Thursday, July 2, 2020

ഇതു പോലെ- പി.രാമൻ



പാതിരക്ക്
തന്നെ കടിച്ചുണർത്തിയ ഉറുമ്പുകളെ
കിടക്കയിൽ പരതിപ്പരതി
നേരം വെളുപ്പിക്കുമായിരുന്നു
അച്ഛൻ.
ഞാനെത്രയോ തവണ കണ്ടിട്ടുണ്ട്.

ആ കിടക്കയിൽ
തങ്ങളുണ്ടായിരുന്നില്ല എന്ന
അച്ഛനറിയാത്ത സത്യം
വർഷങ്ങൾ കഴിഞ്ഞ്
ഉറുമ്പുകൾ ഇന്നെന്നോടു വെളിപ്പെടുത്തി
ഞാനുണർന്നു പരതുന്നതിനിടയിൽ.

കടിച്ചുണർത്തീട്ടു
കളവും പറയുന്നോ?
ഇവിടെ ഇപ്പോൾ നിങ്ങളില്ലെന്ന 
ഞാനറിയാത്ത സത്യം
ഞാനില്ലാതായി കുറേക്കഴിഞ്ഞ്
ഇതുപോലെ നിങ്ങൾ
വെളിപ്പെടുത്തുമല്ലോ അല്ലേ?

No comments:

Post a Comment