I
നദി മുറിച്ചുകടന്നൂ നഗരം
ഒരു നായ്
നിരത്തെന്ന പോലെ
ഒരു പഴം
വാൾ മുറിപ്പതു പോലെയും.
നദി മനസ്സിലേക്കാവഹിക്കുന്നൊരു
നായ തൻ നാവ്
പാവമടിവയർ.
അല്ലെങ്കിൽ വേറൊരു നദി.
ഒരു നായ്ക്കണ്ണിണയുടേതാം
നനഞ്ഞ നാറത്തുണി.
തൂവലില്ലാത്ത
നായ പോലെ നദി.
ഒന്നുമറിയില്ലതിന്
നീലമഴയെപ്പറ്റി
പിങ്ക് നിറമുള്ള ജലധാരയെപ്പറ്റി
ഒരു ഗ്ലാസിൽ പകർന്നിരിക്കും ജലത്തെപ്പറ്റി
കുടങ്ങളിലെ വെള്ളത്തിനെപ്പറ്റി
വെള്ളത്തിലുള്ള മീനെപ്പറ്റി
വെള്ളത്തിനും മേൽ ഇളം തെന്നലെപ്പറ്റി.
ചെളിയുടെ തുരുമ്പിൻ്റെ
ഞണ്ടുകൾ മാത്രമീ
നദിയറിഞ്ഞൂ
ചീരാപ്പു പോലുള്ള
ചെളിയറിഞ്ഞൂ
നിശ്ചയമറിഞ്ഞിരിക്കാമതു നീരാളികളെയും
ചിപ്പികൾക്കുളളിൽ പനിച്ചു തുള്ളും
പെണ്ണിനേയും.
മീനിലേക്കീ നദി തുറക്കില്ലൊരിക്കലും
കെട്ട വെളിച്ചത്തിലേക്കും.
മീനിൻ്റെയുള്ളിലെ കത്തിമുന പോലെ
പാളും പിടപ്പിലേക്കും നദി തുറക്കില്ല
മീനിൽ തുറക്കില്ലൊരിക്കലുമീ നദി.
പൂക്കളിലേക്കു വിടരുന്നൂ നദി
കരിമ്പൂക്കളിലേക്ക്.
കറുത്തു പാവപ്പെട്ട പൂക്കളിലേക്ക്.
കറുത്ത മനുഷ്യരെപ്പോലുള്ള പൂക്കളിലേക്ക്.
നദി തുറക്കുന്നിതഴുക്കാണ്ടിരക്കുന്ന
മട്ടിൽ നിൽക്കും ചെടിച്ചാർത്തിലേക്ക്,
പിച്ചതെണ്ടേണ്ടവരാം കറുത്തവരെപ്പോലെ
നിൽക്കുന്ന പച്ചപ്പടർപ്പിലേക്ക്.
നദി തുറക്കുന്നൊരു കരിമ്പൻ്റെ മുടിപോൽ ചുരുണ്ട
കട്ടിയിലയാർന്ന കണ്ടൽ മരങ്ങളിലേക്ക്.
നദി വീർത്തു പൊട്ടാതെ നിൽക്കുന്നു
ഗർഭിണിപ്പട്ടിതൻ
മൃദുവാമടിവയർ മാതിരി.
നദി പെറുന്നതു
പട്ടി പെറുവതു പോൽ നീരു വാർന്ന്
മറുപിള്ള കുഴഞ്ഞ്.
കണ്ടില്ലൊരിക്കലുമീ നദി തിളച്ചാർത്തു
പൊന്തുന്നതൊരു റൊട്ടി പോലെ.
നിശ്ശബ്ദതയിൽ നദി വഹിപ്പൂ
ഫലപുഷ്ടമാം പട്ടിണി.
അടിവയറിൽ ചേറാണ്ട കരിമണ്ണു പേറുന്ന
ഗർഭിണിയീ നദി.
നിശബ്ദതയിൽ
നദി സ്വയം പകർന്നു നൽകുന്നു:
കരിമൺ മുനമ്പുകളിൽ
ആഴ്ന്നിറങ്ങുന്ന കൈക്കായ്, കാലടിക്കായ്
കരിമൺ കൈയ്യുറകളിൽ
കരിമണ്ണു ബൂട്ടുകളിൽ
നദി തന്നെത്തന്നെ നൽകുന്നു.
