Monday, July 6, 2020

തീവണ്ടി - ജയമോഹൻ (തമിഴ് ചെറുകഥ)



കറുത്തിരുണ്ടു വന്ന പെരുമഴ പെയ്തൊഴിഞ്ഞ് ആകാശമൊന്നു തെളിഞ്ഞ ഒരു പ്രഭാതത്തിൽ അബ്ദുൾ അസീസ് എന്നെത്തേടി വന്നു."ഇച്ചാ നിങ്ങളെ കൂട്ടിവരാമ്പറഞ്ഞ്"

"എന്നെയോ?" ഞാൻ ചോദിച്ചു. "എന്തിന്?" ഞാൻ അപ്പോൾ എഴുന്നേറ്റിട്ടേയുള്ളൂ. ഒരു കാപ്പിയിട്ടു കുടിച്ച് പഴയ റേഡിയോ തിരുപ്പിടിച്ചുകൊണ്ടിരിക്കുകയാണ്.ശ്രീലങ്കൻ റേഡിയോ നിലയം അവിടെ ചെറുന്നനെ കിട്ടും.എന്നാൽ ഇടിമുഴക്കം കാരണം ഒരു കരകരപ്പു മാത്രമേ കേൾക്കാനുള്ളൂ.

"ജോൺ സാർ താമസിച്ചിരുന്ന മുറി കാലിയാക്കണം.... നിങ്ങൊ വരണമെന്നു പറഞ്ഞു" അബ്ദുൾ അസീസ് പറഞ്ഞു.

"അതു ശരി, ആ മുറി ഇനിയും കാലിയാക്കീട്ടില്ലേ?"

"ഒരു കൊല്ലത്തിലേറയായി പൂട്ടിക്കെടപ്പാ. തേങ്ങ വീണ് ഓടുകൾ പൊട്ടീറ്റ്ണ്ട്. അകത്തു മഴവെള്ളം വീഴും. അകത്തുള്ള മേശ കസേരയെല്ലാം മഴയത്തു പൂപ്പലു പുടിച്ച്. അതു തൊറന്നു കാലിയാക്കി റിപ്പേർ ചെയ്യാതെ വിട്ടാൽ വീടന്നെയങ്ങ് ഇടിഞ്ഞു ബൂണോഉം."

"എന്നെ വിളിക്കാനാവില്ല പറഞ്ഞത്.വൽസൻ മാഷെ വിളിച്ചു വരാനാവും." ഞാൻ പറഞ്ഞു.

"അല്ല നിങ്ങളെ പേരാ പറഞ്ഞ്."

"ഞാൻ വന്നിട്ടെന്തു ചെയ്യാനാ?"

"ഇച്ചാക്കു പേടി. നിങ്ങൊ വന്നിട്ടേ താവ് പൊളിക്കൂ എന്നു പറഞ്ഞു."

"പൂട്ടു പൊളിയ്ക്കുകേ?...."

"നിങ്ങൊ ബാ.... ഇച്ച ആടെ കാത്ത് നിക്ക്ന്ന്"

ഞാൻ ഷർട്ടിട്ടിറങ്ങി അയാളുടെ ബൈക്കിനു പിന്നിൽ കയറി.അയാൾ മണലിൽ കാലൂന്നിയൂന്നി ബൈക്കുരുട്ടി. ഞാൻ പിന്നിലിരുന്നു കാല് മണലിൽ തുഴഞ്ഞു ബൈക്കുന്തി. ടാർറോട്ടിലെത്തിയപ്പോൾ എഞ്ചിൻ സ്റ്റാർട്ടു ചെയ്ത് അതിവേഗം ഓടിച്ചു പോയി.

ഇടതുഭാഗത്ത് കടൽ വന്നുകൊണ്ടിരുന്നു. മഴക്കാലക്കടലിന് ഒരു കലങ്ങിയ പച്ച നിറം. തീരത്തോടുരുമ്മി തിരകൾ നുരയോടെ വളഞ്ഞു വളഞ്ഞു വന്നു പരന്നു തിരിച്ചു പോയി. കടലിൽ നിന്നു വന്ന കാറ്റിൽ എൻ്റെ വസ്ത്രങ്ങൾ പറന്നു പൊങ്ങിയപ്പോൾ നന്നായി തണുത്തു.

"ഇന്നലെ രാത്രി നല്ല മഴ'' ഞാൻ പറഞ്ഞു.

" ഒക്കും , നാലഞ്ചു തെങ്ങുകൾ ബീണിനി" അബ്ദുൾ അസീസ് പറഞ്ഞു.

"ജോൺ ആ വീടു വാടകക്കെടുത്തിട്ടെത്ര കാലമായി?"

"കൊറെയായി..... ഓറ് കരിവെള്ളൂറ് സംഭവം സിനിമയാക്കണമെന്നു ബിജാരിച്ചതല്ലേ? അയിനു തിരക്കഥയെഴുതാൻ ഈടെ വന്നതാ. അപ്പൊളാ വാടികക്കെടുത്തത്'' അസീസ് പറഞ്ഞു.

"ഓഹോ, അതു ശരി! അങ്ങനെയെങ്കിൽ അത് എൺപത്തി മൂന്നിൽ. നാലു കൊല്ലമാവുന്നു."

"അഞ്ചു കൊല്ലമെന്നാ ഇച്ച പറയിന്നത്."

ഞാൻ അല്പനേരം കഴിഞ്ഞ്, "വാടക വല്ലതും തന്നിട്ടുണ്ടോ?" എന്നു ചോദിച്ചു.

" അന്നീടെ പൈ സാർ ഉണ്ടായിന്. ഓറാണ് കാറില് ജോൺ സാറെ കൂട്ടി വന്നത്. പൈ സാറെ വിശ്വസിച്ചാ ഇച്ച വീടു കൊടുത്തത്. വാടിക അന്ന് മാസം നൂറുറുപ്പെ. ആയിരർപ്പ  അഡ്വാൻസ്. ഒരു കൊല്ലത്തെ വാടിക പൈ സാറ് തന്ന്ന്. അതീപ്പിന്നെ പൈ സാറ് മരിച്ചു പോയി. പിന്നെ ആറേഴു മാസം വൽസൻ മാഷ് വാടക തന്നു. അത്രന്നെ....."

