു.

"എഴുന്നേറ്റു വന്നതാ. നമ്മള് വെറും കരു"

"അതെങ്ങനെ, കല നിൻ്റെ കയ്യിലല്ലേ?"

"ചായമിരിക്കുന്നതു ബ്രഷിൽ... അപ്പൊ ഈ പടം വരഞ്ഞതും ബ്രഷ് ന്നു പറയാമോ?"

"അതെങ്ങനെ? അതിരിക്കുന്നത് നിൻ്റെ കയ്യിലല്ലേ?"

"അതേ മാതിരി ഞാനിരിക്കുന്നത് വേറെ ഒരു ശക്തീടെ കയ്യിലാ."

"അപ്പ ആ ശക്തിക്ക് കാശു കൊടുത്താൽ മതി, അല്ലേ?"

"മതി ...... എന്നാല് അതിനു കൈ നിറയുന്നത്ര കൊടുക്കണം. നിന്നെക്കൊണ്ടു കഴിയുമോ?"

"അയ്യോ" എന്നായി ശേഖരൻ.

അവർ സംസാരിച്ചുകൊണ്ടു പുറത്തുവന്നു. മാണിക്കം ഇശക്കിയമ്മയെ നോക്കി.

"ഏയ് കിളവി, കാണണമെന്നു തോന്നണില്ലേ? പോയി നോക്കൂ."

ഇശക്കിയമ്മ വേറെങ്ങോ മുഖം തിരിച്ചു.

"ആദ്യം വിളിക്കാത്തതിൻ്റെ കോപമാ?" മാണിക്കം അവൾക്കരികേ വന്ന് മുടിക്കെട്ടിനു പിടിച്ചു. "എണീക്കെടീ ചേവക്കോഴീ.... " വാ വന്നു നോക്ക്."

അവർ അയാളുടെ കയ്യ് തട്ടി മാറ്റി. എണീറ്റ് കൂന്ന ശരീരം തള്ളി കൈകൾ വീശി അകത്തേക്കു പോയി.

"എന്തു പറ്റി അവൾക്ക്?"

"അത് എപ്പഴും അങ്ങനാ. കെളവീടെ മനസ്സു പോകിണ പോക്ക് കാണാനാവൂല്ല. ഒരഞ്ചു വയസ്സൊള്ള കുട്ടീടെ മനസ്സാ." ശേഖരൻ പറഞ്ഞു. പിന്നെ മുഖം മാറി, "ശരി, ഞാൻ പറയിണു.ഇതിനൊരു വില ഇടാൻ ഞാനാളല്ല.ഞാൻ എന്തു തരണമെന്ന് അറിഞ്ഞു നീ പറയൂ. നിൻ്റെ കാൽക്കൽ വെച്ചു കുമ്പിടാം"

"അറിഞ്ഞ് എന്തു തന്നാലും ശരി ... "

"അങ്ങനെ പറഞ്ഞാ ....."

"ശരി, രാജപ്പനാശാരിയോടു ചോദിക്കട്ടെ"

"അതു നല്ലതാ" ശേഖരൻ പറഞ്ഞു. "ഞാൻ പോയി പോറ്റിയെ വിളിച്ചിട്ടു വരാം" അയാൾ ഇറങ്ങി ഓടി.

മാണിക്കം തിണ്ണയിലിരുന്ന് ഒരു ബീഡി കൊളുത്തുന്നത് ഇശക്കിയമ്മ ഉളളിൽനിന്നു കണ്ടു. അവൾക്കു നിൽക്കാനാവുന്നില്ല. ജനൽക്കമ്പി മുറുക്കിപ്പിടിച്ചു. വെള്ളം കുടിക്കണമെന്നു തോന്നി. എവിടെയെങ്കിലും പോയി ചുരുണ്ടു കിടക്കണമെന്നു തോന്നി. 