നായ്ക്കളെപ്പോൽ
ചിലവേളയീ നദി
കെട്ടു ചീഞ്ഞനങ്ങാതെ കിടപ്പൂ.
വെള്ളം കൊഴുത്തു ചൂടേറിക്കിതച്ചൊഴുകുന്നു,
സർപ്പത്തിൻ കനത്ത ചൂടുള്ള തിര പോലെ
നീങ്ങുന്നൂ പ്രവാഹം.
ഉണ്ടീ നദിക്കൊരു ഭ്രാന്തൻ്റെ
കെട്ടിക്കിടപ്പിൽ നിന്നും ചിലത്.
ആസ്പത്രികളുടെ കാരാഗൃഹങ്ങളുടെ
ഭ്രാന്താലയങ്ങളുടെ കെട്ടിക്കിടപ്പിൽ നി-
ന്നെന്തോ ചിലത്,
പതുക്കെയൊലിക്കുന്ന
ഭൂതകാലത്തിൻ മലിനജന്മത്തിൻ്റെ
കെട്ടിക്കിടപ്പിൽ നിന്നും ചിലത്.
(മലിനമൊരലക്കുപുര ജന്മം)
ഇത്തിൾക്കണ്ണികൾ, പരാദങ്ങൾ തിന്ന്
ജീർണ്ണിച്ച കൊട്ടാരമാളികകൾ തൻ
സ്തബ്ധ നിലയിൽ നിന്നും ചിലത്.
നഗരഗൃഹങ്ങളുടെ ഊൺ മുറികളിൽ നിന്നു
പഞ്ചാര ചൊരിയുന്ന തടികളുടെ
കെട്ടിക്കിടപ്പിൽ നിന്നും ചിലത്.
പതുക്കനെയൊലി,ച്ചവയെ
പിന്തള്ളിടുന്നു നദി.
ഇവിടെ നഗരത്തിലെ
''സംസ്കാര സമ്പന്നരായ കുടുംബങ്ങൾ"
അവരുടെ കൊഴുത്ത ഗദ്യത്തിൻ്റെ മുട്ടകൾ -
ക്കടയിരിക്കുന്നൂ നദിക്കു പുറം തിരിഞ്ഞ്,
അവരുടെ അടുക്കളശ്ശാന്തതയിൽ കുഴിമടി -
പ്പാത്രങ്ങളിട്ടിളക്കുന്നൂ കടുകടെ.
ഏതോ മരത്തിൻ പഴമായി മാറുവാ -
നാമോ നദീജലത്തിന്ന്?
മൂപ്പെത്തിയ വിളഞ്ഞ ജലമായ്
കാൺമതെന്തേയത്?
ഈച്ചപൂച്ചികളതിൽച്ചെന്നിറങ്ങുവാൻലാക്കിട്ടു
പാറുന്നതെന്തേ -
യതിൻ മോളിലെപ്പൊഴും?
ആനന്ദനൃത്തം ചവിട്ടിയിട്ടുണ്ടോ
നദിയിലെയേതെങ്കിലും ഭാഗമെന്നെങ്കിലും?
ഗാനമായോ ജലധാരയായോ നദി
മാറിയോ എന്നെങ്കിലും എവിടെയെങ്കിലും?
എന്നിട്ടുമെന്താണു ഭൂപടത്തിൽ നദീ-
നേത്രങ്ങൾ നീലയാലങ്കിതമാകുവാൻ?
II
ഭൂനിലയിലൂടെ
നദിയൊഴുകി
ഒരു കൊഴുകൊഴാ വാളുപോൽ
വിനീതമാമൊരു ചീർത്ത പട്ടി പോൽ.