"അങ്ങനെയെങ്കില് എന്തായാലും രണ്ടു കൊല്ലത്തെ വാടക ബാക്കീണ്ട്."

"ഒക്കും" അസീസ് പറഞ്ഞു, "
കൂടുതലുണ്ടാഉം"

"ജോൺ ഇവടെ വരാറുണ്ടായിരുന്നോ?" ഞാൻ ചോദിച്ചു. ജോണുമായി എനിക്ക് സൗഹൃദമുണ്ടായിരുന്നെങ്കിലും കൂടുതൽ അടുത്ത് ഇടപഴകിയിട്ടില്ല. അടുപ്പമുള്ളയാൾ എന്ന് എല്ലാവർക്കും തോന്നിക്കുന്ന കല വശമുള്ളയാളാണ് ജോൺ. എന്നാൽ അദ്ദേഹത്തിൻ്റെ മട്ടും മാതിരിയും ഊടുവഴികളുമൊന്നും അടുപ്പക്കാർക്കു പോലും അറിയാൻ വയ്യ.

"ചെലേപ്പൊ വന്ന് ഒരു മാസം വരെയൊക്കെ താമസ്ക്കും .പിന്നെ നാലഞ്ചു മാസത്തേക്കു കാണേല്ല. നാലഞ്ചു ചങ്ങായ്മാറും കാണും ഓറക്കെ."

"ഒറ്റ ബെഡ്റൂമേയുള്ളൂ അവിടെ?"

"ഇക്ക ഒരു മുറീം ഉമ്മറോം *കുച്ചിലും മാത്രേ കൊടുത്തിറ്റുള്ളൂ. വേറൊരു മുറീള്ളത് ഇക്കാൻ്റെ പഴേ ഹോട്ടല് ഫർണിച്ചറുകള് വെച്ചു പൂട്ടിറ്റ്ണ്ട്.ഓറെല്ലാം ആടെത്തന്നെയാ താമസിച്ചത് "

"കെടപ്പും അവിടെത്തന്നെയായിരുന്നോ?"

"ഒക്കും''

''അവർക്കാർക്കും പായ പോലും ആവശ്യമില്ല." ഞാൻ പറഞ്ഞു.

മഴച്ചാറൽ ഇല്ല.എന്നാൽ കാറ്റിൽ വെള്ളത്തുള്ളികൾ പിശിറ് പോലെ പാറി. കടലിൻ്റെ ഇരമ്പം കൂടിക്കൂടി വരുമ്പോലുണ്ടായിരുന്നു.തെങ്ങിൻ കൂട്ടങ്ങൾ ഓലകൾ മറുഭാഗത്തേക്കു വീശി അടിഭാഗം വെളിപ്പെടുത്തി ഉലഞ്ഞാടിക്കൊണ്ടിരുന്നു.

നല്ല മഴയാണു പെയ്തത്. അല്ലെങ്കിൽ ഈ കാറ്റിൽ കണ്ണിൽ മണൽ വന്നു വീഴുമായിരുന്നു."ഞാൻ കൂളിങ് ഗ്ലാസ് എടുക്കാറില്ല'' അസീസ് പറഞ്ഞു.

"അസീസ്, ഇക്ക ജോണിനോടു വാടക ചോദിച്ചിട്ടേ ഇല്ല?"

"പിന്നെ, ചോയ്ക്കാതിരിക്ക്വാ? നേരിട്ടു വന്നു ചോയ്ച്ചിനി. ഞാൻ തന്നെ ഇക്കാൻ്റൊക്ക പല പ്രാവശ്യം വന്ന്. എന്നാല് ജോൺ സാറിൻ്റെ കയ്യില് എന്തു പൈസ? ഓറ്ക്ക് നേരം ബെളുക്കുന്നതു തന്നെ എപ്പേങ്കിലും. ഓറെല്ലാം കൂടി ഇക്കാനെ ഒരു കളിക്കോപ്പാക്കി ക്കറക്കിക്കളയും"

"കളിക്കോപ്പോ?" ഞാൻ ചോദിച്ചു.

"ഇച്ച വാടിക ചോയിക്കാൻ പോന്നത് ഒരു നാടകമാക്കി മാറ്റും."വാടിക താടാ നസ്രാണി " എന്ന് ഇച്ച ചോദിക്കും.കോടാലി താടാ എന്നാണ് ഓറത് ചെവിയിൽ കേൾക്കുക. ഇച്ച എന്തു പറഞ്ഞാലും കോടാലി എന്ന പോലെ മറുപടി പറയും. ഇച്ച ദേഷ്യത്തില് ''അടിച്ചു കൊല്ലും ഹമുക്കേ" എന്നു പറയും."ആയിരം രൂപ തരാം പൊന്നേ" എന്ന അർത്ഥത്തില് ഓറതെടുക്കും." അസീസ് പറഞ്ഞു.

"ഒടുക്കത്തെത്തവണ വാടിക ചോദിക്കാൻ പോയപ്പോ ഓറതൊരു സിനിമാ ഷൂട്ടിങ്ങാക്കി മാറ്റി. ഇച്ചയാണ് അതില് അഭിനയിക്കുന്നത്. "ഒന്നര കൊല്ലത്തെ വാടക ബാക്കി നിൽക്കുന്നുണ്ട്" എന്ന ഡയലോഗ് പതിനെട്ടു തവണ റീ ടേക്ക് ചോയിച്ചു മേങ്ങിയാ ഇച്ച അഭിനയിച്ചത്." അസീസ് പറഞ്ഞു.

എനിക്കു ചിരി വന്നു. "ഇക്കയ്ക്കാ നാടകം പിടിച്ചിരിക്കും അല്ലേ?"