ഇശക്കിയമ്മക്കറിയാവുന്ന മാണിക്കം ആശാരിയായി അയാൾ വീണ്ടും മാറിക്കഴിഞ്ഞിരുന്നു.മുതുകു കണ്ടപ്പൊഴേ അതു മനസ്സിലായി. മുമ്പ് അയാളുടെ മുതുക് അയാൾ വേറേതോ ആളാണെന്നു തോന്നിച്ചിരുന്നു. അതെങ്ങനെ ഒരാൾക്കു മറ്റൊരാളായി മാറാൻ കഴിയും? ഒരുവേള അയാൾ വേറെ ആളാണെന്നു വരുമോ?

അവർ വീടിൻ്റെ പിന്നാമ്പുറത്തേക്കു ചെന്നു. "ചിറ്റേ, ചായ കുടിക്കണ്ടേ?" മീനാക്ഷി ചോദിച്ചു.

"ഓ മക്കളേ, ഇമ്പിടു വെള്ളം എടൂ"

"എന്തൊരു വരയാ. കണ്ണിൽ നിക്കിണത് ആ ചിരി. ഹൗ, രോമാഞ്ചം വരിണു" ദേവകി പറഞ്ഞു.

ഒരിറക്കു ചായ കുടിച്ചപ്പോൾ അവർക്കാശ്വാസമായി.വെറ്റിലച്ചുരുളൊന്നു വായിലിട്ടപ്പോൾ ഉടൽ മെല്ലെ അടങ്ങി.ചവയ്ക്കുന്തോറും പഴയ നിലയിലായി. എഴുന്നേറ്റു പിൻവശം ചുറ്റി തെക്കുപുരയിലെത്തി.കതകിനരികിൽ കുറച്ചു നേരം നിന്നു. ഉള്ളിൽ ആരോ ഇരിക്കുന്നുണ്ടെന്നു തോന്നി. മെല്ലെ "ആരാ?" എന്നു ചോദിച്ചു.

അകത്ത് മറുപടി ഇല്ല.

"ഉള്ളിലാരാ?" വീണ്ടും ചോദിച്ചു.

അതിനും മറുപടിയില്ല.എന്നാൽ ഉള്ളിലുള്ള ആൾ ശാന്തമായി തൻ്റെ ശബ്ദത്തിനു കാതോർക്കുന്നത് ഇശക്കിയമ്മ അറിഞ്ഞു.

"ആരാന്നാ ചോദിച്ചത് "

അല്പനേരം കഴിഞ്ഞ് അവൾ കതക് വളരെ പതുക്കെ തുറന്ന് അകത്തു ചെന്നു. ഉള്ളിൽ നേരിയ വെളിച്ചമേയുള്ളൂ. അവൾക്കെതിരേ ഭഗവതി നിന്നിരുന്നു.

"ഭഗവതിയേ'' ഇശക്കിയമ്മ വിളിച്ചു.

ഭഗവതി പുഞ്ചിരിച്ചു.

"ഞാൻ കുഞ്ഞായിരുന്നപ്പ കണ്ടിട്ടൊണ്ട് " ഇശക്കിയമ്മ പറഞ്ഞു.

ഭഗവതിയുടെ കണ്ണുകൾ ഇളകി. മുഖം കനിവുള്ളതായി. "നന്നായി ഇരിക്കുന്നില്ലേടീ?"
എന്നു ചോദിച്ചു.

"ഉവ്വ് ..... ഓർമ്മയുണ്ടോ പഴയ ഇശക്കിയമ്മയെ?"

"പിന്നെ ഓർമ്മയില്ലാതിരിക്കുമോ? ഞാൻ കണ്ടിട്ടുള്ളതല്ലേ" ഭഗവതി പറഞ്ഞു.

ഇശക്കിയമ്മയുടെ മുഖം വിടർന്നു. "അപ്പ ഞാൻ പൂവായിട്ടല്ലേ ഇരുന്നത് ..... നെറഞ്ഞു ചിരിച്ച് " അവൾ പറഞ്ഞു.