ചെളിയിൽ തഴച്ച
മനുഷ്യർതൻ ഭൂനിലക്കാഴ്ച്ചയിലൂടെ,
ചെളിയിൽ കനത്തുറച്ചുള്ള
ദ്വീപങ്ങൾക്കു മേലെത്തഴച്ച
ചെളിവീടുകൾ തൻ നിലക്കാഴ്ച്ചയിലൂടെ,
ചെളിയുമതിൻ ജീവരാശിയും മാത്രമാം
ഭൂനിലക്കാഴ്ച്ചയിലൂടൊഴുകീ നദി
തൂവലില്ലാത്ത നായ്ക്കൾ പോലെയാകുന്നു
നദിയെക്കണക്കാ മനുഷ്യർ
(തൊലിയുരിക്കപ്പെട്ട നായയെക്കാളുമാ-
ണൊരു തൂവലില്ലാത്ത നായ.
തച്ചു കൊല്ലുന്നോരു നായയെക്കാളുമാ-
ണൊരു തൂവലില്ലാത്ത നായ.
ശബ്ദങ്ങളില്ലാത്ത നേരത്തെ വൃക്ഷമാ-
ണൊരു തൂവലില്ലാത്ത നായ.
വായുവിൽ വേരാഴ്ത്തി
ഒരു പക്ഷി നിൽക്കുമ്പൊ -
ഴെന്ന പോലേ നായ,
ഇല്ലാത്തതൊന്നിനെക്കാർന്നു
കടിച്ചു ചവയ്ക്കുമ്പൊഴെന്ന പോലെ.)
തൂവലില്ലാത്ത മനുഷ്യരെപ്പറ്റി
നദിക്കറിയാം.
അവരുടെ കുറ്റിത്താടിയെപ്പറ്റിയും
വേദന നിറഞ്ഞ
പഞ്ഞിത്തുണ്ടു തലമുടിയെപ്പറ്റിയും
നദിക്കറിയാം.
തീരത്തെ പാണ്ടികശാലാ നിരകളെപ്പറ്റി
നദിക്കറിയാം.
വാതകവാടയടിക്കുന്ന ചക്രവാളങ്ങളിലേക്കു
മലർക്കെത്തുറന്നവ.
( വാതിലുകളില്ലാപ്പെരും വാതിലാണവിടെ -
യേതൊരു വസ്തുവും.)
അറിയാം നദിക്ക്
മെലിഞ്ഞുകോർക്കു പോലായ
നഗരത്തിനെപ്പറ്റിയും.
അവിടെയെല്ലിച്ച മനുഷ്യർ, പാലങ്ങൾ
എല്ലിച്ച കെട്ടിടങ്ങൾ.
(തൂവൽച്ചുമടുമണിഞ്ഞു നിൽക്കുന്നുണ്ടു
താറാവുപോലെയോരോന്നു) - മെന്നാലും
ഉള്ളിൻ്റെയുള്ളിലെയടിക്കല്ലു തെളിയുന്ന
പാകത്തിലാകെത്തളർന്ന്.
തൂവലില്ലാത്ത മനുഷ്യരെപ്പറ്റി
അറിയാം നദിക്കേറെയേറെ.
അവർ ക്ഷീണിതർ
തങ്ങളിലാഴ്ന്നു കിടക്കുമടിക്കല്ലിനേക്കാൾ
തങ്ങളുടെ വൈക്കോൽത്തുറുവിനേക്കാൾ
തൊപ്പിയുടെ വൈക്കോലിഴകളേക്കാൾ
അവർക്കില്ലാത്ത ഷർട്ടുകളേക്കാൾ
വരണ്ട കടലാസു കീറിലെഴുതീട്ടും അവരുടെ
പേരുകളേക്കാൾ
എത്രയോ ക്ഷീണിതർ.
നദീജലത്തിൽ സ്വയം
നഷ്ടമായ് പോയവർ
(പതുക്കനെ
പല്ലു കൊഴിഞ്ഞ്)
ഇവിടെയവർ നഷ്ടമായ്
(നഷ്ടപ്പെടാത്തൊരു സൂചി പോലെ)
ഇവിടെയവർ നഷ്ടമായ്
(ഉടയാത്ത ഘടികാരം പോലെ)
ഇവിടെയവർ നഷ്ടമായ്
പൊട്ടാത്ത കണ്ണാടി പോലെ
ഇവിടെയവർ നഷ്ടമായ്
തൂവിയ നീർ നഷ്ടമായ പോലെ
പറിയുന്ന നേരം മനുഷ്യൻ്റെയുള്ളിലെ
മനുഷ്യത്തുടർനൂലുപോലെ
കാണപ്പെടും
കൂർത്ത പല്ലില്ലാതെ
ഇവിടെയവർ നഷ്ടമായ്.