"ഇച്ച ആളു കില്ലാടിയാ.ഈ നാട്ടിലേക്കും വലിയ ഹോട്ടല് നടത്തിയോറാ. ഓറ്ക്ക് അറിയാതിരിക്കുമോ? വാടിക വാങ്ങാൻ പോകുന്നത് ഓറ്ക്കൊരു കളി. ശരിക്കുമങ്ങ് അഭിനയിച്ചു. റീ ടേക്ക് ചോയിച്ചു മേങ്ങി എന്നു പറഞ്ഞില്ലേ, ആ നേരത്ത് ജോൺ സാറ് സീൻ അപ് സീൻ ക്ലോസ് റൈറ്റ് ലുക്ക് ലെഫ്റ്റ് ലുക്ക് എന്നെല്ലാം ഇച്ചയോടു പറയും. ഇച്ച അതെല്ലാം ശരിക്കും ചെയ്തു."

"കാമറേണ്ടോ അവരുടെ കൈയിൽ?"

"കാമറയോ, നല്ല കത! ഇക്ക ആടെ ബെച്ചിര്ന്ന ഒരു പിച്ചളക്കൊടം കൂടി ഓറെടുത്ത് വിറ്റ് കുടിച്ചിനി.മേനോൻ ഒരു വെള്ളക്കൂജ കാമറയാക്കി കാട്ടി അതിലാ ഷൂട്ടിങ്ങ്."

"കൂജയോ? അതിനു മുന്നിലാ ഇച്ച അഭിനയിച്ചത്?"

"പിന്നെ.... ഇച്ച ഒരു ജോറ് നടനല്ലേ, എമ്മാതിരി മുഴുകിയുള്ള അഭിനയമാ!" അസീസ് ചിരിച്ചു.

ബൈക്ക് തെങ്ങിൻ തോപ്പിൽ കടന്ന് താണ ഓടുമേൽക്കൂരയുള്ള വീടിൻ്റെ മുന്നിൽ ചെന്നു നിന്നു.ഖാദർ ഇക്ക വീടിൻ്റെ പിന്നിൽ നിന്ന് തെങ്ങോലയുമെടുത്തു വന്നു. എന്നെ നോക്കി ചിരിച്ച് "വാ, നായരൂട്ടി" എന്നു പറഞ്ഞു.

ഇക്ക തലയിലെപ്പോഴും ഒരു ടവൽ മടക്കിയിടും. എഴുപതിനു മേൽ പ്രായമുണ്ട്.മുഖം മുഴുവൻ ചുളിവുകൾ. കണ്ണുകൾക്കു ചുറ്റും വലപോലെ അടർന്നു നിൽക്കുന്ന ചുളിവുകൾ.എന്നാൽ ശരീരം നല്ല കരുത്തുള്ളത്.കുടവയറില്ല. ഇറുകിയ തോള്, നീണ്ട വിരലുകൾ.

"എന്താ ഇക്കാ, എന്താ പ്രശ്നം?"

"എന്തു പ്രശ്നാന്നാ? വീട് കണ്ടാ? എട്ടുമാസമായി പൂട്ടിക്കിടക്ക്ന്ന്. ആ ഹമുക്ക് പൂട്ടി ചാവിയും കൊണ്ടുപോയി. ഓടു പൊട്ടി അകത്തു വെള്ളം കേറി പൂപ്പലാ നെറച്ചും. താവ് പൊളിക്കാൻ പോകാണ്. നീയാ സാക്ഷി."

"ഞാനോ?"ഇക്കയുടെ ഗൗരവമുള്ള മുഖം കണ്ടപ്പോൾ ചിരി വന്നു. "ഇക്കാ, ഇതു നിങ്ങടെ വീട്. പൂട്ടു പൊളിക്കാൻ എന്തിനാ സാക്ഷി?"

"അല്ലല്ല, ഓൻ വലിയ സിനിമാ ഡയറക്ടറാ. ഇറ്റലിക്കൊക്കെ പോയിട്ടുണ്ട്." ഒന്നു നിർത്തി, അസീസിനോട്, "ഇറ്റലി തന്നെയല്ലേ ഹമുക്കേ?" എന്നു ചോദിച്ചു.

" ഒക്കും , ഇറ്റലിയന്നെ"

"ആടെപ്പോയിറ്റും കുടിച്ചുവീണ് കെടന്നിട്ടുണ്ടാവും. എന്നാല് ആടെ വെള്ളക്കാറാ.റോട്ടുവക്കില് കച്ചറ കാണൂല."

ഞാൻ ഉറക്കെ ചിരിച്ചു.ഇക്കയോടു സംസാരിച്ചാൽ ഇങ്ങനെയാണ്.ഇക്ക മുഖം കനപ്പിച്ചു ഗൗരവത്തിലിരിക്കും. എന്നാൽ നമ്മൾ കുലുങ്ങിച്ചിരിച്ചുകൊണ്ടുമിരിക്കും.

ഈ രസികത്തം കൊണ്ടാവണം ജോണിന് ഇക്കയെ ഇഷ്ടപ്പെട്ടിട്ടുണ്ടാവുക. ജോണിന് എല്ലാം കളിചിരി മട്ടാണ്.ഒരു പരുങ്ങലുമില്ലാതെ എങ്ങനെയും പെരുമാറാൻ പറ്റും ജോണിന്.ഇക്കയുടെ തമാശപ്രകൃതത്തിൽ നല്ല മാപ്പിളത്തമുണ്ട്. അവനവനെത്തന്നെ തമാശയാക്കുന്ന മട്ട്.

"പൂട്ടിന് ഡ്യൂപ്ലിക്കേറ്റ് ചാവിയില്ലേ ഇക്കാ?" ഞാൻ ചോദിച്ചു.

"ഇണ്ടെങ്കീ ഞാനിപ്പം തൊറന്നിറ്റ്ണ്ടാവില്ലേ?എന്നാല് ഓൻ്റെ കയ്യിലുമില്ല ചാവി."

"അയ്യോ. പിന്നെങ്ങനെ തൊറക്കും?"

" മകനേ നായരൂട്ടീ, ഈ താവിനെന്തിനാ ചാവി? നീ അതു പുടിച്ച് ബലിക്ക്, തൊറക്കും.''

