Thursday, July 2, 2020

രണ്ടു കവിതകൾ - ഗബ്രിയേല മിസ്ട്രൽ (ചിലി, 1889 - 1957)


Lightning at Night Over the Field - Fields & Nature Background ...



1
തൊട്ടിലാട്ടുന്നു


ദിവ്യസാഗരം
എണ്ണമറ്റ തൻ തിരകളെ
തൊട്ടിലാട്ടുന്നൂ
സ്നേഹിക്കും കടലുകൾ
കേട്ടുകേട്ടെൻ കുഞ്ഞിനെ
തൊട്ടിലാട്ടുന്നൂ ഞാനും.

രാത്രിയിൽ തെണ്ടിക്കാറ്റ്
ഗോതമ്പു ചെടികളെ -
ത്തൊട്ടിലാട്ടുന്നൂ
സ്നേഹിക്കുമാക്കാറ്റുകൾ
കേട്ടുകേട്ടെൻ കുഞ്ഞിനെ
തൊട്ടിലാട്ടുന്നൂ ഞാനും.

സ്വർഗ്ഗീയ പിതാവ്
തൻ ആയിരം ലോകങ്ങളെ
തൊട്ടിലാട്ടുന്നൂ
നിഴലിലുണ്ടാക്കര -
മെന്നറിഞ്ഞെൻ കുഞ്ഞിനെ
തൊട്ടിലാട്ടുന്നൂ ഞാനും.


2
എന്നോടു ചേർന്ന്


എൻ്റെ മാംസത്തിൻ മൃദു
നൂലിഴ, ഞാനെന്നാഴ-
ഗ്രന്ഥികൾക്കുള്ളിൽ നിന്നു
നൂറ്റുണ്ടാക്കിടുന്നത്
എളുപ്പം മരവിക്കും
പട്ടുനൂലിഴേ,യെൻ്റെ
യരികത്തെന്നോടൊട്ടി -
ച്ചേർന്നുകൊണ്ടുറങ്ങീടൂ.

സ്വന്തം നെഞ്ചിടിപ്പിന്നു
കാതോർത്തു ചെടിക്കമ്പിൽ
സ്വപ്നം കണ്ടിരിക്കുന്ന
പറവേ,യെന്നുച്ഛ്വാസം
അരുതേ, ശല്യപ്പെടു-
ത്തരുതേ നിന്നെ,യെൻ്റെ -
യരികത്തെന്നോടൊട്ടി -
ച്ചേർന്നുകൊണ്ടുറങ്ങീടൂ.

ജീവവിസ്മയത്തിനാൽ
ത്രസിച്ചു വിറയ്ക്കുന്ന
കുഞ്ഞിളം ചെടിക്കൂമ്പേ,
അരുതേ, കുതിക്കല്ലേ,
എൻ്റെ മാറിടത്തിൽ നി-
ന്നാഞ്ഞു നീ കുതിക്കല്ലേ,
അരികത്തെന്നോടൊട്ടി -
ച്ചേർന്നുകൊണ്ടുറങ്ങീടൂ.

സർവവും നഷ്ടപ്പെട്ടോൾ
ഞാൻ, ഉറക്കത്തെക്കുറി -
ച്ചുള്ള ചിന്തകൾകൊണ്ടു
നടുങ്ങി വിറക്കുന്നോൾ
എൻ്റെ കൈക്കുള്ളിൽ നിന്നു
വഴുതിപ്പോകല്ലേ,യെ-
ന്നരികത്തെന്നോടൊട്ടി -
ച്ചേർന്നുകൊണ്ടുറങ്ങീടൂ.

No comments:

Post a Comment