"അതെ, അതൊരു കാലമെടീ ഇശക്കിയമ്മേ" ഭഗവതി പറഞ്ഞു.

അവൾക്കു സങ്കടം വന്ന് നെഞ്ഞടയും പോലെ തോന്നി. നെടുവീർപ്പിട്ടു കൊണ്ട് ഭഗവതിയുടെ അരികിലേക്കു ചെന്നു. "എന്തൊരിരിപ്പ്! ഇതാ ഇപ്പം പിറന്നു വന്ന മാതിരി."

"ഇപ്പ വന്നതേയുള്ളൂ." ഭഗവതി പറഞ്ഞു.

"ഞാൻ മാത്രം ഇങ്ങനെ കോലം കെട്ടുപോയല്ലോ" ഇശക്കിയമ്മ പറഞ്ഞു.

"നീ മനുഷ്യ ജന്മമാണ്"

"അതെ" ഇശക്കിയമ്മ വീണ്ടും നെടുവീർപ്പിട്ടു. "ൻ്റെ ജീവിതം മാത്രം എന്തെടീ ഇങ്ങനെയായത് ഭഗവതിയേ?"

"അതു വിധിയാണ്. ഞാൻ എന്തു ചെയ്യാൻ?" ഭഗവതി പറഞ്ഞു.

"അതെ, നീയും പെണ്ണാണല്ലോ ...... നമ്മളു പറഞ്ഞാ ആരു കേൾക്കും?" ഇശക്കിയമ്മ ചോദിച്ചു.

പുറത്തു ശബ്ദം കേട്ടു. പോറ്റി ഉറക്കെ പറയുന്നു. "വരഞ്ഞു തീർന്നെന്നു ശേഖരൻ പറഞ്ഞു. ഭഗവതിയങ്ങനെ എണീറ്റു നിൽക്കുകയാ എന്നു പറഞ്ഞു...... ആശാരിയേ, നീ ഗജകില്ലാടി തന്നെ. അത് അന്നു കണ്ടപ്പൊഴേ എനിക്കു തോന്നി, കേട്ടോ?"

"എന്തു വരഞ്ഞെന്നാ? എല്ലാം വെറും കണക്ക്. ചായങ്ങളുടെ കണക്കാണ് പോറ്റിയേ ..." മാണിക്കം പറഞ്ഞു.

"ഏയ്, വന്നു കാണിക്കൂ" പോറ്റി വിളിച്ചു.

"പോയി നോക്കൂ. പോറ്റിയല്ലേ ഇനി പൂജചെയ്യാൻ പോകിണത് "

"വരഞ്ഞതു നീയല്ലേ? നിൻ്റെ പടമല്ലേ?"

"ആ മയിരിനും എനിക്കും ഇനി ഒരു ബന്ധവുമില്ല"

"ഓ, വന്നു. മൂധേവി വന്നു നാക്കേൽ കേറി.... ഇനി പോയി മൂക്കുമുട്ടെ കുടിച്ച് നാലാളോട് അടിയും വാങ്ങി റോട്ടിൽ വീണു കിടന്നാലേ അടങ്ങൂ."

"നീ പോടോ പന്നക്കഴുത ബ്രാമ്മണാ..."

ശേഖരൻ "ഡോ" എന്ന് എന്തോ പറയാൻ തുടങ്ങിയതും പോറ്റി അയാളെ പിടിച്ചു തള്ളി അകത്തു വന്നു.

"അവൻ്റെ വിധിയാ അത്. എളയവള് എറങ്ങിയാൽ പിന്നെ മൂത്തവളാ അവിടെ. അതു വിടൂ" എന്നു പറഞ്ഞ് അവർ ചിത്രം നോക്കി.