സത്യത്തിൽ ആ പൂട്ട് ഒരു ഞണ്ടിൻ കുഞ്ഞുപോലെയേ ഉള്ളൂ. വലിച്ചതും തുറന്നു.

"ഒന്നമർത്തിയാൽ പറിഞ്ഞിറ്റ് ബരും. ഈ സൈസൊരു താവ് ദുനിയാവില് വേറെ കാണൂല."

എന്തു പറയണമെന്നറിയാതെ ഞാൻ ചിരിച്ചുകൊണ്ടിരുന്നു.

"നീ മിന്നെ പോ നായരേ. അകത്തു മുറിയില് ആ ഹമുക്ക് എന്തൊക്കെ ഗുലുമാലാ ചെയ്തു വെച്ചിരിക്കുന്നതെന്ന് ആരു കണ്ടു! ഓനെൻ്റെ വീട് സിനിമേല് കാണിച്ച് എന്നെ അപമാനിക്കുമെന്നു പറഞ്ഞു ബെരട്ടിയതാ''

ഞാൻ അകത്തേക്കു നോക്കി. പേടിയാകും. ആ മുറിയിൽ മുഴുക്കെ കടലാസുകൾ, പഴയ തുണികൾ, ആഹാരസാധനങ്ങൾ പൊതിഞ്ഞു കൊണ്ടുവന്ന ഉണക്കിലകൾ,കറുത്തു കരുവാളിച്ച പഴത്തോലുകൾ തുടങ്ങി എന്തെല്ലാമോ പരന്നു കിടന്നിരുന്നു. ബീഡിക്കുറ്റി പെറുക്കിയാൽ തന്നെ ഏഴെട്ടു കിലോ കാണുമെന്നു തോന്നി. അതിനെല്ലാം മേലെ പരന്ന പഞ്ഞിത്തൂളികൾ.

"ഓനെടുത്ത സിൻമ പോലെത്തന്നേണ്ട്." മുറി നോക്കിക്കൊണ്ട് ഇക്ക പറഞ്ഞു.

"ഇക്കാ, ജോണെടുത്ത പടം നിങ്ങള് കണ്ടിട്ടുണ്ടോ?"

"ഉം .ഒരു സിൻമക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി കാണിച്ചിറ്റ്ണ്ട്. ഓനെടുക്കാൻ വിചാരിച്ചതു തന്നെയാ എടുത്തിറ്റുള്ളത്."

"സത്യം തന്നെ?" വിചാരിച്ച പോലെത്തന്നെ എടുക്കാൻ കഴിഞ്ഞ ജോൺ പടം ഏതായിരിക്കും? ആലോചിച്ചിട്ടു പിടി കിട്ടുന്നില്ല.

" ആകെ അലങ്കോലമായിറ്റെടുക്കാനാ ഓൻ ബിചാരിച്ചത്."

"ഇക്കാ, ഈ വീടു കാലിയാക്കാൻ ഇത്രേം ദിവസം കാത്തിരുന്നതെന്താ?" ഞാൻ ചോദിച്ചു.

" ഉള്ളിലൊരു ജിന്നുണ്ടെന്ന് ഓൻ പറഞ്ഞിനി. അതോണ്ടാ ഓൻ ഇല്ലാത്തപ്പം ഞാൻ  പോവാണ്ടിരുന്നത്. നമ്മ എന്തിനു ജിന്നിൻ്റൊക്ക കയ്യണം? അതും ഓൻ ബെച്ചിറ്റ്ള്ളത് കൃസ്ത്യാനി ജിന്നായിരിക്കും." 

"അതെങ്ങനെ പറയും?"

"ഓനൊരു സത്യ കൃസ്ത്യാനി.... ബൈബിള് ഓന് നന്നായറിയും. എപ്പളും ബൈബിള് വചനങ്ങൾ പറയും. പിന്നീട് അവറാച്ചൻ ബൈബിള് വായിച്ചു കേട്ടപ്പൊളാ ജോൺ പറഞ്ഞ പോലെ അത്ര ചീത്ത വാക്കുകൾ അതിലില്ല എന്നു മനസ്സിലായത്."

"ചീത്ത വാക്കുകളോ?"

"പിന്നല്ലാണ്ട്. പുണ്യാളന്മാർ വായിക്കുമ്പോൾ അതങ്ങനിരിക്കും. ഓനൊരു പുണ്യാളനാകാൻ പരിസീലിച്ചോണ്ടിരുന്നോനാ.ഗീവറുഗീസു പുണ്യാളനെപ്പോലെ."

"ഇക്കാ, ഇതാരാ പറഞ്ഞത്?"

"ഓനന്നെ. ഓനെ പുണ്യാളനാക്കീന്ന് വത്തിക്കാനീന്ന് അറിയിപ്പു വരുമെന്ന്. കാണിച്ച അത്ഭുതങ്ങൾക്കു ഞാനും സാച്ചിയാണെന്ന് ഓൻ പറഞ്ഞിറ്റ്ണ്ട്."

"എന്തത്ഭുതമാ ഇക്ക കണ്ടത്?"

"ൻ്റെ പുന്നാരമോനേ നായരൂട്ടീ, ഒരുത്തൻ ഇരുന്ന ഇരിപ്പില് വെള്ളം തൊടാതെ രണ്ടു ഫുള്ളടിക്കുന്നത് ഞാൻ വേറേട്വും കണ്ടിറ്റില്ല."

ഞാൻ ഉറക്കെച്ചിരിച്ച് ചുമരും ചാരി നിന്നു.

"അടുപ്പിനടുത്തേക്കു പോല്ലേ, തീ കേറിപ്പിടിക്കുംന്ന് ഓനോടന്നെ ഞാൻ പറഞ്ഞിറ്റ്ണ്ട്.തീവണ്ടി എന്നാ ഞാൻ ബിളിക്കാറ്. ഓനും അതിഷ്ടാ."

"ഇച്ചാനെ കണ്ടാലുടനെ ജോൺ സാർ 'വണ്ടീ വണ്ടീ തീവണ്ടീ നിന്നെപ്പോലെ ഉള്ളിലെനിക്കും തീയാണേ' എന്നു പാടാൻ തുടങ്ങും." അസീസ് പറഞ്ഞു.