ഇവിടെയവരില്ലാതെയായ്
പുഴവെള്ളത്തിൽ
ചേറിൽ
അല്പാൽപ്പമായ് പെരുകുന്ന
മിണ്ടുവാനാവാത്ത
ചെളിയിൽ.
വിളറിയ ചേറിൻ്റെയെല്ലിച്ച കോലത്തി -
ലേക്കു പകരുന്ന ചെളി,
ചെളിയുടെ കട്ടച്ച ചോര,
ചെളിയുടെ കുഴഞ്ഞുമറിയും കണ്ണ്.
നദിയെവിടെ നിന്നു തുടങ്ങുന്നുവെന്നറി-
ഞ്ഞിടുവതു ഞെരുക്കം നദീതടക്കാഴ്ച്ചയിൽ
എവിടെത്തുടങ്ങുന്നു നദിയിൽ നിന്നും ചെളി,
ചെളിയിൽ നിന്നും കരയെവിടെത്തുടങ്ങുന്നു
ചെളിയിൽ നിന്നും നരൻ
അവൻ്റെ തൊലി
എവിടെത്തുടങ്ങുന്നു
ആ നരനിൽ നിന്നു
നരനെവിടെത്തുടങ്ങുന്നു?
ആ നരൻ
നരനിലുമത്ര കുറഞ്ഞവ -
നല്ലിപ്പൊഴെന്നറിഞ്ഞീടുക
ഞെരുക്കം.
സ്വന്തം പ്രവൃത്തിയുടെയെല്ലുകൾ
ചവക്കുകയെങ്കിലും ചെയ്യുന്ന,
പൊതുവിടത്തിൽ
ചോര ചിന്തുവാൻ കെല്പുള്ള,
ആട്ടുകൽ കൈയ്യിനെയരക്കുമ്പോൾ
നിലവിളി കൂട്ടുവാനാവുന്ന,
ചവയ്ക്കപ്പെട്ടതെങ്കിലും
(കല്ലുകൾ മൃദുവാക്കിടും പോലെയെല്ലുകൾ
മൃദുവാക്കിടുന്നാ വഴുത്ത വെള്ളത്തിൽ)
അലിഞ്ഞില്ലാതെയാവാത്ത
നരനിൽ കുറഞ്ഞവൻ.
III
ഒഴുകുമാ വാളാൽ
അതിൻ പശിമയാൽ
നഗരമാകെ
വളക്കൂറിണങ്ങി.
നദിയൊടുങ്ങുന്നിടം
തുടരുന്നു സാഗരം
കഴുകിയ മണലസ്ഥികൂടങ്ങൾമേലിട്ട
ഷർട്ടുപോൽ
ഷീറ്റു പോൽ
തുടരുന്നു സാഗരം.
(നദി നായയെങ്കിൽ
കടലൊരു കൊടിക്കൂറ
നീലയും വെള്ളയും നിറമുള്ള,
ചുരുളാത്ത
കൊടിയാണു കടൽ
നദീയാന സമാപ്തിയിൽ.
അല്ലെങ്കിലൊരു കപ്പൽപ്പായ.
പല്ലുകളുള്ള കൊടിക്കൂറ
സാഗരം.
പല്ലുകളാൽ നുരയാൽ പതയാൽ കട-
ലെന്നും ചവയ്ക്കുന്നു
തൻ്റെ തീരങ്ങളെ.
പല്ലുകളുള്ള കൊടിക്കൂറ സാഗരം.
അസ്ഥികൂടങ്ങൾ തുടച്ചു മിനുക്കുന്ന
ശുദ്ധകവിയെപ്പോലെ,
തികഞ്ഞൊരു സസ്തനിയെപ്പോലെ,
അസ്ഥികൂടങ്ങൾ നിരത്തി വെക്കുന്നോരു
പോലീസുകാരനെപ്പോലെ
അക്ഷീണ സാഗരം
തൻ ശുദ്ധമണലസ്ഥികൂടം
നിരന്തരം കഴുകുന്നു
കഴുകുന്നു.