"പൊന്നു ഭഗവതിയേ" എന്നു കൈകൂപ്പി. തലക്കു മേൽ കയ്യുയർത്തി തൊഴുത്  "അമ്മേ, മഹാമായേ, ദേവീ" എന്നു വിളിച്ചു. ശബ്ദം ഞരങ്ങി : "ദേവീ, കാത്തരുളണമേ, അമ്മേ!"

ഇശക്കിയമ്മ പുറത്തു കടന്ന് മാണിക്കം ആശാരിയുടെ നേർക്ക് ആടിയാടിക്കൊണ്ടു നടന്നു വന്നു. മുന്നോട്ടാഞ്ഞു വീഴാൻ പോകും പോലെയുണ്ട്.

"എന്താ കെളവി?" മാണിക്കം മുറ്റത്ത് കാറിത്തുപ്പിയ ശേഷം ബീഡി ആഞ്ഞു വലിച്ച് "പോ പോ" എന്നു പറഞ്ഞു.

"മക്കാ" ഇശക്കിയമ്മ വിളിച്ചു.

"ആരാടീ നിൻ്റെ മക്കാ? പരട്ടക്കെളവി, പോകുന്നോ അടി വാങ്ങിക്കുന്നോ?" മാണിക്കം തട്ടിക്കേറി.

ഇശക്കിയമ്മ യാചിക്കും പോലെ കൈ വിരിച്ച് കണ്ണീരോടെ പറഞ്ഞു. "മക്കാ, ൻ്റെ രാശാ, ൻ്റെ ചെല്ലക്കുട്ടീനെ എനിക്കു വരച്ചു തര്വോ....... ൻ്റെ കുട്ടി നീലാംബാളെ ൻ്റെ കയ്യില് വെച്ചു തര്വോ.... ദയ കാട്ടണേ ൻ്റെ പെരുമാളേ"

ശേഖരൻ ഉള്ളിൽ നിന്നു വന്ന്  ''ഏയ് കെളവി അകത്തു പോ.... ദേവകീ, ഇവളെ അകത്തേക്കു വിളി....." എന്നു പറഞ്ഞു.

ഇശക്കിയമ്മ "ൻ്റെ മക്കാ.... ൻ്റെ നീലാംബാളെ കൊണ്ടെത്തരൂ" എന്നു കൈ നീട്ടിക്കരഞ്ഞു.

"അമ്മച്ചീ, അവര് നിൻ്റെ മകളെ എവിടെയാ കണ്ടിട്ടുള്ളത്? അവര് എങ്ങനെ വരയും? പറഞ്ഞാ മനസ്സിലാവണം.... അകത്തു പോ" പോറ്റി പറഞ്ഞു.

മാണിക്കം എഴുന്നേറ്റ് കിഴിഞ്ഞു പോയ മുണ്ട് കയറ്റിയുടുത്തു.  "ഞാൻ കൊണ്ടുവന്നു നിർത്തും കെളവീ നിൻ്റെ നീലാംബാളെ.... നിൻ്റെ കൈയ്യില് തരും. കാലൻ വന്നാലും ശരി, ആ തായോളി ബ്രഹ്മാവ് വന്നാലും ശരി.... ഞാൻ വര വളച്ചു കൊണ്ടുതരും നിൻ്റെ മകളെ"

"മാണിക്കം, ഹേയ്" പോറ്റി വിളിച്ചു.

"പോവിൻ അങ്ങോട്ട് " മാണിക്കം പറഞ്ഞു. പിന്നെ ഇശക്കിയമ്മയോട്  "ഞാൻ തരാംടീ നിൻ്റെ മകളെ.... എൻ്റെ ചെല്ലമേ.... ൻ്റെ പൊന്നു മകളേ! ൻ്റെ മുത്തേ" എന്നു പറഞ്ഞു.ഇരു കൈകളും വിരിച്ച് ഇശക്കിയമ്മയെ ചേർത്തു പിടിച്ച് നെഞ്ചോടണച്ചു.
























No comments:

Post a Comment