"എനിക്ക് ഈ വാക്കാ ഇഷ്ടം. തീവണ്ടി. നല്ല വാക്ക് .തമിഴിൽ പുകവണ്ടി എന്നു തെറ്റിച്ചാ പറയുന്നത്." ഞാൻ പറഞ്ഞു.

"ഓൻ്റെ ചങ്ങായി മേനോനെ പുകവണ്ടി എന്നു പറയാം. ഓന് ഒരു ദിവസത്തേക്കു പതിനെട്ടു കൂടു ബീഡി വേണം. ഓനെ ഞാൻ ഉമിത്തീയ് എന്നാ ബിളിച്ചിരുന്നത്."

"ഇക്കാ, അകത്തു ജിന്നിനെ കണ്ടിറ്റുണ്ടോ?"

"ഇതു നോക്ക്, നായരേ.ഓൻ്റൊക്ക വരുന്നോരെല്ലാം ജിന്നു പോലെത്തന്നെ ഇരിക്കും. ഓറിലാരാ ശരിക്കുള്ള ജിന്നെന്ന് ഞാനെങ്ങനെ ഒറപ്പിക്കും?''

''ജിന്നുകൾ സാധാരണ എങ്ങനെയിരിക്കും" ഞാൻ ചോദിച്ചു.

"അറിയില്ല. സ്നേഹോള്ളോരാന്നാ തോന്നുന്ന്. മനുഷ്യരിൽ നിന്നുള്ള ബിത്യാസമാണ് അറിയേണ്ടത്, അല്ലേ?"ഒന്നു നിർത്തി ഇക്ക എന്നോടു നിർദ്ദേശിച്ചു "നായരൂട്ടി, നീ അകത്തു പോയി ഓൻ്റെ എന്തെങ്കിലും സാധനങ്ങൾ ഇരിപ്പുണ്ടോന്നു നോക്ക്. പ്രധാനപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കീപ്പറ. എടുത്തോണ്ടുപോയി നമ്മക്ക് ബദ്രായി ബെക്കാം. നാളെ ഒരു കാലത്ത് വത്തിക്കാനീന്നു വന്നു ചോയ്ക്കുമ്പോ കൊടുക്കേണ്ടതാ. ഇല്ലെങ്കീ കൃസ്ത്യാനിപ്പുണ്യാളൻ്റെ തെളിവ് മുസ്ലീമ് നസിപ്പിച്ചു എന്നു പറയൂലേ?"

"നിങ്ങളും അകത്തു വരൂ ഇക്കാ." ഞാൻ വിളിച്ചു. "ഇവിടെ ജിന്നൊന്നും ഇല്ല."

"അല്ലെങ്കിലും നീ വന്നാ ജിന്നെല്ലാം ഓടിപ്പൊവും." എന്നും പറഞ്ഞു കൊണ്ട് ഇക്ക അകത്തേക്കു വന്നു.

"അതെങ്ങനെ?"

"നായന്മാരെ കണ്ടാൽ ജിന്നുകൾ ഒയ്ഞ്ഞു പൊയ്ക്കോളും.ജോൺ തന്നെ പറഞ്ഞിറ്റ്ണ്ട്."

"എങ്ങനെ?"

"ഞാനൊരു ജിന്ന് എന്ന് എയ്തി കൗത്തിൽ കെട്ടിത്തൂക്കിയാൽ മാത്രേ നായന്മാർക്ക് അതു ജിന്നാണെന്ന് അറിയാൻ കയ്യൂ. അല്ലെങ്കീപ്പിന്നെ ബാക്റൗണ്ടിൽ സലീൽ ചൗധരീൻ്റെ പാട്ടു കേക്കണം"

അത് ഇക്ക എനിക്കിട്ടു താങ്ങിയതല്ലേ എന്നു സംശയമായി. എന്നാൽ ഇക്കയുടെ മുഖം പതിവുപോലെ ഗൗരവത്തിൽ ശാന്തമായിരുന്നു.

തറയിലാകെ പൊടി. അടുക്കളക്കകത്ത് വിശ്വസിക്കാൻ പറ്റാത്ത തരത്തിൽ എന്തെല്ലാമോ സാധന സാമഗ്രികൾ.ചപ്പിയ അലൂമിനിയപ്പാത്രങ്ങൾ. ചിരട്ടകൾ.

"ഇത്രേം ചെരട്ടകളോ?"എനിക്കത്ഭുതമായി.

"ഞാനന്നെ കൊണ്ടുവന്നു കൊടുക്കും.ജോൺ സാർ കളളു മാത്രം ചെരട്ടയിലേ കുടിക്കൂ" അസീസ് പറഞ്ഞു.

"അതെന്താ?"

"വിഷ്വൽ യൂണിറ്റിക്ക്." അസീസ് വിശദമാക്കി."ഫെല്ലിനി എന്നൊരു ദേവത അതു നോക്ക്ന്ന്ണ്ടാഉം."

"ഏത്?" ഞാൻ ചോദിച്ചു.

"വിഷ്വൽ യൂണിറ്റി.ജോൺ സാർ പറഞ്ഞതാ. വിഷ്വൽ യൂണിറ്റി നശിപ്പിക്കുന്നോറെ ബുനുവൽ എന്നൊരു ഭയങ്കര പ്രേതം വന്നു തോട്ടിക്കൊളുത്തിട്ടു വലിച്ച് നരകത്തിലേക്കു കൊണ്ടു പോഉം.അവിടെ വെച്ച് കൊടലു കൊളുത്തിട്ടു വലിച്ച് വായിലൂടെ പുറത്തെടുക്കും" അസീസ് വിശദമാക്കി.

"നീ ജോണിനോടു സംസാരിക്കാറുണ്ടോ?" അസീസിനോടു ഞാൻ ചോദിച്ചു.