കടൽ,
അതിൻ ഗന്ധധൂപക്കൂട്ടുകൾ
കടൽ,
അതിൻ രാസദ്രവങ്ങൾ
കടൽ, അതിൻ രാസദ്രവങ്ങൾ തൻ വായകൾ
കടൽ, അതിൻ വയർ
സ്വയം തിന്നുന്ന പെരുവയർ
കടൽ, അതിൻ മാംസം - പ്രതിമയുടേതെന്ന
പോൽ മിനുങ്ങും മാംസം
കടൽ, അതിൻ മൗനം - നിരന്തരമായൊരേ
കാര്യം പറഞ്ഞു പറഞ്ഞു ലഭിച്ചത്.
കടലും
കടലിനെ
ക്ഷേത്രഗണിതം പഠിപ്പിച്ച
ഗുരുവും.)
പേടിച്ചിടുന്നു കടലിനെയീ നദി
തളളിത്തുറക്കുമൊരു വാതായനത്തെയൊരു
നായ പേടിക്കുന്ന പോലെ.
മുന്നിൽ തുറന്നു കാണപ്പെട്ട പളളിയെ
യാചകൻ പേടിക്കും പോലെ.
ആദ്യം കടൽ
നദിയെ പുറകോട്ടു തള്ളുന്നു.
കടൽ തൻ്റെ വെൺവിരികളിൽ നിന്നു തള്ളി -
പ്പുറത്താക്കിടുന്നു നദിയെ.
കടൽ തൻ്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നു
പുഴയുടെ മൺപൂക്കൾ നേരെ.
തെണ്ടികൾ, നായ്ക്കളടങ്ങും നദീ ബിംബ-
ജാലങ്ങളേതിനും നേരെ.
പിന്നെക്കടൽ
കീഴടക്കുന്നു നദിയെ.
വീർത്തു പൊള്ളച്ച മൺപൂക്കളെ
നദിക്കുള്ളിലിട്ടു കശക്കാൻ
കൊതിക്കുന്നു സാഗരം.
ഒരു ദ്വീപു പോലെ
പഴം പോലെ -
യാമണ്ണിൽ വളരുവാൻ മുറ്റുവാനാവു-
മേതൊന്നിനെയുമാ നദിയിലിട്ടു
തകർക്കാൻ കൊതിപ്പു കടൽ.
കെട്ടിക്കിടക്കുന്ന കണ്ടൽച്ചതുപ്പുകളിൽ
നിൽക്കുന്നു നദി
കടലിലേക്കു ചെല്ലും മുമ്പ്.
ജീവിതം തണുതണെ -
ത്തിങ്ങിയ ചതുപ്പുകളിൽ
ഒരുൾത്തടാകത്തിൽ
നദി മറ്റു നദികളുമായൊന്നു ചേരുന്നു.
നദി മറ്റു നദികളു-
മായൊന്നു ചേരുന്നു
ഒത്തു ചേർന്നെല്ലാ
നദികളുമൊരുങ്ങുന്നു
നിശ്ചല ജലത്താൽ
പൊരുതി നിന്നീടുവാൻ
നിശ്ചല ഫലത്താൽ
പൊരുതി നിന്നീടുവാൻ.
(നദി നായ, കടലൊരു
കൊടിക്കൂറ,യെന്നപോൽ
കണ്ടൽച്ചതുപ്പൊരു
പെരും പഴം:
പഴമൊരു യന്ത്രം
ഒരു പഴത്തിൻ
ക്ഷമാപൂർണ്ണം
പ്രയോജനപ്രദ-
മതേ യന്ത്രം.
ഒരു പഴത്തിൻ അതേ
പേരറിയാത്ത,
തോല്പിക്കുവാനാവാത്ത ശക്തി.
- മുറിച്ചപ്പൊഴേ
പഞ്ചസാര പൊടിയുന്നത്.
പഞ്ചസാരത്തരിയെത്തിടുവോളവും
തുളളിയായ് തുള്ളിയായിറ്റുന്നതു പോലെ
മണ്ണിൻ കിരീടങ്ങളുരുവപ്പെടും വരെ
തുള്ളിയായൂറുന്നു.