"ഈടെ വരുമ്പോ, ഓട്ടോന്നിറങ്ങിയാൽ പൈസ ഞാൻ തന്നെ കൊടുക്കണം. എന്നെ സിനിമേല് അഭിനയിപ്പിക്കാൻ പ്രേംനസീറിനെപ്പോലെയാക്കുമെന്നു പറയും." അസീസ് നെടുവീർപ്പോടെ പറഞ്ഞു "ഓറെനിക്കു പേരു കൂടി ഇട്ടിരുന്നു.പ്രേം അസീസ്."

ഇക്ക താഴേക്കു നോക്കിക്കൊണ്ട് അത്ഭുതപ്പെട്ടു."പുണ്യാളനായിരിക്കുന്നതു വലിയ കഷ്ടം തന്നെ"

"എന്തേ?"

"അല്ല, എന്തൊരു കച്ചറ!" അതും പറഞ്ഞ് ഇക്ക തുരുമ്പുപിടിച്ചൊരു ഡപ്പ കാലുകൊണ്ടു തട്ടി."പുണ്യാളന്മാർക്കു ചുറ്റും കച്ചറ നല്ല ചേർച്ച!"

"ഇക്ക, ഇവിടെ പുണ്യാളന്മാർക്കു വേണ്ട ഒരു തെളിവും കാണുന്നില്ല." ഞാൻ പറഞ്ഞു. "നിങ്ങളിതു നന്നാക്കി ഇനീം വാടകക്കു കൊടുക്കൂ''

"എൻ്റെ നായരൂട്ടീ, ഇതു റിപ്പേറാക്കി എടുക്കാൻ ദെവസം പുടിക്കും. നോക്ക്, കുമ്മായല്ലാം അടന്നുവീണു.നാലു കൊല്ലം ഈ വീട്ടില് എന്തു കോലാഹലായിരുന്നു! കൂത്തും കുടീം തന്നെ. എപ്പൊ നോക്കിയാലും പാട്ടും ചിരീം.ആ പാട്ടും ചിരീം സന്തോഷോം ഈടുന്നു പോണെങ്കില് ഏതെങ്കിലൊരു മൗലവിക്കു നാലു കൊല്ലം വാടകക്കു കൊടുത്താ മതി." ഇക്ക പറഞ്ഞു.

"ശരിയാ, ജോൺ അസ്സലായി പാടും'' ഞാൻ ഓർമ്മിച്ചു.

"പിന്നേ! കോഴിക്കോട് അബ്ദുൾ ഖാദർൻ്റെ എല്ലാ കെസ്സും ഓന്നറിയും. ഒരു കെസ്സു പാടാൻ ഇരുപതുർപ്യ. ഒറ്റ ദെവസം ഇരുപതു കെസ്സു വരെ പാടീറ്റ്ണ്ട്." ഇക്ക പറഞ്ഞു.

"ഇക്കാ, ഈ ഇരുപതു രൂപ ആരു കൊടുക്കും?" ഞാൻ പടപടപ്പോടെ ചോദിച്ചു.

" ഞാനന്നെ. കോഴിക്കോട് അബ്ദുൾ ഖാദറ് എയ്തീതൊക്കെ നല്ല കെസ്സു പാട്ടുകളല്ലേ!"

"ഇക്ക നാനൂറു രൂപ ഒറ്റ ദിവസം കൊടുത്തോ?"

"ൻ്റെ നായരൂട്ടീ, ആ ഹറാമ്പെറന്നോൻ ഒറ്റ ദിവസം ഇരുപതു കെസ്സു പാട്ട് പിടിച്ച പിടിയിൽ പാടുമെന്ന് എൻക്കറിയോ?"

"നല്ല ഐശ്വര്യമുള്ള വീട്ടുടമസ്ഥൻ." ഞാൻ അസീസിനോടു പറഞ്ഞു.

"ഓനും പറഞ്ഞത് അതന്നെയാ." ഇക്ക സമ്മതിച്ചു. "ഓൻ സത്യം പറയുന്ന പുണ്യവാളനാ"

"ഈ നാനൂറീന്നു നൂറു രൂപ വാടകയിലേക്കു തന്നിരിക്കുമല്ലോ അല്ലേ?"

"അതെങ്ങനെ? ഇതു വേറെ കണക്ക്. ഓൻ പോയ പിറകേ മൊഹബ്ബത്ത് ഹോട്ടൽ കരീമ്, ഓനും ഓൻ്റെ ചങ്ങായിമാരും കൂടി ബെയിച്ച വകയിൽ ആയിരത്തെഴുനൂറുർപ്യ ബാക്കി കിട്ടാനുണ്ടെന്നു പറഞ്ഞിനി. ഓൻ്റെ എല്ലാ ബാക്കീം ഞാൻ തന്നെയാ ബീട്ടിയത്."

ഞാൻ മിഴിച്ചു നിന്നു."ആയിരത്തി എഴുനൂറു രൂപയോ ഇക്കാ?"

"ഒക്കും, എന്താ? നിനക്കു വല്ലതും ബാക്കി നിക്കുന്നുണ്ടോ?"

"ഇക്കാ" ഞാൻ വിളിച്ചു. കൂടുതലൊന്നും പറയാൻ തോന്നിയില്ല.

"എന്താ പാട്ട്, എന്താ കളി! ഒക്കെ കഥയെക്കുറിച്ചുള്ള തർക്കം. ൻ്റെ നായരൂട്ടീ, എന്തെല്ലാം കഥകളാ! ഓറ് പറഞ്ഞേപ്പാതി സിനിമയാക്കിയിരുന്നെങ്കീ നൂറു സിൻമ ബരും." ഇക്ക പറഞ്ഞു. "ഇടയ്ക്കു സിനിമാ ചർച്ച ബേറെ.ജോൺ ഒരു ദിവസം സാബുവിൻ്റെ മൂട്ടേക്ക് ബീത്തി. എന്തിനാന്ന്  ഞാൻ ചോയിച്ചു. ഏതോ ഒരു പൊറം നാട്ടുകാരൻ ഡയറക്ടറെ ഓൻ കുറ്റം പറഞ്ഞിനി. എന്നെ മധ്യസ്ഥത്തിനു വിളിച്ചു."

"ഏതു ഡയറക്ടറാ ?" ഞാൻ ചോദിച്ചു.

"അൻ്റോണിയോണി.മൈക്കലാഞ്ചലോ അൻ്റോണിയോണി." അസീസ് ഓർമ്മിച്ചു. "എന്നോടു ജോൺ സാർ പറഞ്ഞിറ്റ്ണ്ട് "

"ബർക്കത്തു കെട്ടോനെ, തെറി പറയുന്നോ?" ഇക്ക ചൊടിച്ചു.

"അതിനെന്തിനാ ഒന്നുക്കുവിടുന്നത്?" എനിക്കു കാര്യം പിടികിട്ടിയില്ല.

"നായി അങ്ങനെയാ ചെയ്യ്ന്നത് എന്ന് ജോൺ പറഞ്ഞത്. നായി നന്ദിയുള്ളതല്ലേ, പറ ഇക്കാ, മനസ്സാക്ഷി തൊട്ടു പറ എന്ന് പറഞ്ഞിറ്റ് ഓൻ കൂറ്റാക്കി. എങ്ങനെ എതിർത്തു പറയാമ്പറ്റും? ആകപ്പാടെ പറഞ്ഞു പറഞ്ഞ് ഞാൻ ജോൺ ചെയ്തത് സരി തന്നെ എന്നാക്കി."

എനിക്കു വീണ്ടും ചിരി വന്നു.ഇക്ക ഗൗരവമുള്ള മുഖത്തോടെ മധ്യസ്ഥനായി തീർപ്പു പറയുന്നത് ആലോചിക്കും തോറും ചിരി അടക്കാനേ പറ്റുന്നില്ല.

"ഈ മുറി ഓൻ അടച്ചിട്ടിരുന്നു. ഉള്ളില് സിനിമക്കു വേണ്ട അത്യാവശ്യ സാധനങ്ങൾ ഉള്ളതായി പറഞ്ഞിരുന്നു."

"സിനിമയ്ക്കു വേണ്ടതോ?"

"ഇതാ നോക്ക്."

പുറത്തു ചുവന്ന പെയിൻ്റുകൊണ്ട് 'സിനിമക്കു വേണ്ട സാമഗ്രികൾ സൂക്ഷിക്കുന്ന ഇടം' എന്നെഴുതിയിരുന്നു.

"ഈടെയാണ് പ്രദാനപ്പെട്ട എന്തൊക്കെയോ സാധനങ്ങൾ ബെച്ചിറ്റ്ള്ളത്."ഇക്ക പറഞ്ഞു.

"അസീസും സാക്ഷി" ഞാൻ അവനേയും ചേർത്തു പറഞ്ഞു.അസീസിൻ്റെ മുഖത്തു ഗൗരവം വന്നു.

ഞാൻ വാതിൽ തള്ളിത്തുറന്നു. അകത്തു മാറാല, പൊടിമണം, എന്നാൽ എന്തോ ചത്തഴുകിയ നാറ്റം പെട്ടെന്നുയർന്നടിച്ചു.

കൈ കൊണ്ടു മുഖം തുടച്ചു തുപ്പിയശേഷം ഞാൻ അകത്തേക്കു നോക്കി. എൻ്റെ ഇടുപ്പിൻ്റെയത്രയും ഉയരത്തിൽ മദ്യക്കുപ്പികൾ കുമിഞ്ഞു കിടന്നിരുന്നു.പല വലിപ്പമുള്ള പല തരം മദ്യക്കുപ്പികൾ.ഇറുക്കി അടച്ചവ, അടയ്ക്കാത്തവ.റം, ബ്രാണ്ടി, വിസ്കി കുപ്പികൾ. പട്ടച്ചാരായം കൊണ്ടുവരുന്ന നിറമില്ലാത്ത നീണ്ട കുപ്പികൾ. ബീറ് ജോൺ വെറുത്തിരുന്നു.അത് മണികൗൾ പടം പോലെയാണെന്നു പറയും. ചാരായമായി നടിക്കുന്ന കഞ്ഞിവെള്ളം.

"അമ്പോ! ഇത്രയുമോ?" എൻ്റെ കണ്ണു തള്ളി.

"വിറ്റാല്  നൂറുർപ്യക്ക്ണ്ടാവും" അസീസ് പറഞ്ഞു.

ഇക്ക പുറത്തു പോയി നിന്ന്  ''ഇതു നമ്മക്കു ഹറാമാ" എന്നു പറഞ്ഞു.

"ഇതു വെറും കുപ്പി ഇക്കാ" ഞാൻ പറഞ്ഞു.

"ശരി, എന്നാല് എല്ലാ കുപ്പീം എന്തൊരു മൊഞ്ചുള്ളതാ... കാണുന്നതേ ഹറാം. കിനാഇലും ബന്നു തൊലയ്ക്കുമെന്നാ തോന്നുന്നേ " ഇക്ക പറഞ്ഞു.

ഞാൻ കുനിഞ്ഞ് ആ കുപ്പികളെടുത്തു നോക്കി. ഒരു കുപ്പിയിൽ അല്പം നിറമില്ലാത്ത ചാരായം അവശേഷിച്ചിരുന്നു.അതു വേറൊരു കുപ്പിയിലേക്ക് ഊറ്റി.കത്തുന്ന മണമുയർന്നു. നല്ല അസ്സൽ ചാരായം

"എന്താക്ക്ന്നേ " എന്നു ചോദിച്ചു ഇക്ക.

"ചുമ്മാ" ഞാൻ പറഞ്ഞു.

"എന്തെങ്കിലുമുണ്ടെങ്കീ എടുത്തിറ്റ് വാ" എന്നു പറഞ്ഞ് ഇക്ക പുറത്തിറങ്ങി.

"എന്താ ചെയ്യുന്നത്?" അസീസിന് മനസ്സിലായില്ല.

"ഇതൊരു ചടങ്ങ്. ഹിന്ദുക്കളും കൃസ്ത്യാനികളും ചെയ്യുന്നത്." ഞാൻ പറഞ്ഞു. "മരിച്ചോരുടെ ആത്മാവ് ഇവിടെ വരും..നോക്ക്."