ഈരില പൊട്ടിക്കിളിർക്കുന്ന തൈച്ചെടി -
യാകും വരെ തുള്ളിയായിറ്റിടും പോലെ
ആഹ്ലാദപൂർവം പൊടുന്നനെപ്പൊന്തുന്ന
ദ്വീപുകളോളവും
തുള്ളിയായ് തുള്ളിയായ്)
IV
ഓർമ്മയിൽ പുലരുന്നു നദി
ജീവനുള്ളോരു
നായ് മുറിക്കുള്ളിലെന്നോണം.
ജീവനുള്ളോരു നായ്
ഒരുവൻ്റെ പോക്കറ്റിലെന്നോണം.
ജീവനുള്ളോരു നായ്
പുതപ്പുകൾക്കടിയിലെന്നോണം.
ഒരുവൻ്റെ ഷർട്ടിന്നടിയിലെന്നോണം.
ഒരുവൻ്റെ ത്വക്കിന്നടിയിലെന്നോണം.
ഒരു നായ, ജീവിക്കയാൽ
മുന കൂർത്തത്.
ജീവിപ്പതൊന്നും മരവിച്ചതല്ല
മുറിവേൽപ്പിച്ചിടുന്നവയല്ലോ.
ജീവിക്കയാലേ മനുഷ്യൻ കലമ്പുന്നു
ജീവിച്ചിടുന്നവയോടു മുഴുവനും.
ജീവലോകത്തിന്നിടയിലൂടെ
ശ്രദ്ധ പാളാതെ
മുന്നോട്ടു നീങ്ങലേ
ജീവിതം.
ജീവിച്ചിടുന്നതേതും പതിപ്പിക്കുന്നു
ജീവിതം നിശ്ശബ്ദതക്കുമേൽ നിദ്രമേൽ
മേഘങ്ങളിൽ നിന്നു
വസ്ത്രം മുറിച്ചെടുക്കുന്നതെപ്പറ്റി -
ക്കിനാവു കാണുമുടലിന്മേൽ
ജീവിപ്പതേതും കലഹിപ്പത്, കനത്തത്
പല്ലുണ്ടതിന്ന്, വക്കുണ്ട്.
ജീവിപ്പതേതും കനത്തത്, ഒരു നായ പോൽ
ഒരു മനുഷ്യൻ പോൽ നദി പോൽ.
യാഥാർത്ഥ്യമായതേതൊന്നിനെപ്പോലെയും
ഭാരിച്ചത്.
നദി യഥാർത്ഥം, കനത്തതും.
ഒരാപ്പിൾ പഴം
കനമുള്ളതാകുന്ന പോൽ.
ഒരാപ്പിളേക്കാൾ
ഒരു നായ്
കനമുള്ളതാകുന്ന പോൽ.
നായയേക്കാൾ
അതിൻ ചോര
കനമുള്ളതാകുന്ന പോൽ.
ഒരു നായ തൻ ചോരയേക്കാൾ
ഒരു മനുഷ്യൻ
കനമുള്ളതാകുന്ന പോൽ.
ഒരു മനുഷ്യൻ്റെ കിനാവിനെക്കാളൊരു
മനുഷ്യൻ്റെ ചോര
കനമുള്ളതാകുന്ന പോൽ.
ഒരാപ്പിൾ കനമുള്ളതെന്നപോൽ
നദി കനമുള്ളത്.
ഒരു മനുഷ്യൻ ആപ്പിൾ കാണുന്നതേക്കാളു -
മൊരു മനുഷ്യൻ അതു തിന്നുകയാണെങ്കിൽ
ആപ്പിളേറ്റം കനമുള്ളതാകുന്ന പോൽ.
തിന്നതു വിശപ്പെങ്കിൽ
പിന്നെയും ആപ്പിൾ കനമുള്ളതാകുന്ന പോൽ.
കാണുന്നു, പക്ഷേ
വിശപ്പിന്നു തിന്നുവാനാവതല്ലെങ്കിൽ
പിന്നെയുമാപ്പിൾ
കനമുള്ളതാകുന്ന പോൽ.
ഏറ്റവും ഭാരവത്തായ യാഥാർത്ഥ്യം പോൽ
നദി ഭാരമുള്ളത്.
തൻ്റെ കനത്ത ഭൂദൃശ്യപ്പരപ്പിനാൽ
നദി ഭാരമുള്ളത്.
എവിടെ വിശപ്പ്
തൻ ഇളകിപ്പരക്കുമെറുമ്പിൻ രഹസ്യ സൈന്യം
നിരത്തുന്നിതവിടെയാ ഭാരിച്ച
ഭൂനിലക്കാഴ്ച്ചപ്പരപ്പാൽ കനത്തത്.
തൻ കെട്ടുകഥയുടെ പ്രമേയ ഭാരത്തിനാൽ
നദി ഭാരമുള്ളത്.
തൻ മൺ കുഴമ്പിന്നൊഴുക്കാൽ
കനത്തത്.
തൻ്റെ കരിമണ്ണിൻ തുരുത്തുകളെ
പെറും നേരം
കനത്തത്.
ജീവിതത്താൽ പെരുകീടുന്ന ജീവിതം
കൂടുതൽ ഭാരിച്ചതാവുക കാരണം
നദി ഭാരമുള്ളത്.
ഒരു പഴ -
മതിൻ പൂവിനേക്കാൾ
കനമുള്ളതാകുന്നതു പോലെ.
ഒരു മരമതിൻ വിത്തിനേക്കാൾ
കനമുള്ളതാകുന്നതു പോലെ.
ഒരു പൂ -
വതിൻ മരത്തേക്കാൾ
കനമുള്ളതാകുന്നതു പോലെ -
യങ്ങനെ -
യങ്ങനെ.
ഭാരമുള്ളത്.
ഓരോ ദിനത്തിന്നു
വേണ്ടിപ്പൊരുതുമ്പോൾ
ജീവിതം ഭാരിച്ച -
താകുന്ന കാരണം.
ഓരോ ദിനത്തെ ജയിക്കുമ്പൊഴും
ദിനഭാരമേറുന്നതു കാരണം.
(തൻ്റെ പറത്തത്തെയോരോ നിമിഷവും
കീഴടക്കുന്നൊരു പക്ഷിയെപ്പോലവേ)
- 1950
ബ്രസീലിലെ വരണ്ട ഉൾപ്രദേശമായ സെർടാവോവിലൂടെ കടന്നുപോന്ന് തീരദേശനഗരമായ റിസൈഫിൽ വെച്ച് കടലിൽ ചേരുന്ന കാപിബാരിപ് നദിയെ മുൻനിർത്തിയുള്ള കവിതയാണിത്.നദിയും തീരത്തെ മനുഷ്യരും കടലുപോലെ പരന്ന കരിമ്പിൻ തോട്ടങ്ങളും തോട്ടങ്ങളിലെയും പഞ്ചസാരമില്ലുകളിലെയും തൊഴിലാളികളുടെ ജീവിതവും ഈ കവിയുടെ മുഖ്യ പ്രമേയങ്ങളാണ്.
മൂർത്തതയുടെ കവിയാണ് ഷുവാ കബ്രാൾ. കാവ്യാത്മക വാക്കുകൾ ഒഴിവാക്കി പകരം വിരസവും വരണ്ടതും പരുക്കനുമായ വാക്കുകളാണ് ഇദ്ദേഹം പ്രയോഗിക്കുക. അദ്ദേഹം എഴുതി: "വിരസമായ വാക്കുകളാണ് യാഥാർത്ഥ്യത്താൽ കനത്തത്, പുറം ലോകത്തിൻ്റെ പരുക്കൻ യാഥാർത്ഥ്യങ്ങളാൽ മലിനമായത്." ചിത്രകലയുടെ വലിയൊരാരാധകനായിരുന്നു കവി.ഹുവാൻ മിറോ, മോൺട്രായൻ എന്നിവരുടെ ചിത്രങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങൾ പ്രശസ്തമാണ്. ഇവിടെ കവിതക്കൊപ്പം ചേർത്തിട്ടുള്ളത് ഹുവാൻ മിറോയുടെ ഒരു ചിത്രമാണ്.
No comments:
Post a Comment