"ഓ" അവൻ അടുത്തു നിന്നു.

"നിൻ്റെ കയ്യീ തീപ്പെട്ടിയുണ്ടോ?"

"ഇണ്ട്. പക്ഷേ, ഞാൻ സിഗററ്റു ബലിക്കുന്നതു കണ്ടാ ഇച്ച തയ്ക്കും. സിഗററ്റ് നമ്മക്കു ഹറാമാ എന്നു പറയും"

"അപ്പൊ അവര് ഹുക്ക വലിക്കുന്നതോ?"

"അത് അറേബ്യൻ ഹുക്കയാ"

ഞാൻ തീപ്പെട്ടിയുരച്ച് ആ കുപ്പിയുടെ വക്കത്തു വെച്ചതും ഗുപ് എന്നു നീലജ്വാല പൊങ്ങി. കുപ്പിയുടെ വായ്ക്കു മേലേ വായുവിൽ നാളം നിന്നു കത്തി. പിന്നെ കുപ്പിയുടെ വായിൽ നിന്നു താണുമുയർന്നും ചാഞ്ചാടിക്കളിച്ചു.

അതു വെറുതെ നോക്കി നിന്ന ഞാൻ തീ കുപ്പിയിൽ നിന്നിറങ്ങി പടർന്നു കത്തിപ്പോകുന്നതു കണ്ടു തിടുക്കത്തിൽ പാഞ്ഞുചെന്നു. നീലനിറമുള്ള ദ്രാവകം പോലെ നീങ്ങിയ തീയ് കാലിക്കുപ്പികൾക്കുള്ളിൽ കടന്നു. അവ പട് പട് പട് എന്നു പൊട്ടാൻ തുടങ്ങി.

"അയ്യോ സാർ'' അസീസിൻ്റെ ശബ്ദമുയർന്നു.

ഞാൻ എന്തു ചെയ്യണമെന്നറിയാതെ പിന്നാക്കം മാറി. തീ ആ കൂനക്കുമേൽ പടർന്നു മേലോട്ടു പൊന്തി. നീല നാളങ്ങൾക്കുള്ളിൽ കുപ്പികൾ പൊട്ടിക്കൊണ്ടേയിരുന്നു.

ആ തീയ് മേലോട്ടുയർന്നു വീടിന്മേൽ പടരില്ല എന്നു മനസ്സിലായപ്പോൾ ഞാൻ ആശ്വാസത്തോടെ അതു നോക്കി നിന്നു. കുപ്പികൾ പൊട്ടിപ്പൊട്ടി ഉടഞ്ഞു കൊണ്ടിരുന്നു. കുമിളകൾ പൊട്ടി നുര മാഞ്ഞില്ലാതാകും പോലെ ആ കുപ്പിക്കൂമ്പാരം നുറുങ്ങി ചുരുങ്ങിയമർന്നു കൊണ്ടിരുന്നു.

അതു തന്നത്താനേ കെട്ടടങ്ങുന്നതു നോക്കി ഞാൻ നിന്നു. തീ പെട്ടെന്നണഞ്ഞു. അവിടെ ഉടഞ്ഞ ചില്ലുകൂമ്പാരം മാത്രം കിടന്നു. കരിയോ പുകയോ ഒന്നുമില്ല.

ഞാൻ നെടുവീർപ്പോടെ "പോകാം" എന്നു പറഞ്ഞു.

അസീസ് തലയാട്ടി.

ഞങ്ങൾ പുറത്തിറങ്ങി. ഇക്ക മുറ്റത്തു നിന്ന് വീടിൻ്റെ മേൽക്കൂര നോക്കുകയാണ്. "എന്താ ചെയ്തത്?"

"ഇക്കാ, അകത്തു ജിന്നില്ല. ഒരു ഹൂറി ഉണ്ടായിരുന്നു."

" ഹൂറിയാ? മൊഞ്ചത്തിയാ?"

"പിന്നെ..... അതിസുന്ദരി. നീലനിറമുള്ള തലമുടി. ചുവപ്പു നിറമുള്ള ശരീരം. അവൾക്ക് ജോൺ സ്വർഗ്ഗത്തേക്കു പോയ വാർത്ത അറിയില്ല. അവളെ ഒരു ചെറിയ ചടങ്ങു ചെയ്ത് മേലേക്കയച്ചിട്ടുണ്ട്. ജോണിനടുത്തേക്കവൾ ചെല്ലും"

"ഓൻ്റൊക്ക എപ്പളും ആ മൊഞ്ചത്തി ഹൂറി ഇണ്ടയിന്" ഇക്ക പറഞ്ഞു. "എന്തെങ്കിലും സാധനം കിട്ടിയാ?"

"ഒന്നുമില്ലിക്കാ"

"തെളിവുകളേ ഇല്ലാത്ത പുണ്യവാളൻ." ഇക്ക പറഞ്ഞു. "ആ ചില്ലിൻ്റെ കഷണങ്ങൾ ബേറെ ബെക്കണം"

ഞാൻ അസീസിനോടു പോകാം എന്നു തലയാട്ടി. അവനും ശരി എന്നു തല കുലുക്കി.

ഇക്ക വീടു സൂക്ഷിച്ചു നോക്കി, "പയേ പൊര. പതിനായിരം ഉർപ്യയില്ലാണ്ട് കൈവക്കാമ്പറ്റൂല" എന്നു പറഞ്ഞു.

"ഞാൻ പോട്ടെ ഇക്കാ"

"ശരി"

അസീസിൻ്റെ ബൈക്കിനു പിന്നിൽ ഞാൻ കയറി. " എടക്കിടക്കു വന്നു പോ നായരൂട്ടീ.... എന്തായങ്കും ഒരു പുണ്യവാളൻ കെട്ന്ന പൊത്തല്ലേ?" ഇക്ക വിളിച്ചു പറഞ്ഞു.

"വരാം ഇക്ക" ഞാൻ പുഞ്ചിരിച്ചു.

*****



* കുച്ചില് - അടുക്കള

No comments:

Post a Comment